സ്വിസ് ബാങ്ക്: ഇന്ത്യക്കാരുടെ നിക്ഷേപം വീണ്ടും താഴ്ന്നു

സ്വിസ് ബാങ്കില്‍ ഏറ്റവും അധികം നിക്ഷേപമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം 77. മൊത്തം തുക ഏകദേശം 6625 കോടി രൂപ. മുന്‍ വര്‍ഷം 74 ആയിരുന്നു ഇന്ത്യയുടെ സ്ഥാനം.

സ്വിസ് നാഷനല്‍ ബാങ്കാണ് ഓരോ രാജ്യങ്ങളുടെയും നിക്ഷേപങ്ങളുടെ പുതിയ കണക്കുകള്‍ പുറത്തുവിട്ടത്.ഇന്ത്യയില്‍നിന്ന് വ്യക്തികളും സ്ഥാപനങ്ങളും മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് സ്വിസ് ബാങ്ക് നിക്ഷേപത്തില്‍നിന്ന് പിന്‍വലിയുന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു. സ്വിസ് ബാങ്കില്‍ ഏറ്റവുമധികം നിക്ഷേപമുള്ളത് ബ്രിട്ടീഷുകാര്‍ക്കാണ്. ഒന്നാം സ്ഥാനം ബ്രിട്ടന്‍ നിലനിര്‍ത്തി. ആകെ നിക്ഷേപങ്ങളുടെ 27 ശതമാനവും ബ്രിട്ടനില്‍ നിന്നാണ്.

ഇന്ത്യയില്‍നിന്ന് സ്വിസ് ബാങ്കില്‍ നേരിട്ട് നിക്ഷേപിക്കുന്നവരുടെ എണ്ണത്തില്‍ 5.8 ശതമാനം കുറവ് 2019 ല്‍ രേഖപ്പെടുത്തി.മൊത്തം നിക്ഷേപത്തിന്റെ 0.06 ശതമാനം മാത്രമാണ് ഇന്ത്യയില്‍ നിന്ന് നേരിട്ടുള്ളത്.അതേസമയം ഇന്ത്യക്കാര്‍ മറ്റു രാജ്യങ്ങളില്‍നിന്നു നിക്ഷേപിച്ചതിന്റെ കണക്കുകള്‍ ഇതില്‍ ഉള്‍പ്പെടുന്നില്ല.സ്വിസ് ബാങ്കിന്റെ നിക്ഷേപവും അവയുടെ സ്വകാര്യതയും വ്യാപക ചര്‍ച്ചയ്ക്കിടയാക്കിയിരുന്നു.

ബ്രിട്ടന് പിന്നാലെ അമേരിക്കയ്ക്കാണ് രണ്ടാം സ?ഥാനം. 11 ശതമാനമാണ് അമേരിക്കയുടെ നിക്ഷേപം. വെസ്റ്റ് ഇന്‍ഡീസ്, ഫ്രാന്‍സ്, ഹോങ്‌കോങ് എന്നിവയാണ് ആദ്യ അഞ്ചില്‍. ആദ്യ അഞ്ചു രാജ്യങ്ങളുടെയും നിക്ഷേപം മാത്രം ആകെ നിക്ഷേപത്തിന്റെ 50 ശതമാനം വരും. ആദ്യത്തെ പത്തിലാണ് നിക്ഷേപത്തിന്റെ മൂന്നില്‍ രണ്ടു ശതമാനവും. ആദ്യ 30 രാജ്യങ്ങളില്‍ നിന്നാണാണ് നിക്ഷേപത്തിന്റെ 90 ശതമാനവും. ജര്‍മനി, ലക്‌സംബര്‍ഗ്, ബഹാമാസ്, സിങ്കപ്പൂര്‍, കേമാന്‍ ദ്വീപ് എന്നിവ ആദ്യ പത്തു രാജ്യങ്ങളിലുണ്ട്.

