സര്‍ക്കാര്‍ കടമ നിറവേറ്റാന്‍ ആര്‍.ബി.ഐ നിര്‍ദ്ദേശങ്ങള്‍ നല്‍കണമെന്ന് ചിദംബരം

രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ പരിരക്ഷിക്കുന്നതിനാവശ്യമായ ചുമതല നിര്‍വഹിക്കാനും ധനപരമായ നടപടികളെടുക്കാനും കേന്ദ്ര സര്‍ക്കാരിനോട് റിസര്‍വ് ബാങ്ക് വ്യക്തമായി പറയണമെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ ധനമന്ത്രിയുമായ പി.ചിദംബരം. 20 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജില്‍ പുനര്‍വിചിന്തനം നടത്തണം.

2020-21 വര്‍ഷത്തില്‍ രാജ്യത്തിന്റെ വളര്‍ച്ചാ നിരക്ക് നെഗറ്റീവായി തുടരുമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞതിന് പിന്നാലെയാണ് ചിദംബരത്തിന്റെ പ്രതികരണം. കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച 20 ലക്ഷം കോടിയുടെ ഉത്തേജക പാക്കേജ് നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ ജിഡിപിയില്‍ കാര്യമായ ചലനം സൃഷ്ടിക്കില്ലെന്നാണ് റിസര്‍വ് ബാങ്കിന്റെ അനുമാനത്തില്‍ നിന്നുതന്നെ വ്യക്തമാകുന്നതെന്ന് ചിദംബരം പറഞ്ഞു.

'ഡിമാന്‍ഡ് തകര്‍ന്നുവെന്നും 2020-21 ലെ വളര്‍ച്ചാ നിരക്ക് നെഗറ്റീവിലേക്ക് നീങ്ങിയെന്നും ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറയുന്നു. എന്തു കൊണ്ടാണ് അദ്ദേഹം കൂടുതല്‍ പണലഭ്യത ആവശ്യപ്പെടുന്നത്? കടമ നിറവേറ്റണമെന്നും ധനപരമായ നടപടികള്‍ കൈക്കൊള്ളണമെന്നും അദ്ദേഹം സര്‍ക്കാരിനോട് വ്യക്തമായി പറയണം'- ചിദംബരം അഭിപ്രായപ്പെട്ടു.പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ധനമന്ത്രി നിര്‍മല സീതാരാമനേയും അദ്ദേഹം വിമര്‍ശിച്ചു.

ജിഡിപിയുടെ 10 ശതമാനമെന്ന് സര്‍ക്കാര്‍ വിശേഷിപ്പിച്ച ഉത്തേജന പാക്കേജ് ഒരു ശതമാനത്തിലും താഴെയാണ്. ആര്‍ബിഐ ഗവര്‍ണറുടെ പ്രസ്താവനയ്ക്ക് ശേഷവും പ്രധാനമന്ത്രിക്കും ധനമന്ത്രിക്കും ജിഡിപിയുടെ ഒരു ശതമാനത്തിനും താഴെയുള്ള പാക്കേജ് സംബന്ധിച്ച് സ്വയം പ്രശംസിക്കാനാകുന്നതെങ്ങനെ ?-അദ്ദേഹം ചോദിച്ചു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Related Articles

Next Story

Videos

Share it