യാത്രകളിലും ജിമ്മില്‍ പോക്ക് മുടക്കണ്ട, ബ്രോയ്ഡ് നിങ്ങളെ സഹായിക്കും

യാത്രകളില്‍ ജിമ്മില്‍ പോവാന്‍ പറ്റാതെ വിഷമിക്കുകയാണോ? എന്നാല്‍ ഇനി നിങ്ങള്‍ വിഷമിക്കണ്ട. കേരളത്തിലെവിടെയാണെങ്കിലും നിങ്ങള്‍ക്ക് തൊട്ടടുത്തുള്ള ജിം കണ്ടെത്തി അവിടെ പോകാന്‍ സൗകര്യമൊരുക്കിയിരിക്കുകയാണ് ബ്രോയ്ഡ് എന്ന മൊബൈല്‍ ആപ്പ്.

പൂനെ ആസ്ഥാനമായുള്ള ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയില്‍ മാര്‍ക്കറ്റിംഗ് ജോലി ചെയ്തിരുന്ന ഷിഹാബ് അലിയും സുമിത് കുമാറുമാണ് കേരളത്തിലങ്ങളോമിങ്ങോളമുള്ള ജിമ്മുകളെയെല്ലാം ഒരു ആപ്പിനുള്ളില്‍ അണിനിരത്തിയിരിക്കുന്നത്.

സ്വന്തം ജീവിതത്തില്‍ നേരിട്ട ഒരു വെല്ലുവിളിയില്‍ നിന്ന് ഒരു സംരംഭക ആശയം കണ്ടെത്തുകയായിരുന്നു ഇവര്‍. നിരന്തരം യാത്രകള്‍ വേണ്ടി വരുന്ന ജോലിയായതുകൊണ്ടു തന്നെ ആരോഗ്യവും വ്യായാമശീലവും ശ്രദ്ധിക്കുക എന്നത് ഇരുവര്‍ക്കും പലപ്പോഴും ഒരു വെല്ലുവിളിയായിരുന്നു.

തങ്ങളെ പോലെ സ്ഥിരമായി യാത്രകള്‍ ചെയ്യേണ്ടി വരുന്ന പലരേയും മുന്നില്‍ കണ്ടാണ് ഇത്തരമൊരു ആപ്ലിക്കേഷന്‍ ഒരുക്കിയതെന്ന് ഷിഹാബ് അലി പറയുന്നു.

ഞൊടിയിടയിലൊരു സംരംഭം 2017 ഡിസംബറിലാണ് ഇത്തരമൊരു ആശയത്തെ കുറിച്ച് ഇവര്‍ ചിന്തിക്കുന്നത്.

2018 ഫെബ്രുവരിയില്‍ തങ്ങളുടെ പേരുകളുടെ ആദ്യാക്ഷരങ്ങള്‍ ചേര്‍ത്ത് സുഷി ടെക്നോളജീസ് എന്ന സ്റ്റാര്‍ട്ടപ്പ് സംരംഭത്തിന് തുടക്കം കുറിച്ചു. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ അവര്‍ക്ക് ഈ സംരംഭത്തിന്റെ ആശയത്തില്‍ താല്‍പ്പര്യം തോന്നുകയും വേണ്ട പിന്തുണ നല്‍കാമെന്ന് ഉറപ്പു നല്‍കുകയും ചെയ്തതോടെ ഇവരുടെ ആത്മവിശ്വാസം വര്‍ധിച്ചു.

അങ്ങനെയാണ് ഇന്റെലി ലാബ്സ് ടെക്നോ സൊല്യൂഷന്‍സ് ലിമിറ്റഡിന്റെ ഉടമ നിര്‍മലിന്റെയും ഭാര്യ ശ്രീദേവിയുടേയും സഹായത്തോടെ ബ്രോയ്ഡ് എന്ന ആപ്പിനു രൂപം കൊടുക്കുന്നത്.

ഇപ്പോള്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി 88 ജിമ്മുകളെ ആപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കേരളത്തിലെ എല്ലാ പ്രധാന നഗരങ്ങളിലും ബ്രോയ്ഡ് സേവനം ലഭ്യമാണ്. പ്രീമിയം സൗകര്യങ്ങളോടെയുള്ള യൂണിസെക്സ് ജിമ്മുകളാണ് ഇവ ഓരോന്നും.

