നിയമങ്ങളുടെ അനാവശ്യ കുരുക്കില്‍ കമ്പനികള്‍ വലയുന്നുവെന്ന് ഫിക്കി

വിവിധ കേന്ദ്ര, സംസ്ഥാന നിയമങ്ങള്‍ക്ക് അനുസൃതമായുള്ള 1,984 നിബന്ധനകളുടെ ചട്ടക്കൂടില്‍ തളച്ചിട്ടിരിക്കുകയാണ് രാജ്യത്തെ ഉല്‍പാദക കമ്പനികളെന്ന പരാതിയുമായി വ്യവസായ ലോകം. ഏറെ സമയം നഷ്ടപ്പെടുത്തുന്നതും ബിസിനസ് ചെയ്യുന്നതിനുള്ള ചെലവ് വര്‍ദ്ധിപ്പിക്കുന്നതുമാണ് ഇവയില്‍ പലതുമെന്ന് ഫിക്കി ചൂണ്ടിക്കാട്ടുന്നു.

പരിസ്ഥിതി, തൊഴില്‍ , ജിഎസ്ടി, കമ്പനീസ് ആക്റ്റ് എന്നിവയുമായി ബന്ധപ്പെട്ട് 122 കേന്ദ്ര, സംസ്ഥാന നിയമങ്ങള്‍ പ്രകാരം അംഗീകാരങ്ങളും ഫയലിംഗുകളും ഉള്‍പ്പെടെയുള്ള നടപടികള്‍ കമ്പനികളെ ബുദ്ധിമുട്ടിപ്പിക്കുന്നതായി ഫിക്കി നടത്തിയ ഒരു പഠനം തെളിയിക്കുന്നു.ഉന്നത ഉദ്യോഗസ്ഥര്‍ കൂടി പങ്കെടുത്ത ബജറ്റിന് മുമ്പുള്ള ആലോചനാ യോഗത്തില്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്റെ മുമ്പാകെ പ്രശ്‌നം അവതരിപ്പിച്ചിരുന്നു. വ്യവസായത്തിന്റെയും ആഭ്യന്തര വ്യാപാരത്തിന്റെയും ഉന്നമനത്തിനായി വകുപ്പിലെ ഉദ്യോഗസ്ഥരോട് ഈ വിഷയം പരിശോധിക്കാന്‍ ധനമന്ത്രി നിര്‍ദ്ദേശിച്ചതനുസരിച്ച് ബജറ്റില്‍ പ്രഖ്യാപനങ്ങളുണ്ടാകുമെന്ന പ്രതീക്ഷയിലാണിപ്പോള്‍ വ്യവസായ ലോകം.

അനുമതി നടപടികളുടെ ഭാഗമായി വിവിധ ഏജന്‍സികളിലേക്ക് പല തവണ പോകേണ്ടിവരുന്നു കമ്പനികള്‍ക്ക്- സാനിറ്ററി പ്രൊഡക്റ്റ്‌സ് കമ്പനിയായ ഹിന്ദ്‌വെയറിന്റെ വൈസ് ചെയര്‍മാനും എംഡിയുമായ സന്ദീപ് സോമാനി പറഞ്ഞു. വിവിധ കേന്ദ്ര, സംസ്ഥാന നിയമങ്ങള്‍ അനുസരിച്ച് ഒന്നിലധികം പാരിസ്ഥിതിക അനുമതികള്‍ വേണ്ടിവരുന്നു. പല സംസ്ഥാനങ്ങളിലായി പ്രവര്‍ത്തിക്കുന്ന ഫാര്‍മസ്യൂട്ടിക്കല്‍സ്, ഫുഡ് പ്രോസസ്സിംഗ് കമ്പനികളുടെ കാര്യത്തില്‍ ഇതിനായി അനാവശ്യമായ വലിയ യത്‌നം വേണ്ടിവരുന്നതായി മുന്‍ ഫിക്കി പ്രസിഡന്റ് കൂടിയായ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എല്ലാ നിര്‍മ്മാണ കമ്പനികള്‍ക്കും സര്‍വ നിയമങ്ങളും ബാധകമാകുന്നില്ലെന്ന് അധികൃതര്‍ പറഞ്ഞു. എഞ്ചിനീയറിംഗ് മേഖലയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഒരു കമ്പനിക്ക് ബോയിലര്‍ നിയമത്തിലെ വ്യവസ്ഥകള്‍ പാലിക്കേണ്ടതുണ്ട്. പക്ഷേ ഭക്ഷ്യ സുരക്ഷ, മാനദണ്ഡ നിയമം അവരെ സംബന്ധിച്ചിടത്തോളം പ്രസക്തമല്ല.'എങ്കിലും നടപടിക്രമങ്ങളുടെ ആവര്‍ത്തനം കുറയ്ക്കുകയും സ്വയം സര്‍ട്ടിഫിക്കേഷന്‍ സംവിധാനത്തിലേക്ക് നീങ്ങുകയും ചെയ്യുക എന്നതാണ് ഉദ്ദേശ്യം,' ഒരു ഉദ്യോഗസ്ഥന്‍ ചൂണ്ടിക്കാട്ടി. ലൈസന്‍സുകള്‍ പുതുക്കേണ്ടതിന്റെ ആവശ്യകത പരമാവധി ഇല്ലാതാക്കാനും സര്‍ക്കാര്‍ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം പറയുന്നു.

നിലവില്‍ കമ്പനി നിയമപ്രകാരമാണ് കൂടുതല്‍ നിബന്ധനകള്‍ക്കും അംഗീകാരങ്ങള്‍ക്കും കമ്പനികള്‍ വിധേയമാകുന്നത്. കേന്ദ്ര, സംസ്ഥാന, സംയോജിത ജിഎസ്ടി നിയമങ്ങള്‍ പ്രകാരമുള്ള ഫയലിംഗുകളും അംഗീകാരങ്ങളുമാണ് രണ്ടാം സ്ഥാനത്ത്. ഇക്കാര്യത്തില്‍ കാതലായ പരിഷ്‌കാരം ആവശ്യമാണെന്നും ബിസിനസ് നടത്തിപ്പ് കൂടുതല്‍ സുഗമമാകാന്‍ ഇതിലൂടെ വഴി തെളിയുമെന്നും ഫിക്കി കരുതുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it