'തൊഴിലില്ലായ്മ വേതനത്തിന് പകരം തൊഴിലാളികളെ സപ്ലെ ചെയ്യട്ടേ, മണിക്കൂറിന് ജീവനക്കാരെ നിയമിക്കാന്‍ ചട്ടം വരട്ടേ'
കേരളത്തിലെ തൊഴില്‍ മേഖലയില്‍ കാതലായ മാറ്റങ്ങള്‍ കൊണ്ടുവരണമെന്ന് സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷന്‍. കേരളത്തിലെ ചെറുകിട വ്യവസായികള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തൊഴില്‍ മന്ത്രി ടി പി രാമകൃഷ്ണനുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് മാറിയ സാഹചര്യത്തില്‍ കേരളത്തിലെ തൊഴില്‍ മേഖലയില്‍ വരുത്തേണ്ട കാര്യങ്ങളെ കുറിച്ച് തങ്ങളുടെ നിര്‍ദേശങ്ങള്‍ വ്യവസായികള്‍ അറിയിച്ചത്. അവര്‍ മുന്നോട്ടുവെച്ച ആവശ്യങ്ങളില്‍ ചിലത് ഇതാണ്.
1. ഇപ്പോള്‍ കേരളത്തിലെ ഭൂരിഭാഗം ജോലികളും ചെയ്യുന്നത് ഇതര സംസ്ഥാന തൊഴിലാളികളാണ്. പക്ഷേ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകള്‍ വഴി ഇപ്പോഴും തൊഴിലില്ലായ്മ വേതനം വിതരണം ചെയ്യുന്നു. ഇത് ആവശ്യമില്ല. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകള്‍ കേരളത്തിലെ സ്ഥാപനങ്ങള്‍ക്ക് ആവശ്യമുള്ള തൊഴിലാളികളെ സപ്ലെ ചെയ്യുന്ന സംവിധാനം എന്ന തരത്തില്‍ പുനഃക്രമീകരിക്കുക.
2. മണിക്കൂറിന് വേതനം നിശ്ചയിച്ച് ആവശ്യമുള്ള സമയത്തിന് ജോലി ചെയ്യിക്കാന്‍ പറ്റണം. ഇത് വരുമ്പോള്‍ തൊഴിലാളികളുടെ കൂലി മത്സരാധിഷ്ഠിതമാക്കാന്‍ പറ്റും. ഉല്‍പ്പാദനക്ഷമതയും കൂടും. തൊഴിലാളിക്ക് ഇഷ്ടാനുസരണം ഏതു സമയത്തും ജോലി ചെയ്യാം. വിദഗ്ധനായ തൊഴിലാളിക്ക് വരുമാനം കൂടുതല്‍ കിട്ടാന്‍ അവസരം ലഭിക്കും. രണ്ടുമണിക്കൂര്‍ തൊഴില്‍ ചെയ്യിപ്പിച്ചാല്‍ അത്രയും മണിക്കൂര്‍ നേരത്തെ വേതനം നല്‍കിയാല്‍. അതുകൊണ്ട് തൊഴിലുടമയ്ക്ക് നഷ്ടം കുറയും.
3. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന് കീഴില്‍ ലേബര്‍ സപ്ലെ പോര്‍ട്ടല്‍ തുടങ്ങണം. രജിസ്റ്റര്‍ ചെയ്ത എല്ലാ തൊഴിലാളികളെയും ഈ പോര്‍ട്ടലിലൂടെ ബുക്ക് ചെയ്യാന്‍ സാധിക്കണം. വേതനം മണിക്കൂര്‍ അടിസ്ഥാനത്തില്‍ നിശ്ചയിക്കണം. തൊഴിലാളിയില്‍ നിന്നും തൊഴിലുടമയില്‍ നിന്നും വിഹിതം വാങ്ങി തൊഴിലാളി ക്ഷേമത്തിനായി, അതായത് ഇന്‍ഷുറന്‍സ്, മെഡിക്കല്‍ ആവശ്യത്തിനായി വിനിയോഗിക്കാം.
4. ലേബര്‍ ഡിപ്പാര്‍ട്ട്‌മെന്റിന് കീഴില്‍ അതിഥി തൊഴിലാളി പോര്‍ട്ടല്‍ തുടങ്ങണം. കേരളത്തില്‍ വരുന്ന എല്ലാ അതിഥി തൊഴിലാളികളുടെയും ആധാര്‍ / വോട്ടേഴ്‌സ് ഐഡി ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്യണം. തൊഴിലുടമ, തൊഴിലാളികള്‍ക്കായി ഈ പോര്‍ട്ടലില്‍ പോയി രജിസ്റ്റര്‍ ചെയ്യണം. കേരളത്തിലെ അതിഥി തൊഴിലാളികളെ സംബന്ധിച്ച എല്ലാ വിവരങ്ങളും ഒരു സ്ഥലത്തുനിന്ന് ലഭിക്കുന്ന സാഹചര്യമുണ്ടാക്കണം.
5. സാമ്പത്തിക പ്രതിസന്ധിയും ഗള്‍ഫ് നാടുകളില്‍ നിന്നുള്ള മടങ്ങി വരവും കണക്കിലെടുക്കുമ്പോള്‍ തൊഴിലിടങ്ങളില്‍ അതിഥി തൊഴിലാളികളേക്കാള്‍ മലയാളികള്‍ക്ക് കൂടുതല്‍ തൊഴിലുകള്‍ നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണം. വേതനവും മറ്റും ഡിജിറ്റല്‍ രീതിയില്‍ നല്‍കാനുള്ള നടപടികളും സ്വീകരിക്കണം.
6. വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തോടൊപ്പം തൊഴില്‍ എന്നത് നടപ്പാക്കണം. കൂടുതല്‍ തൊഴില്‍ അധിഷ്ഠിത കോഴ്‌സുകള്‍ ആരംഭിക്കണം.
ചെറുകിട വ്യവസായികളുടെ ഈ നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ പറ്റാത്തവയല്ല. അവ നടപ്പാക്കപ്പെട്ടാല്‍ കേരളത്തിലെ തൊഴില്‍ അന്തരീക്ഷം മെച്ചപ്പെടും. തൊഴിലുകള്‍ കൂടും. ഉല്‍പ്പാദനക്ഷമതയും വര്‍ധിക്കും.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline