കോവിഡ് വാക്‌സിന്‍ എത്താന്‍ ഒരു വര്‍ഷമെങ്കിലും വേണം: ഡോ.സൗമ്യ സ്വാമിനാഥന്‍

ധാര്‍മ്മിക മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാകണം വാക്‌സിന്‍ വികസനം: ലോകാരോഗ്യ സംഘടനയുടെ ചീഫ് സയന്റിസ്റ്റ്

WHO Chief Scientist on ICMR Vaccine: Scientific, Ethical Standards Mustn't Yield to Speed
-Ad-

ഇന്ത്യയില്‍ ഉടന്‍ കോവിഡ് പ്രതിരോധ വാക്‌സിന്‍ തയ്യാറാകുമെന്ന അവകാശ വാദങ്ങള്‍ തള്ളി ലോകാരോഗ്യ സംഘടനയുടെ ചീഫ് സയന്റിസ്റ്റ് ഡോ.സൗമ്യ സ്വാമിനാഥന്‍. 2021 ആകും മുമ്പേ ലോകത്തൊരിടത്തും വാക്‌സിന്‍ വിജയകരമായി വികസിതമാകുമെന്നു കരുതാനാകില്ല. 2021 അവസാനത്തോടെ  മതിയായ അളവില്‍ വാക്‌സിന്‍ ലഭ്യമാകുവാനുള്ള സാധ്യതയാണ് ‘ദി വയറി’നു വേണ്ടി കരണ്‍ ഥാപ്പറിന് നല്‍കിയ അഭിമുഖത്തില്‍ അവര്‍ ചൂണ്ടിക്കാട്ടിയത്.

ഒരു വാക്‌സിന്‍ വികസിപ്പിക്കുന്നതില്‍ ധാര്‍മ്മികവും ശാസ്ത്രീയവുമായ എല്ലാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും പാലിക്കേണ്ടത് പ്രധാനമാണെന്ന് മലയാളിയായ വിഖ്യാത കൃഷിശാസ്ത്രജ്ഞന്‍ ഡോ. എം എസ്. സ്വാമിനാഥന്റെ പുത്രിയായ  ഡോ.സൗമ്യ ആവര്‍ത്തിച്ചു. മിക്കപ്പോഴും ഏറ്റവും പ്രധാനപ്പെട്ടതായി കണക്കാക്കപ്പെടുന്ന ഘട്ടം -3 പരീക്ഷണങ്ങളില്‍ 20000-30,000 ആളുകള്‍ വരെ പങ്കെടുക്കണമെന്ന് ലോകാരോഗ്യ സംഘടന ശുപാര്‍ശ ചെയ്തിട്ടുണ്ട്.ഈ ഘട്ടം തീരുന്നതിന് ചിലപ്പോള്‍ വര്‍ഷങ്ങള്‍ വേണ്ടിവരാമെന്ന് അവര്‍ പറഞ്ഞു. ഏറ്റവും കഠിനമായ പ്രക്രിയകള്‍ പൂര്‍ത്തീകരിക്കേണ്ടതുണ്ട്. 

2020 ഓഗസ്റ്റ് 15 നകം പൊതുജനാരോഗ്യ ഉപയോഗത്തിനായി ഒരു കോവിഡ് -19 വാക്‌സിന്‍ പുറത്തിറക്കുമെന്ന് ഇന്ത്യ പ്രതീക്ഷിക്കുന്നതായി  ഐസിഎംആര്‍ മേധാവി ഡോ. ബല്‍റാം ഭാര്‍ഗവ നടത്തിയ അവകാശവാദം സ്വീകരിക്കാന്‍ കഴിയില്ലെന്ന് മുമ്പ് ഐസിഎംആര്‍ മേധാവിയായി സേവനമനുഷ്ഠിച്ചിരുന്ന ഡോ.സൗമ്യ സ്വാമിനാഥന്‍ പറഞ്ഞു. ഐസിഎംആര്‍ / ഭാരത് ബയോടെക് വാക്‌സിനുകളുടെ ഘട്ടം -1 പരീക്ഷണങ്ങള്‍ പോലും ആരംഭിച്ചിട്ടില്ല. ഓഗസ്റ്റ് 15 ന് ഈ വാക്‌സിന്‍ ആളുകള്‍ക്ക് നല്‍കാനാവില്ല. ഭാര്‍ഗവ കാര്യങ്ങള്‍ വ്യക്തമാക്കുമെന്ന് താന്‍ കരുതുന്നു.പല രാജ്യങ്ങളിലായി 150 വ്യത്യസ്ത വാക്‌സിനുകള്‍ പരിശോധനയുടെ പ്രീ-ക്ലിനിക്കല്‍ ഘട്ടത്തിലാണെന്നും 17-18 എണ്ണം ക്ലിനിക്കല്‍ ഘട്ടങ്ങളിലാണെന്നും  ഡോ.സൗമ്യ പറഞ്ഞു. ഒന്നോ രണ്ടോ മാത്രമാണ് ഘട്ടം -3 ആയിട്ടുള്ളത്. നമുക്കു ഭാഗ്യമുണ്ടെങ്കില്‍  2021 ന്റെ തുടക്കത്തോടെ ഒരു വാക്‌സിന്‍ കണ്ടെത്താനായേക്കും.

-Ad-

ഇന്ത്യ വികസിപ്പിക്കുന്ന കോവിഡ് വാക്‌സിന്റെ പരീക്ഷണം  42 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ ആവശ്യപ്പെട്ട ഐ. സി. എം. ആറിന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെട്ട സാഹചര്യത്തില്‍, 2021 ന് മുന്‍പ് കോവിഡ് പ്രതിരോധ വാക്‌സിനുകളൊന്നും തയാറാവില്ലെന്ന് കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയം വിശദീകരണവുമായി രംഗത്ത് എത്തിയിരുന്നു.കോവിഡിനെതിരെ വാക്‌സിന്‍ വികസിപ്പിച്ചെടുക്കാന്‍ ആറു ശ്രമങ്ങളാണ് ഇന്ത്യയില്‍ നടക്കുന്നത്. പൂനെയിലെ സീറം ഇന്‍സ്റ്റിറ്റ്യൂട്ട്, യുകെ ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയുമായി ചേര്‍ന്ന് ആദ്യത്തേത്. ഇന്ത്യന്‍ കൌണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്, ഹൈദരാബാദിലെ ഭാരത് ബയോടെക്ക് എന്നിവ സംയുകതമായി മറ്റൊന്ന്. സൈഡസ് കാഡില അഹമ്മദാബാദ് എന്നിവയടക്കം മറ്റ് കമ്പനികളുമുണ്ട് രംഗത്ത്. വാക്‌സിന്‍ വികസനം സംബന്ധിച്ച ഐസിഎംആര്‍ മേധാവിയുടെ അവകാശ വാദങ്ങള്‍ പുറത്തുവന്നത് ഓഹരി വിപണിയിലും ഉണര്‍വുണ്ടാക്കിയിരുന്നു. പക്ഷേ, തിരിച്ചുള്ള വെളിപ്പെടുത്തലുകള്‍ എത്തിയതോടെ  കാഡിലയുടെ ഓഹരി വില ഇന്ന് താഴ്ന്നു.

പ്രതിഷേധം ശക്തമായതോടെ നടപടി ക്രമങ്ങള്‍ ഒഴിവാക്കാന്‍ ആവശ്യപ്പെട്ടില്ലെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് വിശദീകരിച്ചിട്ടും വിമര്‍ശനം കുറഞ്ഞിരുന്നില്ല. വലിയൊരു ജന സമൂഹത്തിന് നല്‍കുന്നതിന് മുന്‍പ് എല്ലാ തരത്തിലും വാക്‌സിന്‍ ഫലപ്രദമാണെന്നും സുരക്ഷിതമാണെന്നും ഉറപ്പാക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം മുന്‍ സെക്രട്ടറി കെ. സുജാത റാവു നേരത്തെ പ്രതികരിച്ചിരുന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിലെ വിദഗ്ദ്ധര്‍ക്കും ഐ. സി. എം. ആര്‍ നീക്കത്തില്‍ പ്രതിഷേധം ഉണ്ട്. സ്വാതന്ത്ര്യദിനത്തില്‍ കോവിഡ് വാക്സിനെക്കുറിച്ച് പ്രധാനമന്ത്രിക്കു പ്രഖ്യാപനം നടത്താനാണ് ഐ. സി. എം. ആര്‍ ധൃതിപിടിച്ചത് എന്നാണു വിമര്‍ശനം.

ഇതിനിടെ വായുവിലൂടെ കൊറോണ വൈറസ് പകരുന്നതിന് തെളിവുകളുള്ളതിനാല്‍ കോവിഡ് 19 മാനദണ്ഡങ്ങള്‍ പരിഷ്‌കരിക്കാന്‍ ലോകാരോഗ്യ സംഘടനയോട് ശാസ്ത്ര സമൂഹം ആവശ്യപ്പെട്ടതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 32 രാജ്യങ്ങളില്‍ നിന്നുള്ള 239 ശാസ്ത്രജ്ഞരടങ്ങുന്ന സംഘം വായുവിലൂടെ വൈറസ് മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പടരുമെന്നതിനുള്ള തെളിവുകള്‍ ലോകാരോഗ്യ സംഘടനയെ കത്തിലൂടെ അറിയിച്ചു. അതേസമയം വൈറസ് വായുവിലൂടെ പകരുമെന്നതിനുള്ള തെളിവുകള്‍ ബോധ്യപ്പെടുന്നില്ലെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞതായും റിപ്പോര്‍ട്ടില്‍ പറയുന്നു. വൈറസ് ബാധിച്ചവര്‍ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും സംസാരിക്കുമ്പോഴും മൂക്കിലൂടെയും വായിലൂടെയും പുറത്തുവരുന്ന സ്രവത്തിലൂടെ രോഗം മറ്റുള്ളവര്‍ക്ക് പകരുമെന്നാണ് ലോകാരോഗ്യ സംഘടന നേരത്തെ വ്യക്തമാക്കിയിട്ടുള്ളത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

LEAVE A REPLY

Please enter your comment!
Please enter your name here