ഐടിയില്‍ 'ഇന്ത്യന്‍ വിജയകഥ' രചിച്ച ശിവ് നാടാര്‍, അദ്ദേഹത്തില്‍ നിന്ന് പഠിക്കേണ്ട 8 പാഠങ്ങള്‍

''ശിവ് കാലിഫോര്‍ണിയയില്‍ ആയിരുന്നെങ്കില്‍ എച്ച്‌സിഎല്‍ ഇപ്പോള്‍ 500 ബില്യണ്‍ ഡോളര്‍ കമ്പനി ആകുമായിരുന്നു.'' ശിവ് നാടാറെക്കുറിച്ച് എച്ച്‌സിഎല്‍ ടെക്‌നോളജീസിന്റെ മുന്‍ ചീഫ് എക്‌സിക്യൂട്ടിവായ വിനീത് നായര്‍ പറഞ്ഞതാണിത്.

എന്നാല്‍ രാജ്യത്തെ പരിമിതികളോട് പൊരുതി, വെല്ലുവിളികള്‍ ഏറ്റെടുത്ത്, സമാനതകളില്ലാത്ത ഒരു 'ഇന്ത്യന്‍ വിജയകഥ' സൃഷ്ടിക്കാനായിരുന്നു ശിവ് നാടാറിന് ഇഷ്ടം. അങ്ങനെ എച്ച്‌സിഎല്‍ ടെക്‌നോളജീസ് ഇന്ത്യയിലെ മൂന്നാമത്തെ ഏറ്റവും വലിയ സോഫ്റ്റ്‌വെയര്‍ എക്‌സ്‌പോര്‍ട്ടര്‍ കമ്പനിയായി. നാല് ദശാബ്ദത്തെ സേവനത്തിന് ശേഷം ചെങ്കോല്‍ മകളെ ഏല്‍പ്പിച്ച് ശിവ് നാടാര്‍ എച്ച്‌സിഎല്‍ ടെക്‌നോളജീസിന്റെ ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചിരിക്കുകയാണ്.

1. 1976ല്‍ ഡല്‍ഹിയിലെ ഒരു കെട്ടിടത്തിന്റെ ടെറസിലെ ചുരുങ്ങിയ സൗകര്യങ്ങളില്‍ നിന്നാണ് ശിവ് നാടാറുടെ യാത്ര ആരംഭിക്കുന്നത്. ലൈസന്‍സ് രാജിന്റെ കാലത്ത് എച്ച്‌സിഎല്‍ തുടങ്ങാനും അതിന് വേണ്ടി പണം കണ്ടെത്താനും അദ്ദേഹം ഏറെ ബുദ്ധിമുട്ടി. പക്ഷെ അസാമാന്യധൈര്യത്തോടെ എടുത്ത തീരുമാനങ്ങളാണ് അദ്ദേഹത്തെ ഇവിടെ വരെയെത്തിച്ചത്.

2. ഈ രംഗത്ത് മറ്റു സംരംഭകരെ അപേക്ഷിച്ച് കടുത്ത തീരുമാനങ്ങള്‍ ധൈര്യത്തോടെ എടുക്കാന്‍ കഴിവുള്ള വ്യക്തിയായിരുന്നു ശിവ് നാടാര്‍. പ്രത്യേകിച്ച് ഏറ്റെടുക്കലുകളുടെയും ലയനങ്ങളുടെയും തീരുമാനങ്ങള്‍.

3. ശരിയായ ലീഡേഴ്‌സിനെ, ശരിയായ സ്ഥാനത്ത്, ശരിയായ സമയത്ത് കൊണ്ടുവരാന്‍ അദ്ദേഹത്തിനുള്ള കഴിവ് അപാരമായിരുന്നു.

4. എന്നും കൂടെയുള്ളവരെ ചേര്‍ത്തുപിടിച്ച അപൂര്‍വ്വവ്യക്തിത്വം. സാമ്പത്തിക പ്രതിസന്ധി സമയത്ത് ഒറ്റ ജീവനക്കാരെപ്പോലും അദ്ദേഹം പിരിച്ചുവിട്ടില്ല. ലേമാന്‍ പ്രതിസന്ധിയുണ്ടായ സമയത്ത് എച്ച്‌സിഎല്ലിന് തുണയായത്, 'എംപ്ലോയീ ഫസ്റ്റ്, കസ്റ്റമര്‍ സെക്കന്‍ഡ്' എന്ന നിലപാടായിരുന്നു. സാമ്പത്തിക പ്രതിസന്ധിയുടെ അങ്ങേയറ്റത്ത് നില്‍ക്കുമ്പോള്‍ ജീവനക്കാരുടെ സ്ട്രാറ്റജിക് പ്രാധാന്യം മനസിലാക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞെന്ന് വിനീത് നായര്‍ പറയുന്നു.

