ഒരു കിലോ അരിക്ക് വേണം ചാക്ക് നിറയെ പണം;  നാണയപ്പെരുപ്പം കൊണ്ട് തകർന്ന 10 സമ്പദ് വ്യവസ്ഥകൾ

കഴിഞ്ഞ ഏതാനും വർഷങ്ങളായി രൂപയുടെ മൂല്യം തകർച്ചയിൽ നിന്ന് തകർച്ചയിലേക്ക് പോയിക്കൊണ്ടിരുന്നു. ഇതിന് തടയിടാൻ ആവശ്യത്തിന് വിദേശ കരുതൽ ശേഖരം രാജ്യത്തിന് ഉണ്ടെന്ന് സർക്കാർ പറയുമ്പോഴും, ജനങ്ങളുടെ ആശങ്ക ഒഴിയുന്നില്ല. അനിയന്ത്രിതമായ നാണയപ്പെരുപ്പവും കറൻസിയുടെ മൂല്യത്തിലുള്ള ഇടിവും കൊണ്ട് തകർന്ന നിരവധി സമ്പദ് വ്യവസ്ഥകൾ നമുക്ക് മുന്നിൽ ഉണ്ടെന്നുള്ളത് തന്നെ കാരണം.

ഇപ്പറഞ്ഞ രാജ്യങ്ങളിൽ അവിശ്വസനീയ വിധത്തിലാണ് കറൻസി മൂല്യം ഇടിഞ്ഞിരിക്കുന്നത്. ഒരു കിലോ അരി വാങ്ങണമെങ്കിൽ ഒരു ഒരു ബക്കറ്റ് നിറയെ നോട്ടുകളുമായി പോകേണ്ട അവസ്ഥയാണ്. അവ ഏതൊക്കെ കറൻസികളാണ് എന്ന് പരിശോധിക്കാം.

സിംബാവിയൻ ഡോളർ

2000 ലാണ് സിംബാവിയൻ ഡോളറിന്റെ പതനം ആരംഭിക്കുന്നത്. ഒരു സമയത്ത് ഒരു യുഎസ് ഡോളറിന് 35 ലക്ഷം കോടി സിംബാവിയൻ ഡോളർ എന്ന നിലയിൽ വരെ എത്തിയിരുന്നു കാര്യങ്ങൾ. ഗത്യന്തരമില്ലാതെ 100 ലക്ഷം കോടി സിംബാവിയൻ ഡോളറിന്റെ നോട്ട് അച്ചടിക്കേണ്ടി വന്നു സർക്കാരിന്. എന്നാൽ 2009 ൽ അത് നിരോധിച്ചു. ഏകദേശം 500 ബില്യൺ ശതമാനമായിരുന്നു ആ സമയത്തെ നാണയപ്പെരുപ്പം. അവസാനം സിംബാവെ സ്വന്തം കറൻസി വേണ്ടെന്ന് വച്ചു. നിലവിൽ യുഎസ് ഡോളറും പണത്തിന് പകരമുള്ള 'ബോണ്ട് നോട്ടു'കളുമാണ് ഉപയോഗത്തിൽ.

വെനസ്വേലൻ ബോലിവർ

ലാറ്റിൻ അമേരിക്കൻ രാജ്യമായ വെനസ്വേലയിൽ നാണയപ്പെരുപ്പം കൂടിയത് നമ്മുടേത് പോലെ നാലോ അഞ്ചോ ശതമാനമൊന്നുമല്ല 1,000,000 ശതമാനം. ഇതോടെ കറൻസി വിലയില്ലാത്ത വെറും പേപ്പർ കഷ്ണം മാത്രമായി. അവസാനം, ബോലിവറിന്റെ മൂല്യത്തിന് സ്ഥിരത നൽകാൻ പ്രസിഡന്റ് നിക്കൊളാസ് മദൂറോ 'റീ-ഡിനോമിനേഷൻ' എന്ന നടപടി സ്വീകരിക്കേണ്ടി വന്നു. ഓഗസ്റ്റിൽ പുതിയ ഒരു കറൻസി പുറത്തിറക്കുകയും ചെയ്തു- സോവറിൻ ബോലിവർ. നാണയപ്പെരുപ്പം നിയന്ത്രണാതീതമാണ് ഇപ്പോഴും. രണ്ടര കിലോ ചിക്കന് അവിടെ 14,600,000 വെനസ്വേലൻ ബോലിവർ നൽകണം. അതായത് ഒരു സ്കൂൾ ബാഗ് നിറക്കാനുള്ള അത്ര നോട്ടുകൾ.

ഇന്തോനേഷ്യൻ റുപിയ

തെക്ക് കിഴക്കൻ ഏഷ്യയിലെ സാമാന്യം മെച്ചപ്പെട്ട സാമ്പത്തിക ഭദ്രതയുള്ള ഒരു രാജ്യമാണ് ഇന്തോനേഷ്യ. എന്നാൽ അവിടത്തെ കറൻസിയുടെ വിനിമയ നിരക്ക് വളരെ താഴ്ന്നതാണ്. ഒരു യുഎസ് ഡോളറിന് 14,880 റുപിയ ആണ് ഇപ്പോഴത്തെ നിരക്ക്.

സൗത്ത് സുഡാനീസ് പൗണ്ട്

വെനസ്വേലയുടെ പോലെതന്നെ എണ്ണയെ ആശ്രയിച്ച് കഴിയുന്ന ഒരു സമ്പദ് വ്യവസ്ഥയാണ് സൗത്ത് സുഡാനും. 2016 ഈ രാജ്യത്തെ നാണയപ്പെരുപ്പം 50 ശതമാനം വർധിച്ചിരുന്നു. ഒരു ഡോളറിന് 120 സൗത്ത് സുഡാനീസ് പൗണ്ട് ആണ് ഇപ്പോൾ അനൗദ്യോഗിക വിനിമയ നിരക്ക്.

