ആടിയുലയുന്ന സാമ്പത്തിക രംഗം നിക്ഷേപകര്‍ സൂക്ഷിക്കണം

സ്വതവേ അസ്ഥിരമാണ് ആഗോള സാമ്പത്തികരംഗം. അതിന് ആക്കം കൂട്ടി കൊണ്ട് അനുദിനം പുതിയ സംഭവ വികാസങ്ങള്‍ കൂടി അരങ്ങേറുകയാണ്.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചൈനയുമായി നടത്തുന്ന താരിഫ് യുദ്ധം, ഇറാനു മേലുള്ള ഉപരോധം, അമേരിക്കന്‍ കോര്‍പ്പറേറ്റുകളുടെ ടാക്‌സ് കുറയ്ക്കല്‍ എന്നിങ്ങനെ നിരവധി ഘടകങ്ങള്‍ കൊണ്ട് യുഎസ് ഡോളറും സമ്പദ് വ്യവസ്ഥയും മികച്ച പ്രകടനമാണ് കാഴ്ചവെയ്ക്കുന്നത്. ഇതോടെ എമര്‍ജിംഗ് മാര്‍ക്കറ്റുകളില്‍ നിന്ന് ഫണ്ട് തിരികെ യുഎസിലേക്ക് ഒഴുകുന്നതിന്റെ ശക്തിയും കൂടി.

എണ്ണ വില വര്‍ധന കൂടിയായപ്പോള്‍ ഇന്ത്യന്‍ രൂപയടക്കമുള്ള കറന്‍സികളുടെ മൂല്യത്തിന്റെ ഇടിവ് സര്‍വകാല റെക്കോര്‍ഡിലെത്തി. ഇന്ത്യയുടെ മൊത്തം എണ്ണ ഉപഭോഗത്തിന്റെ 83 ശതമാനവും ഇറക്കുമതിയാണ്. ക്രൂഡ് വില വര്‍ധിക്കുന്നതോടെ ധനകമ്മിയും കുത്തനെ ഉയരുന്നു. ഇതോടൊപ്പം ഇലക്ട്രോണിക്‌സ് ഗുഡ്‌സ്, മെഷിനറി, കോള്‍ ഇറക്കുമതി എന്നിവയെല്ലാം ഇന്ത്യയുടെ വാണിജ്യ കമ്മിയെ ബാധിക്കുന്നുണ്ട്.

രാജ്യത്തിന്റെ കറന്റ് എക്കൗണ്ട് കമ്മി ജിഡിപിയുടെ 2.7 - 2.9 ശതമാനത്തിലേയ്ക്ക് എത്തുമെന്നാണ് സൂചന. അങ്ങനെയെങ്കില്‍ രൂപയുടെ മൂല്യം ഡോളറിനെതിരെ 73 എന്ന നിലവിട്ട് പിന്നെയും താഴേയ്ക്കു പോയേക്കാം.

ഇതിന്റെ പ്രതിഫലനം രാജ്യത്തെ സമസ്ത മേഖലകളിലും ഉണ്ടാവും. അവശ്യ സാധനങ്ങളുടെ വില ഉയരും. റിസര്‍വ് ബാങ്ക് പലിശ നിരക്ക് വര്‍ധിപ്പിക്കും. വായ്പാ ചെലവ് ഉയരുന്നത് രാജ്യത്തെ എല്ലാ മേഖലകളെയും ബാധിക്കും. വ്യാവസായികോല്‍പ്പാദനം കുറയും. രൂപയുടെ മൂല്യമിടിയുമ്പോള്‍ കയറ്റുമതിക്കാര്‍ക്ക് ഗുണകരമാകുമെന്ന് ധാരണയുണ്ടെങ്കിലും രാജ്യത്തെ കയറ്റുമതിയില്‍ കാര്യമായത് പ്രതിഫലിക്കുന്നുമില്ല.

