ഇ-കൊമേഴ്സ് മേഖലയും ഉപഭോക്തൃ സംരക്ഷണ നിയമ പരിധിയിലേക്ക്

ഉപഭോക്താവിന്റെ അവകാശങ്ങള്‍ പരിരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിച്ച്്് നടപ്പാക്കുന്നതിനുമുള്ള വ്യവസ്ഥകളോടെ പ്രാബല്യത്തില്‍ വന്ന ഉപഭോക്തൃ സംരക്ഷണ നിയമത്തില്‍ ഇ-കൊമേഴ്സ് മേഖലയും ഉള്‍പ്പെടുമെന്ന് കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രി രാംവിലാസ് പാസ്വാന്‍ അറിയിച്ചു.കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി, ഉപഭോക്തൃ സംരക്ഷണ കൗണ്‍സില്‍, ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനുകള്‍,മധ്യസ്ഥത, ഉല്‍പന്ന ബാധ്യത,തെറ്റിധാരണാജനകമായ പരസ്യങ്ങള്‍ ഉള്‍പ്പടെയുള്ളവ പുതിയ നിയമത്തിന്റെ പരിധിയില്‍ വരും.

ഉപഭോക്തൃ സംരക്ഷണ നിയമം-2019 തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നു.അതേസമയം, ഇ-കൊമേഴ്സ്, സിസിപിഎ എന്നിവ സംബന്ധിച്ച നിയമങ്ങള്‍ വാരാന്ത്യത്തോടെ നോട്ടിഫൈ ചെയ്യപ്പെടും. ഇ കൊമേഴ്‌സ് കമ്പനികളില്‍ നിന്നു വാങ്ങിയ ഉല്‍പന്നങ്ങള്‍ മടക്കി നല്‍കിയാല്‍ കാന്‍സലേഷന്‍ നിരക്ക് പാടില്ലെന്ന്് പുതിയ വ്യവസ്ഥയുണ്ടാകും. ഡയറക്റ്റ് സെല്ലിംഗ് നിയമങ്ങളുടെ വിജ്ഞാപനത്തിന് കുറച്ച് കൂടി സമയം വേണ്ടിവരുമെന്നുന്നും വിഡിയോ കോണ്‍ഫറന്‍സിലൂടെ ഉപഭോക്തൃകാര്യ മന്ത്രി അറിയിച്ചു.മായം ചേര്‍ക്കലിനും തെറ്റിദ്ധാരണ പരത്തുന്ന പരസ്യങ്ങള്‍ക്കും ജയില്‍ ശിക്ഷ ഉള്‍പ്പെടെ കര്‍ശനമായ പിഴകളോടെ ഉപഭോക്തൃ തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനുമുള്ള വ്യവസ്ഥകളാണ് പുതിയ നിയമത്തില്‍ ഉള്ളത്.മുമ്പത്തെ നിയമത്തില്‍ ഉപഭോക്താക്കള്‍ക്ക് നീതി ലഭിക്കുന്നതിനു വലിയ കാലതാമസം നേരിട്ടിരുന്നു.

പരമ്പരാഗത കച്ചവടക്കാര്‍ മാത്രമല്ല, ഓണ്‍ലൈന്‍, ടെലി മാര്‍ക്കറ്റിങ് വ്യാപാരമേഖലകളെക്കൂടി ഉള്‍പ്പെടുത്തിയാണ് നിയമം പരിഷ്‌കരിച്ചിരിക്കുന്നത് - കേന്ദ്രമന്ത്രി റാം വിലാസ് പാസ്വാന്‍ പറഞ്ഞു.ഇ-കൊമേഴ്സ് നിയമപ്രകാരം, വില, കാലഹരണപ്പെടല്‍ തീയതി, റിട്ടേണ്‍, റീഫണ്ട്, എക്‌സ്‌ചേഞ്ച്, വാറന്റി, ഗ്യാരണ്ടി, ഡെലിവറി, ഷിപ്പിംഗ്, പണമടയ്ക്കല്‍ രീതികള്‍, പരാതി പരിഹാര സംവിധാനം, പേയ്മെന്റ് രീതികള്‍, ചാര്‍ജ് ബാക്ക് ഓപ്ഷനുകള്‍ മുതലായവ വ്യക്തമാക്കണം.വെബ്‌സൈറ്റില്‍ നല്‍കുന്ന ഉത്പന്നത്തിന്റെ ചിത്രവും യഥാര്‍ഥ ഉത്പന്നവും വ്യത്യസ്തമാകരുത്. വില്‍പനക്കാരില്‍ നിന്നു ഉല്‍പന്നത്തിന്റെ വിശദാംശങ്ങള്‍, ചിത്രം എന്നിവ കൃത്യമാണെന്ന സത്യവാങ്മൂലം കമ്പനികള്‍ വാങ്ങിയിരിക്കണം.

