പരിഹാരമില്ലാതെ സൂയസ് പ്രതിസന്ധി, കയറ്റുമതി മേഖലയില്‍ ആശങ്ക പടരുന്നു

സൂയസ് കനാലിലൂടെയുള്ള കപ്പല്‍ ഗതാഗതം തടസപ്പെട്ട് ആറ് ദിവസം പിന്നിട്ടതോടെ കയറ്റുമതി മേഖലയില്‍ പരിഭ്രാന്തി പടരുന്നു. ഈ ഒരാഴ്ചക്കുള്ളില്‍ സൂയസ് കനാല്‍ പ്രതിസന്ധി പരിഹരിക്കപ്പെടുന്നില്ലെങ്കില്‍ കൊച്ചിയടക്കമുള്ള ഇന്ത്യന്‍ തുറമുഖങ്ങളിലൂടെ യൂറോപ്യന്‍, അമേരിക്കന്‍ രാജ്യങ്ങളിലേക്കുള്ള കപ്പല്‍ ഗതാഗതം സ്തംഭിക്കുമെന്നാണ് കയറ്റുമതിക്കാര്‍ക്ക് ലഭിച്ചിരിക്കുന്ന മുന്നറിയിപ്പ്.

ഇപ്പോള്‍ സമുദ്രോല്‍പന്ന കയറ്റുമതി മേഖലയടക്കം മുടക്കം കൂടാതെ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഈ ആഴ്ച വളരെ നിര്‍ണായകമായതിനാല്‍ ചരക്കുനീക്കം സ്തംഭിച്ചാല്‍ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് കയറ്റിറക്കുമതി മേഖലയില്‍ ചര്‍ച്ചകള്‍ നടന്നുവരികയാണ്.

കൊച്ചിയില്‍ നിന്നുള്ള 95 ശതമാനം കപ്പലുകളുടെയും ട്രാന്‍സ്ഷിപ്പ്‌മെന്റ് നടക്കുന്ന കൊളംബോ തുറമുഖത്ത് ഇനിയും പ്രതിസന്ധി രൂപപ്പെട്ടിട്ടില്ലാത്തതിനാലാണ് ഇവിടെ നിന്നുള്ള കപ്പലുകള്‍ തടസം കൂടാതെ പൊയ്‌ക്കൊണ്ടിരിക്കുന്നത്.

എന്നാല്‍ സൂയസ് കനാലിനിപ്പുറത്ത് കാത്തു കിടക്കുന്ന കപ്പലുകളുടെ എണ്ണം വര്‍ധിക്കുകയും പ്രതിസന്ധി നീളുകയും ചെയ്താല്‍ ഈ ആഴ്ച തന്നെ കൊളംബോയില്‍ നിന്നുള്ള ട്രാന്‍സ്ഷിപ്പ്‌മെന്റ് തടസപ്പെടാനിടയുണ്ടെന്ന് കൊച്ചിന്‍ സ്റ്റീമര്‍ ഏജന്റ്‌സ് അസോസിയേഷന്‍ പ്രസിഡണ്ട് എം കൃഷ്ണകുമാര്‍ പറഞ്ഞു. കൊളംബോയില്‍ ട്രാന്‍സ്ഷിപ്പ്‌മെന്റ് തടസപ്പെട്ടാലുടന്‍ കൊച്ചി തുറമുഖത്ത് പ്രതിസന്ധി രൂപപ്പെടും.

സമുദ്രോല്‍പന്ന കയറ്റുമതി മേഖലയുടെ പ്രവര്‍ത്തനം പതിവ് പോലെ നടന്നുവരുന്നതായി ബേബി മറൈന്‍ ഇന്റര്‍നാഷണലിന്റെ ഉടമയും സീഫുഡ് എക്‌സ്‌പോര്‍ട്ടേഴ്‌സ് അസോസിയേഷന്‍ മാനേജിങ് കമ്മിറ്റി അംഗവുമായ അലക്‌സ് കെ നൈനാന്‍ അറിയിച്ചു.

എന്നാല്‍ ഈ ആഴ്ചയില്‍ എന്താണ് സംഭവിക്കാന്‍ പോകുന്നത് എന്നതിനെക്കുറിച്ച് കയറ്റുമതി സമൂഹം കടുത്ത ആശങ്കയിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൊച്ചിയില്‍ നിന്നും സമുദ്രോല്‍പന്നങ്ങളുമായി പോയിരിക്കുന്ന കപ്പലുകള്‍ എവിടെയൊക്കെയാണ് തടസപ്പെട്ടു കിടക്കുന്നത് എന്നതു സംബന്ധിച്ച വ്യക്തമായ വിവരങ്ങളൊന്നും ഇതുവരെയും ലഭ്യമായിട്ടില്ല.
കപ്പലുകളില്‍ റഫ്രിജറേഷന്‍ സൗകര്യമുള്ളതിനാല്‍ കുറച്ചു ദിവസങ്ങള്‍ വൈകിയാലും സമുദ്രോല്‍പന്നങ്ങള്‍ സാധാരണ ഗതിയില്‍ നശിച്ചു പോകില്ലെങ്കിലും കപ്പലിലെ വൈദ്യുതി വിതരണത്തില്‍ തകരാറുണ്ടായാല്‍ സ്ഥിതി വഷളാകും. കപ്പലുകള്‍ ലക്ഷ്യസ്ഥാനങ്ങളില്‍ എത്താന്‍ വൈകിയാല്‍ കാര്‍ഗോ നിരാകരിക്കാനുള്ള സാധ്യതയാണ് എക്‌സ്‌പോര്‍ട്ടര്‍മാരെ ഏറ്റവുമധികം അലട്ടുന്നത്.