ഇതിനു പുറമേ ബാങ്കിംഗ് ഇതര ധനകാര്യ രംഗത്ത് പ്രതിസന്ധികള്‍ ഉരുണ്ടു കൂടിയിട്ടുമുണ്ട്. ഇന്‍ഫ്രാസ്ട്രക്ചര്‍ ലീസിംഗ് ആന്‍ഡ് ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ (ഐഎല്‍&എഫ്എസ്) വാണിജ്യപത്രങ്ങളിന്മേലുള്ള തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് എന്‍ബിഎഫ്‌സികളുടെ റേറ്റിംഗ് സംബന്ധിച്ചും സംശയങ്ങള്‍ ശക്തമായിരിക്കുകയാണ്. കിട്ടാക്കടവും മറ്റും ബാങ്കിംഗ് രംഗത്ത് സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളും തുടരുകയാണ്.

ചില ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളുടെ ഓഹരി വിലയില്‍ 50 ശതമാനം വരെ ഇടിവാണുണ്ടായത്. ബാങ്കുകള്‍ എന്‍ബിഎഫ്‌സികള്‍ക്ക് ഫണ്ട് നല്‍കുന്നതില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്താന്‍ തുടങ്ങുന്നതോടെ അവയുടെ ഫണ്ട് ലഭ്യതയില്‍ കുറവുണ്ടാകാനും പലിശ ചെലവ് വര്‍ധിക്കാനും സാധ്യതയുണ്ട്. നേരിയ മാര്‍ജിനില്‍ പ്രവര്‍ത്തിക്കുന്ന എന്‍ബിഎഫ്‌സികള്‍ക്ക് അത് പ്രശ്‌നമാവുകയും ചെയ്യും.

എന്നാല്‍ ഇതിനിടയിലും ചില രജതരേഖകളുണ്ട്. രൂപയുടെ മൂല്യമിടിവ് പ്രവാസികള്‍ക്ക് നേട്ടമായിട്ടുണ്ട്. അവര്‍ കൂടുതലായി റിയല്‍ എസ്റ്റേറ്റ് പോലുള്ള രംഗത്ത് നിക്ഷേപം നടത്താന്‍ തയാറായി മുന്നോട്ടു വരുന്നുണ്ട്.

ആഗോള തലത്തിലെ പ്രശ്‌നങ്ങള്‍ മറ്റൊരു സാമ്പത്തിക തളര്‍ച്ചയിലേക്ക് ലോകത്തെ നയിക്കുമോ? വാറന്‍ ബഫറ്റിന്റെ വാക്കുകളുണ്ട്. Volatile market is the best friend of a good investor എന്ന്. ഈ സാഹചര്യത്തില്‍ നിക്ഷേപകര്‍ എന്തു നിലപാടാണ് സ്വീകരിക്കേണ്ടത്? വിദഗ്ധരുടെ പ്രതികരണങ്ങളിലേക്ക്.

അസ്ഥിരതയുണ്ട്, പക്ഷേ ഇന്ത്യ കരുത്തോടെ നില്‍ക്കും

ടി.എസ് അനന്തരാമന്‍

സാമ്പത്തികകാര്യ വിദഗ്ധന്‍, കാത്തലിക് സിറിയന്‍ ബാങ്ക് മുന്‍ ചെയര്‍മാന്‍

അസ്ഥിരത നിലനില്‍ക്കുന്ന ലോക സമ്പദ് വ്യവസ്ഥയില്‍ അത് വര്‍ധിപ്പിക്കുന്ന കാര്യങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. പക്ഷേ അതൊരു ആഗോള സാമ്പത്തിക തളര്‍ച്ചയിലേക്ക് നയിക്കുമെന്ന് പറയാനാകില്ല.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പല കാര്യങ്ങളും പുനര്‍ നിര്‍വചിച്ചുകൊണ്ടിരിക്കുകയാണ്. രാഷ്ട്രീയത്തേക്കാള്‍ ട്രംപിനെ ഭരിക്കുന്നത് ബിസിനസ് താല്‍പ്പര്യങ്ങളാണെന്ന് തോന്നുന്ന വിധത്തിലാണ് കാര്യങ്ങളുടെ പോക്ക്. ഇങ്ങനെ ഒക്കെ ആണെങ്കിലും ഇന്ത്യയെ അവ വലിയ തോതില്‍ സ്വാധീനിക്കാന്‍ സാധ്യതയില്ല. റിസര്‍വ് ബാങ്ക് അങ്ങേയറ്റത്തെ ജാഗ്രതയാണ് എല്ലാ കാര്യങ്ങളിലും പുലര്‍ത്തുന്നത്.

