ഇന്ത്യന്‍ കമ്പനികളെ തടഞ്ഞ് ചൈനയെ സഹായിക്കുന്ന നിയമം മാറണം: ഗഡ്കരി
രാജ്യത്തെ കരാറുകള്‍ ഏറ്റെടുക്കുന്നതില്‍ നിന്ന് ഇന്ത്യന്‍ കമ്പനികളെ തടയുന്നതോടൊപ്പം ചൈനീസ് കമ്പനികള്‍ക്കു സഹായകമാവുകയും ചെയ്യുന്ന നിയമങ്ങള്‍ നിലനില്‍ക്കുന്നതായി കേന്ദ്ര റോഡ്, ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. ചൈനീസ് കമ്പനികള്‍ക്ക് അനുകൂലമായ ഇത്തരം കാലഹരണപ്പെട്ട നിയമങ്ങള്‍ ദേശീയ താല്‍പ്പര്യത്തിനനുസൃതമായി പരിഷ്‌കരിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
'നമ്മുടെ പല നിയമങ്ങളും കാലഹരണപ്പെട്ടതാണ്.കരാറുകാര്‍ക്കായി കര്‍ശന വ്യവസ്ഥകളാണുള്ളത്. ദേശീയ താല്‍പ്പര്യത്തിലും ഇന്ത്യന്‍ കമ്പനികളുടെ താല്‍പ്പര്യത്തിലും അവ പുനര്‍ വിശകലനം ചെയ്യണം. പല വ്യവസ്ഥകളും കരാറുകാരെ പിന്തിരിപ്പിക്കുന്നു. വലിയ ഹൈവേകളുടെയും പാലങ്ങളുടെയും വന്‍ പദ്ധതികള്‍ അനുഭവ സമ്പത്തുള്ളവര്‍ക്ക് മാത്രമേ അനുവദിക്കൂവെന്ന വ്യവസ്ഥ ഉണ്ടായിരുന്നതിനാല്‍ ഇന്ത്യയിലെ ഒരു കമ്പനിയും അവ ഏറ്റെടുത്ത് ചെയ്തില്ല' -ഒരു മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ നിതിന്‍ ഗഡ്കരി പറഞ്ഞു.
ഇപ്പോഴത്തെ സാഹചര്യത്തില്‍ ചൈനീസ് കമ്പനികളുമായി ചേര്‍ന്നുള്ള സംയുക്ത സംരംഭങ്ങള്‍ക്ക് കരാര്‍ നല്‍കുന്നത് തെറ്റാണ്, അത് രാജ്യതാത്പര്യത്തിന് എതിരാണെന്നും ഗഡ്കരി പറഞ്ഞു.ഇന്ത്യന്‍ കമ്പനികള്‍ക്ക് ഗുണകരമായ രീതിയില്‍ നിയമങ്ങളില്‍ മാറ്റം വരുത്തേണ്ട സമയമാണിത്.
അനുഭവ പരിചയവും വലിയ പദ്ധതികള്‍ നടത്താനുള്ള സംവിധാനങ്ങളും ഉണ്ടെങ്കില്‍ പോലും, സാമ്പത്തിക ഭദ്രതയുണ്ടാകാന്‍ വിദേശ കമ്പനികളുമായി കൂടിച്ചേര്‍ന്ന് സംയുക്ത സംരംഭങ്ങള്‍ക്ക് ഇന്ത്യയിലെ കരാറുകാര്‍ നിര്‍ബന്ധിതരാകുന്നു. ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയെ ചൈനയുമായി കൂട്ടിയിണക്കരുത്. നമ്മുടെ മത്സരശേഷി വര്‍ദ്ധിപ്പിക്കേണ്ടതുണ്ട്. കുറഞ്ഞ മൂലധനത്തില്‍ ചെയ്യാന്‍ സാധ്യമാകണം. നമ്മുടെ സാങ്കേതികവിദ്യ മെച്ചപ്പെടുത്തുകയും, എം.എസ്.എം.ഇ മേഖലകളില്‍ വിദേശ നിക്ഷേപം വര്‍ദ്ധിപ്പിക്കുകയും വേണം. നമുക്ക് എല്ലാ സാങ്കേതിക ശേഷിയും ഉണ്ട്- ഗഡ്കരി ചൂണ്ടിക്കാട്ടി.പരിചയമോ സാമ്പത്തിക പിന്തുണയോ ആവശ്യപ്പെടുന്ന മുന്‍ വ്യവസ്ഥകള്‍ കാരണം സര്‍ക്കാര്‍ കരാറുകളില്‍ നിന്ന് വിട്ടുപോയ ഇന്ത്യന്‍ സംരംഭകരെയും കരാറുകാരെയും പ്രോത്സാഹിപ്പിക്കേണ്ടതാവശ്യമാണ്.
രണ്ട് മാസം മുമ്പ്, പ്രത്യേക വിമാനങ്ങള്‍ വഴി ചൈനയില്‍ നിന്ന് പേഴ്‌സണല്‍ പ്രൊട്ടക്റ്റീവ് ഉപകരണ കിറ്റുകള്‍ ഇന്ത്യക്ക് ഇറക്കുമതി ചെയ്യേണ്ടിവന്നു. ഇന്ന് നമ്മുടെ എംഎസ്എംഇകള്‍ മികച്ച നിലവാരമുള്ള കിറ്റുകള്‍ നിര്‍മ്മിക്കുന്നുണ്ട്. പ്രതിദിനം 5 ലക്ഷം വീതം. ഇത് ലോകമെമ്പാടും നമ്മള്‍ അയയ്ക്കുന്നുണ്ടെന്നും ഗഡ്കരി പറഞ്ഞു.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline