സ്പെഷ്യൽ റസിഡൻസി സ്കീം പ്രഖ്യാപിച്ച് സൗദി അറേബ്യ

എണ്ണയിതര വരുമാനം ലക്ഷ്യമിട്ട് സൗദി അറേബ്യയുടെ പുതിയ പദ്ധതി. അതിസമ്പന്നരായ പ്രവാസികളെ ആകർഷിക്കാൻ സ്പെഷ്യൽ റസിഡൻസി സ്കീം ഭരണകൂടം പ്രഖ്യാപിച്ചു.

800,000 റിയാലിനാണ് (ഏകദേശം 1.48 കോടി രൂപ ) പെർമനന്റ് റസിഡൻസി രാജ്യം ഓഫർ ചെയ്യുന്നത്. ഒരു വർഷത്തെ റസിഡൻസി ലഭിക്കണമെങ്കിൽ 100,000 റിയാൽ (18.5 ലക്ഷം) ആണ് നൽകേണ്ടത്. ഇത് ഓരോ വർഷവും പുതുക്കാവുന്നതാണ്.

സൗദിയിൽ സ്പോൺസർമാരില്ലാതെ ബിസിനസ് നടത്താൻ പ്രവാസികൾക്ക് ഈ സ്കീം സഹായകമാവും. കൂടതെ പ്രോപ്പർട്ടി വാങ്ങാനും ബന്ധുക്കൾക്ക് വിസ സ്പോൺസർ ചെയ്യാനും ഈ സ്കീമിലൂടെ സാധിക്കും.

കഴിഞ്ഞ മാസം മന്ത്രിസഭ അംഗീകാരം നൽകിയ സ്കീം നിലവിൽ വന്നത് ജൂൺ 23 മുതലാണ്. രജിസ്ട്രേഷനുകൾക്ക് വേണ്ടിയുള്ള സൗദി ഭരണകൂടത്തിന്റെ പോർട്ടലിൽ ഇന്നലെ മുതൽ അപേക്ഷകൾ സ്വീകരിച്ചുതുടങ്ങി. നിലവിൽ വിദേശികൾക്ക് സൗദിയിൽ തൊഴിൽ നേടണമെങ്കിൽ ഒരു സൗദി എംപ്ലോയരുടെ സ്പോൺസർഷിപ് വേണം.

ഏകദേശം ഒരു കോടി പ്രവാസികൾ സൗദിയിലുണ്ട്. ഈയിടെ സ്വദേശി വൽക്കരണം മൂലം ധാരാളം പ്രവാസികൾ സ്വന്തം നാടുകളിലേക്ക് മടങ്ങിയിരുന്നു. മാത്രമല്ല, നിയമവിരുദ്ധമായി സൗദിയിൽ തങ്ങുന്നവർക്കെതിരെ ഭരണകൂടം നടപടി എടുത്തുകൊണ്ടിരിക്കുകയാണ്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it