എല്ലാ എമര്‍ജിംഗ് മാര്‍ക്കറ്റുകളില്‍ നിന്നെന്ന പോലെ ഇന്ത്യയില്‍ നിന്നും ഫണ്ട് പുറത്തേക്ക് പോകാന്‍ തുടങ്ങിയിട്ട് നാളുകളായി. പക്ഷേ അതിന്റെ പ്രതിഫലനം കാര്യമായി ഇവിടെയുണ്ടായിട്ടില്ല. ഇന്ത്യയിലേക്ക് വരാതെ ഒരു മേജര്‍ ഇക്കോണമിക്കും വലിയ നേട്ടമുണ്ടാക്കാന്‍ പറ്റില്ല. ഇവിടെ ഡിമാന്റും നേട്ടവും കൂടുതലാണ്. ഹ്രസ്വകാലത്തേക്ക് ചില പിന്‍വലിയലുകള്‍ ഉണ്ടായാലും ദീര്‍ഘകാലത്തേക്ക് ഇവ ഇന്ത്യയിലേക്ക് തിരിച്ചുവരും. നമ്മുടെ മണി മാര്‍ക്കറ്റും ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റും ശക്തമായി നിലനില്‍ക്കുകയും ചെയ്യും.

നിക്ഷേപകര്‍ എന്തു ചെയ്യണം?

റീറ്റെയ്ല്‍ നിക്ഷേപകരില്‍ ഭൂരിഭാഗം പേരും സ്‌മോള്‍ ആന്‍ഡ് മീഡിയം കാപ് ഓഹരികളിലേക്കാണ് കൂടുതല്‍ ആകര്‍ഷിക്കപ്പെടുന്നത്. ഇതിന് പ്രധാനമായും രണ്ട് കാരണങ്ങളാണുള്ളത്.

1. കുറഞ്ഞ വിലയ്ക്ക് വാങ്ങി പലമടങ്ങ് നേട്ടമുണ്ടാക്കാന്‍ പറ്റുന്ന

(മള്‍ട്ടി ബാഗര്‍) ഓഹരികള്‍ പലതും ഈ രംഗത്താണുള്ളത്. 50 രൂപ

മുടക്കി 500 രൂപ നേട്ടമുണ്ടാക്കണമെന്ന് ആഗ്രഹിക്കുന്ന നിക്ഷേപകര്‍ അതുകൊണ്ട് തന്നെ ഈ മേഖലയിലെ ഓഹരികള്‍ വാങ്ങാനാണ് താല്‍പ്പര്യപ്പെടുന്നത്.

2. കുറഞ്ഞ വിലയിലുള്ള ഓഹരികള്‍ ലഭിക്കുന്നതും ഇവിടെയാണ്. ലാര്‍ജ് കാപിലെ മികച്ച കമ്പനികളുടെ ഓഹരികള്‍ ആയിരവും രണ്ടായിരവുമൊക്കെ വില വരുമ്പോള്‍ ഇവിടെ പത്തും പതിനാലും രൂപയ്‌ക്കൊക്കെ ഓഹരി വാങ്ങാം.

കഴിഞ്ഞ ഏതാനും നാളുകളായി, തിരുത്തല്‍ വന്ന രണ്ടോ മൂന്നോ സന്ദര്‍ഭങ്ങളൊഴിച്ച്, ഈ ഓഹരികള്‍ മുന്നേറിയിട്ടുണ്ട്. എന്റെ അഭിപ്രായത്തില്‍ ഇവയില്‍ പലതും ഇപ്പോള്‍ ഉയര്‍ന്ന വാല്യുവേഷനിലാണ്.

