എണ്ണവില വർധന: ഇന്ത്യക്ക് ഇറക്കുമതി ചെലവ് ഉയരുന്നു, ഒപ്പം ആശങ്കകളും

ആഗോള എണ്ണവില 80 ഡോളർ പിന്നിട്ട് നാലുവർഷത്തെ ഏറ്റവും ഉയർന്ന വിലയിലെത്തിയത് വിപണിയിലാകെ ആശങ്കപരത്തിയ വാർത്തയായിരുന്നു. തൊട്ടുപിന്നാലെ ഇന്ത്യയുടെ ഇറക്കുമതി ചെലവിൽ വർധനയുണ്ടാകുമെന്ന് സർക്കാർ സ്ഥിരീകരിച്ചിരുന്നു. ഏകദേശം 25 മുതൽ 50 ബില്യൺ ഡോളർ വരെ വർധനവാണ് ഇറക്കുമതി ചെലവിൽ സർക്കാർ പ്രതീക്ഷിക്കുന്നത് എന്നാണ് സാമ്പത്തിക കാര്യ സെക്രട്ടറി എസ് സി ഗാർഗ് കഴിഞ്ഞദിവസം അറിയിച്ചത്.

പെട്രോളിയം പ്ലാനിങ് ആൻഡ് അനാലിസിസ് സെല്ലിന്റെ റിപ്പോർട്ട് പ്രകാരം 105 ബില്യൺ ഡോളർ ഇറക്കുമതി ചെലവാണ് 2018-19 സാമ്പത്തിക വർഷത്തിൽ പ്രതീക്ഷിക്കുന്നത്.

ഉയർന്ന ഇറക്കുമതി ചിലവ് ഒരു സമ്പദ്വ്യവസ്ഥയെയും അതിലെ ജനങ്ങളെയും ഏതൊക്കെ വിധത്തിൽ ബാധിക്കാം?

പ്രധാനമായും വിലക്കയറ്റമാണ് ഇതിന്റെ ഒരു അനന്തരഫലം. ഇറക്കുമതിച്ചെലവ് ആധാരമാക്കിയുള്ള വിലക്കയറ്റത്തോത് (imported inflation) രാജ്യത്തു നാണയപ്പെരുപ്പം ഉയരാൻ ഇടയാക്കും. തുടർച്ചയായ ഇന്ധനവില വര്ധനവുമൂലം ഇപ്പോൾത്തന്നെ നാം വിലക്കയറ്റത്തിന്റെ പിടിയിലാണ്. ഏപ്രിൽ മാസത്തെ ചില്ലറ വിൽപന വില ആധാരമാക്കിയുള്ള വിലക്കയറ്റത്തോത് 4.58 ശതമാനമായിരുന്നു. മൊത്തവ്യാപാരത്തെ അടിസ്ഥാനമാക്കിയുള്ള നാണയപ്പെരുപ്പം നാലുമാസത്തെ ഏറ്റവും ഉയർന്ന നിലയിലാണ്. മാത്രമല്ല, ഉയർന്ന ഇറക്കുമതിച്ചെലവ് ധനക്കമ്മി വർധിക്കാനും ഇടയാകും.

എന്നാൽ ഇത്തരം എല്ലാ ആശങ്കകളും അസ്ഥാനത്താണ് എന്നാണ് ഗാർഗ് അഭിപ്രായപ്പെട്ടത്. രാജ്യത്തിൻറെ സാമ്പത്തിക വളർച്ച ഘടകങ്ങൾ എല്ലാം ഭദ്രമായ സ്ഥിതിയിലാണ്. നാണയപ്പെരുപ്പം തൃപ്തികരമായ നിലയിലും. ധനക്കമ്മിയിൽ ഒരിക്കലും പ്രതികൂലമായ സ്വാധീനം ഇതുകൊണ്ട് ഉണ്ടാകുന്നില്ല എന്ന് സർക്കാർ ഉറപ്പുവരുത്തുമെന്നും അദ്ദേഹം പറഞ്ഞു. ധനക്കമ്മി ജിഡിപിയുടെ 3.3 ശതമാനമായി കുറയ്ക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

എന്നാൽ, ഇറക്കുമതിച്ചെലവിലുണ്ടാകുന്ന വർധന കറന്റ് അക്കൗണ്ട് കമ്മിയിൽ അല്പം വർദ്ധനവ് ഉണ്ടാക്കും എന്നും ഗാർഗ് ചൂണ്ടിക്കാട്ടി.

ഇന്ധനവില വർധന സബ്സിഡികളെ ബാധിക്കില്ലെങ്കിലും, ഇന്ധന വിലയിന്മേലുള്ള എക്‌സൈസ് തീരുവകൾ വെട്ടിക്കുറയ്ക്കാൻ സർക്കാർ തയ്യാറല്ല എന്നും അദ്ദേഹത്തിന്റെ വാക്കുകൾ സൂചിപ്പിക്കുന്നു. രാജ്യത്തു നിലവിൽ കറൻസി ക്ഷാമം ഇല്ലെന്നും 4000 കോടി രൂപയുടെ അധികം കറൻസികൾ രാജ്യത്ത് പ്രചാരത്തിലുണ്ടെന്നും ഗാർഗ് പറഞ്ഞു.

എല്ലാ സാമ്പത്തിക സൂചികകളും ഭദ്രമായ സ്ഥിതിയിലാണ് എന്ന് പറയുമ്പോഴും വിലക്കയറ്റവും, രൂപയുടെ മൂല്യത്തിലുള്ള ഇടിവും, ബാങ്കുകളുടെ പെരുകുന്ന കിട്ടാക്കടവും, നോട്ടുനിരോധനത്തിന്റെയും ജിഎസ്ടി യുടെയും അനന്തരഫലങ്ങളും ജനങ്ങളിലും കോപ്പറേറ്റുകളിലും സമ്പദ് വ്യവസ്ഥയുടെ ദൃഢതയെക്കുറിച്ച് ആശങ്കയുണ്ടാക്കുന്നുണ്ട്. തൊഴിലവസരങ്ങളിലുണ്ടായ കുറവും ഫോറിൻ പോർട്ടഫോളിയോ ഇൻവെസ്റ്റേഴ്‌സ് നിക്ഷേപങ്ങൾ പിന്വലിക്കുന്നതും ഇതിന്റെ സൂചകങ്ങളാകാം.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it