ഇത്തവണത്തെ ഓണവിപണി എങ്ങനെയായിരിക്കും? കേരളത്തിലെ സംരംഭകര്‍ പ്രതികരിക്കുന്നു

കേരളത്തില്‍ സ്ഥിതിഗതികള്‍ സാധാരണമെങ്കില്‍ ഇത് ഓണവിപണിക്കുള്ള ഒരുക്കങ്ങള്‍ നടത്തുന്ന സമയമാണ്. എന്നാല്‍ കഴിഞ്ഞ കുറച്ചു നാളുകളായി സാമ്പത്തിക മാന്ദ്യത്തിനു പുറമെ പ്രളയം വരുത്തി വച്ച നഷ്ടങ്ങളില്‍ നിന്നും കരകയറുന്നതേ ഉള്ളൂ ഇവിടുത്തെ സംരംഭകര്‍. അതിനു പിന്നാലെ കൊറോണയും. കോവിഡ് ബാധിതരുടെ എണ്ണം കൂടുകയും ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കടുക്കുകയും ചെയ്യുമ്പോള്‍ സംരംഭക സമൂഹത്തില്‍ ആശങ്ക ഏറുകയാണ്. ഇത്തവണയും ഓ ണവിപണിയെക്കുറിച്ച് പ്രതീക്ഷയില്ലാതായി പലര്‍ക്കും. ദിവസങ്ങള്‍ പിന്നിടുമ്പോള്‍പ്രതിസന്ധി അതിന്റെ രൂക്ഷതയിലേക്ക് എത്തുകയാണ്, ഇപ്പോഴുള്ള സ്ഥിതി പരിശോധിച്ചാല്‍ കുടുതല്‍ ദുര്‍ഘടമായ നാളുകള്‍ വരാനിരിക്കുന്നതേയുള്ളു. ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസത്തോടെ സ്ഥിതിഗതികള്‍ കൂടുതല്‍ രൂക്ഷമായേക്കാം. മോറട്ടോറിയവും സര്‍ക്കാരില്‍ നിന്നുള്ള സഹായങ്ങളും ശാശ്വതമല്ല. കാരണം സര്‍ക്കാരിന്റെ വരുമാനത്തിലും കനത്ത ഇടിവാണ് ഉണ്ടായിരിക്കുന്നത്. ലോക്ഡൗണ്‍ തുടങ്ങി ആദ്യത്തെ രണ്ടുമാസക്കാലം എല്ലാവരും ഒരു ഞെട്ടലിലായിരുന്നു. ആര്‍ക്കും എന്താണ് ചെയ്യേണ്ടത് എന്നറിയാത്ത അവസ്ഥയായിരുന്നു. ഇപ്പോള്‍ എങ്ങനെയാണ് നമ്മുടെ സംരംഭകര്‍ അതിജീവിക്കുന്നത്. ഓണവിപണിയെക്കുറിച്ച് അവര്‍ക്ക് എന്ത് പ്രതീക്ഷയാണ് ഉള്ളത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിവിധ മേഖലകളില്‍ നിന്നുള്ള സംരംഭകര്‍ പ്രതികരിക്കുന്നു.

