2000 ഡോളറിൽ തുടങ്ങി;  ആലിബാബയുടെ പടിയിറങ്ങുമ്പോൾ ജാക്  മായുടെ സമ്പാദ്യം  4000 കോടി ഡോളർ

ചൈനീസ് കോടീശ്വരനും ആലിബാബാ ഡോട്ട്‌കോമിന്റെ സ്ഥാപകനുമായ ജാക് മാ വിരമിക്കുകയാണ്. പതിനെട്ട് വര്‍ഷം മുന്‍പ് അഴിച്ചു വെച്ച അധ്യാപകന്റെ കുപ്പായം വീണ്ടും അണിയാന്‍. 2019 സെപ്റ്റംബർ 10ന് കമ്പനിയുടെ സിഇഒ ആയ ഡാനിയേൽ ഷാങ് എക്സിക്യൂട്ടീവ് ചെയർമാൻ പദവി ഏറ്റെടുക്കും. ജാക്ക് മായുടെ 54–ാം പിറന്നാളിനോടനുബന്ധിച്ചാണ് പുതിയ തീരുമാനങ്ങൾ പ്രഖ്യാപിച്ചത്.

ജാക്ക് മായുടെ ജീവിതവും വിജയവും യുവസംരംഭകരെ എന്നും ആവേശം കൊള്ളിക്കുന്നതാണ്. അദ്ദേഹത്തിന്റെ സംരംഭകനിലേക്കുള്ള യാത്രയിലെ ചില ഏടുകൾ.

 • 1999 ലാണ് ജാക്കും സുഹൃത്തുക്കളും ചേര്‍ന്ന് ഓണ്‍ലൈന്‍ വ്യാപാരസ്ഥാപനം തുടങ്ങിയത്. ആദ്യമായി ഇന്റര്‍നെറ്റ് ഉപയോഗിച്ചതാണ് ആലിബാബയുടെ ആശയം നല്‍കിയത്. അമേരിക്കയിലേക്കുള്ള ആദ്യ യാത്ര 1995ല്‍.
 • ബിയര്‍ എന്ന് സെര്‍ച്ച് ചെയ്ത ജാക്കിന് അദ്ഭുതമായി, ഒരു ചൈനീസ് ബിയര്‍ പോലും സ്‌ക്രീനില്‍ വരുന്നില്ല. എങ്കില്‍ ചൈനയ്ക്ക് മാത്രമായി ഒരു ഇന്റര്‍നെറ്റ് കമ്പനി തുടങ്ങിയാലോ എന്നൊരു ചിന്ത മനസ്സില്‍ മിന്നി. കോഫി ഷോപ്പിലിരിക്കുമ്പോള്‍ കമ്പനിയുടെ പേരും കിട്ടി. ആലിബാബ.
 • ആലിബാബ തുടങ്ങിയപ്പോൾ അദ്ദേഹത്തെ കിറുക്കനെന്ന് പലരും വിളിച്ചു. ടൈം മാഗസിന്‍ പോലും അദ്ദേഹത്തെ 'ക്രേസി ജാക് മാ' എന്നാണ് അധിസംബോധന ചെയ്തത്. ഇന്ന് ആലിബാബ എന്ന കമ്പനി ഇ-കൊമേഴ്സ്, ഡിജിറ്റല്‍ മീഡിയ, എന്റര്‍ടെയ്ന്‍മെന്റ്, കോര്‍പ്പറേറ്റ് മെസേജിംഗ്, ഓണ്‍ലൈന്‍ ബാങ്കിംഗ് തുടങ്ങിയ മേഖലകളിലേക്ക് പടർന്ന് പന്തലിച്ച് നിൽക്കുന്നു. സാമൂഹ്യമാധ്യമമായ വെയ്ബോ, ഇംഗ്ലീഷ് പത്രം ദി സൗത്ത് ചൈന മോർണിംഗ് എന്നിവയും ഗ്രൂപ്പിന്റെ കീഴിലാണ്.
 • ജാക് മാ തന്റെ കമ്പനിയുടെ ആദ്യയോഗത്തില്‍ പറഞ്ഞ വാക്കുകൾ ഓരോ സാധാരണക്കാരനും പ്രചോദനമാണ്. "നമുക്ക് വിജയിക്കാനായാല്‍ ചൈനയിലെ എണ്‍പതു ശതമാനം യുവജനങ്ങള്‍ക്കും വിജയിക്കാനാകും. കാരണം, നമുക്ക് ധനികരായ മാതാപിതാക്കളില്ല, ശക്തരായ അമ്മാവന്മാരില്ല, ബാങ്കില്‍നിന്നോ ഗവണ്‍മെന്റില്‍നിന്നോ കടം കിട്ടുകയുമില്ല. ടീമായി ജോലിചെയ്യുക."
 • മാ യുന്‍ എന്നാണ് ശരിയായ പേര്. പാശ്ചാത്യ ലോകം കമ്മ്യൂണിസ്റ്റ് ചൈനയെ ഒറ്റപ്പെടുത്തിയ കാലത്ത് ദാരിദ്ര്യം നിറഞ്ഞ ജീവിതമായിരുന്നു ജാക്കിന്റേത്. കുട്ടിക്കാലത്ത് ടൂറിസ്റ്റു