രാജ്യാന്തരതലത്തില്‍ തന്നെ റിസ്‌ക് കുറയ്ക്കുന്ന പ്രവണതയാണ് ഇപ്പോള്‍ കണ്ടുവരുന്നത്. ആ സാഹചര്യത്തില്‍ ഇത്തരത്തില്‍ ഉയര്‍ന്ന വാല്യുവേഷനുള്ള കമ്പനികളിലേക്ക് ഫണ്ടുകള്‍ വരാതിരിക്കാനും ഉള്ളവ തന്നെ പിന്‍വലിക്കപ്പെടാനും സാധ്യതയുണ്ട്. മാത്രമല്ല ഈ ഗണത്തിലെ ഹൈ ക്വാളിറ്റി ഓഹരികള്‍ കണ്ടുപിടിക്കുക എന്നതും ശ്രമകരമാണ്.

എന്നാല്‍ ലാര്‍ജ് ക്യാപില്‍ സ്ഥിതി വ്യത്യസ്തമാണ്. കാര്യമായ വര്‍ധനയുണ്ടായിരിക്കുന്നത് 15 ഓളം ലാര്‍ജ് ക്യാപ് ഓഹരികളില്‍ മാത്രമാണ്. എന്നാല്‍ കരുത്തുറ്റ അടിത്തറയുള്ള മികച്ച ലാര്‍ജ് കാപ് ഓഹരികള്‍ ഇപ്പോഴും ആകര്‍ഷകമായ വിലയില്‍ ലഭ്യമാണ്. അതുകൊണ്ട് നിക്ഷേപകര്‍ അത്തരം ഓഹരികളില്‍ നിക്ഷേപിക്കുക. അതിനര്‍ത്ഥം സ്‌മോള്‍, മിഡ്കാപ് ഓഹരികളില്‍ നിന്ന് പൂര്‍ണമായും പിന്‍വലിയണമെന്നല്ല. നിക്ഷേപം കുറേക്കൂടി സന്തുലിതമാക്കുക. സമീപ ഭാവിയില്‍ തന്നെ വന്‍ നേട്ടം സ്വന്തമാക്കാന്‍ സാധിക്കും.

മാന്ദ്യം പ്രവചിക്കാനാവില്ല, ചാക്രികമായ നീക്കങ്ങള്‍ പ്രതീക്ഷിക്കാം

ഡോ. വി.കെ വിജയകുമാര്‍

ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ്, ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ്

ലോകത്ത് ഇതുവരെ ആര്‍ക്കും കൃത്യമായി സാമ്പത്തിക മാന്ദ്യം പ്രവചിക്കാന്‍ സാധിച്ചിട്ടില്ല. അങ്ങേയറ്റം അപ്രതീക്ഷിതമായ സമയത്താണ് അത് സംഭവിച്ചിട്ടുള്ളതും. നിലവില്‍ അമേരിക്കയില്‍ പത്തുവര്‍ഷത്തെ ബോണ്ട് യീല്‍ഡ് 3.1 ശതമാനമാണ്.

ആ രാജ്യം 4.2 ശതമാനം എന്ന നിലയില്‍ വളര്‍ച്ച പ്രകടിപ്പിക്കുകയും ചെയ്യുന്നു. സാധാരണ നിലയില്‍ വര്‍ഷത്തില്‍ മൂന്നു തവണ അമേരിക്ക പലിശ നിരക്കില്‍ മാറ്റം വരുത്താറുണ്ട്. ഇനി അത് വര്‍ധിച്ചാല്‍ ഇന്ത്യ അടക്കമുള്ള എമര്‍ജിംഗ് മാര്‍ക്കറ്റുകള്‍ക്ക് പ്രശ്‌നമാകും.

