കോവിഡ് 19 കൊണ്ടുപോകുന്നത് ജോലികളും, വരാനിരിക്കുന്നത് തൊഴിലില്ലായ്മയുടെ നാളുകള്‍

''മൂന്ന് തലമുറകളായി ജുവല്‍റി ബിസിനസ് നടത്തുന്നവരാണ് ഞങ്ങള്‍. പക്ഷെ ഇതുപോലൊരു പ്രതിസന്ധി ഘട്ടത്തിലൂടെ ഇതുവരെ കടന്നുപോയിട്ടില്ല. ഒരു കസ്റ്റമര്‍ പോലും വരാത്ത ദിവസങ്ങള്‍ നിരവധിയുണ്ട്. 90 ശതമാനം ബിസിനസും നഷ്ടപ്പെട്ടു. നാല് ഷോറൂമുകളിലായി 24 ജീവനക്കാരാണുള്ളത്. അവരില്‍ ഭൂരിഭാഗവും ഏറെ വര്‍ഷങ്ങളായി ഞങ്ങളോടൊപ്പം ജോലി ചെയ്യുന്നവരാണ്. പെട്ടെന്നൊരു ദിവസം അവരെ ഇറക്കിവിടാനാകുമോ? പക്ഷെ ഷോറൂമുകള്‍ അടച്ചുപൂട്ടേണ്ട അവസ്ഥ വന്നാല്‍ എന്തു ചെയ്യും?'' ഇടുക്കി ജില്ലയില്‍ ജുവല്‍റി ഷോപ്പുകള്‍ നടത്തുന്ന ഈ സംരംഭകന് എങ്ങനെ മുന്നോട്ടുപോകണം എന്നറിയാത്ത അവസ്ഥയാണ്.

കൊറോണ വൈറസ് ജീവന് മാത്രമല്ല, ജോലികള്‍ക്കും കടുത്ത ഭീഷണിയാകുന്നു. സാമ്പത്തികരംഗത്ത് കോവിഡ് 19 ഏല്‍പ്പിച്ച കനത്ത പ്രഹരം ലോകമെങ്ങുമുള്ള സംരംഭകരെയും തൊഴിലാളികളെയും കടുത്ത ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം പുറത്തുവന്ന ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്റെ (ഐഎല്‍ഒ) റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നതാണ് കൊറോണവൈറസ് ഒരു ആഗോള സാമ്പത്തിക പ്രതിസന്ധിക്ക് കാരണമായേക്കാമെന്നും അതുവഴി രണ്ടര കോടി പേര്‍ക്ക് വരെ ജോലി നഷ്ടപ്പെട്ടേക്കാമെന്നും ഐഎല്‍ഒയുടെ റിപ്പോര്‍ട്ടിലുള്ളത്.

എച്ച്.ആര്‍ കമ്പനികളിലേക്ക് കമ്പനികളില്‍ നിന്ന് ജോലിക്ക് ആളെ തേടിയുള്ള അന്വേഷണങ്ങളില്ലെന്ന് മാത്രമല്ല, നേരത്തെയുണ്ടായിരുന്ന ജോലി ഓഫറുകള്‍ തല്‍ക്കാലത്തേക്ക് മാറ്റിവെക്കുന്നതായി കമ്പനികള്‍ അറിയിച്ചുവെന്ന് എച്ച്.ആര്‍ വിദഗ്ധര്‍ പറയുന്നു. പല സ്ഥാപനങ്ങളും കരാര്‍ അടിസ്ഥാനത്തിനുള്ള ജീവനക്കാരെയും ജൂണിയര്‍ തലത്തിലുള്ളവരെയും ഒഴിവാക്കാന്‍ തുടങ്ങിയിരിക്കുന്നു. ജോലി പോയാല്‍ തന്നെ മറ്റൊന്ന് കിട്ടാനുമുള്ള സാധ്യതകള്‍ വളരെക്കുറവ്. കാരണം മിക്ക കമ്പനികളും സ്ഥിതി എന്താകുമെന്ന് നോക്കിയിട്ട് മാത്രം ആളെ എടുത്താല്‍ മതിയെന്ന നിലപാടിലാണ്.

തകര്‍ന്നടിഞ്ഞ് ട്രാവല്‍ മേഖല

വ്യോമയാനം, ട്രാവല്‍ & ടൂറിസം, ഹോസ്പിറ്റാലിറ്റി, റീറ്റെയ്ല്‍ തുടങ്ങിയ മേഖലകളിലെ ജീവനക്കാരെയാണ് ഇപ്പോള്‍ ഏറ്റവും ബാധിച്ചിരിക്കുന്നതെങ്കിലും ഈ നിലയാണ് തുടരുന്നതെങ്കില്‍ എല്ലാ രംഗത്തുള്ള പ്രൊഫഷണലുകളുടെയും നിലനില്‍പ്പ് ഭീഷണിയാകും.

