എംഎസ്എംഇ മേഖലയ്ക്കു സഹായമേകും: കേന്ദ്രമന്ത്രി

രാജ്യത്തെ എംഎസ്എംഇ കള്‍ക്കുള്ള പേയ്മെന്റുകള്‍ ഒട്ടും വൈകാതെ എത്രയും വേഗം ലഭ്യമാക്കാന്‍ വ്യവസായ സ്ഥാപനങ്ങള്‍ മനസിരുത്തണമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി ആവശ്യപ്പെട്ടു. സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കു ദ്രവ്യത കൈവരിക്കാന്‍ ഇതാവശ്യമാണെന്ന് വെബ് അധിഷ്ഠിത സെമിനാറിലൂടെ എഫ്ഐസിസിഐ പ്രതിനിധികളുമായി ആശയവിനിമയം നടത്തവേ അദ്ദേഹം പറഞ്ഞു.

ലോക്ഡൗണ്‍ വന്നതോട സാമ്പത്തിക പ്രതിസന്ധിയിലായ എംഎസ്എംഇകളെ സംരക്ഷിക്കേണ്ടതുണ്ടെന്ന് ഫിക്കിയിലെ മുതിര്‍ന്ന അംഗങ്ങളോട് റോഡ് ഗതാഗത, ദേശീയപാത, എംഎസ്എംഇ വകുപ്പു മന്ത്രിയായ ഗഡ്കരി പറഞ്ഞു. സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ നേരിടുന്ന ബുദ്ധിമുട്ടുകളെ കുറിച്ച് ഗവണ്‍മെന്റിന് ധാരണയുണ്ട്. സമ്പദ്വ്യവസ്ഥയില്‍ ഈ മേഖലയുടെ പ്രാധാന്യം മനസ്സിലാക്കുന്നുമുണ്ട്. ലോക്ക്ഡൗണ്‍ പിന്‍വലിച്ച ശേഷം ഇത്തരം സംരംഭങ്ങളുടെ ശാക്തീകരണത്തിന് ഗവണ്‍മെന്റ് സമ്പൂര്‍ണ സഹകരണം നല്‍കുമെന്ന് മന്ത്രി ഉറപ്പു നല്‍കി. ഈ ദിശയില്‍ സര്‍ക്കാര്‍ കൈക്കൊണ്ട വിവിധ സാമ്പത്തിക തീരുമാനങ്ങള്‍ അദ്ദേഹം വിശദീകരിച്ചു. ടേം വായ്പകളുടെയും പ്രവര്‍ത്തന മൂലധനത്തിന്റെയും വിതരണം പുനഃ ക്രമീകരിക്കാന്‍ റിസര്‍വ് ബാങ്ക് അനുവദിച്ചതായും ഗഡ്കരി അറിയിച്ചു.

വ്യവസായരംഗം ഗവണ്‍മെന്റുമായും ബാങ്കിങ്ങ് മേഖലയുമായി ഒരേപോലെ സഹകരിച്ചു നീങ്ങണം. വിപണിയിലെ പണലഭ്യതയുടെ പ്രാധാന്യത്തെക്കുറിച്ച് വിശദീകരിച്ച കേന്ദ്രമന്ത്രി, മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കുള്ള ക്രെഡിറ്റ് ഗാരന്റി നിലവിലെ ഒരു ലക്ഷം കോടിയില്‍ നിന്ന് അഞ്ച് ലക്ഷം കോടി രൂപയായി ഉയര്‍ത്താന്‍ പരിശ്രമിച്ചു വരികയാണെന്നറിയിച്ചു. ധനകാര്യസ്ഥാപനങ്ങള്‍ അനുവദിക്കുന്ന അഡ്വാന്‍സുകളുടെ 75 ശതമാനവും ഗവണ്‍മെന്റിന്റെ ക്രെഡിറ്റ് ഗ്യാരന്റി സ്‌കീമിന് കീഴിലുള്ള ഉറപ്പിന്മേലാണ്. വ്യവസായമേഖലയുടെ പ്രശ്‌നങ്ങള്‍ പ്രത്യേകിച്ചും മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ വിഷയങ്ങള്‍ അതത് മന്ത്രാലയങ്ങളും വകുപ്പുകളുമായി ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം ഉറപ്പ് നല്‍കി.

