കോവിഡ് പോരാട്ടത്തിന് പണം കണ്ടെത്താന്‍ ചെലവ് ചുരുക്കണം; സോണിയയുടെ കത്ത് മോദിക്ക്
കൊവിഡ് 19 പ്രതിരോധ സമയത്ത് കേന്ദ്ര സര്‍ക്കാരിന്റെ അധിക ചെലവുകള്‍ വെട്ടിക്കുറയ്ക്കണമെന്ന നിര്‍ദേശവുമായി പ്രധാനമന്ത്രിക്ക് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ കത്ത്. സര്‍ക്കാരില്‍ നിന്നുള്ള മാധ്യമ പരസ്യങ്ങള്‍, പ്രധാനമന്ത്രിയുടെ ഉള്‍പ്പെടെ വിദേശ യാത്രകള്‍ എന്നിവ നിര്‍ത്തിവെക്കണമെന്ന് കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
അധിക ചെലവുകള്‍ വെട്ടിക്കുറയ്ക്കുന്നതിലൂടെ ലഭിക്കുന്ന തുക കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കണം എന്നും സോണിയ ഗാന്ധി നിര്‍ദ്ദേശിച്ചു. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കോണ്‍ഗ്രസിന്റെ പൂര്‍ണ്ണ പിന്തുണയും അവര്‍ പ്രധാനമന്ത്രിക്ക് വാഗ്ദാനം ചെയ്തു.
1. സര്‍ക്കാരും പൊതുമേഖലാ സ്ഥാപനങ്ങളും രണ്ടു വര്‍ഷത്തേക്ക് മാധ്യമ പരസ്യങ്ങള്‍ ഒഴിവാക്കണം.കൊവിഡ് 19 ഉള്‍പ്പെടെ ആരോഗ്യബോധനത്തിനായുള്ള അനിവാര്യ പരസ്യങ്ങള്‍ മാത്രമേ നല്‍കാവൂ.പ്രതിവര്‍ഷം ശരാശരി 1,250 കോടി രൂപയാണ് സര്‍ക്കാര്‍ പരസ്യങ്ങള്‍ക്കായി ചെലവഴിക്കുന്നത്. പൊതുമേഖലാ സ്ഥാപനങ്ങളുടേത് ഇതിലുമധികം വരും. ഈ തുക കൊവിഡ് പ്രതിരോധത്തിനായി ഉപയോഗിക്കണം.
2. 20,000 കോടി രൂപയുടെ സെന്‍ട്രല്‍ വിസ്റ്റ നിര്‍മ്മാണ പദ്ധതിയും സൗന്ദര്യവത്കരണവും നിര്‍ത്തിവയ്ക്കണം. ആ തുക ആശുപത്രികളുടെ നിര്‍മ്മാണത്തിനും ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സുരക്ഷ ഉപകരണങ്ങള്‍ വാങ്ങുന്നതിനും ഉപയോഗിക്കണം.
3. ശമ്പളം, പെന്‍ഷന്‍, കേന്ദ്ര പദ്ധതികള്‍ എന്നിവയൊഴികെയുള്ള കേന്ദ്ര സര്‍ക്കാര്‍ ബജറ്റ് ചെലവില്‍ 30 ശതമാനം കുറയ്ക്കുക. ഇതിലൂടെ പ്രതിവര്‍ഷം ലഭിക്കുന്ന 2.5 ലക്ഷം കോടി രൂപ കുടിയേറ്റ തൊഴിലാളികള്‍, കൃഷിക്കാര്‍, അസംഘടിത മേഖലയിലുള്ളവര്‍ എന്നിവര്‍ക്കായി സാമ്പത്തിക സുരക്ഷ ഒരുക്കുന്നതിനായി നീക്കിവെക്കണം.
4. രാഷ്ട്രപതി, പ്രധാനമന്ത്രി, കേന്ദ്രമന്ത്രിമാര്‍, മുഖ്യമന്ത്രിമാര്‍, സംസ്ഥാന മന്ത്രിമാര്‍, ബ്യൂറോക്രാറ്റുകള്‍ എന്നിവരുള്‍പ്പെടെയുള്ളവരുടെ എല്ലാ വിദേശ സന്ദര്‍ശനങ്ങളും സമാനമായ രീതിയില്‍ നിര്‍ത്തിവെക്കുക.രാജ്യത്തിന്റെ വിശാല ആവശ്യം മുന്‍നിര്‍ത്തിയുള്ള അടിയന്തര പരിതഃസ്ഥിതിയിലെ അത്യാവശ്യ യാത്രകള്‍ പ്രധാനമന്ത്രിയുടെ അനുമതിയോടെ മാത്രമാക്കുക. കൊവിഡ് പ്രതിരോധത്തിനായി കൂടുതല്‍ തുക ഇപ്രകാരം സര്‍ക്കാരിനു കൈവരും.
5. പി.എം കെയേഴ്‌സ് ഫണ്ടിന് കീഴിലുള്ള എല്ലാ പണവും പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിലേക്ക് മാറ്റുക. ഈ ഫണ്ടുകള്‍ അനുവദിക്കുകയും ചെലവഴിക്കുകയും ചെയ്യുന്ന രീതിയില്‍ കാര്യക്ഷമത, സുതാര്യത, ഉത്തരവാദിത്തം, ഓഡിറ്റ് എന്നിവ ഉറപ്പാക്കുക. 2019 സാമ്പത്തിക വര്‍ഷം പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയില്‍ ബാക്കിയുണ്ടായിരുന്ന 3800 കോടി രൂപയും പി.എം കെയേഴ്‌സ് ഫണ്ടിന് കീഴിലുള്ള തുകയും സംയോജിപ്പിക്കണം.സമൂഹത്തിലെ അരികുവല്‍ക്കരിക്കപ്പെട്ടവരുടെ ഭക്ഷ്യ സുരക്ഷയ്ക്ക് ഇതുപയോഗപ്പെടുത്തണം.
കൊവിഡ് 19 പ്രതിരോധ യത്‌നത്തില്‍ പൗര സമൂഹം പങ്കു ചേര്‍ന്നത് ഒട്ടേറെ ത്യാഗങ്ങള്‍ സഹിച്ചാണ്. താങ്കളുടെ കാര്യാലയവും ഭരണ സംവിധാനവും നല്‍കിയ നിര്‍ദ്ദേശങ്ങളും ഉത്തരവുകളും തീരുമാനങ്ങളും അവര്‍ പൂര്‍ണ്ണമായാണ് നിറവേറ്റിക്കൊണ്ടിരിക്കുന്നത്.ഇതിന് ആനുപാതികമായുള്ള പ്രതിബദ്ധതയും കൂറും അവര്‍ക്കു തിരികെ നല്‍കാനുള്ള ബാധ്യത നിയമ നിര്‍മ്മാണ സഭയ്ക്കും ഭരണ കൂടത്തിനുമുണ്ടെന്നും കോണ്‍ഗ്രസ് അധ്യക്ഷ പ്രധാനമന്ത്രിയെ ഓര്‍മ്മിപ്പിച്ചു.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline