ജലക്ഷാമം: തമിഴ്നാട്ടിലെ ഐറ്റി കമ്പനികളും ഹോട്ടലുകളും പ്രതിസന്ധിയിൽ 

തമിഴ്‌നാടും തലസ്ഥാന നഗരമായ ചെന്നൈയും ഈ ദശകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ജലക്ഷാമം നേരിട്ടുകൊണ്ടിരിക്കുകയാണ്. ചെന്നൈ ഉൾപ്പെടെ 22 ജില്ലകൾ ഇപ്പോൾ റെഡ് കാറ്റഗറിയിലാണ്. ഭൂഗർഭ ജലത്തിന്റെ അളവ് താഴ്ന്ന ജില്ലകളാണ് റെഡ് കാറ്റഗറിയിൽ ഉൾപ്പെടുക.

ഇതിനിടെ ബിസിനസ് സ്ഥാപനങ്ങളും ഓഫീസുകളും ജലക്ഷാമം നേരിടാൻ പുതിയ വഴികൾ തേടി നെട്ടോട്ടമോടുന്ന കാഴ്ചയാണ് നമ്മുടെ മുന്നിലുള്ളത്.

നഗരത്തിലേക്കുള്ള പ്രധാന ജലശ്രോതസ്സായ പോരൂർ തടാകം ഏതാണ്ട് വറ്റിയ സ്ഥിതിയിലാണ്. പകരം ഡീസലൈനേഷൻ പ്ലാന്റുകളേയും സ്റ്റോൺ ക്വാറികളെയുമാണ് വെള്ളത്തിനായി ഇപ്പോൾ അധികൃതർ ആശ്രയിക്കുന്നത്.

ഐറ്റി കമ്പനികൾ തങ്ങളുടെ സോഫ്റ്റ് വെയർ എഞ്ചിനീയർമാരുൾപ്പെടെയുള്ള ജീവനക്കാരോട് വീട്ടിൽ നിന്ന് ജോലി ചെയ്യാൻ ആവശ്യപ്പെട്ടിരിക്കുകയാണ്. വാഷ്‌റൂമുകളുടെ എണ്ണവും കമ്പനികൾ കുറച്ചിട്ടുണ്ട്.

മിക്കവാറും ഹോട്ടലുകൾ പൂട്ടിക്കിടക്കുകയാണ്. വെള്ളത്തിന്റെ ഉപയോഗം കുറക്കാൻ ഉച്ചഭക്ഷണത്തിന് മീൽസ് നൽകേണ്ടന്ന നിലപാടിലാണ് റസ്റ്റോറന്റുകൾ. ഹോട്ടലുകളുടെ വെള്ളത്തിനുള്ള ചെലവ് കഴിഞ്ഞ ആഴ്ചകളിലായി 25 ശതമാനം ഉയർന്നിട്ടുണ്ടെന്ന് ദി ഹിന്ദു റിപ്പോർട്ട് ചെയ്യുന്നു. ഇതിനിടെ പച്ചക്കറിവിലയും കുതിച്ചുയർന്നു.

പല സ്‌കൂളുകളും ഹോസ്റ്റലുകളും അടച്ചു പൂട്ടലിന്റെ വക്കിലാണ്. ഹോസ്പിറ്റലുകൾ അടിയന്തിര ശസ്ത്രക്രിയകൾ മാത്രമേ ഇപ്പോൾ നടത്തുന്നുള്ളുവെന്ന് ചില റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. ഫ്ലാറ്റുകളുടെയും കെട്ടിടങ്ങളുടെയും നിർമാണപ്രവർത്തനങ്ങൾ തടസപ്പെട്ടിട്ടുണ്ട്.

ചെന്നൈ നഗരത്തിന് കുടിവെള്ളം വിതരണം ചെയ്യാൻ മേട്ടൂർ ഡാമിലെ ജലം തുറന്നുവിട്ടുകൊണ്ടിരിക്കുകയാണെന്ന് മുഖ്യമന്ത്രി പളനിസ്വാമി പറഞ്ഞു. നാലഞ്ചു ദിവസത്തിനുള്ളിൽ ദക്ഷിണ സംസ്ഥാനങ്ങളിൽ കാലവർഷം എത്തുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.

അതേസമയം, ജലക്ഷാമം ഊതിപ്പെരുപ്പിക്കരുതെന്ന് മാധ്യമങ്ങളോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it