അടിസ്ഥാന സൗകര്യ വികസന മേഖലയുടെ വര്‍ദ്ധിച്ചുവരുന്ന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി 2019-20 ല്‍ റെക്കോര്‍ഡ് നിലവാരത്തിലെത്തിച്ച ദേശീയപാത നിര്‍മാണം വരും വര്‍ഷങ്ങളില്‍ 2, 3 മടങ്ങായി വര്‍ദ്ധിപ്പിക്കുമെന്നും ഗഡ്കരി പറഞ്ഞു. നേരത്തെ നിശ്ചയിച്ച ലക്ഷ്യങ്ങളില്‍ എത്തിച്ചേരാന്‍ ഇപ്പോഴുണ്ടായ കാലതാമസം ഒഴിവാക്കി ലഭ്യമായ സമയം പരമാവധി ഉപയുക്തമാക്കണം. ഈ ദിശയില്‍ 3 മാസത്തിനുള്ളില്‍ പ്രവൃത്തികളില്‍ തീരുമാനമെടുക്കാന്‍ കേന്ദ്രമന്ത്രി ദേശീയ പാത അതോറിട്ടിയോടും ആര്‍ബിട്രേഷന്‍ യൂണിറ്റുകളോടും അഭ്യര്‍ഥിച്ചു. എല്ലാ യൂണിറ്റുകളുടെ ചെയര്‍മാന്മാരോടും നിലവിലുള്ള വൈകുന്നേരം 5 മണി എന്ന ജോലിസമയത്തിനു പകരം 7 മണി വരെ പ്രവര്‍ത്തിക്കാന്‍ കേന്ദ്രമന്ത്രി അഭ്യര്‍ത്ഥിച്ചു. അവര്‍ ഇതിനകം അങ്ങനെ ചെയ്യാന്‍ തുടങ്ങിയിട്ടുള്ളതിന്റെ ഫലമായി 280 വിഷയങ്ങള്‍ ഉടന്‍ തീര്‍പ്പാക്കാന്‍ സാധിച്ചുവെന്നും അദ്ദേഹം അറിയിച്ചു.

കൊറോണ വൈറസ് പടരാതിരിക്കാന്‍ വേണ്ടത്ര മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുമെന്ന വ്യവസ്ഥയോടെ വിവിധ സ്ഥലങ്ങളില്‍ റോഡ് പണികള്‍ ആരംഭിക്കുന്നതിന് ഗതാഗത മന്ത്രാലയം തയ്യാറാണെന്നു ഗഡ്കരി അറിയിച്ചു. ഹൈവേ നിര്‍മ്മാണ പദ്ധതികള്‍ പുനരാരംഭിക്കുന്നതിനെ കുറിച്ച് സംസ്ഥാന സര്‍ക്കാരുകളുമായി ആലോചനകള്‍ നടക്കുന്നുണ്ട്.'കുടിയേറ്റ തൊഴിലാളികളെ ഹൈവേ നിര്‍മ്മാണ പദ്ധതികള്‍ക്ക് ഉപയോഗപ്പെടുത്തുന്ന കാര്യം ജില്ലാ കളക്ടര്‍മാര്‍ക്ക് തീരുമാനിക്കാം. അതേസമയം മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിച്ചുകൊണ്ടാവണം പ്രവര്‍ത്തിക്കേണ്ടത്', മന്ത്രി പറഞ്ഞു.

ഹൈവേ പണികള്‍ക്കിടയില്‍ നേരിടുന്ന വലിയ വെല്ലുവിളിയാണ് ഗതാഗതം ഭാഗികമായോ മുഴുവനായോ നിര്‍ത്തിവെക്കേണ്ടി വരുന്ന അവസ്ഥ. എന്നാല്‍ ലോക്ക്ഡൗണില്‍ ഇത്തരം പണികള്‍ ഏറ്റെടുക്കുന്നത് ഗതാഗത തടസ്സങ്ങള്‍ക്കിടയാക്കില്ല. പല സ്ഥലങ്ങളിലായി കുടുങ്ങിയ കുടിയേറ്റ തൊഴിലാളികള്‍ക്ക് ജോലിയും വരുമാനവും ഇതിലൂടെ ഉറപ്പു വരുത്താനാവും.

നാട്ടിലേക്ക് പോകാന്‍ അവസരമൊരുക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ ആയിരക്കണക്കിന് കുടിയേറ്റ തൊഴിലാളികള്‍ പ്രതിഷേധിച്ചിരുന്നു. രണ്ടാം ഘട്ട ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ മുംബൈയിലും സമാനമായ സംഭവം കഴിഞ്ഞ ദിവസമുണ്ടായി. ഈ പശ്ചാത്തലത്തിലാണ് കുടിയേറ്റ തൊഴിലാളികള്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കുന്നതിനെ കുറിച്ച് ആലോചിക്കുന്നത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it