എംഎസ്എംഇ മേഖലയ്ക്ക് വേണ്ടതെന്ത്? നിര്‍ദ്ദേശങ്ങളുമായി ഫിക്കി

ലോക്ക് ഡൗണ്‍ തുടരുമ്പോള്‍ രാജ്യത്തെ സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ (എംഎസ്എംഇ) വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. നിലനില്‍പ്പ് തന്നെ ചോദ്യചിഹ്നമായി തുടരുമ്പോള്‍ സംരംഭങ്ങള്‍ക്ക് എന്താണ് അത്യാവശ്യമായി വേണ്ടതെന്ന നിര്‍ദ്ദേശവുമായി എത്തുകയാണ് ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി (ഫിക്കി). സംഘടന നടത്തിയ ബിസിനസ് കോണ്‍ഫിഡന്‍സ് സര്‍വേയിലാണ്, രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 29 ശതമാനവും സംഭാവന ചെയ്യുന്ന എംഎസ്എംഇ മേഖലയുടെ യഥാര്‍ത്ഥ ആവശ്യങ്ങള്‍ തിരിച്ചറിഞ്ഞത്.

സബ്‌സിഡികള്‍, നയപരമായ പിന്തുണ, നികുതിയടക്കുന്നതിന് കൂടുതല്‍ സമയം, പ്രത്യേക ഫണ്ട് എന്നിവയടങ്ങിയ പാക്കേജ് നടപ്പിലാക്കണമെന്നാണ് ഫിക്കിയുടെ നിര്‍ദ്ദേശം.

ഏറെക്കാലമായുള്ള തൊഴിലാളികളാണ് മിക്ക എംഎസ്എംഇകള്‍ക്കുമുള്ളത്. അവരെ പെട്ടെന്ന് പറഞ്ഞുവിടാനാവില്ല. എന്നാല്‍ അവര്‍ക്ക് നല്‍കേണ്ട വേതനം ഒരു പ്രശ്‌നമാണ്. പലരും സ്വന്തം സമ്പാദ്യത്തില്‍ നിന്ന് എടുത്തു നല്‍കുകയാണ്. അത് ഏറെക്കാലം തുടരാനാവില്ല. നിലവിലെ സ്ഥിതിയില്‍ പുരോഗമനാത്മകമായ മാറ്റം ഉടനുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എങ്കിലും നിലവിലെ സാഹചര്യം നേരിടാന്‍ എളുപ്പത്തില്‍ വായ്പ ലഭ്യമാക്കുകയാണ് വേണ്ടതെന്ന് ഫിക്കി പറയുന്നു. എക്കൗണ്ടുകളിലേക്ക് നേരിട്ട് പണമെത്തിക്കുന്ന രീതി എംഎസ്എംഇകള്‍ക്കു കൂടി ബാധകമാക്കണമെന്നും നിര്‍ദ്ദേശം വെക്കുന്നുണ്ട്.

കഴിഞ്ഞ മാസം സംരംഭങ്ങള്‍ക്ക് വേണ്ടി ചില ആശ്വാസ നടപടികള്‍ കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ പ്രഖ്യാപിച്ചിരുന്നു. വൈകിയടക്കുന്ന അഡ്വാന്‍സ്ഡ് ടാക്‌സ്, സെല്‍ഫ് അസസ്‌മെന്റ് ടാക്‌സ്, റെഗുലര്‍ ടാക്‌സ്, ടിഡിഎസ്, ടിസിഎസ്, സെക്യൂരിറ്റീസ് ട്രാന്‍സാക്ഷന്‍ ടാക്‌സ്, കമ്മോഡിറ്റി ട്രാന്‍സാക്ഷന്‍ ടാക്‌സ് തുടങ്ങിയവയുടെ പലിശ 18 ശതമാനം 12 ശതമാനം എന്നിവയില്‍ നിന്ന് ഒന്‍പത് ശതമാനമാക്കി കുറച്ചിരുന്നു. മാത്രമല്ല, ജിഎസ്ടി റിട്ടേണ്‍ ഫയലിംഗ് അവസാന തിയതി ജൂണ്‍ അവസാന വാരത്തേക്കും നീട്ടിയിരുന്നു.

ബാങ്കുകളുടെ ക്രെഡിറ്റ് ലിമിറ്റ് ഈട് ആവശ്യപ്പെടാതെ തന്നെ ചുരുങ്ങിയത് 25 ശതമാനം വര്‍ധിപ്പിക്കണമെന്ന് റിസര്‍വ് ബാങ്കിനോടും ഫിക്കി ആവശ്യപ്പെടുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it