ഇനി മുതല്‍ ജില്ലാ, സംസ്ഥാന കമ്മീഷനുകള്‍ക്ക് സ്വന്തം വിധികള്‍ പുനഃപരിശോധിക്കാനുള്ള അധികാരമുണ്ടാകും. ഇലക്ട്രോണിക് പരാതികള്‍ നല്‍കാനുള്ള വ്യവസ്ഥയാണ് മറ്റൊന്ന്. മധ്യസ്ഥതയ്ക്ക് പകരമുള്ള തര്‍ക്ക പരിഹാര സംവിധാനവുമുണ്ട്. മധ്യസ്ഥതയിലൂടെയുള്ള ഒത്തുതീര്‍പ്പിനെതിരെ അപ്പീല്‍ നല്‍കാനാവില്ല. അഞ്ച് ലക്ഷം രൂപ വരെയുള്ള കേസുകള്‍ ഫീസ് ഇല്ലാതെ ഫയല്‍ ചെയ്യാം.ഉപഭോക്താക്കളുടെ പരാതികള്‍ പരിഹരിക്കാന്‍ ഓഫിസറെ നിയമിക്കണമെന്നുതുള്‍പ്പെടെയുള്ള പുതിയ വ്യവസ്ഥകള്‍ ഉടന്‍ പ്രാബല്യത്തില്‍ വരും.

1986 ലെ നിയമത്തിന് പകരമായുള്ള പുതിയ ഉപഭോക്തൃ സംരക്ഷണ ബില്‍ കഴിഞ്ഞ വര്‍ഷമാണ് പാര്‍ലമെന്റ് അംഗീകരിച്ചത്. ഉപഭോക്തൃ കമ്മിഷനുകളിലെ ഉപഭോക്തൃ തര്‍ക്ക വിധി നിര്‍ണ്ണയ പ്രക്രിയ ലളിതമാക്കുന്നതിന് പുതിയ നിയമം അനുശാസിക്കുന്നതായി പാസ്വാന്‍ അറിയിച്ചു. ഇതില്‍ സംസ്ഥാന, ജില്ലാ കമ്മിഷനുകള്‍ക്ക് സ്വന്തം വിധികള്‍ പുനഃപരിശോധിക്കാനുള്ള അധികാരവും വ്യവസ്ഥ ചെയ്യുന്നു. ഇലക്ട്രോണിക് പരാതികള്‍ നല്‍കാനും ഉപഭോക്താവിനെ പ്രാപ്തനാക്കുന്ന വിധത്തിലാണ് പുതിയ നിയമ വ്യവസ്ഥകള്‍.

പുതിയ നിയമത്തില്‍ മധ്യസ്ഥതയ്ക്ക് പകരമുള്ള തര്‍ക്ക പരിഹാര സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നു മന്ത്രി പറഞ്ഞു. ഉപഭോക്തൃ കമ്മിഷനുകളുടെ ആഭിമുഖ്യത്തില്‍ സ്ഥാപിക്കുന്ന മദ്ധ്യസ്ഥതാ സെല്ലുകളില്‍ ഇത് നടക്കുന്ന വിധത്തിലാണ് പുതിയ സംവിധാനം. മധ്യസ്ഥതയിലൂടെയുള്ള ഒത്തുതീര്‍പ്പിനെതിരെ അപ്പീല്‍ നല്‍കാനാവില്ല. ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ ചട്ടമനുസരിച്ച്, 5 ലക്ഷം രൂപ വരെയുള്ള കേസുകള്‍ ഫയല്‍ ചെയ്യുന്നതിന് ഫീസില്ല.

ഉപഭോക്തൃ പ്രശ്നങ്ങളെക്കുറിച്ചുള്ള ഉപദേശക സമിതിയായ കേന്ദ്ര ഉപഭോക്തൃ സംരക്ഷണ സമിതിക്ക് കേന്ദ്ര ഉപഭോക്തൃ, ഭക്ഷ്യ, പൊതുവിതരണ മന്ത്രി അധ്യക്ഷനായും കേന്ദ്ര ഉപഭോക്തൃ, ഭക്ഷ്യ, പൊതുവിതരണ സഹമന്ത്രി വൈസ് ചെയര്‍പേഴ്സണായും വിവിധ മേഖലകളില്‍ നിന്നുള്ള 34 അംഗങ്ങളും അടങ്ങിയ സമിതി നേതൃത്വം നല്‍കുമെന്ന് പാസ്വാന്‍ പറഞ്ഞു. മൂന്നു വര്‍ഷത്തെ കാലാവധിയുള്ള കൗണ്‍സിലില്‍ രാജ്യത്തിന്റെ വടക്ക്, തെക്ക്, കിഴക്ക്, പടിഞ്ഞാറ്, വടക്കു കിഴക്കന്‍ മേഖല എന്നീ പ്രദേശങ്ങളിലെ സംസ്ഥാനങ്ങളില്‍ നിന്ന് ഉപഭോക്തൃ കാര്യങ്ങളുടെ ചുമതലയുള്ള രണ്ട് മന്ത്രിമാരും ഉണ്ടായിരിക്കും.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it