തകർന്നത്, ശ്രീലങ്ക വീണ്ടെടുത്ത ടൂറിസം രംഗം

ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയെ പിടിച്ചുലച്ച സ്ഫോടന പരമ്പര ഒറ്റ ദിവസം കൊണ്ട് തകർത്തെറിഞ്ഞത് ആ രാജ്യത്തിൻറെ സമ്പദ് വ്യവസ്ഥയെ മുന്നോട്ടു കൊണ്ടുപോയിരുന്ന ഒരു വൻ വ്യവസായത്തെയാണ്; ടൂറിസം.

ഏറെക്കാലം ശ്രീലങ്കയുടെ രാഷ്ട്രീയ-സാമൂഹിക രംഗങ്ങളെ അസ്ഥിരപ്പെടുത്തിയിരുന്ന എൽ.ടി.ടി.ഇയുടെ പതനത്തിന് ശേഷം രാജ്യത്തെ ടൂറിസം മേഖലയെ പുനരുജ്ജീവിപ്പിക്കാൻ ഇക്കഴിഞ്ഞ 10 വർഷക്കാലം വൻ പദ്ധതികളാണ് സർക്കാർ നടപ്പാക്കിക്കൊണ്ടിരുന്നത്.

ഈ പദ്ധതികൾ ഫലം കണ്ടുതുടങ്ങിയിട്ടേ ഉണ്ടായുള്ളൂ ദ്വീപിൽ. വിനോദ സഞ്ചാര സീസണിന്റെ തുടങ്ങുന്ന സമയമാണ് ഇപ്പോൾ. മുന്നൂറിലധികം പേരുടെ ജീവനെടുത്ത സ്‌ഫോടനങ്ങൾക്ക് ശേഷം സ്വാഭാവികമായും ആളുകൾ അവിടേയ്ക്ക് പോകാൻ മടിക്കും.

സ്ഫോടനത്തിന് ശേഷം ശ്രീലങ്കയ്ക്ക് വേണ്ടിയുള്ള ടൂറിസം അന്വേഷങ്ങളിൽ ഗണ്യമായ കുറവ് വന്നിട്ടുണ്ടെന്നാണ് ഇന്റർസൈറ്റ് ടൂർസ് & ട്രാവൽസ് എംഡി എബ്രഹാം ജോർജ് പറഞ്ഞു. സ്ഥിതി ആശങ്കാ ജനകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മനോഹരമായ ബീച്ചുകൾക്ക് പേരുകേട്ട ശ്രീലങ്ക ഒരു വർഷം 2.5 ദശലക്ഷം സന്ദർശകരെയാണ് ആകർഷിക്കുന്നത്. 10 ലക്ഷം പേർക്ക് തൊഴിൽ നൽകുന്നതാണ് ശ്രീലങ്കയുടെ ടൂറിസം വ്യവസായം. രാജ്യത്തെ ജിഡിപിയുടെ 11 ശതമാനവും ടൂറിസത്തിന്റെ സംഭാവനയാണ്. ടൂറിസത്തിൽ വന്ന ഇടിവ് താൽക്കാലികമാണെന്നാണ് വിദഗ്ദ്ധരുടെ നിരീക്ഷണം.

സമ്പന്നരായ വിദേശ ടൂറിസ്റ്റുകൾ താമസിക്കുന്ന ഹോട്ടലുകളാണ് സ്ഫോടനം നടന്ന ഷാങ്ഗ്രില്ല, സിനമൺ ഗ്രാൻഡ്, കിങ്സ്ബറി എന്നിവ. ശ്രീലങ്കയിലെ ഏറ്റവും മികച്ച ടൂറിസ്റ്റ് ഡെസ്റ്റിനേഷനിലാണ് ഇവ സ്ഥിതി ചെയ്യുന്നത്.

കോൺഫറൻസുകൾ, മീറ്റിംഗ് തുടങ്ങിയവയ്ക്ക് പ്രിയപ്പെട്ട ഇടമായി ശ്രീലങ്ക വളർന്നു കൊണ്ടിരിക്കുകയായിരുന്നു. പ്രത്യേകിച്ചും ഇന്ത്യയിൽ ജിഎസ്ടി നടപ്പായതിനു ശേഷം. കേരളത്തിലെ മദ്യ നിരോധനം, പ്രളയം എന്നിവയും വിദേശ ടൂറിസ്റ്റുകളെ ലങ്കയിലേക്ക് അടുപ്പിക്കാൻ കാരണമായി.

ദക്ഷിണേന്ത്യക്കാർക്കിടയിൽ ഇഷ്ട വിനോദ സഞ്ചാര കേന്ദ്രമാണ് ലങ്ക. 2018-ൽ 3,97,985 ഇന്ത്യക്കാരാണ് ദ്വീപ് സന്ദർശിച്ചതെന്ന് ശ്രീലങ്ക ടൂറിസം ഡെവലപ്മെന്റ് അതോറിറ്റിയുടെ കണക്കുകൾ വ്യക്തമാക്കുന്നു. 2017-ൽ 3,84,628 ഇന്ത്യക്കാരാണ് ശ്രീലങ്ക സന്ദർശിച്ചത്.

പ്രധാനമന്ത്രിയുടെ വസതിയ്ക്ക് സമീപമാണ് സിനമൺ ഹോട്ടൽ. ജോൺ കീൽസ് ഗ്രൂപ്പിന്റേതാണ് 2005-ൽ തുറന്ന ഈ ഹോട്ടൽ. സിനമൺ എയർ എന്ന എയർടാക്സി സർവീസും ഇവർക്കുണ്ട്.

2017-ലാണ് ഷാങ്ഗ്രില്ല ലങ്കയിൽ ആരംഭിച്ചത്. മുൻപ് സിലോൺ കോണ്ടിനന്റൽ ഹോട്ടൽ എന്ന് അറിയപ്പെട്ടിരുന്ന കിങ്സ്ബറി രാജ്യത്തെ ഏറ്റവും പ്രശസ്തനായ എഞ്ചിനീയറായ യുഎൻ ഗുണശേഖരന്റെ മേൽനോട്ടത്തിലാണ് പണിതീർത്തത്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it