നൈജീരിയൻ നൈര

എണ്ണ പ്രധാനമായും കയറ്റുമതി ചെയ്യുകയും ഏറെ സാധനങ്ങള്‍ ഇറക്കുമതി ചെയ്യുകയും ചെയ്യുന്ന രാജ്യമാണ് നൈജീരിയ. 90 ശതമാനത്തിലേറെയാണ് നൈരയുടെ മൂല്യം ഇടിഞ്ഞിരിക്കുന്നത്. അവിടുത്തെ ആളുകളുടെ വരുമാനം കൂടുന്നില്ല, പക്ഷെ ചിലവ് കൂടുന്നു. കുട്ടികളുടെ പഠനവും ചികിത്സയും ഉള്‍പ്പടെ ആളുകൾ വേണ്ടെന്നുവെയ്‌ക്കുകയാണ്. ഇപ്പോൾ പലരും യുഎസ് ഡോളർ ആണ് ഉപയോഗിക്കുന്നത്.

സൊമാലിലാൻഡ് ഷില്ലിംഗ്

സൊമാലിയക്ക് പുറത്ത് ലീഗൽ ടെൻഡർ അല്ലാത്ത ഒരു കറൻസിയാണ് സോമാലിലാൻഡ് ഷില്ലിംഗ്. 5000 ഷില്ലിംഗ് ആണ് രാജ്യത്തെ ഏറ്റവും മൂല്യമേറിയ നോട്ട്. എന്നാൽ ഇതിന്റെ വിനിമയ മൂല്യം ഒരു യുഎസ് ഡോളറിലും താഴെയാണ്.

ഇറാനിയൻ റിയാൽ

ഒന്നിന് പിറകെ ഒന്നായി വന്ന അന്താരാഷ്ട്ര ഉപരോധങ്ങളും തുടർച്ചയായ കറൻസി മൂല്യത്തകർച്ചയും കാരണം ഇപ്പോൾ ഇറാനിയൻ റിയാലിന്റെ വിനിമയ നിരക്ക് ഒരു ഡോളറിന് ഏകദേശം 42,000 ആണ്. നാൽപത് വർഷം മുൻപ് ഇത് 141 റിയാൽ ആയിരുന്നു.

ഉസ്ബെക്കിസ്താനി സോം

സോവിയറ്റ് റഷ്യയിൽ നിന്ന് അടർന്ന് ഉസ്ബെക്കിസ്താൻ എന്ന രാജ്യം നിലവിൽ വന്നപ്പോൾ മുതൽ അതിന്റെ കറൻസിയുടെ മൂല്യം വളരെ താഴെയായിരുന്നു. അതേസമയംതന്നെ നാണയപ്പെരുപ്പവും കൂടാൻ തുടങ്ങി. എന്നാൽ ഇതിന്റെ വിപത്ത് മനസിലാക്കി വലിയ മൂല്യമുള്ള നോട്ടുകൾ പുറത്തിറക്കാൻ സർക്കാർ തയ്യാറായതുമില്ല. ഇപ്പോൾ ഏറ്റവും വലിയ നോട്ടായ 50,000 സോം 6.30 യുഎസ് ഡോളറിന് തുല്യമാണ്.

വിയറ്റ്നാമീസ് ഡോങ്

കയറ്റുമതി കൂട്ടാനായി വിയറ്റ്നാമീസ് സർക്കാർ കറൻസിയുടെ മൂല്യം കുറച്ചതാണ് ഡോങിന്റെ മൂല്യം ഇടിയാനുള്ള പ്രധാന കാരണം. 1980 ൽ ഒരു യുഎസ് ഡോളറിന് 2.05 ഡോങ് എന്ന സ്ഥാനത്ത് ഇപ്പോൾ ഒരു യുഎസ് ഡോളറിന് 23,340 ഡോങ് എന്ന നിലയായി. പലരും യുഎസ് ഡോളർ ആണ് ഇപ്പോൾ ഉപയോഗിക്കുന്നത്.

സിയേറ ലിയോണിയൻ ലിയോൺ

മറ്റ് പല ആഫ്രിക്കൻ രാജ്യങ്ങളേയും പോലെ എണ്ണ കയറ്റുമതിയെ ആശ്രയിച്ചിരുന്ന ഒരു രാജ്യമാണ് സിയേറ ലിയോൺ. ഇപ്പോൾ ഒരു ഡോളറിന് 8400 ലിയോൺ എന്ന നിലയിലാണ്. അതായത് നോട്ട് അച്ചടിക്കുന്ന പേപ്പറിനെക്കാളും മൂല്യം കുറവാണ് അവിടത്തെ കറൻസിക്ക്.

മേല്പറഞ്ഞത് മാത്രമല്ല, കംബോഡിയ, പരാഗ്വേ, മ്യാൻമർ തുടങ്ങി ധാരാളം രാജ്യങ്ങളിലെ കറൻസികളുടെ സ്ഥിതി സമാനമാണ്. പ്രധാനമായും ആഭ്യന്തര സമ്പദ് വ്യവസ്ഥ താളം തെറ്റിയത് മൂലമാണ് ഈ രാജ്യങ്ങളിൽ കറൻസി പ്രതിസന്ധി ഉണ്ടായത്. മാത്രമല്ല, പലരുടെയും വിദേശ കരുതൽ ശേഖരം വളരെ കുറവായിരുന്നു താനും.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it