ഓണം മികച്ചതായിരിക്കും എന്ന് പറയാന്‍ ആര്‍ക്കും കഴിയുമെന്ന് തോന്നുന്നില്ല

ജോണ്‍ കെ.പോള്‍

മാനേജിംഗ് ഡയറക്റ്റര്‍, പോപ്പുലര്‍ വെഹിക്കിള്‍സ് & സര്‍വീസസ് ലിമിറ്റഡ്

ജൂണ്‍ തുടക്കത്തില്‍ വില്‍പ്പന മെച്ചപ്പെട്ടിരുന്നെങ്കിലും ജൂണ്‍ അവസാനത്തോടെ അത് കുറയുകയാണുണ്ടായത്. ലോക്ഡൗണിനെ തുടര്‍ന്ന് അടച്ചിട്ടതിന് ശേഷം തുറന്നതിന്റെ ഒരു ആവേശം മാത്രമായിരുന്നു വിപണിയിലുണ്ടായത്. ഇപ്പോള്‍ തന്നെ ഞങ്ങളുടെ മൂന്ന് ഷോപ്പുകള്‍ ലോക്ഡൗണിലാണ്. ഈ പ്രശ്നങ്ങളെ അതിജീവിച്ച് മുന്നോട്ടുപോകാന്‍ പഠിച്ചുകൊണ്ടിരിക്കുന്നു. ഇത്തവണത്തെ ഓണം മികച്ചതായിരിക്കും എന്ന് പറയാന്‍ ആര്‍ക്കും കഴിയുമെന്ന് തോന്നുന്നില്ല. ഗള്‍ഫ് നാടുകളില്‍ നിന്ന് ജോലിയും വരുമാനമാര്‍ഗ്ഗവും നഷ്ടപ്പെട്ട് നിരവധിപ്പേര്‍ തിരിച്ചുവരുന്ന സാഹചര്യമാണുള്ളത്. ഓട്ടോമൊബീല്‍ വിപണിയെ സംബന്ധിച്ചടത്തോളം കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 20-25 ശതമാനം വില്‍പ്പന കുറയാനാണ് സാധ്യത. ഇപ്പോഴും അങ്ങനെ തന്നെയാണ് വിപണി മുന്നോട്ടുപോകുന്നത്. എന്നാല്‍ ലോക്ഡൗണ്‍ പോലുള്ള പ്രശ്നങ്ങള്‍ ഉണ്ടാകുന്നതിനാല്‍ സാഹചര്യം കൃത്യമായി പ്രവചിക്കാനാകില്ല.

കഴിഞ്ഞ വര്‍ഷത്തെ ഓണം വില്‍പ്പനയുടെ 50-70 ശതമാനമെങ്കിലും കിട്ടുമെന്ന് പ്രതീക്ഷ

പീറ്റര്‍ പോള്‍ പിട്ടാപ്പിള്ളില്‍

മാനേജിംഗ് ഡയറക്റ്റര്‍, പിട്ടാപ്പിള്ളില്‍ ഏജന്‍സീസ്

കഴിഞ്ഞ വര്‍ഷം നടന്ന വില്‍പ്പനയുടെ 50-60 ശതമാനം വില്‍പ്പന മാത്രമേ ഇപ്പോള്‍ നടക്കുന്നുള്ളു. ഓണത്തിനും ഇതേ രീതിയില്‍ തന്നെ മാത്രമേ പ്രതീക്ഷിക്കുന്നുള്ളു. കഴിഞ്ഞ വര്‍ഷത്തെ ഓണം വില്‍പ്പനയുടെ 50-70 ശതമാനമെങ്കിലും കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു. ഇത്തവണ ഓണത്തിന് ബോണസ് ലഭിക്കാനുള്ള സാധ്യത കുറവായതിനാല്‍ അത് എല്ലാ മേഖലകളിലും ഓണം വില്‍പ്പനയെ ബാധിക്കും. തൊഴില്‍മേഖലകളില്‍ ഉണ്ടായിട്ടുള്ള, ജോലിയില്‍ നിന്നുള്ള പിരിച്ചുവിടലുകളും വേതനം വെട്ടിക്കുറയ്ക്കലുമെല്ലാം ഉപഭോക്താക്കളുടെ മൊത്തത്തിലുള്ള ചെലവഴിക്കലിനെ ബാധിക്കും. പിന്നെ ചില മേഖലകള്‍ ഇതിനെ അതിജീവിച്ചേക്കും. വിലക്കുറഞ്ഞ അപ്ലയന്‍സുകളുടെയും അത്യാഡംബര മേഖലയിലുള്ളവയുടെയും വില്‍പ്പന മെച്ചപ്പെടുന്നുണ്ട്. എഫ്എംസിജി മേഖലകളെയും ബാധിക്കണമെന്നില്ല. എന്നാല്‍ ടെക്സ്‌റ്റൈല്‍, ജുവല്‍റി, ഫുട്വെയര്‍ മേഖലകളെ കാര്യമായി ബാധിച്ചേക്കാം. കഴിഞ്ഞ രണ്ട് ഓണത്തിനും വെള്ളപ്പൊക്കമായിരുന്നു പ്രശ്നം സൃഷ്ടിച്ചത്. ഈ ഓണത്തിനും കാര്യമായ പ്രതീക്ഷകളില്ല. വില്‍പ്പനയില്‍ കുറവുണ്ടാകാനുള്ള സാധ്യത മുന്നില്‍ക്കണ്ടാണ് സ്റ്റോക്ക് എടുക്കുന്നതും മറ്റും.