കഴിഞ്ഞ വര്‍ഷത്തെപ്പോലെ റഷ്യ 20-ാം സ്ഥാനത്തും ചൈന 22-ാം സ്ഥാനത്തുമാണ്. ദക്ഷിണാഫ്രിക്ക 56-ാമതും ബ്രസീല്‍ 62-ാമതുമുണ്ട്. 1996 മുതല്‍ 2007 വരെ ഇന്ത്യ ആദ്യ 50 രാജ്യങ്ങളുടെ പട്ടികയില്‍ ഇടം പിടിച്ചിരുന്നു. 2008 ല്‍ 55ാം സ്ഥാനത്തായി. പിന്നീട് ഓരോ വര്‍ഷവും നിക്ഷേപകരുടെ പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം താഴ്ന്നുകൊണ്ടിരിക്കുന്നു.

2011ലെ യുപിഎ സര്‍ക്കാര്‍ നടത്തിയ പഠന പ്രകാരം 1980-2010 കാലയളവില്‍ സ്വിസ് ബാങ്കില്‍ 384-490 ബില്ല്യണ്‍ ഡോളര്‍ ഇന്ത്യക്കാരുടെ അനധികൃത നിക്ഷേപമുണ്ടാകുമെന്ന് കണ്ടെത്തിയിരുന്നു. 2014ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ സ്വിസ് ബാങ്കിലടക്കമുള്ള കള്ളപ്പണം ഇന്ത്യയിലെത്തിച്ച് പാവങ്ങള്‍ക്ക് വിതരണം ചെയ്യുമെന്ന് നരേന്ദ്ര മോദി വാഗ്ദാനം നല്‍കിയത് പിന്നീട് വലിയ ചര്‍ച്ചയ്ക്കിടയാക്കി.

സ്വിറ്റ്‌സര്‍ലന്‍ഡില്‍ അക്കൗണ്ടുള്ള ഇന്ത്യന്‍ പൗരന്മാരുടെ വിവരങ്ങള്‍ സര്‍ക്കാര്‍ തേടിയിരുന്നു. പുതിയ കരാര്‍ പ്രകാരം ചിലരുടെ വിവരങ്ങള്‍ സ്വിറ്റ്‌സര്‍ലന്‍ഡ് ഇന്ത്യക്ക് കൈമാറുകയും ചെയ്തു. സ്വിറ്റ്‌സര്‍ലന്‍ഡ് ഫെഡറല്‍ ടാക്‌സ് അഡ്മിനിസ്‌ട്രേഷനുമായി സാമ്പത്തിക വിവരങ്ങള്‍ കൈമാറുന്ന 75 രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കാമെന്ന കരാറിന്മേലാണ് വിവരങ്ങള്‍ നല്‍കിയതെന്ന് തുടര്‍ന്ന് സര്‍ക്കാര്‍ വിശദീകരിച്ചു.

വിവരങ്ങള്‍ നല്‍കിയാല്‍ സ്വിറ്റ്‌സര്‍ലന്‍ഡുമായുള്ള കരാറിന്റെ ലംഘനമാകുമെന്നും നികുതി സംബന്ധമായ വിവരങ്ങള്‍ വിദേശ രാജ്യത്തില്‍ നിന്ന് ലഭിക്കുന്നത് വിവരാവകാശ നിയമത്തിന്റെ പരിധിക്ക് പുറത്താണെന്നും ധനമന്ത്രാലയം വ്യക്തമാക്കി. വിദേശ രാജ്യവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവിടുന്നത് രാജ്യത്തിന്റെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും സുരക്ഷയ്ക്കും സാമ്പത്തിക താല്‍പര്യത്തിനും എതിരാണെന്നും കേന്ദ്ര സര്‍ക്കാര്‍ നിലപാടെടുത്തു. മറ്റ് രാജ്യങ്ങളില്‍ നിന്ന് ലഭിച്ച കള്ളപ്പണത്തിന്റെ കണക്കും ധനമന്ത്രാലയം പുറത്തുവിടാന്‍ വിസ്സമ്മതിച്ചു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it