യു എസ് - ചൈന വ്യാപാര കലഹത്തെ വ്യാപാര യുദ്ധമെന്നു വിശേഷിപ്പിക്കാനാകില്ല. യുദ്ധമെന്നാല്‍ തുല്യ ശക്തികള്‍ തുല്യമായി നിന്ന് പോരാടുന്നതാണ്. ഇവിടെ അമേരിക്ക 500 ഓളം ഉല്‍പ്പന്നങ്ങളില്‍ 200 ബില്യണ്‍ ഡോളറിന്റെ താരിഫ് വര്‍ധിപ്പിച്ചപ്പോള്‍ ചൈനയ്ക്ക് സമാനമായി ചെയ്യാന്‍ സാധിച്ചത് 50 ബില്യണ്‍ ഡോളറിന്റെ താരിഫ് വര്‍ധന മാത്രമാണ്. അമേരിക്ക നികുതി നിരക്ക് കുറച്ചും താരിഫ് കൂട്ടിയും അമേരിക്കയ്ക്ക് പുറത്തുള്ള അമേരിക്കന്‍ കമ്പനികളെ രാജ്യത്തിനകത്തേക്ക് തന്നെ ആകര്‍ഷിക്കാനുള്ള ശ്രമത്തിലാണ്. അത് അവരുടെ രാജ്യത്തിന്റെ താല്‍പ്പര്യ സംരക്ഷണത്തിനാകും.

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ അങ്ങേയറ്റം ശക്തമാണ്. രൂപ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ശക്തമായ, സുസ്ഥിരമായ നിലയിലായിരുന്നു. ഇപ്പോള്‍ അര്‍ജന്റീന, ടര്‍ക്കി എന്നീ എമര്‍ജിംഗ് മാര്‍ക്കറ്റിലേതു പോലെ ഇവിടെയും കറന്‍സിയുടെ മൂല്യമിടിയുന്നു. ക്രൂഡ് വില രാജ്യാന്തര വിപണിയില്‍ 90 ഡോളറിന് മുകളിലെത്തിയാല്‍ ഇന്ത്യന്‍ രൂപ ഡോളറിനെതിരെ 73 എന്ന നിലയില്‍ നിന്ന് ഇനിയും താഴേക്ക് പോകാം.

ഇന്ത്യയിലെ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ധനക്കമ്മി കൂട്ടാതിരിക്കാന്‍ ഇപ്പോള്‍ സ്വീകരിക്കുന്ന ജനപ്രിയമല്ലാത്ത പല കാര്യങ്ങളും സമീപ ഭാവിയില്‍ പുനരവലോകനം ചെയ്‌തേക്കാം. എന്നിരുന്നാലും ഇന്ത്യയുടെ അടിസ്ഥാന ഘടകങ്ങള്‍ ശക്തമാണ്. രാജ്യത്ത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ വളര്‍ച്ച തന്നെയാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്.

നിക്ഷേപകര്‍ എന്തു ചെയ്യണം?

റീറ്റെയ്ല്‍ നിക്ഷേപകരില്‍ ബഹുഭൂരിപക്ഷത്തിനും നല്ല ഗുണനിലവാരമുള്ള ഓഹരികള്‍ കണ്ടെത്താനുള്ള വൈദഗ്ധ്യമില്ലെന്നതാണ് വാസ്തവം. എങ്കിലും ചിലര്‍ ചില ഓഹരികളുടെ മോഹിപ്പിക്കുന്ന കുതിപ്പ് കണ്ട് നേരിട്ട് ഓഹരികളില്‍ നിക്ഷേപിക്കും. കൈ പൊള്ളുകയും ചെയ്യും. ഈ സാഹചര്യത്തില്‍ മ്യൂച്വല്‍ ഫണ്ടുകളിലൂടെ സിസ്റ്റമാറ്റിക്കായുള്ള നിക്ഷേപമാണ് നല്ലത്. എസ്‌ഐപിയിലൂടെ നിക്ഷേപിക്കുക. കുറഞ്ഞത് നാലുവര്‍ഷത്തേക്ക് എങ്കിലും.