  ഗൈഡായി ജോലി ചെയ്തിട്ടുണ്ട്. പകരം ഇംഗ്ലീഷ് പഠിപ്പിച്ചാല്‍ മതി

  എന്നതായിരുന്നു ഓഫര്‍. ഇങ്ങനെ പരിചയപ്പെട്ട ഒരു ടൂറിസ്റ്റ് നല്‍കിയ പേരാണ് ജാക്.

 • സ്‌കൂള്‍ പഠനത്തിന് ശേഷം കോളെജിലേക്കുള്ള പ്രവേശന പരീക്ഷ തോറ്റത് രണ്ട് പ്രാവശ്യം. ഒടുവില്‍ ടീച്ചേഴ്‌സ് ട്രെയ്‌നിംഗ് പാസായ ജാക് 30 ജോലികള്‍ക്ക് അപേക്ഷിച്ചതില്‍ ഒന്നുപോലും ലഭിച്ചില്ല. കെ.എഫ്.സി ചൈനയില്‍ ആരംഭിച്ചപ്പോള്‍ അവിടെയും ജോലിയന്വേഷിച്ച് പോയി. 24 പേരുണ്ടായിരുന്നതില്‍ 23 പേരെയും അവര്‍ ജോലിക്കെടുത്തു. പുറത്താക്കപ്പെട്ട ആ ഇരുപത്തിനാലാമന്‍ ജാക് ആയിരുന്നത്രേ. ഒടുവില്‍ ഇംഗ്ലീഷ് ടീച്ചറായി ജോലി കിട്ടി. ശമ്പളം മാസം 12 ഡോളര്‍.
 • കഴിഞ്ഞ വർഷം ജൂണ്‍ മാസം ഒരു ദിവസം പുലര്‍ന്നപ്പോള്‍ ജാക് മായുടെ ആസ്തിയിലുണ്ടായ വര്‍ധന 18200 കോടി രൂപയാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ആലിബാബയുടെ ഓഹരിവില 13 ശതമാനം ഉയര്‍ന്ന് റെക്കോഡ് സൃഷ്ടിച്ചതാണ് ജാക് മായുടെ ആസ്തി ഇത്ര വര്‍ദ്ധിക്കാന്‍ കാരണമായത്.
 • പണം കൂടുതല്‍ നേടുന്നത് ടെന്‍ഷനും വര്‍ധിപ്പിക്കുന്നു എന്നതാണ് ജാക് മായുടെ പ്രധാന പരാതി. പണം കൊണ്ട് എല്ലാം നേടാന്‍ കഴിയില്ല എന്നത് ഒരു തിരിച്ചറിവും. ഓരോ മാസവും ടെന്‍ഷനുണ്ടാക്കുന്ന ഓരോ കാര്യങ്ങള്‍ സംഭവിക്കുന്നതുകൊണ്ട് സന്തോഷിക്കാന്‍ ഏറെ അവസരങ്ങള്‍ കിട്ടുന്നില്ല. സമ്പത്ത് ഒന്നിനും പകരമാകില്ല എന്ന് തിരിച്ചറിയൂ എന്നാണ് ജാക് മാ മറ്റുള്ളവര്‍ക്ക് നല്‍കുന്ന ഉപദേശം.
 • ഇന്റര്‍നെറ്റ് കമ്പനി എന്ന സ്വപ്നവുമായി കുറെ നാള്‍ നടന്നു ജാക് മാ. ആദ്യം തുടങ്ങിയ രണ്ട് കമ്പനികളും പരാജയമായി. എന്നിട്ടും പിന്മാറാന്‍ തയ്യാറല്ലായിരുന്നു ഈ യുവാവ്. പക്ഷെ, പുതിയ കമ്പനിയില്‍ ആര് പണം മുടക്കും? ജാക്കിന് സഹായമായത് കൂട്ടുകാര്‍. ഈ പതിനേഴ് പേരുടെ വിശ്വാസവും നിക്ഷേപവുമാണ് ആലിബാബ എന്ന സ്വപ്നത്തെ യാഥാര്‍ഥ്യമാക്കിയത്. ആപ്പിളും ആമസോണും ഗൂഗിളും ഗരാജില്‍ തുടക്കം കുറിച്ചതുപോലെ സ്വന്തം ഫ്ലാറ്റില്‍ നിന്നാണ് ആലിബാബയ്ക്ക് ജാക് മാ രൂപം കൊടുത്തത്.
 • 2000 ഡോളറിൽ ബിസിനസ് തുടങ്ങിയ ജാക് മായുടെ ഇപ്പോഴത്തെ സമ്പാദ്യം 4000 കോടി ഡോളറാണ്.
 • ഒരു കുടുംബം പോലെയുള്ള കൂട്ടായ്മയാണ് ആലിബാബയുടെ ടീമിലുള്ളത്. ചെറുപ്പക്കാരുടെ ഒരു ഗ്രൂപ്പ് സൃഷ്ടിച്ച വിജയത്തിന് ഇപ്പോഴും അതിന്റെ ചുറുചുറുക്കുമുണ്ട്. 'ഫണ്‍' എന്ന് ഒറ്റവാക്കില്‍ പറയാന്‍ കഴിയുന്ന ഒരു അന്തരീഷം നിലനിര്‍ത്താന്‍ എപ്പോഴും ശ്രമിക്കും ഈ ലീഡര്‍.
 • 2013 ലെ ആലിബാബയുടെ ഐപിഒയിലൂടെ ചരിത്രം സൃഷ്ടിച്ചു ജാക് മാ. ന്യൂയോര്‍ക്ക് സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ആദ്യമായി ഒരു യുഎസ് ലിസ്റ്റഡ് കമ്പനി നടത്തിയ ഏറ്റവും വലിയ നേട്ടമായിരുന്നു ആലിബാബയുടെ 150 ബില്യണ്‍ ഡോളര്‍ ഐപിഒ. ഇതിലൂടെയാണ് ജാക് ചൈനയിലെ ഏറ്റവും വലിയ സമ്പന്നനായത്.
 • ഈ കോടീശ്വരനെ വേദനിപ്പിക്കുന്ന ഒരു കാര്യമുണ്ട്. പഴയതുപോലെ റോഡിലിറങ്ങി നടക്കാന്‍ കഴിയുന്നില്ല. ആളുകള്‍ ചുറ്റും കൂടും. എല്ലാവര്‍ക്കും വേണ്ടത് പണവും.
 • സംരംഭകരോട് ജാക് മായ്ക്ക് പറയാനുള്ളത് ഒറ്റക്കാര്യമാണ്. "എത്ര ശ്രമിച്ചാലും നിങ്ങളെ വിശ്വസിക്കാന്‍ എല്ലാ ഉപഭോക്താക്കള്‍ക്കും ജീവനക്കാര്‍ക്കും കഴിയില്ല. ഒരു വ്യക്തി എന്നതിനപ്പുറം പൊതുവായ ഒരു ലക്ഷ്യത്തില്‍ വിശ്വസിപ്പിക്കാന്‍ അവരെ

  സഹായിക്കൂ, അത് നിങ്ങള്‍ക്ക് വിജയം നേടിത്തരും."

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it