പ്രളയസെസ് രണ്ട് വര്‍ഷത്തേക്ക്, വിലക്കയറ്റം പ്രകടമാകും

പ്രളയാനന്തര പുനര്‍നിര്‍മ്മാണത്തിന് ഊന്നല്‍ കൊടുത്തുകൊണ്ട് ധനമന്ത്രി തോമസ് ഐസക്കിന്റെ പത്താമത്തെ ബജറ്റ് അവതരണത്തിന് സമാപനമായി. ഉയര്‍ന്ന ജിഎസ്റ്റി സ്ലാബിലുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് ഒരു ശതമാനം പ്രളയസെസ് അധികമായി ചുമത്താനുള്ള തീരുമാനമാണ് ഈ ബജറ്റില്‍ എടുത്തുപറയാനുള്ളത്. ഇതോടെ മിക്ക ഉല്‍പ്പന്നങ്ങള്‍ക്കും വില കൂടുമെന്ന് ഉറപ്പായിക്കഴിഞ്ഞു.

12, 18, 28 ശതമാനം സ്ലാബുകളില്‍ ജിഎസ്റ്റി ഈടാക്കുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് രണ്ട് വര്‍ഷത്തേക്കാണ് പ്രളയസെസ് ചുമത്തുന്നത്. പ്രളയം പാടെ തകര്‍ത്ത കേരളത്തിന്റെ സാമ്പത്തികവ്യവസ്ഥയ്ക്ക് പിടിച്ചുനില്‍്ക്കാനുള്ള വഴിയായാണ് ഇതിനെ സര്‍ക്കാര്‍ കാണുന്നത്.

ഇതോടെ വിലക്കയറ്റം വിവിധ മേഖലകളില്‍ പ്രകടമാകും. ആഡംബരഉല്‍പ്പന്നങ്ങള്‍ക്കും മദ്യത്തിനും നിര്‍മാണസാമഗ്രികള്‍ക്കും ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങളും വാഹനങ്ങള്‍ക്കും ഭക്ഷ്യോല്‍പ്പന്നങ്ങള്‍ക്കുമൊക്കെ വില കൂടും. മദ്യത്തിന് രണ്ട് ശതമാനം നികുതി കൂട്ടി.

സിനിമാടിക്കറ്റുകള്‍, സ്വര്‍ണ്ണം തുടങ്ങിയവയ്ക്കും വില വര്‍ധനയുണ്ടാകും. മാര്‍ബിള്‍, സിമന്റ്, ടൈല്‍, പെയ്ന്റ്, പ്ലൈവുഡ് എന്നിവയുടെ വില കൂടുന്നത് നിര്‍മ്മാണമേഖലയ്ക്ക് തിരിച്ചടിയാകും. തദ്ദേശസ്ഥാപനങ്ങള്‍ക്ക് 10 ശതമാനം വിനോദനികുതി ഈടാക്കാം.

സ്റ്റാര്‍ട്ടപ്പുകള്‍ക്കും കൃഷികള്‍ക്കും ഏറെ ഊന്നല്‍ കൊടുക്കുന്ന ബജറ്റായിരുന്നു ധനമന്ത്രി അവതരിപ്പിച്ചത്. 700 കോടി രൂപയാണ് സ്റ്റാര്‍ട്ടപ്പിനായി മാറ്റിവെച്ചിരിക്കുന്നത്. സാമൂഹ്യക്ഷേമ പെന്‍ഷന്‍ 100 രൂപ വര്‍ധിപ്പിച്ചിട്ടുണ്ട്.

സാമ്പത്തികപ്രതിസന്ധി നിലനില്‍ക്കുന്നതിനാല്‍ ചെലവ് ചുരുക്കാനുള്ള നിര്‍ദ്ദേശത്തോട് യോജിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ ചെലവ് കുറയ്ക്കുന്നത് സാമ്പത്തികമുരടിപ്പിന് കാരണമാകും.

ധനകമ്മി ഒരുശതമാനമായും റവന്യൂ കമ്മി 3.3 ശതമാനമായും കുറയ്ക്കാനാണ് ലക്ഷ്യമിടുന്നത്. അടുത്ത വര്‍ഷം ജിഎസ്റ്റി വരുമാനം 30 ശതമാനം ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. നികുതിവെട്ടിപ്പുകള്‍ തടയുന്നതിലൂടെയും വാറ്റ് കുടിശിക വീണ്ടെടുക്കുന്നതിലൂടെയും ഇതിന് സാധിക്കുമെന്നാണ് ധനമന്ത്രിയടെ പ്രതീക്ഷ.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it