മണ്‍സൂണ്‍ ഒരാഴ്ചയോളം മന്ദഗതിയിലേക്ക്;പിന്നീട് ശക്തമാകും: ഐഎംഡി

ഈ മണ്‍സൂണ്‍ കാലത്ത് പ്രതീക്ഷിച്ചതിനേക്കാള്‍ 31 ശതമാനം അധിക മഴ രാജ്യത്ത് ലഭിച്ചെങ്കിലും മണ്‍സൂണിന്റെ പുരോഗതി ഏതാനും ദിവസങ്ങള്‍ മന്ദഗതിയിലായിരിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ നിരീക്ഷണം. ഒരാഴ്ചയോളം മണ്‍സൂണിന്റെ വ്യാപനം മന്ദഗതിയിലായേക്കുമെന്നാണ് ഐഎംഡി ഡയറക്ടര്‍ ജനറല്‍ മൃത്യുഞ്ജയ് മൊഹാപത്ര പറയുന്നത്.

അതേസമയം, കേരളത്തില്‍ രണ്ടാഴ്ച പിന്നിടുമ്പോള്‍ ശരാശരി മഴ മാത്രമാണ് ലഭിച്ചത്.ഇന്നലെ വരെ ലഭിച്ചത് 275ന് പകരം 265 മി. മീ മഴ. നാലു ശതമാനമാണ് കുറവ്. കാലാവസ്ഥാ വകുപ്പിന്റെ കണക്കില്‍ ശരാശരിയാണിത്. കഴിഞ്ഞ വര്‍ഷം ഇതേ ദിവസം 30 ശതമാനത്തിന്റെ മഴക്കമ്മിയുണ്ടായിരുന്നു കേരളത്തില്‍. പ്രളയമുണ്ടായ 2018ല്‍ 52 ശതമാനം മഴ കൂടുതല്‍ പെയ്തു.

അതേസമയം, അടുത്ത വാരം ബംഗാള്‍ ഉള്‍ക്കടലിയില്‍ ന്യൂനമര്‍ദ്ദം പ്രദേശങ്ങള്‍ രൂപപ്പെടാനുള്ള സാധ്യതയുള്ളതിനാല്‍ വീണ്ടും മണ്‍സൂണ്‍ അതിന്റെ വ്യാപന ശക്തി തിരിച്ചുപിടിക്കും എന്നും ഐഎംഡി അറിയിക്കുന്നുണ്ട്. വരുന്ന ദിനങ്ങളില്‍ കൊങ്കണ്‍, ഗോവ,മധ്യപ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളില്‍ കനത്ത ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നും ഐഎംഡി പ്രവചിക്കുന്നു.

ഇപ്പോള്‍ മണ്‍സൂണ്‍ അറബിക്കടലിന്റെ മധ്യഭാഗത്തേക്കും, വടക്ക് കിഴക്കന്‍ ഭാഗത്തേക്കും എത്തിയിട്ടുണ്ട്.കേരളത്തില്‍ ഉള്‍പ്പെടെ വ്യാപകമായി മഴ ലഭിച്ചു ഇതു മൂലം. ഒപ്പം തന്നെ ഗുജറാത്ത്,ദാദ്ര നാഗര്‍ ഹവേലി, മുംബൈ അടക്കമുള്ള മഹാരാഷ്ട്രയിലെ പ്രദേശങ്ങള്‍, മധ്യപ്രദേശിന്റെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളിലും മഴ മേഘങ്ങള്‍ വര്‍ഷിച്ചു. ബിഹാറിന്റെ ചില ഭാഗങ്ങളിലും, ജാര്‍ഖണ്ഡിലെ മിക്കവാറും എല്ല പ്രദേശങ്ങളിലും മണ്‍സൂണ്‍ എത്തിയിട്ടുണ്ടെന്നും ഐഎംഡി വാര്‍ത്താ കുറിപ്പില്‍ പറയുന്നു.

ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ഉത്തര്‍ പ്രദേശിന്റെ മറ്റു ഭാഗങ്ങളിലേക്കും മണ്‍സൂണ്‍ പ്രവേശിക്കും. എന്നാല്‍ തുടര്‍ന്ന് മണ്‍സൂണിന്റെ വ്യാപനത്തിന് സഹായിക്കുന്ന ലോ പ്രഷര്‍ പ്രദേശങ്ങള്‍ ദുര്‍ബലമായതാണ് അടുത്തവാരം മണ്‍സൂണ്‍ മന്ദഗതിയിലാകുവാന്‍ കാരണം. ഈ പ്രതിഭാസം ഒരാഴ്ചത്തേക്കാണ് പ്രതീക്ഷിക്കുന്നത്. ലോ പ്രഷര്‍ പ്രദേശങ്ങളുടെ ചുഴലിപോലുള്ള കറക്കം മണ്‍സൂണിന്റെ വേഗത വര്‍ദ്ധിപ്പിക്കും.

ഇത്തവണ സാധാരണ നിലയിലുള്ള മണ്‍സൂണ്‍ ആയിരിക്കും എന്നാണ് ഈ മാസം ആദ്യം നടത്തിയ പ്രവചനത്തില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരുന്നതെങ്കിലും കണക്ക് പ്രകാരം ഈ മണ്‍സൂണ്‍ കാലത്ത് പ്രതീക്ഷിച്ചതിനേക്കാള്‍ 31 ശതമാനം അധിക മഴ രാജ്യത്ത് ലഭിച്ചു കഴിഞ്ഞു. രാജ്യത്തെ നാല് കാലാവസ്ഥാ ഡിവിഷനുകളില്‍ തെക്കന്‍ പ്രദേശത്ത് 20 ശതമാനം അധികം മഴ ലഭിച്ചു. മധ്യ ഇന്ത്യയില്‍ 94 ശതമാനം വരെ അധിക മഴയ്ക്കു സാധ്യത നിലനില്‍ക്കുന്നു. ഉത്തര പശ്ചിമ മേഖലയില്‍ 19 ശതമാനം അധിക മഴ ലഭിച്ചു. എന്നാല്‍ ഉത്തര പൂര്‍വ മേഖലയില്‍ മഴ പ്രതീക്ഷിച്ചതിനെക്കാള്‍ നാല് ശതമാനം കുറവാണ്. താരതമ്യേന ഭേദപ്പെട്ട കാര്‍ഷികോല്‍പ്പാദനത്തിനു മണ്‍സൂണ്‍ സഹായിക്കുമെന്നാണു വിലയിരുത്തല്‍.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it