സാമ്പത്തിക ഉണര്‍വിന്റെ സൂചനകള്‍: ആശ്വസിക്കാന്‍ സമയമായില്ലെന്ന് വിദഗ്ധര്‍

ഒക്ടോബര്‍ മാസം പിറന്നത് സമ്പദ് വ്യവസ്ഥയിലെ ശുഭകരമായ ചില കണക്കുകള്‍ നിരത്തിക്കൊണ്ടാണ്. ജിഎസ്ടി വരുമാനത്തില്‍ വര്‍ധന, പെട്രോള്‍ വില്‍പ്പന കൂടി, വൈദ്യുതി ഉപഭോഗം വര്‍ധിച്ചു... അങ്ങനെ പലതും. എന്നാല്‍ ഇത്തരം സൂചനകള്‍ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ പഴയ ആരോഗ്യം വീണ്ടെടുക്കുന്നതിന്റെ പ്രതിഫലനമല്ലെന്നും അതിന് ഇനിയുമേറെ സഞ്ചരിക്കാനുണ്ടെന്നും വിദഗ്ധര്‍.

ചില മേഖലകളില്‍ ഉണര്‍വ് കാണുന്നുണ്ടെങ്കിലും മറ്റ് ചില മേഖലകളില്‍ അതില്ലെന്ന് വിദഗ്ധര്‍ പറയുന്നു. എണ്ണ ഇതര മേഖലകളിലെ ഇറക്കുമതി, സ്വര്‍ണ ഇറക്കുമതി എന്നിവയെല്ലാം 13 ശതമാനത്തിലേറെ ഇടിഞ്ഞിരിക്കുകയാണ്.

അതുപോലെ സെപ്തംബര്‍ 11 ന് മുമ്പുള്ള മൂന്ന് ദൈ്വവാരങ്ങളിലെ കണക്കെടുത്താല്‍ നിക്ഷേപ - വായ്പാ അനുപാതത്തില്‍ ഇടിവാണുണ്ടായിരിക്കുന്നത്. പലിശ നിരക്ക് ഏറ്റവും താഴ്ന്നിരിട്ടു പോലും വായ്പ എടുക്കാന്‍ ആളുകള്‍ മുന്നോട്ടുവരുന്നില്ല. എന്നാല്‍ നിക്ഷേപം കൂടുന്നുണ്ട്.

രാജ്യത്ത് പുതിയ നിക്ഷേപവും കുത്തനെ ഇടിഞ്ഞിരിക്കുന്നു. പുതിയ പദ്ധതികളില്‍ നടത്തുന്ന മൂലധന നിക്ഷേപത്തില്‍ കഴിഞ്ഞ വര്‍ഷത്തെ സമാന കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ 81 ശതമാനം ഇടിവാണ് ഉണ്ടായിരിക്കുന്നത്.

ഇപ്പോള്‍ ഉണര്‍വ് കാണിക്കുന്ന മേഖലകള്‍ വരും മാസങ്ങളില്‍ ഇതേ പോലെ നല്ല രീതിയില്‍ മുന്നോട്ടുപോകുകയും മറ്റ് മേഖലകളില്‍ ശുഭസൂചനകള്‍ ശക്തമാകുകയും ചെയ്താല്‍ മാത്രമേ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ സാധാരണ നിലയിലാകൂവെന്ന് ആര്‍ ബി ഐ മുന്‍ ഗവര്‍ണര്‍ സി. രംഗരാജനെ പോലുള്ള സാമ്പത്തിക വിദഗ്ധര്‍ നിരീക്ഷിക്കുന്നു.

മാത്രമല്ല ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന പല കണക്കുകളിലും ചില വിദഗ്ധര്‍ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്.

അമിത ആത്മവിശ്വാസം പാടില്ല

ഒന്നോ രണ്ടോ ശുഭവാര്‍ത്തകളോട് അത്യുത്സാഹത്തോടെ നിക്ഷേപകരും ബിസിനസുകാരും പ്രതികരിക്കരുതെന്ന മുന്നറിയിപ്പും വിദഗ്ധര്‍ നല്‍കുന്നുണ്ട്. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ തിരിച്ചുവരവ് അത്ര എളുപ്പത്തില്‍ സംഭവിക്കുന്ന ഒന്നാകില്ല. ഓഹരി വിപണിയിലും മറ്റെല്ലാ രംഗങ്ങളിലും ഇതിന്റെ പ്രതിഫലനം കാണും. അതുകൊണ്ട് ചില മേഖലകളിലെ ഉണര്‍വിന്റെ സൂചനകളുടെ പിന്‍ബലത്തില്‍ എല്ലാം ശരിയാകുന്നുവെന്ന ധാരണ വെച്ചുപുലര്‍ത്താന്‍ പാടില്ലെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it