ബ്രോയ്ഡിന്റെ ടീം നേരിട്ട് ജിമ്മുകള്‍ സന്ദര്‍ശിച്ച് അതിന്റെ ഗുണമേന്മ ഉറപ്പു വരുത്തിയ ശേഷമാണ് സഹകരണത്തിലേര്‍പ്പെടുന്നത്. വെറും ജിം ബുക്കിംഗ് മാത്രമല്ല ബ്രോയ്ഡ് നല്‍കുന്നതെന്ന് സുമിത് കുമാര്‍ പറയുന്നു. നിങ്ങളുടെ ഫിറ്റ്നസ് പ്രൊഫൈല്‍ മാനേജ് ചെയ്യാനും ജിമ്മിലെ സഹ മെംബര്‍മാരുമായി കണക്ടഡായിരിക്കാനുമൊക്കെ ബ്രോയ്ഡ് സഹായിക്കുന്നു.

സാധാരണ ജിമ്മുകളില്‍ മെമ്പര്‍ഷിപ്പ് എടുക്കണമെങ്കില്‍ ബ്രോയ്ഡില്‍ രജിസ്ട്രേഷന്‍ ഫീസോ അഡ്വാന്‍സ് ഫീസോ നല്‍കാതെ തന്നെ ആര്‍ക്കും മെമ്പര്‍ ആകുകയും ഒരു സിനിമ ടിക്കറ്റ് ബുക്ക് ചെയ്യുന്ന അത്ര ലളിതമായി ഏത് ജിമ്മും ബുക്ക് ചെയ്യാനും സാധിക്കും. ഒരു ദിവസം ഒരു മണിക്കൂര്‍ എന്ന രീതിയിലാണ് ബുക്ക് ചെയ്യുന്നത്.

നൂറു രൂപ മുതല്‍ പ്രീമിയം ജിമ്മുകളുടെ സേവനം ആപ്പ് വാഗ്ദാനം ചെയ്യുന്നുണ്ട്. നിലവില്‍ ആയിരത്തോളം പേര്‍ ബ്രോയ്ഡ് ആപ്പിന്റെ സേവനം ഉപയോഗിക്കാന്‍ തുടങ്ങിയിട്ടുണ്ട്.

ഈ വര്‍ഷം അവസാനത്തോടെ 1000 ജിമ്മുകളെ കൂടി ഉള്‍പ്പെടുത്തി ഇന്ത്യയിലെ മറ്റു നഗരങ്ങളിലേക്ക് കൂടി പ്രവര്‍ത്തനം വ്യാപിക്കാനും, മറ്റു ഫിറ്റ്‌നസ്, വെല്‍നെസ്സ് സേവനങ്ങളെ കൂടി ജനങ്ങളിലേക്ക് എത്തിക്കാനും ഇവര്‍ ലക്ഷ്യമിടുന്നു. ഫിറ്റ്‌നസ് മേഖലയിലെ മറ്റു ആധുനിക ടെക്‌നോളജി സൗകര്യങ്ങള്‍ മെംബേഴ്‌സിനു ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ റബ്ബി ചീരന്‍ ബെന്നി എന്ന എന്‍ജിനീയറുടെ നേതൃത്വത്തില്‍ റിസേര്‍ച്ചും തുടങ്ങി കഴിഞ്ഞതായി ഇവര്‍ വെളിപ്പെടുത്തി.

കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍, മാംഗളൂര്‍ റിഫൈനറി ആന്റ് പെട്രോകെമിക്കല്‍സ് ലിമിറ്റഡ് എന്നിവിടങ്ങളില്‍ നിന്ന് സീഡ് ഫണ്ടിംഗും സംരംഭത്തിന് ലഭിച്ചിട്ടുണ്ട്. കൂടാതെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് കോഴിക്കോടിന്റെ ഇന്‍ക്യുബേഷന്‍ സൗകര്യമായ ഐഐഎംകെ ലൈവിലും കമ്പനി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഈ ക്യൂആർ കോഡ് സ്കാൻ ചെയ്യുക:

കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍:+91 894 33 88 444, വെബ്സൈറ്റ്: www.broid.in ഇ-മെയ്ല്‍: info@broid.in

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it