ജനുവരിയില്‍ ജിയോജിത് ഇന്‍സൈറ്റിന്റെ മുഖപ്രസംഗത്തിന്റെ തലക്കെട്ട് ടവശള േീേ ഹമൃഴല രമു എന്നതായിരുന്നു. പത്തുമാസം മുമ്പ് ഞങ്ങള്‍ പറഞ്ഞ കാര്യമാണ് ഇപ്പോള്‍ പലരും പറയുന്നത്. മികച്ച അടിത്തറയുള്ള, പ്രൊഫഷണലായി മാനേജ് ചെയ്യുന്ന ലാര്‍ജ് കാപ് ഓഹരികളില്‍ നിക്ഷേപിക്കുന്നത് ഇപ്പോഴത്തെ സാഹചര്യത്തില്‍ നല്ലതാണ്. ഭാവിയില്‍ മികച്ച നേട്ടം ലഭിക്കുകയും ചെയ്യും.

കയറ്റുമതി കൂടുന്നത് നേട്ടമാകും

രാംകി,

മാനേജിംഗ് ഡയറക്റ്റര്‍, ഷെയര്‍വെല്‍ത്ത് സെക്യൂരിറ്റീസ്

അമേരിക്കയില്‍ കോര്‍പ്പറേറ്റ് ടാക്‌സ് കുറച്ചത് അവിടത്തെ ചെറിയ കമ്പനികള്‍ക്കടക്കം നേട്ടമായിട്ടുണ്ട്. അവര്‍ ഒരു വെല്‍ത്ത് ക്രിയേഷന്‍ മോഡിലാണ്. അതുകൊണ്ടാണ് ഇപ്പോള്‍ അമേരിക്ക തിളങ്ങുന്നത്. താരിഫ് യുദ്ധം വന്നതോടെ അമേരിക്കയ്ക്ക് പുറത്തുള്ള അമേരിക്കന്‍ കമ്പനികള്‍ പോലും അവിടേക്ക് തിരിച്ചു പോയി തുടങ്ങി. അതിന്റെ നേട്ടം അമേരിക്കയ്ക്ക്് ഉണ്ടാകും.

ഇന്ത്യയെ സംബന്ധിച്ചിടത്തോളം ക്രൂഡ് വില വര്‍ധന ഒരു നിര്‍ണായക കാര്യമാണ്. കറന്‍സിയുടെ മൂല്യത്തെയും അത് ബാധിക്കുന്നുണ്ട്. എന്നാല്‍ ധനകമ്മി ഭീകരമായി വര്‍ധിച്ചുവെന്ന് പറയാനാകില്ല. കാരണം അത് 3.9 ശതമാനം വരെ മുന്‍പ് ഉയര്‍ന്നിട്ടുണ്ട്.

നോട്ട് പിന്‍വലിക്കലിന് ശേഷം രാജ്യത്തെ എസ് എം ഇ മേഖല ഉണര്‍ന്നിട്ടില്ല എന്നതാണ് പ്രസക്തമായ ഒരു കാര്യം. ഈ രംഗത്ത് ഉണര്‍വുണ്ടായാല്‍ രാജ്യം പത്തുശതമാനമെന്ന നിരക്കില്‍ വളരും. തെരഞ്ഞെടുപ്പ് അടുത്തതോടെ കൂടുതല്‍ ജനപ്രിയ പദ്ധതികള്‍ വരാനും സാധ്യതയുണ്ട്. പക്ഷേ, രാജ്യം ശക്തമായ അടിത്തറയില്‍ തന്നെയാണ്.

നിക്ഷേപകര്‍ എന്തു ചെയ്യണം?

മികച്ച കമ്പനികളില്‍ നിക്ഷേപം നടത്തുക. റേറ്റിംഗുകള്‍ പലതും മിഥ്യാധാരണയാണ്. അതല്ല പരിഗണിക്കേണ്ടത്. നല്ല മാനേജ്‌മെന്റ്, മികച്ച സാമ്പത്തിക ആസൂത്രണം, കരുത്തുറ്റ അടിത്തറ ഇവയെല്ലാമുള്ള മികച്ച കമ്പനികളുടെ ഓഹരികള്‍ ആകര്‍ഷകമായി വിലയില്‍ ലഭിക്കുന്നുണ്ട്. അവ വാങ്ങുക. കാത്തിരിക്കുക. നേട്ടം കിട്ടും.

എന്‍ബിഎഫ്‌സി ഓഹരി വില എങ്ങോട്ട്?

