ഓഹരി വിപണിയില്‍ 5 ലക്ഷം കോടി നഷ്ടം

15 മാസത്തെ ഏറ്റവും വലിയ താഴ്ചയില്‍ നിഫ്റ്റി

sensex up by 450 points

ഇന്ത്യയില്‍ കൊറോണ സ്ഥിരീകരിച്ചതോടെ മാന്ദ്യത്തിലായ ഓഹരി വിപണി കനത്ത തകര്‍ച്ചയിലേക്ക്. ഉച്ചയോടെ അഞ്ചു ലക്ഷം കോടി രൂപയുടെ നിക്ഷേപക മൂല്യം നഷ്ടമായതായാണ് ഏകദേശ കണക്ക്.

15 മാസത്തെ ഏറ്റവും വലിയ താഴ്ചയിലെത്തിയ നിഫ്റ്റി 10,600ല്‍ താഴെയാണ്. 35989.66 ലെത്തിയ സെന്‍സെക്സിലെ കുറവ് 1586.96 ഉം. നിക്ഷേപകര്‍ വന്‍തോതില്‍ ഓഹരി വിറ്റൊഴിയുന്നതാണ് തകര്‍ച്ചയ്ക്ക് കാരണം. പ്രധാന സമ്പദ്വ്യവസ്ഥയില്‍ മാന്ദ്യം മുറുകുമെന്ന ഭയം ഇക്വിറ്റികളെ ഗുരുതരമായി ബാധിക്കുന്നതായി വിപണിവൃത്തങ്ങള്‍ പറഞ്ഞു

വിദേശ സ്ഥാപന നിക്ഷേപകര്‍ വെള്ളിയാഴ്ച 3,594.84 കോടി രൂപയുടെ ഓഹരികള്‍ വിറ്റതും വിപണിയില്‍ അടിയൊഴുക്കുകള്‍ക്കു കാരണമായി. യെസ് ബാങ്കിന്റെ തകര്‍ച്ചയും വിപണിയെ സാരമായി ബാധിച്ചിട്ടുണ്ട്. ബിഎസ്ഇയില്‍ 1,745 സ്‌ക്രിപ്പുകള്‍ നഷ്ടത്തിലാണിന്ന്. 222 എണ്ണം മാത്രം ഭേദപ്പെട്ടു. 101 ഓഹരികളുടെ വില മാറ്റമില്ലാതെ നില്‍ക്കുന്നു.അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില 30 ശതമാനം ഇടിഞ്ഞതും ഓഹരി വിപണിക്കു ദോഷകരമായി.

ബിഎസ്ഇ ലിസ്റ്റ് ചെയ്ത കമ്പനികളുടെ എം ക്യാപ് മൂല്യം വെള്ളിയാഴ്ച വ്യാപാരം അവസാനിക്കുമ്പോള്‍ 1,44,31,224.41 കോടി രൂപയായിരുന്നു. ഇന്ന് ഉച്ചയോടെ രേഖപ്പെടുത്തിയ മൊത്തം മൂലം 1,39,39,640.96 കോടി. ഒഎന്‍ജിസി, റിലയന്‍സ്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ടാറ്റാ സ്റ്റീല്‍, എല്‍ ആന്‍ഡ് ടി, ഐസിഐസിഐ ബാങ്ക്, ഇന്‍ഫോസിസ് തുടങ്ങിയവയുടെ ഓഹരികളാണ് ദിവസത്തിന്റെ തുടക്കത്തില്‍ പ്രധാനമായും ഇടിവ് നേരിട്ടത്.

മൂഡിയുടെ ഗ്ലോബല്‍ മാക്രോ ഔട്ട്ലുക്ക് 2020-21 പുറത്തുവന്നതും ഓഹരി വിപണിക്കു ദോഷകരമായി. കൊറോണ വൈറസ് മൂലം 2020 ന്റെ ആദ്യ പകുതിയില്‍ പല രാജ്യങ്ങളിലും സാമ്പത്തികത്തളര്‍ച്ച ഗുരുതരമായിരിക്കുമെന്ന് റിപ്പോര്‍ട്ട് മുന്നറിയിപ്പു നല്‍കുന്നു. വൈറസിന്റെ ആഗോള വ്യാപനം ഒരേസമയം വിതരണവും ഡിമാന്‍ഡും ഇടിയാന്‍ ഇടയാക്കുമെന്നാണ് മൂഡിയുടെ നിരീക്ഷണം.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

LEAVE A REPLY

Please enter your comment!
Please enter your name here