മുഴുവന്‍ വേതനം നല്‍കാന്‍ കഴിയാത്തതിന് നടപടി പാടില്ല: സുപ്രീം കോടതി

ലോക്ക്ഡൗണ്‍ കാലത്ത് ജീവനക്കാര്‍ക്ക് മുഴുവന്‍ വേതനം നല്‍കാന്‍ കഴിയാത്ത കമ്പനികള്‍ക്കും തൊഴിലുടമകള്‍ക്കുമെതിരെ അടുത്ത ആഴ്ച വരെ യാതൊരു നടപടിയും സ്വീകരിക്കരുതെന്ന് സുപ്രീം കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. വരുമാനമില്ലാത്തതിനാല്‍ വേതന വിതരണത്തിനു കഴിയാത്ത ചെറിയ കമ്പനികള്‍ ഉണ്ടാകാമെന്ന് പരമോന്നത കോടതി നിരീക്ഷിച്ചു.

മാര്‍ച്ച് 29 ലെ ആഭ്യന്തര മന്ത്രാലയം (എംഎച്ച്എ) സര്‍ക്കുലറിലൂടെ തൊഴിലാളികള്‍ക്ക് മുഴുവന്‍ വേതനവും നല്‍കാന്‍ കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയത് ചോദ്യം ചെയ്തുള്ള ഒരുകൂട്ടം ഹര്‍ജികള്‍ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ പരിഗണിച്ച ശേഷമാണ് ജസ്റ്റിസുമാരായ എല്‍ എന്‍ റാവു, എസ് കെ കൗള്‍, ബി ആര്‍ ഗവായി എന്നിവരുടെ ബെഞ്ച് ഈ ഉത്തരവിട്ടത്. ഗൗരവമേറിയ ചോദ്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് ഹര്‍ജിയെന്ന് കോടതി നിരീക്ഷിച്ചു.

ലോക്ക്ഡൗണ്‍ കാലത്ത് പ്രവര്‍ത്തനം നിലച്ച കമ്പനികള്‍ വരുമാനമില്ലാത്ത അവസ്ഥയിലാണെന്നും ഈ കമ്പനികളുടെ ഉടമകളെ പ്രോസിക്യൂട്ട് ചെയ്യുന്ന സാഹചര്യമാണ് സര്‍ക്കാര്‍ ഉത്തരവിലൂടെയുണ്ടായിട്ടുള്ളതെന്നും ഹാന്‍ഡ് ടൂള്‍സ് മാനുഫാക്ചറിംഗ് അസോസിയേഷന്‍ തുടങ്ങിയുള്ള എംഎസ്എംഇ കള്‍ക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ജംഷെഡ് കാമ കോടതിയെ ബോധിപ്പിച്ചു.തൊഴിലുടമകളുടെ സാമ്പത്തിക പ്രത്യാഘാതങ്ങളെക്കുറിച്ച് കൃത്യമായ ശ്രദ്ധയും ആലോചനയുമില്ലാതെയുള്ളതാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടി.

വരുമാനം ഇല്ലാതായതു കൊണ്ടു ജീവനക്കാര്‍ക്കു ശമ്പളം നല്‍കാനാവാത്ത സ്ഥാപനങ്ങള്‍ ഉണ്ടാവാമെന്നും അവര്‍ എങ്ങനെ സര്‍ക്കാര്‍ ഉത്തരവു നടപ്പാക്കുമെന്നും കോടതി ചോദിച്ചു. ഇക്കാര്യത്തില്‍ വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ അനുവദിക്കണമെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ആവശ്യപ്പെട്ടു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it