ഓണ്‍ലൈന്‍ പര്‍ച്ചേസ് ചെയ്യുന്ന രീതി കൂടുതലായും ഈ ഓണക്കാലത്തുണ്ടാകും

വി എ അജ്മല്‍

മാനേജിംഗ് ഡയറക്റ്റര്‍, അജ്മല്‍ ബിസ്മി ഗ്രൂപ്പ്

ഓണം മലയാളിക്കൊരു വികാരമാണ്. എന്തില്ലെങ്കിലും മലയാളികള്‍ അത് ആഘോഷിക്കും. മലയാളികള്‍ വീട്ടില്‍ അടച്ചിരിക്കാന്‍ പഠിച്ചുകഴിഞ്ഞു. എന്നാലും പുതിയ വസ്ത്രമോ ഓണവിഭവങ്ങളുള്ള സദ്യയോ പൂര്‍ണമായും ഒഴിവാക്കില്ല. ഉള്ളത് കൊണ്ട് ഓണം കഴിക്കും. അതുകൊണ്ട് തന്നെ കഴിഞ്ഞകാലങ്ങളില്‍ ഉണ്ടായത് പോലെ ഓണമല്ലേ, എന്നാല്‍ വാങ്ങിക്കൂട്ടാം എന്ന മനോഭാവം വിപണിയില്‍ കാണില്ല. കഴിഞ്ഞ രണ്ട് ഓണക്കാലത്തും വെള്ളപ്പൊക്കവും മറ്റു പ്രശ്നങ്ങളും വിപണിയെ ബാധിച്ചിരുന്നു. എന്നാല്‍ അതിന് മുമ്പ് സാധാരണ നിലയേക്കാള്‍ നാലും അഞ്ചും മടങ്ങ് അധിക വില്‍പ്പന ഓണക്കാലത്തുണ്ടായിരുന്നു.

ഇത്തവണ ജോലിക്കാര്‍ക്ക് ബോണസൊക്കെ കണക്കായിരിക്കും. തൊഴില്‍ നഷ്ടവും വേതനം വെട്ടിക്കുറയ്ക്കലുമെല്ലാം ജനങ്ങളുടെ ക്രയശേഷിയെ കാര്യമായി ബാധിച്ചിട്ടുണ്ട്. അതുകൊണ്ട് അത്യാവശ്യ സാധനങ്ങള്‍, ഓണക്കാലത്ത് ഡിസ്‌കൗണ്ട് നിരക്കില്‍ കിട്ടിയാല്‍ അവര്‍ വാങ്ങാന്‍ തയ്യാറാകും. അതുകൊണ്ട് ഇലക്ട്രോണിക്സ്, ഗൃഹോപകരണ രംഗത്ത് കച്ചവടം കുറച്ച് മെച്ചപ്പെടാം.

മറ്റ് നിത്യോപയോഗ സാധനങ്ങളുടെ വില്‍പ്പനയില്‍ 10-20 ശതമാനം വില്‍പ്പന കൂടിയേക്കാം. കോവിഡ് പ്രോട്ടോക്കോള്‍ ജീവിതത്തിന്റെ ഭാഗമായതിനാല്‍ ഭക്ഷ്യോല്‍പ്പന്നങ്ങള്‍ മുതല്‍ ഇലക്ട്രോണിക്സ്, ഗൃഹോപകരണങ്ങള്‍ വരെ ഓണ്‍ലൈന്‍ പര്‍ച്ചേസ് ചെയ്യുന്ന രീതി കൂടുതലായും ഈ ഓണക്കാലത്തുണ്ടാകും.

ബോബി പോള്‍

മാനേജിഗ് ഡയറക്റ്റര്‍, സ്റ്റാര്‍ പൈപ്പ്സ് ആന്‍ഡ് ഫിറ്റിംഗ്സ്

ബില്‍ഡിംഗ് മെറ്റീരിയല്‍ വിപണിയെ സംബന്ധിച്ചിടത്തോളം ഇപ്പോള്‍ കാര്യമായ തിരിച്ചടിയില്ല. അതിന് കാരണം പലരും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍, കോവിഡ് 19നുമായി ബന്ധപ്പെട്ട് ലോക്ക്ഡൗണും മറ്റും വരുന്നതിന് മുമ്പേ തുടങ്ങിയതാണ്. ആ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നതിനാല്‍ നിലവില്‍ വിപണിയില്‍ കാര്യമായ ഇടിവില്ല. ഓണത്തിന് പുതിയ വീടിലേക്ക് മാറണമെന്ന കണക്കുകൂട്ടലിലും മറ്റും മലയാളികള്‍ നേരത്തേ വീടുപണി ജോലികള്‍ ആരംഭിച്ചിട്ടുള്ളതാണ്. അത്തരം പ്രവര്‍ത്തനങ്ങള്‍ കുറഞ്ഞെങ്കിലും പൂര്‍ണമായും ഉപേക്ഷിച്ചിട്ടില്ല. എന്നാല്‍ അതിനുശേഷം ഒക്ടോബര്‍, നവംബര്‍ മാസത്തോടെ കാര്യങ്ങള്‍ എന്താകുമെന്ന് പ്രവചിക്കാന്‍ സാധ്യമല്ല. ജനങ്ങളുടെ കൈയില്‍ പണമില്ല. നിലവിലെ നിര്‍മാണ ജോലികള്‍ തീര്‍ന്നാല്‍ പുതുതായി എത്രമാത്രം ആരംഭിക്കുമെന്ന് അറിയില്ല. ഈ അനിശ്ചിതാവസ്ഥ ബില്‍ഡിംഗ് മെറ്റീരിയല്‍ വിപണിയെ പ്രതികൂലമായി സ്വാധീനിക്കാനിടയുണ്ട്.

നഷ്ടമില്ല, വിപണിയില്‍ ആവശ്യക്കാരുണ്ട്

അനില്‍കുമാര്‍

മാനേജിംഗ് പാര്‍ട്ണര്‍, സ്വാദ് ഫുഡ്‌സ്
തൃശൂര്‍

ഭക്ഷണ സാധനങ്ങള്‍ക്ക് ആവശ്യക്കാരിപ്പോഴും ഉണ്ട്. എന്നാല്‍ സൗജന്യ റേഷന്‍ വിതരണം, വീട്ട് ചെലവ് ചുരുക്കല്‍ എന്നിവയെല്ലാം കണക്കിലെടുത്താല്‍ പല ഉല്‍പ്പന്നങ്ങളുടെയും ഉപഭോഗം വെട്ടിച്ചുരുക്കിയിരിക്കുകയാണ്. ഗ്രാമങ്ങളിലുള്ളവര്‍ ഷോപ്പിംഗ് മാളുകളില്‍ എത്തി കുടുംബവുമായി സമയം ചെലവഴിച്ചിരുന്ന സമയമല്ലല്ലോ ഇപ്പോള്‍. ഇതും വിപണിയെ തളര്‍ത്തിയിട്ടുണ്ട്. ഓണവിപണിയെക്കുറിച്ചുള്ള വലിയ പദ്ധതികളില്ലെങ്കിലും ഉല്‍പ്പാദനം, ഉല്‍പ്പന്ന യൂണിറ്റിലെ ഷിഫ്റ്റ് എന്നിവ വിപണിയിലെ ഡിമാന്‍ഡ് അനുസരിച്ച് പുന:ക്രമീകരിച്ചിട്ടുണ്ട്. വിദേശ വിപണിയില്‍ ഡിമാന്‍ഡ് ഇപ്പോഴും ഉണ്ടെന്നതിനാല്‍ തന്നെ ഒരു വലിയ നഷ്ട സാധ്യത കാണാനാകില്ല.

