ഐഎംഎഫ് പ്രവചിച്ചതിലും താഴെയാകും ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക്; പുതിയ പ്രവചനവുമായി ഒ.ഇ.സി.ഡി

ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ വളര്‍ച്ചാ നിരക്ക് നേരത്തെ പ്രതീക്ഷിച്ചത്രയുണ്ടാകില്ലെന്ന് പാരീസ് ആസ്ഥാനമായുള്ള ഓര്‍ഗനൈസേഷന്‍ ഫോര്‍ ഇക്കണോമിക് കോ-ഓപ്പറേഷന്‍ ആന്റ് ഡവലപ്‌മെന്റ്. 2019-20ല്‍ 5.9 ശതമാനം ജിഡിപി വളര്‍ച്ചയേ ഉണ്ടാകൂവെന്ന് ഒ ഇ സി ഡി പറയുന്നു. നേരത്തെ നടത്തിയ പ്രവചനത്തില്‍ നിന്ന് 1.3 ശതമാനം പോയിന്റാണ് കുറഞ്ഞിട്ടുള്ളത്.

അടുത്ത സാമ്പത്തിക വര്‍ഷം ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ വളര്‍ച്ച 6.3 ശതമാനമേ പ്രതീക്ഷിക്കേണ്ടതുള്ളൂവെന്നും ഒ ഇ സി ഡി കണക്കാക്കുന്നു. നേരത്തെ പ്രവചിച്ചതിലും 1.1 ശതമാനം കുറവാണിത്.2019-20 ന്റെ ആദ്യ പാദത്തില്‍ സമ്പദ്വ്യവസ്ഥ 5 ശതമാനം മാത്രം വളര്‍ച്ചയേ കൈവരിച്ചുള്ളൂവെന്ന ഔദ്യോഗിക വിവരം പുറത്തു വന്നതിനെത്തുടര്‍ന്നാണ് ഒ ഇ സി ഡി നിഗമനങ്ങള്‍ പുതുക്കിയത്.

രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് പ്രതീക്ഷിച്ചതിലും ഏറെ ദുര്‍ബലമാണെന്ന് രാജ്യാന്തര നാണ്യനിധി (ഐ എം എഫ്) ജൂലൈയില്‍ നിരീക്ഷിച്ചിരുന്നു. ഏപ്രിലിലെ അനുമാനത്തേക്കാള്‍ 0.3% താഴ്ചയോടെ ഈ വര്‍ഷം 7 %, അടുത്ത വര്‍ഷം 7.2 % എന്നിങ്ങനെയാകുമെന്നായിരുന്നു നേരത്തെയുള്ള വിലയിരുത്തല്‍. എന്നാല്‍ പ്രതീക്ഷിച്ചതിലും ദുര്‍ബലമാണ് നിലവിലെ വളര്‍ച്ചാ നിരക്കെന്ന് ഐ എം എഫ് പിന്നീട് വ്യക്തമാക്കി.

ഒ ഇ സി ഡി സാമ്പത്തിക വളര്‍ച്ചാ പ്രവചനങ്ങളിലെ നിരക്ക് 0.6 ശതമാനത്തില്‍ കൂടുതല്‍ വെട്ടിക്കുറച്ചത് ഇന്ത്യ ഉള്‍പ്പെടെ ഏഴ് രാജ്യങ്ങളുടെ കാര്യത്തിലാണ്. അര്‍ജന്റീന, ബ്രസീല്‍, സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ എന്നിവയാണ് മറ്റ് രാജ്യങ്ങള്‍.

അമേരിക്കയും ചൈനയും തമ്മിലുള്ള വാണിജ്യയുദ്ധം ആഗോള തലത്തിലുള്ള സാമ്പത്തിക തളര്‍ച്ചയ്ക്കിടയാക്കുന്നതായും ഒ ഇ സി ഡി നിരീക്ഷിക്കുന്നു.
2008-2009 സാമ്പത്തിക പ്രതിസന്ധിക്കുശേഷം ആഗോള സമ്പദ്വ്യവസ്ഥയുടെ ഏറ്റവും ദുര്‍ബലമായ വളര്‍ച്ചയാണിപ്പോഴത്തേത്. കഴിഞ്ഞ വര്‍ഷം 3.6 ശതമാനമായിരുന്നത് ഈ വര്‍ഷം 2.9 ശതമാനമായി കുറഞ്ഞു; അടുത്ത വര്‍ഷത്തേക്കു മൂന്ന് ശതമാനം വളര്‍ച്ച പ്രവചിക്കുന്നു.

ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ വളര്‍ച്ചാനിരക്ക് 2019-20 ല്‍ 5.9 ശതമാനമായി കുറയുന്നപക്ഷം, അത് 2013-14 ലേക്കാള്‍ താഴെയാകും. യു.പി.എ - 2 സര്‍ക്കാരിന്റെ അവസാന വര്‍ഷമായിരുന്ന അന്നത്തെ വളര്‍ച്ചാനിരക്ക് 6.4 ശതമാനമായിരുന്നിട്ടും 'പക്ഷാഘാത വര്‍ഷം' എന്ന ആക്ഷേപം നേരിട്ടു.

ഇന്ത്യയുടെ ആഭ്യന്തര ഉല്‍പാദന വളര്‍ച്ചാ നിരക്ക് കഴിഞ്ഞ 6 വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തിയതായി കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കല്‍ ഓര്‍ഗനൈസേഷന്‍ പുറത്തുവിട്ട കണക്കുകളിലുണ്ടായിരുന്നു. നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തില്‍ (ഏപ്രില്‍-ജൂണ്‍) 5 ശതമാനം മാത്രമാണ് വളര്‍ച്ചയെന്ന റിപ്പോര്‍ട്ട് ജൂലൈയിലാണ് പുറത്തുവന്നത്. കഴിഞ്ഞ പാദത്തില്‍ (ജനുവരി-മാര്‍ച്ച്) 5.8 ശതമാനമായിരുന്നു വളര്‍ച്ച. 2013 മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ രേഖപ്പെടുത്തിയതായിരുന്നു ഇതിനു മുന്‍പത്തെ ഏറ്റവും ചെറിയ വളര്‍ച്ചാ തോത്, 4.3 ശതമാനം. കഴിഞ്ഞ വര്‍ഷം ഇതേസമയം 8 ശതമാനമായിരുന്നു ജിഡിപി വളര്‍ച്ചാ നിരക്ക്.

ഉപഭോക്തൃ ആവശ്യകതയും സ്വകാര്യ നിക്ഷേപവും ദുര്‍ബലമായത് വളര്‍ച്ചാ നിരക്ക് കുറയാന്‍ കാരണമായി. കാര്‍ മുതല്‍ ബിസ്‌ക്കറ്റ് വരെയുള്ള വസ്തുക്കളുടെ വില്‍പ്പനയിലെ മാന്ദ്യവും വിവിധ മേഖലകളില്‍ ലക്ഷക്കണക്കിനു തൊഴിലവസരങ്ങളില്‍ കുറവു വന്നതും രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയെ ബാധിച്ചുവെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.

അതേസമയം, ലോകത്തെ ഏറ്റവും വേഗത്തില്‍ വളരുന്ന രാജ്യം ഇന്ത്യ തന്നെയായിരിക്കുമെന്ന നിലപാടില്‍ ഐ എം എഫ് ഉറച്ചു നില്‍ക്കുന്നുണ്ട്. വളര്‍ച്ചാനിരക്കില്‍ ചൈനയേക്കാള്‍ ഏറെ മുന്നിലാണ് ഇന്ത്യയെന്നും ചൂണ്ടിക്കാണിച്ചിരുന്നു. കോര്‍പറേറ്റ്, പരിസ്ഥിതി മേഖലകളിലെ നയങ്ങളിലുള്ള അനിശ്ചിതത്വമാണ് നിലവിലെ പ്രശ്‌നങ്ങള്‍ക്കു കാരണമെന്ന അഭിപ്രായമാണ് ഐ എം എഫിനുള്ളത്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it