ഉണര്‍വ് വീണ്ടെടുത്ത് ഓഹരി വിപണി; രൂപയും മെച്ചപ്പെട്ടു

മുംബൈ ഓഹരി വിപണിയില്‍ രാവിലത്തെ മാന്ദ്യത്തിനു ശേഷം ഉച്ചകഴിഞ്ഞ് ഉണര്‍വു പ്രകടമായി. ബെഞ്ച്മാര്‍ക്ക് സൂചികകള്‍ 263 പോയിന്റ് ഉയര്‍ന്ന് 36,736 മാര്‍ക്കിലെത്തി. നിഫ്റ്റി 96 പോയിന്റ് ഉയര്‍ന്ന് 10,837 ലും.

സാമ്പത്തിക വളര്‍ച്ച പുനരുജ്ജീവിപ്പിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയ്ക്കിടയില്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ഇന്ന് വൈകുന്നേരം പത്രസമ്മേളനം നടത്താനൊരുങ്ങുന്നതിനിടെയാണ് ഓഹരി വിപണിയില്‍ അനുകൂലമാറ്റം ദൃശ്യമായത്.

ഓയില്‍ ആന്‍ഡ് ഗ്യാസ് സ്റ്റോക്കുകളും മീഡിയാ ഓഹരികളും മികച്ച പ്രകടനം കാഴ്ചവച്ചു - ഏകദേശം മൂന്ന് ശതമാനം വീതം ഉയര്‍ച്ചയോടെ. എച്ച്പിസിഎല്‍, ബിപിസിഎല്‍ ,ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഒഎന്‍ജിസി, റിലയന്‍സ് ഇന്‍ഡസ്ട്രീസ് എന്നിവയുടെ ഓഹരിവില 5-6 ശതമാനവും ഉയര്‍ന്നു.

വിദേശ നാണ്യവിനിമയ രംഗത്താകട്ടെ, ഡോളറുമായുള്ള ഇടപാടില്‍ 2018 ഡിസംബറിനുശേഷമുള്ള ഏറ്റവും താഴ്ന്ന മൂല്യം രാവിലെ രേഖപ്പെടുത്തിയ രൂപ ഉച്ചകഴിഞ്ഞ് അല്‍പ്പം മെച്ചപ്പെട്ടു. 10 പൈസ കുറഞ്ഞ് ഡോളറിന് 71.91 എന്ന നിലയിലെത്തിയ ശേഷം 71.61 എന്ന നിലയിലേക്കു പുരോഗമിച്ചു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it