ഏതൊരു സംരംഭകരും കഴിഞ്ഞ കുറച്ചു നാളായി തന്നെ പ്രതിസന്ധികള്‍ അഭിമുഖീകരിക്കേണ്ടി വരുന്നുണ്ട്. കൊറോണയുടെ പശ്ചാത്തലത്തില്‍ പുതിയ പദ്ധതികളുമായി ഓണവിപണിയിലേക്ക് ഇറങ്ങിയില്ലെങ്കിലും ഡിജിറ്റല്‍ പ്രമോഷന്‍ പോലുള്ളവ ചെയ്യുന്നു. ഇത്തരത്തില്‍ മറ്റു ചില പുതിയ പദ്ധതികളുമുണ്ട്. വിവാഹവും പാര്‍ട്ടികളും കുറഞ്ഞത് ഭക്ഷ്യോല്‍പ്പന്ന മേഖലകളെയും ബാധിച്ചിട്ടുണ്ട്. പ്രീമിയം ഫൂഡ്‌സ് ഉപയോഗിച്ചിരുന്നവര്‍ ഉപഭോഗം കുറച്ചതും ഓര്‍ഗാനിക് ഭക്ഷ്യോല്‍പ്പാദനം കുറയ്ക്കാന്‍ പ്രേരിപ്പിച്ചിട്ടുണ്ട്. ഓണ വിപണി എന്ന പേരില്‍ ലാഭം കണ്ടില്ലെങ്കിലും നഷ്ടം വരാതെ നോക്കാന്‍ പ്രായോഗിക വഴികള്‍ നോക്കുന്നു.

ഓണ വിപണിയിലും പ്രതീക്ഷയില്ല

പി സിദ്ദിഖ് ഹാജി

മാനേജിംഗ് പാര്‍ട്ണര്‍, സെഞ്ച്വറി ഗ്രൂപ്പ്
കണ്ണൂര്‍

ഏറ്റവും കൂടുതല്‍ ബാധിക്കപ്പെട്ട മേഖലയായി മാറിയിരിക്കുന്നു ടെക്സ്‌റ്റൈല്‍. നിലവില്‍ 15 ശതമാനം വില്‍പ്പന മാത്രമാണ് നടക്കുന്നത്. അതില്‍ ഓണക്കാലത്തു പോലും കാര്യമായ പുരോഗതി ഉണ്ടാകുമെന്ന് കരുതുന്നില്ല. ആളുകള്‍ക്ക് ജോലിയില്ല, അവരുടെ കൈയില്‍ പണമില്ല പിന്നെങ്ങനെയാണ് വിപണിയിലേക്ക് എത്തുക ? നിലവില്‍ വീട്ടില്‍ ധരിക്കാനുള്ള വസ്ത്രങ്ങള്‍ മാത്രമാണ് വിറ്റു പോകുന്നത്. വിവാഹങ്ങള്‍ പരിമിതമായതോടെ ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നത് വസ്ത്ര വിപണിയെയാണ്. മുമ്പ് വാങ്ങിയിരുന്നതിന്റെ നാലിലൊന്ന് മാത്രമാണ് വിവാഹ പാര്‍ട്ടികള്‍ ഇപ്പോള്‍ വാങ്ങുന്നത്. ഡ്രസ് കോഡ് അടക്കമുള്ളവയൊക്കെ ഇല്ലാതായി. അമ്പത് ആളുകള്‍ക്ക് മുന്നിലണിയാന്‍ വിലകൂടിയ വസ്ത്രങ്ങള്‍ ആരു തെരഞ്ഞെടുക്കാനാണ്. സ്റ്റോക്ക് എത്തുന്നതിലും പ്രയാസങ്ങളുണ്ട്. സൂറത്തില്‍ നിന്ന് അത്യാവശ്യം സാധനങ്ങള്‍ ലഭ്യമാകുന്നുണ്ട്. അവരുടെ കൈവശം സ്റ്റോക്കുള്ളത് അയക്കുന്നു എന്നു മാത്രം. തിരുപ്പൂരില്‍ നിന്നും സാധനങ്ങള്‍ കുറേയൊക്കെ എത്തുന്നു. വന്‍തോതില്‍ സ്റ്റോക്ക് എത്തിക്കാന്‍ ബുദ്ധിമുട്ടുണ്ട്. വിപണി എന്ന് നേരെയാകുമെന്ന് നിലവിലെ സാഹചര്യത്തില്‍ ഊഹിക്കാന്‍ പോലും കഴിയില്ല.