പ്രത്യേക ഉദ്ദേശ്യങ്ങള്‍ക്കായി ഷെഡ്യൂള്‍ ചെയ്ത് കൊണ്ടു പോകുന്ന ഉല്‍പന്നങ്ങള്‍ സമയത്തിന് ലഭ്യമാക്കാനായില്ലെങ്കില്‍ നിരസിക്കപ്പെടാനുള്ള സാധ്യത ഏറെയാണ്.

കപ്പലുകള്‍ ആഫ്രിക്കന്‍ വന്‍കര ചുറ്റി കേപ് ഓഫ് ഗുഡ് ഹോപ്പ് വഴി തിരിച്ചുവിടാനുള്ള സാധ്യത മുന്നിലുണ്ടെങ്കിലും അത് സൂയസ് കനാലില്‍ ഗതാഗത സ്തംഭനം സൃഷ്ടിച്ചിരിക്കുന്ന കപ്പലിനെ നീക്കാന്‍ എത്ര ദിവസം വരെ എടുക്കുമെന്നതിനെ ആശ്രയിച്ചായിരിക്കും. ഈ റൂട്ട് തിരഞ്ഞെടുത്താല്‍ 14 ദിവസത്തെ അധിക യാത്ര വേണ്ടിവരും യൂറോപ്പിലെത്താന്‍. സൂയസ് കനാല്‍ വഴി കൊച്ചിയില്‍ നിന്ന് 15 മുതല്‍ 20 ദിവസങ്ങള്‍ കൊണ്ട് യൂറോപ്പിലെ തുറമുഖങ്ങളില്‍ എത്തിച്ചേരാനാകും.

സൂയസ് പ്രതിസന്ധി അത്രയധികം നീണ്ടാല്‍ മാത്രമേ ബദല്‍ മാര്‍ഗങ്ങള്‍ പരിഗണിക്കാന്‍ സാധ്യതയുള്ളൂ. ആഫ്രിക്കന്‍ തീരം ചുറ്റി യൂറോപ്പിലെത്താന്‍ 6000 മൈല്‍ അധികം യാത്ര ചെയ്യേണ്ടി വരുന്നതിന്റെ ഫലമായി ഇന്ധന ചെലവില്‍ ദശലക്ഷക്കണക്കിന് രൂപയുടെ അധികച്ചെലവുണ്ടാകും. ഇത് കയറ്റുമതി നിരക്കുകള്‍ കുത്തനെ വര്‍ധിക്കാന്‍ കാരണമാകും. ഇന്‍ഷുറന്‍സ് കവറേജിന്റെ് ആനുകൂല്യം നഷ്ടപ്പെടാനും റീ റൂട്ടിംഗ് ഇടയാക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

ഷിപ്പിംഗ് ഷെഡ്യൂളിനെ സൂയസ് പ്രതിസന്ധി ബാധിച്ചു തുടങ്ങിയിട്ടുണ്ടെന്നും മൂന്നോ നാലോ ദിവസത്തിനകം ഗതാഗതം പുനസ്ഥാപിക്കാന്‍ കഴിയുന്നില്ലെങ്കില്‍ സ്ഥിതി വഷളാകുമെന്നും ഫെഡറേഷന്‍ ഓഫ് െ്രെഫറ്റ് ഫോര്‍വേഡേഴ്‌സ് അസോസിയേഷന്‍ ചെയര്‍മാന്‍ എ വി വിജയകുമാര്‍ പറയുന്നു.

ദിനം പ്രതി ശരാശരി 50ലധികം കപ്പലുകളാണ് സൂയസ് കനാല്‍ വഴി കടന്നു പോകുന്നത്. ആറ് ദിവസമായി ഗതാഗതം തടസപ്പെട്ടിരിക്കെ ഇരുന്നൂറില്‍പരം കപ്പലുകള്‍ വിവിധ തുറമുഖങ്ങളിലും കടലിലുമായി തടസപ്പെട്ടു കിടക്കുകയാണ്. ഓരോ ദിവസവും കഴിയുന്തോറും പ്രതിസന്ധി രൂക്ഷമാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു.

സൂയസ് കനാലിന്റെ തീരത്ത് ഇടിച്ചുകയറിയ എവര്‍ഗ്രീന്‍ കപ്പല്‍ എത്രയും വേഗം നീക്കുമെന്ന വിശ്വാസത്തിലാണ് കയറ്റുമതി സമൂഹം. മറിച്ചെന്തെങ്കിലും സംഭവിക്കില്ലെന്ന പ്രതീക്ഷയിലാണ് ആശങ്കകള്‍ ഉള്ളിലൊതുക്കി അവര്‍ പതിവ് പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകുന്നത്.

എന്നാല്‍ ഓരോ ദിവസം കഴിയുന്തോറും ഈ പ്രതീക്ഷക്ക് മങ്ങലേല്‍പിക്കുന്ന വാര്‍ത്തകളാണ് സൂയസില്‍ നിന്ന് വന്നുകൊണ്ടിരിക്കുന്നത്. എവര്‍ഗ്രീന്‍ കപ്പലിനെ നീക്കാന്‍ മൂന്നാഴ്ച വരെ എടുത്തേക്കാമെന്നാണ് ഏറ്റവുമൊടുവില്‍ വന്നിരിക്കുന്ന റിപ്പോര്‍ട്ട്. അങ്ങനെ സംഭവിച്ചാല്‍ കയറ്റിറക്കുമതി മേഖലക്ക് അത് കനത്ത ആഘാതമേല്‍പിക്കുമെന്നുറപ്പാണ്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it