പണപ്പെരുപ്പം 6 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍

ഭക്ഷ്യവസ്തുക്കളുടെ വില ഉയര്‍ന്ന നിലയിലായതിനാല്‍ രാജ്യത്തെ ചില്ലറ വിലയെ അടിസ്ഥാനമാക്കിയുളള പണപ്പെരുപ്പം കഴിഞ്ഞ ആറു വര്‍ഷത്തെ ഏറ്റവും ഉന്നത തലത്തിലേക്ക് എത്തിയതായി റോയിട്ടേഴ്സ് നടത്തിയ അഭിപ്രായ ശേഖരണത്തില്‍ സാമ്പത്തിക വിദഗ്ധര്‍. വരുന്ന മാസങ്ങളിലും പലിശനിരക്ക് മാറ്റമില്ലാതെ നിലനിര്‍ത്താന്‍ റിസര്‍വ് ബാങ്കിനെ ഇതു പ്രേരിപ്പിച്ചേക്കാമെന്ന നിഗമനവും ശക്തം.

നാല്‍പ്പതിലധികം സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായത്തില്‍ ഇന്ത്യയുടെ ഉപഭോക്തൃ വിലക്കയറ്റം ജനുവരിയില്‍ 7.40 ശതമാനമായി ഉയര്‍ന്നതായാണ് വിലയിരുത്തല്‍. ഡിസംബറില്‍ 7.35 ശതമാനമായിരുന്നു.വരാനിരിക്കുന്ന സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ പണപ്പെരുപ്പം 5.0 ശതമാനത്തിനും 5.4 ശതമാനത്തിനും ഇടയിലായിരിക്കുമെന്നാണ് റിസര്‍വ് ബാങ്ക് ഈയിടെ കണക്കാക്കിയത്. വളര്‍ച്ച മന്ദഗതിയിലാണെങ്കിലും റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് 5.15 ശതമാനത്തില്‍ നിലനിര്‍ത്തി.

വരും മാസങ്ങളില്‍ പണപ്പെരുപ്പം ഗണ്യമായി കുറയാന്‍ സാധ്യതയില്ലെന്ന് വിദഗ്ധര്‍ സൂചിപ്പിക്കുന്നു. 'ഭക്ഷ്യവില തുടര്‍ച്ചയായി ഉയര്‍ന്നതിനാല്‍ ജനുവരിയില്‍ ഉപഭോക്തൃ വിലക്കയറ്റം ഉയര്‍ന്നിരിക്കാനാണു സാധ്യത ', ക്യാപിറ്റല്‍ ഇക്കണോമിക്‌സിലെ ഏഷ്യ സാമ്പത്തിക ശാസ്ത്രജ്ഞന്‍ ഡാരന്‍ അവ് പറഞ്ഞു.'പ്രതിവാര ഡാറ്റ സൂചിപ്പിക്കുന്നത് പച്ചക്കറി പണപ്പെരുപ്പം വളരെ ഉയര്‍ന്ന നിലയിലെത്തിയെന്നാണ്. വിതരണ പരിമിതി മൂലം പാല്‍ ഉല്‍പാദകരും വില ഉയര്‍ത്തി.'

എങ്കിലും പുതിയ പണപ്പെരുപ്പത്തിന്റെ പ്രാഥമിക ഘടകമായ ഉള്ളി ഉള്‍പ്പെടെയുള്ള ചില പച്ചക്കറി ഇനങ്ങളുടെ വിലയില്‍ ഇടിവുണ്ടായതായി അടുത്തിടെയുള്ള കണക്കുകള്‍ കാണിക്കുന്നു. ഇതിനിടെ ഇന്ത്യയിലെ ഏറ്റവും വലിയ ഇറക്കുമതി വിഭവമായ എണ്ണയുടെ വില 10 ശതമാനം ഇടിഞ്ഞു. ചൈനയില്‍ കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനെത്തുടര്‍ന്ന് ആഗോള സാമ്പത്തിക വളര്‍ച്ചയെക്കുറിച്ച് ആശങ്ക ഉയരുന്നതാകട്ടെ പണപ്പെരുപ്പത്തെ സംബന്ധിച്ച നല്ല സൂചകമല്ല.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it