സ്വകാര്യ മേഖലയിൽ വളർച്ച പോരാ; പ്രവാസി ഫീസ് സൗദി പുനപരിശോധിച്ചേക്കും 

പ്രവാസികളായ തൊഴിലാളികൾക്ക് ഏർപ്പെടുത്തിയ ഫീസ് സൗദി അറേബ്യ പുനഃപരിശോധിച്ചേക്കുമെന്ന് റിപ്പോർട്ട്. സ്വകാര്യ മേഖലയിലെ ചെറുകിട വ്യവസായങ്ങളുടെ വളർച്ച മുരടിച്ചതാണ് ഭരണകൂടത്തിനെ വീണ്ടു വിചാരത്തിന് പ്രേരിപ്പിച്ചതെന്ന് ബ്ലൂംബർഗ് റിപ്പോർട്ട് ചെയ്യുന്നു.

ഒറ്റയടിക്ക് ഫീസ് ഒഴിവാക്കാനല്ല, പകരം ഇളവുകൾ നൽകാനാണ് ആലോചന. ഫീസ് ഏർപ്പെടുത്തിയതിന് ശേഷം ധാരാളം പ്രവാസികൾ സ്വന്തം രാജ്യത്തിലേക്ക് മടങ്ങി. മാത്രമല്ല, ചെലവ് വർധിച്ചതോടെ പല ബിസിനസ് സ്ഥാപനങ്ങളും കൂടുതൽ നിക്ഷേപം നടത്താതെയുമായി.

ഇത് സാമ്പത്തിക വളർച്ചയെ കാര്യമായി ബാധിച്ചെന്നാണ് ഭരണകൂടം വിലയിരുത്തുന്നത്.

എണ്ണ ഇതര വരുമാനം വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ സാമ്പത്തിക പരിഷ്കാരങ്ങളുടെ ഭാഗമായിരുന്നു പ്രവാസി ഫീസ്. 2016 ലാണ് ഫീസ് പ്രഖ്യാപിച്ചത്. രണ്ട് തരത്തിലുള്ള ഫീസ് ആണ് ഏർപ്പെടുത്തിയത്

ഒന്ന്: വിദേശ തൊഴിലാളിയുടെ കുടുംബത്തിലെ ആശ്രിതരായ ഓരോ അംഗത്തിനും 2017 ജൂലൈ മുതൽ നൂറ് റിയാല്‍ വീതം ഫീസ് ഏർപ്പെടുത്തി. ഓരോ വര്‍ഷവും നൂറ് റിയാല്‍ വീതം ഫീസ് വർധിക്കും.

രണ്ടാമത്തെ ഫീസ് ജനുവരി മുതലാണ് ഏർപ്പെടുത്തിയത്. വിദേശികളെ ജോലിക്കെടുക്കുന്ന ബിസിനസുകാരിൽ നിന്ന് ഈടാക്കുന്ന തുകയാണിത്. കൂടുതൽ സൗദി പൗരൻമാരെ ജോലിക്കെടുക്കാൻ കമ്പനികളെ പ്രേരിപ്പിക്കുക എന്ന ലക്ഷ്യവും ഇതിനുണ്ടായിരുന്നു.

ചെറിയ പ്രതിഫലത്തിന് വിദേശ തൊഴിലാളികളെ ആശ്രയിച്ചിരുന്നു സൗദിയിലെ ബിസിനസ് സ്ഥാപങ്ങൾക്ക് തിരിച്ചടിയായിരുന്നു ഈ ഫീസ്.

എന്നാൽ പെട്ടെന്നുണ്ടായ സാമ്പത്തിക പരിഷ്കരണം മൂലം നിരവധി പേർ സൗദി വിട്ട് നാട്ടിലേക്ക് തിരിച്ചു. ടെലകോം, ഹോട്ടൽ മേഖലകളിൽ തൊഴിൽപ്രതിസന്ധി രൂക്ഷമായി. വിദേശ തൊഴിലാളികൾ തിരിച്ചുപോയെങ്കിലും അതിനനുസരിച്ച് സൗദി പൗരൻമാർക്ക് ജോലിസാധ്യത ഉയർന്നില്ല എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

കഴിഞ്ഞ സാമ്പത്തിക വർഷം സൗദിയിൽ തൊഴിലില്ലായ്മ 12.9 ശതമാനമായി വർധിച്ചു. പത്ത് വർഷത്തിലെ ഏറ്റവും ഉയർന്ന നിരക്കാണിത്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it