പ്രതീക്ഷയുണ്ട്, ഓണ വിപണിയില്‍

പി കെ സൈഫുദ്ദീന്‍

മാനേജിംഗ് ഡയറക്റ്റര്‍, ഹാപ്പി കിഡ് അപ്പാരല്‍സ്
മലപ്പുറം

കഴിഞ്ഞ രണ്ടു വര്‍ഷമായി പ്രളയത്തെ തുടര്‍ന്ന് ചുരുങ്ങിയിരുന്നു. ഇത്തവണ കൊവിഡ് 19 വില്ലനായി എത്തി. എന്നാല്‍ പ്രതീക്ഷ നല്‍കുന്ന കാര്യം ഹാപ്പി കിഡിനെ പോലുള്ള മാനുഫാക്ചറിംഗ് മേഖലയില്‍ ലോക്ക് ഡൗണില്‍ വലിയ പ്രശ്നമായില്ല എന്നതാണ്. ഈ കാലയളവില്‍ ഉല്‍പ്പാദന ശേഷിയുടെ 30-40 ശതമാനം ഉല്‍പ്പാദനം കുറച്ചിട്ടുണ്ട്. ജോലിക്കാരുടെ കുറവാണ് അതിനു പ്രധാന കാരണം. അതുകൊണ്ടു തന്നെ ഡിമാന്‍ഡിന് അനുസരിച്ച് ഉല്‍പ്പന്നം നല്‍കാനാവാത്ത സ്ഥ്ിതിയുണ്ട്. ഇപ്പോഴും ഡിമാന്‍ഡിന് കുറവൊന്നുമില്ല. ഓണക്കാലമാകുന്നതോടെ ഇനിയും ഡിമാന്‍ഡ് വര്‍ധിക്കുമെന്നാണ് കരുതുന്നത്. സാധാരണ നിലയില്‍ മാര്‍ച്ച്- ഏപ്രില്‍ മാസങ്ങളിലാണ് കൂടുതല്‍ പര്‍ച്ചേസ് നടക്കുക. പക്ഷേ ഇത്തവണ അത് ലോക്ക് ഡൗണില്‍ മുങ്ങിപ്പോയി. എന്നാല്‍ വരും മാസങ്ങളില്‍ വിപണി ഉണരുമെന്നു തന്നെയാണ് പ്രതീക്ഷ. ആഭ്യന്തര ഉല്‍പ്പന്നങ്ങളുടെ ഡിമാന്‍ഡ് വര്‍ധിക്കുമെന്ന അനുകൂല ഘടകമുണ്ടെന്നും വിശ്വസിക്കുന്നു. ഇറക്കുമതി കുറഞ്ഞത് വലിയ സാധ്യതകള്‍ തുറക്കുന്നു. ആശങ്കയുണ്ടാക്കുന്ന കാര്യം വീണ്ടുമൊരു പ്രളയം ഉണ്ടാകുമോ എന്നതാണ്. ലോക്ക് ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിക്കപ്പെട്ടതോടെ ഹാപ്പി കിഡിന് വിപണി തിരിച്ചു പിടിക്കാന്‍ ആയിട്ടുണ്ട്. അത് തുടരും എന്നു തന്നെയാണ് പ്രതീക്ഷ.

