മികച്ച പ്രസന്റേഷൻ ഒരുക്കാം, ‘പെച്ചകുച്ച’ സ്റ്റൈലിൽ 

വളരെ കുറച്ചു സമയം കൊണ്ട് ഏറ്റവും മികച്ച പ്രസന്റേഷൻ ഒരുക്കുന്നതിനുള്ള ജാപ്പനീസ് ടെക്‌നിക്കാണ് 'പെച്ചകുച്ച'.

PechaKucha Business presentation
Image credit: Freepik

നിക്ഷേപകർക്ക്  മുന്നിലായാലും ക്ലയന്റിന് മുന്നിലായാലും 100 ശതമാനം കൃത്യതയോടെ ഏറ്റവും മികച്ച പ്രസന്റേഷൻ ഒരുക്കണമെന്ന് നിർബന്ധമുള്ളവരാണ് നാമെല്ലാവരും. ഒരു പ്രസന്റേഷൻ അവതരിപ്പിക്കുന്നയാൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി മറ്റുള്ളവരുടെ ശ്രദ്ധ തന്നിൽത്തന്നെ ഉറപ്പിച്ചു നിർത്തുക എന്നതാണ്.

വളരെ കുറച്ചു സമയം കൊണ്ട് ഏറ്റവും മികച്ച പ്രസന്റേഷൻ ഒരുക്കുന്നതിനുള്ള ജാപ്പനീസ് ടെക്‌നിക്കാണ് ‘പെച്ചകുച്ച’ (PechaKucha). സൗഹൃദസംഭാഷണം എന്നാണ് ഈ ജാപ്പനീസ് വാക്കിന്റെ അർത്ഥം.

2003-ൽ ടോക്കിയോ ആസ്ഥാനമായ രണ്ട് ആർക്കിടെക്റ്റുകൾ ആസ്ട്രിഡ് ൈക്ലയ്‌ൻ, മാർക്ക് ഡൈതാം എന്നിവർ ചേർന്നാണ് ഈ രീതി വികസിപ്പിച്ചെടുത്തത്. അന്നുമുതൽ ‘പെച്ചകുച്ച’യുടെ ജനപ്രീതി വളർന്നുകോണ്ടിരിക്കുകയാണെന്നാണ് ഇരുവരും അവകാശപ്പെടുന്നത്.

‘പെച്ചകുച്ച’യുടെ 5 നിയമങ്ങൾ

1. 20 സ്ലൈഡുകൾ! അത്രമാത്രം

‘പെച്ചകുച്ച’യിൽ നിങ്ങൾക്ക് പ്രസന്റേഷൻ അവതരിപ്പിക്കാൻ ആകെ 20 സ്ലൈഡുകൾ മാത്രമേയുള്ളൂ. അതുകൊണ്ട് ഓരോ സ്ലൈഡും വളരെ വിലപ്പെട്ടതാണ്. ഓരോ സ്ലൈഡിലും എന്തൊക്കെ അവതരിപ്പിക്കണം? എന്തായിരിക്കും ഇതിൽ അവർ ഉന്നയിക്കാൻ പോകുന്ന ചോദ്യം? പ്രസക്തമായ വിഷയങ്ങളാണോ ഇതിൽ ഞാൻ ഉൾപ്പെടുത്തിയിരിക്കുന്നത്? എന്നിങ്ങനെയുള്ള കാര്യങ്ങൾ വിശകലനം ചെയ്തു വേണം സ്ലൈഡുകൾ തയ്യാറാക്കാൻ.

2. ഒരു സ്ലൈഡിന് 20 സെക്കൻഡ്

ഒരു സ്ലൈഡ് അവതരിപ്പിക്കാൻ 20 സെക്കൻഡുകൾ മാത്രമേ നിങ്ങൾക്കുള്ളൂ. എന്നാൽ ഈ 20 സെക്കൻഡ് തുടർച്ചയായി നിങ്ങൾ സംസാരിക്കണമെന്നില്ല. ചില സ്ലൈഡുകൾ സെൽഫ്-എക്സ്പ്ലനേറ്ററി ആയിരിക്കും. അവ കണ്ടു മനസിലാക്കാൻ ക്ലയന്റിന് സമയം നൽകണം.

3. വാക്കുകൾ കൊണ്ട് ചിത്രം വരക്കാം

നിങ്ങൾ സംസാരിക്കുമ്പോൾ കേട്ടുകൊണ്ടിരിക്കുന്ന ആളുടെ മനസ്സിൽ അതിനെക്കുറിച്ചുള്ള ഒരു ചിത്രം തെളിഞ്ഞു വരണം. അതിനു ചേർന്ന വാക്കുകൾ തെരഞ്ഞെടുക്കണം. കോർപറേറ്റ് സ്റ്റൈൽ മറന്നേക്കൂ. നിങ്ങൾ പറയുന്നതെന്തെന്ന് മുന്നിലിരിക്കുന്നവർക്ക് കൃത്യമായി മനസിലാക്കാൻ കഴിഞ്ഞാൽ അതിനപ്പുറമൊന്നുമില്ല.

4. സങ്കീർണമായ ഡയഗ്രാമുകൾ വേണ്ട

ഒറ്റ നോട്ടത്തിൽ മനസിലാകാത്ത ഡയഗ്രാമുകളാണ് നിങ്ങളുടെ പക്കലുള്ളതെങ്കിൽ അവ ഒഴിവാക്കുക. ബുള്ളറ്റ് പോയ്ന്റുകളും ടെക്സ്റ്റും സ്ലൈഡിൽ കുത്തിനിറക്കണ്ട. ഇത് ക്ലയന്റിന്റെ ശ്രദ്ധ പ്രസന്റേഷനിൽ നിന്ന് വ്യതിചലിക്കാൻ കാരണമാകും. ടെക്സ്റ്റ് വളരെക്കുറച്ചേ ഉപയോഗിക്കാവൂ. ഡയഗ്രമുകളും ഗ്രാഫുകളും ഏറ്റവും ലളിതമാക്കുക.

5. പ്രാക്ടീസ് പ്രാക്ടീസ് പ്രാക്ടീസ്

20 സെക്കൻഡ് ഭംഗിയായി സംസാരിക്കാൻ നിങ്ങൾക്ക് കഴിയുന്നതുവരെ പ്രാക്ടീസ് ചെയ്യുക. നിങ്ങളുടെ സുഹൃത്തുക്കളും വീട്ടുകാരുമടങ്ങുന്ന ഒരു ഓഡിയൻസിന്റെ മുന്നിൽ പ്രസന്റേഷൻ അവതരിപ്പിച്ചു നോക്കുക. കൂടുതൽ മെച്ചപ്പെടുത്താനുള്ള നിർദേശങ്ങൾ അവർ തരും.

സമയവും സ്ലൈഡും കുറവായതുകൊണ്ട് ഉള്ള സമയത്തിൽ കൃത്യമായി നിങ്ങളുടെ പോയന്റ് എന്താണോ അതവതരിപ്പിക്കാൻ പരമാവധി ശ്രമിക്കുമെന്നതാണ് ‘പെച്ചകുച്ച’യുടെ നേട്ടം. പ്രസന്റേഷന്റെ ദൈർഘ്യം കുറവായതുകൊണ്ട് കേൾക്കുന്നവർക്ക് മടുപ്പ് തോന്നുകയുമില്ല. അടുത്ത പ്രസന്റേഷനിൽ ‘പെച്ചകുച്ച’ ടെക്‌നിക്ക് ഒന്ന് പരീക്ഷിച്ചാലോ?

LEAVE A REPLY

Please enter your comment!
Please enter your name here