ഇന്ത്യന്‍ ഓഹരി വിപണിയിലെ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളുടെ ഓഹരി വിലയിലെ കുതിപ്പ് അവസാനിക്കുകയാണോ? അടുത്തിടെയുണ്ടായ ചില സംഭവ വികാസങ്ങള്‍ ഈയൊരു സംശയത്തിന് വഴി വെച്ചിട്ടുണ്ട്. ഹ്രസ്വകാലത്തേക്ക് എന്‍ബിഎഫ്‌സി ഓഹരികളുടെ വിലയില്‍ ഇടിവ് പ്രകടമാകുമെന്ന് തന്നെയാണ് വിപണി നിരീക്ഷകര്‍ പറയുന്നത്. എന്നാല്‍ ദീര്‍ഘകാലത്തേക്ക് കരുത്തുറ്റ അടിത്തറയുള്ള മികച്ച കമ്പനികള്‍ ശക്തമായ പ്രകടനം കാഴ്ചവെയ്ക്കുമെന്നു ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

''എന്‍ബിഎഫ്‌സികളുടെ റേറ്റിംഗ് കൂടി നോക്കിയാണ് ബാങ്കുകള്‍ ഫണ്ട് നല്‍കുന്നത്. റേറ്റിംഗില്‍ ഇത്തരം ഇടിവുകള്‍, ഒരു പക്ഷേ അതൊരു സിസ്റ്റത്തിന്റെ പരാജയം കൂടിയാകാം, ബാങ്കുകളെ രണ്ടാമതൊരാലോചനയിലേക്ക് നയിക്കും. റിസ്‌ക് കൂടുന്നതോടെ നിരക്ക് ഉയര്‍ത്തും. ഫണ്ടിന്റെ ചെലവ് ഉയരും. ഇത് വന്‍കിട കമ്പനികളെ ബാധിച്ചേക്കില്ലെങ്കിലും ഇടത്തരം കമ്പനികള്‍ക്ക് തിരിച്ചടിയാകും. അവരുടെ പ്രോഫിറ്റിനെ പ്രതികൂലമായി ബാധിക്കും. പക്ഷേ ഇതൊരു ഹ്രസ്വകാലത്തേക്ക് മാത്രമാകും.

ഈ പ്രശ്‌നങ്ങള്‍ അടങ്ങി കഴിയുമ്പോള്‍ രാജ്യാന്തര നിക്ഷേപക സ്ഥാപനങ്ങള്‍ തന്നെ ഇവയില്‍ നിക്ഷേപവുമായി വരും. കാരണം ഇന്ത്യയില്‍ എന്‍ ബി എഫ് സികള്‍ വളരെ നിസ്തുലമായ പങ്കാണ് വഹിക്കുന്നത്. അവയില്‍ ഭൂരിഭാഗത്തിന്റെയും അടിത്തറ ശക്തമാണ്. അതുകൊണ്ട് ദീര്‍ഘകാലത്തേക്ക് ഇവയ്ക്ക് പ്രശ്‌നമില്ല,'' സാമ്പത്തിക കാര്യ വിദഗ്ധനും കാത്തലിക് സിറിയന്‍ ബാങ്കിന്റെ മുന്‍ ചെയര്‍മാനുമായ ടി.എസ് അനന്തരാമന്‍ വിശദീകരിക്കുന്നു.

ഇതേ അഭിപ്രായം തന്നെയാണ് ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് ഡോ. വി.കെ വിജയകുമാറും പങ്കുവെയ്ക്കുന്നത്.

രാജ്യത്തെ മികച്ച എന്‍ ബി എഫ്‌സികളെ ഈ പ്രശ്‌നം ദീര്‍ഘകാലാടിസ്ഥാനത്തില്‍ ബാധിക്കില്ലെന്ന അഭിപ്രായമാണ് ഷെയര്‍വെല്‍ത്ത് സെക്യൂരിറ്റീസിന്റെ മാനേജിംഗ് ഡയറക്റ്റര്‍ രാംകിയ്ക്കുമുള്ളത്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it