ഉപഭോക്താക്കള്‍ക്കൊപ്പം നിന്ന് അതിജീവനം

പാര്‍വതി ബി നായര്‍

സഹസ്ഥാപക, ടേസ്റ്റ് ജെറ്റ് ഫുഡ്‌സ് & വീവേഴ്‌സ് ഹബ്
എറണാകുളം

പ്രളയം രണ്ട് തവണ ബാധിച്ച സമയത്തും അവശ്യ സാധനങ്ങള്‍ക്കായി മാത്രം ആളുകള്‍ പണം മുടക്കിയിരുന്നത് വിപണിയില്‍ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. 'ബി' ടു 'സി' സംരംഭക എന്ന നിലയില്‍ പലപ്പോഴും എടുത്തുവയ്ക്കുന്ന സ്റ്റോക്കുകള്‍ തലവേദനയാകുന്നത് കൊണ്ട് ചില എമര്‍ജന്‍സി ക്രമീകരണങ്ങള്‍ മുമ്പും നടത്തേണ്ടി വന്നിട്ടുണ്ട്. ഓണ വിപണി എന്നൊന്നില്ല എന്നത് തന്നെയാണ് സത്യം. എങ്കിലും വിപണിയിലെ ആവശ്യങ്ങളുടെ സ്വഭാവം മാറി. പാലട ഉള്‍പ്പെടെയുള്ള പാക്ക്ഡ് ഫൂഡ്‌സ് നല്‍കുന്ന ടേസ്റ്റ്‌ജെറ്റും ഇന്ത്യയിലെ വിവിധ ഇടങ്ങളിലുള്ള നെയ്ത്തുകാരില്‍ നിന്നും നേരിട്ട് തുണിത്തരങ്ങള്‍ എത്തിക്കുന്ന വീവേഴ്‌സ് ഹബ്ബും ഉപഭോക്താക്കള്‍ക്ക് കൊറിയര്‍ വഴി സാധനങ്ങള്‍ എത്തിച്ചു കൊടുക്കുന്ന സംരംഭങ്ങളാണ്. ഇപ്പോള്‍ അതാത് സ്ഥലങ്ങളിലെ ഉപഭോക്താക്കള്‍ക്ക് ഏറ്റവുമടത്ത തറികളില്‍ നിന്നും തുണിത്തരങ്ങളെത്തിക്കാനുള്ള സംവിധാനങ്ങള്‍ ചെയ്തിട്ടുണ്ട്. ഉത്തരേന്ത്യയിലെ ഓര്‍ഡറുകള്‍ക്ക് അവിടെയുള്ള തറികളും ഇവിടേക്ക് ഇവിടുത്തെ നെയ്ത്തുകാരും എന്നിങ്ങനെ ക്രമീകരിച്ചു.

ചരക്കു നീക്കത്തിനുള്ള ബുദ്ധിമുട്ട് കൊണ്ട് തന്നെ ലോക്ഡൗണും കൊറിയര്‍ പ്രശ്‌നങ്ങളും ഇല്ലാത്തിടങ്ങളിലേക്ക് ഭക്ഷണ പദാര്‍ത്ഥങ്ങളും സുരക്ഷിതമായി എത്തിച്ചു നല്‍കുന്നു. അച്ചാറുകളൊക്കെ കേടു കൂടാതെ എത്തേണ്ടത് കൊണ്ട് തന്നെ എത്തിക്കാന്‍ കഴിയുന്നിടങ്ങളില്‍ നിന്നു മാത്രമാണ് ഓര്‍ഡറുകള്‍ സ്വീകരിക്കുന്നത്. ഓണം കല്യാണ സീസണ്‍ കൂടെയാണല്ലോ. ആഡംബരങ്ങളും ആള്‍ ബഹളങ്ങളും ഇല്ലെങ്കിലും വിവാഹങ്ങളും മറ്റു ചടങ്ങുകളും ഇപ്പോഴും നടക്കുന്നുണ്ട്. ഷോപ്പിംഗിന് പുറത്തു പോകാന്‍ കഴിയാത്തത് കൊണ്ട് വേണ്ടസാരികളും നെയ്ത്ത് മുണ്ടുകളും കുട്ടികളുടെ വസ്ത്രങ്ങളുമെല്ലാം വീടുകളില്‍ വളരെ സെയ്ഫ് ആയി എത്തിച്ചു നല്‍കുന്ന ഉപഭോക്താക്കള്‍ക്ക് ആശ്വാസമാണ്.

ഓണം അടുക്കുമ്പോള്‍ ഇത് സജീവമാക്കാനാകും എന്നാണ് കരുതുന്നത്. സാമ്പത്തിക ഞെരുക്കം കൂടെ മുന്നില്‍ കണ്ട് കൊണ്ട് ഉപഭോക്താക്കളുടെ മനസ്സിനിണങ്ങിയ ഉല്‍പ്പന്നങ്ങള്‍ പരമാവധി മിതമായ വിലയില്‍ എത്തിക്കാമെന്ന ഉറപ്പിലാണ് മുന്നോട്ട് പോകുന്നത്. നമ്മള്‍ അതിജീവിക്കുക തന്നെ ചെയ്യും.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it