മധ്യവേനലവധിക്കാലം തുടങ്ങുന്ന ഈ സമയം ട്രാവല്‍ & ടൂറിസം മേഖലയുടെ ഏറ്റവും മികച്ച സീസണുകളിലൊന്നായിരുന്നു. കുട്ടികളുടെ പരീക്ഷകള്‍ കഴിയുന്നതിനാല്‍ ഇന്റര്‍നാഷണല്‍ യാത്രകള്‍ക്ക് പോകുന്ന സമയം. എന്നാല്‍ കൊറോണ ഭീതിയെത്തുടര്‍ന്ന് കഴിഞ്ഞ ഒരു മാസമായി എല്ലാവരും തങ്ങളുടെ യാത്രകള്‍ റദ്ദാക്കാന്‍ തുടങ്ങിയിരുന്നു. ഇന്നലെയിതാ എല്ലാ രാജ്യാന്തര വിമാന സര്‍വീസുകളും റദ്ദാക്കുകയും ചെയ്തു. ഇതോടെ ട്രാവല്‍ & ടൂറിസം മേഖല പൂര്‍ണ്ണമായും തകര്‍ച്ചയുടെ വക്കിലെത്തി. ഒപ്പം ഹോസ്പിറ്റാലിറ്റി രംഗവും.

ഈ അവസ്ഥ ചുണ്ടിക്കാട്ടി ഇടപെടല്‍ വേണമെന്ന ആവശ്യവുമായി ഫെഡറേഷന്‍ ഓഫ് അസോസിയേഷന്‍സ് ഇന്‍ ഇന്ത്യന്‍ ടൂറിസം & ഹോസ്പിറ്റാലിറ്റി പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. പ്രത്യക്ഷമായും പരോക്ഷമായും അഞ്ചരകോടിയിലേറെ ആളുകള്‍ ജോലി ചെയ്യുന്ന ഈ രംഗത്തെ 70 ശതമാനം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടേക്കാമെന്ന് ഇവര്‍ പറയുന്നു. വായ്പകളുടെ മാസവരിയില്‍ 12 മാസത്തെ മോറട്ടോറിയമാണ് സംഘടന ആവശ്യപ്പെടുന്നത്.

സോഫ്റ്റ് ബാങ്ക് നേതൃത്വം നല്‍കുന്ന, ലോകത്തിലെ ഏറ്റവും വലിയ ഹോട്ടല്‍ ചെയിനായ ഒയോ ഇന്ത്യ, യു.എസ്, ചൈന എന്നിവിടങ്ങളിലെ 5,000 ജീവനക്കാരെയാണ് പിരിച്ചുവിടുന്നത്. ''ഒരു മാസമായി ഒരു എന്‍ക്വയറി പോലും ഞങ്ങള്‍ക്ക് ലഭിച്ചിട്ടില്ല. വിളിക്കുന്നവരൊക്കെ തങ്ങളുടെ യാത്രകള്‍ റദ്ദാക്കാന്‍ വിളിക്കുന്നതാണ്. ഓഫീസില്‍ രണ്ടുപേരെ മാത്രം ഇരുത്തി ബാക്കിയുള്ളവരോട് ഈ മാസം വീട്ടിലിരിക്കാന്‍ പറഞ്ഞു. എന്നാലും അവര്‍ക്ക് ശമ്പളം കൊടുക്കാതിരിക്കാനാകില്ലല്ലോ. എങ്ങനെ മുന്നോട്ട് പോകണം എന്നറിയാത്ത അവസ്ഥയാണ്.'' കൊച്ചിയില്‍ ട്രാവല്‍ കമ്പനി നടത്തുന്ന സംരംഭകന്‍ പറയുന്നു.

ആളുകളില്ലാതെ തുറന്നിരിക്കുന്ന ഷോപ്പുകള്‍

റീറ്റെയ്ല്‍ രംഗവും എന്‍ഡ് ഓഫ് സീസണ്‍ സെയ്‌ലുകളുമായി ഉപഭോക്താക്കളെ ആകര്‍ഷിക്കാനുള്ള ഒരുക്കങ്ങളിലായിരുന്നു. അവധിക്കാലം ഷോപ്പിംഗ് മാളുകളിലും മറ്റ് റീറ്റെയ്ല്‍ സ്റ്റോറുകളിലും നല്ല ബിസിനസ് നടക്കാറുള്ള സമയവുമായിരുന്നു. എന്നാല്‍ ഒരു കച്ചവടം പോലും നടക്കാതെ നിറകണ്ണുകളോടെ കടയടച്ച് വീട്ടിലേക്ക് പോരേണ്ട അവസ്ഥയിലുള്ള വ്യാപാരികള്‍ ഏറെയുണ്ട്. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകളില്ലാതെ മറ്റൊരിടത്തുംതന്നെ കാര്യമായ കച്ചവടമില്ല.

റെസ്റ്റോറന്റുകളുടെ ബിസിനസ് 60 ശതമാനം ഇടിഞ്ഞതായാണ് ഏകദേശ കണക്ക്. പരിപാടികളോ വിവാഹം പോലുള്ള ചടങ്ങുകളോ നടക്കുന്നില്ലാത്തതിനാല്‍ കേറ്ററിംഗുകാര്‍ക്ക് ആഴ്ചകളായി ബിസിനസില്ല.

നിരവധി കമ്പനികള്‍ പാപ്പരാകുന്ന കടുത്ത പ്രതിസന്ധിയിലേക്കാണ് പോകുന്നതെന്നും അങ്ങനെ സംഭവിച്ചാല്‍ രാജ്യത്ത് മാത്രം ലക്ഷക്കണക്കിന് ജോലികള്‍ ഇല്ലാതാകുമെന്നും വിദഗ്ധര്‍ പറയുന്നു. എല്ലാം കോവിഡ് 19ന്റെ വരുംദിനങ്ങളിലെ വ്യാപനത്തെ ആശ്രയിച്ചാണിരിക്കുന്നത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Binnu Rose Xavier
Binnu Rose Xavier  

Senior Correspondent

Related Articles

Next Story

Videos

Share it