5. 2002ല്‍ യു.എസ് ഇക്കണോമിയെ സാമ്പത്തികമാന്ദ്യം ബാധിച്ചപ്പോള്‍ എച്ച്‌സിഎല്ലിന് ഒരുപാട് ബിസിനസുകള്‍ നഷ്ടമായി. കമ്പനിയുടെ വരുമാനത്തിന്റെ സിംഹഭാഗം യു.എസില്‍ നിന്നായിരുന്നു. പക്ഷെ പ്രതിസന്ധി സമയത്ത് കമ്പനി പുതിയ മേഖലകളായ ഹെല്‍ത്ത് കെയര്‍, എയ്‌റോസ്‌പേസ് മേഖലകളില്‍ സജീവമായി. കഠിനമായ സമയത്ത് സ്വയം അവസരങ്ങള്‍ സൃഷ്ടിച്ച് മുന്നേറുന്ന ശൈലി.

6. ''ദുര്‍ബ്ബലമായ സിഗ്നലുകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് പുതിയ അവസരങ്ങള്‍ കണ്ടെത്തുക. ഈ സിഗ്നലുകള്‍ തീവൃമാക്കുകയും അവയില്‍ നിന്ന് ഉയര്‍ന്നുവരുന്ന അവസരങ്ങള്‍ പ്രയോജനപ്പെടുത്തുകയും ചെയ്യുക. ഇത് ബിസിനസുകള്‍ക്ക് നിരന്തരമായി സ്വയം കണ്ടെത്തുന്നതിലുള്ള കഴിവ് നല്‍കും.'' സി.കെ പ്രഹ്ലാദിന്റെ ഉപദേശം ശിവ് നാടാര്‍ തന്റെ സംരംഭകയാത്രയില്‍ പ്രാവര്‍ത്തികമാക്കി. തനിക്ക് ലഭിച്ച ഏറ്റവും മികച്ച ഉപദേശമായാണ് അദ്ദേഹം ഇതിനെ കാണുന്നത്.

7. നിലവിലുള്ള ട്രെന്‍ഡുകളെ വിശകലനം ചെയ്ത് അതിന്റെ അടിസ്ഥാനത്തില്‍ വരാനിരിക്കുന്ന വലിയ മാറ്റങ്ങളെ മുന്‍കൂട്ടി കാണാനും അതിന് വേണ്ടി തയാറെടുക്കാനുമുള്ള അദ്ദേഹത്തിന്റെ കഴിവ് എച്ച്‌സിഎല്ലിന്റെ വളര്‍ച്ചയില്‍ നാഴികക്കല്ലായി.

8. അതിരാവിലെ എഴുന്നേല്‍ക്കുന്നത് അദ്ദേഹത്തിന്റെ പഠിക്കുന്ന കാലത്തേയുള്ള ശീലമാണ്. ''നിങ്ങള്‍ രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ നിങ്ങള്‍ മറ്റുള്ളവരെ ശല്യപ്പെടുത്തുക കൂടിയാണ് ചെയ്യുന്നത്.(പൊട്ടിച്ചിരിക്കുന്നു). അതുകൊണ്ട് ഞാന്‍ എല്ലാ ദിവസവും രാവിലെ 5000 മീറ്റര്‍ ഓടും. ഇപ്പോഴും എനിക്ക് ആ ശീലമുണ്ട്. ഞാന്‍ ഫിറ്റ് ആയിരിക്കുന്നതിന്റെ കാരണവും അതുതന്നെ. ഇന്നു 3000 മീറ്റര്‍ സ്പീഡ് വാക്ക് ചെയ്തു.'' അദ്ദേഹം ഒരിക്കല്‍ പറഞ്ഞു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Binnu Rose Xavier
Binnu Rose Xavier  

Senior Correspondent

Related Articles

Next Story

Videos

Share it