വിപണിയെ ചലിപ്പിക്കാന്‍ 73,000 കോടി രൂപയുടെ കേന്ദ്ര പാക്കേജ്

രാജ്യത്തെ മൂലധന നിക്ഷേപവും കണ്‍സ്യൂമര്‍ ഡിമാന്റും വര്‍ധിപ്പിക്കാനുതകുന്ന ഉത്തേജക പാക്കേജ് അവതരിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍.

കോവിഡ് പ്രതിസന്ധി മറികടക്കാന്‍ കേന്ദ്രം ഇതുവരെ പ്രഖ്യാപിച്ച ഉത്തേജക പാക്കേജുകള്‍ സപ്ലൈ മേഖലയ്ക്കാണ് താങ്ങായതെന്ന നിരീക്ഷണം രാജ്യത്ത് ശക്തമായിരുന്നു. വിപണിയില്‍ പണം വരാനുള്ള വഴികളില്ലാതെ ഡിമാന്റ് വര്‍ധനയുണ്ടാവില്ലെന്ന വാദം മുഖവിലക്കെടുത്തുകൊണ്ടുള്ള പാക്കേജാണ് ഇന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ചിരിക്കുന്നത്.

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഉത്സവകാല ബത്തയായി മുന്‍കൂര്‍ പണം നല്‍കും. സംസ്ഥാനങ്ങള്‍ക്ക് ദീര്‍ഘകാല പലിശ രഹിത വായ്പയും ഇന്ന് അവതരിപ്പിച്ച പാക്കേജിലുണ്ട്. 73,000 കോടി രൂപയുടെ പാക്കേജാണ് ഇന്ന് അവതരിപ്പിച്ചിരിക്കുന്നത്.

കോവിഡ് മൂലം രാജ്യത്തെ ഉല്‍പ്പന്ന നിര്‍മാണ മേഖലയിലും ജനങ്ങളുടെ ക്രയശേഷിയിലും കുത്തനെ ഇടിവുണ്ടായിരുന്നു. കോവിഡ് പ്രതിസന്ധിയില്‍ പെട്ട മാനുഫാക്ചറിംഗ് രംഗത്തെ ഉത്തേജിപ്പിക്കാന്‍ ഉതകുന്ന നിരവധി പദ്ധതികള്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്നിരുന്നുവെങ്കിലും ജനങ്ങളുടെ കൈയില്‍ പണമെത്തിച്ച് വിപണിയില്‍ ആവശ്യക്കാരെ കൊണ്ടുവരുന്നതില്‍ പരാജയപ്പെട്ടുവെന്ന വാദമുണ്ടായിരുന്നു.

ഡിമാന്റ് വര്‍ധിപ്പിക്കാന്‍ ഉചിതമായ സമയത്ത് കേന്ദ്രം തീരുമാനമെടുക്കുമെന്ന് കേന്ദ്രമന്ത്രി നിര്‍മലാ സീതാരാമന്‍ സൂചനയും മുന്‍പ് നല്‍കിയിരുന്നു. അതിന്റെ ഭാഗമായുള്ള നീക്കമാണ് ഇന്നത്തെ ഉത്തേജക പാക്കേജ്.

കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുള്ള എല്‍ ടി സി കാഷ് വൗച്ചര്‍, മുന്‍കൂര്‍ ഉത്സവകാല ബത്തയും വിപണിയിലെ ഡിമാന്റ് കൂട്ടാന്‍ ഉപകരിക്കുമെന്ന് കേന്ദ്രമന്ത്രി അവകാശപ്പെടുന്നു.

കേന്ദ്ര സര്‍ക്കാര്‍ അവധിക്കാല യാത്രാ ബത്ത ഉപയോഗിച്ച് യാത്രകള്‍ നടത്തിയാല്‍, എത്ര തുകയാണോ ആ ഇനത്തില്‍ അവര്‍ വിനിയോഗിച്ചത് തതുല്യമായ തുക അവര്‍ക്ക് ലഭിക്കും. ഈ തുക അവര്‍ക്ക് താല്‍പ്പര്യമുള്ള വസ്തുക്കള്‍ വാങ്ങാന്‍ ഉപയോഗിക്കാം. 12 ശതമാനത്തിനോ അതിന് മുകളിലോ ജിഎസ്ടി റേറ്റിലുള്ള ഉല്‍പ്പന്നങ്ങളാണ് വാങ്ങാനാണ് ഇത് ബാധകം. ഈ തുക ഡിജിറ്റല്‍ മാര്‍ഗത്തിലൂടെ മാത്രമേ കൈമാറ്റം ചെയ്യാന്‍ പറ്റൂ.

കോവിഡിനെ തുടര്‍ന്ന് ജനങ്ങള്‍ യാത്രകള്‍ ഒഴിവാക്കുന്നതിനെ തുടര്‍ന്നാണ് അവധിക്കാല യാത്രാബത്തയുടെ കാര്യത്തില്‍ പ്രത്യേക പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്. അടുത്ത വര്‍ഷം മാര്‍ച്ച് 31 വരെ പദ്ധതിക്ക് കാലാവധിയുണ്ട്.

കേന്ദ്ര സര്‍വീസിലെ ഗസറ്റഡ്, നോണ്‍ ഗസറ്റഡ് ഉദ്യോഗസ്ഥര്‍ക്ക് 10,000 രൂപ മുന്‍കൂര്‍ ഉത്സവകാല ബത്ത ലഭിക്കും. ഈ തുക പലിശ രഹിതമായി റൂപേ കാര്‍ഡ് വഴിയാകും ലഭ്യമാക്കുക. പത്ത് തവണകളായി ലഭിക്കുന്ന തുക, ഡിജിറ്റലായി മാത്രമേ വിനിയോഗിക്കാന്‍ സാധിക്കൂ.

12,000 കോടി രൂപ സംസ്ഥാനങ്ങള്‍ക്ക് ദീര്‍ഘകാല പലിശ രഹിത വായ്പയായി അനുവദിക്കും.

മൂലധന നിക്ഷേപ ഇനത്തില്‍ 25,000 കോടി രൂപയാണ് കേന്ദ്രമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്. റോഡുകള്‍, പ്രതിരോധമേഖല, അടിസ്ഥാന സൗകര്യവികസനം, ജലവിതരണം, നഗരവികസനം, പ്രതിരോധ പശ്ചാത്തല സൗകര്യം തുടങ്ങിയ മേഖലകളിലേക്കാവും ഇത് വിനിയോഗിക്കപ്പെടുക.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it