ജോലിസ്ഥലം ഷെയർ ചെയ്യാം, ചുരുങ്ങിയ ചെലവിൽ ട്രെൻഡി ഓഫീസ് സജ്ജമാക്കാം 

കയ്യിലൊതുങ്ങുന്ന ബജറ്റിൽ ചെറിയൊരു ഓഫീസ്. ബിസിനസിലേക്ക് കാലെടുത്തുവെക്കുന്നവരുടെയെല്ലാം ആഗ്രഹം ഇതാണ്. എന്നാൽ ഓഫീസ് മുറി അന്വേഷിച്ച് മാർക്കറ്റിൽ ഇറങ്ങിയാലോ! കണ്ണുതള്ളിക്കുന്ന വിലയും.

അങ്ങനെ ഓഫീസ് അന്വേഷണം വരെയെത്തി നിൽക്കുകയാണ് പല മിടുക്കരായ സംരംഭകരുടെയും സംരംഭങ്ങൾ. ഓഫീസ് നടത്തിപ്പിന്റെ ചെലവ് താങ്ങാനാകാതെ ബിസിനസ് നിർത്തുന്നവരുടെയും എണ്ണം ഒട്ടും കുറവല്ല.

ഇവിടെയാണ് കോ-വർക്കിംഗ് സ്പേസുകളുടെ പ്രസക്തി. വിദേശത്തും ഇന്ത്യയിലെ മെട്രോ നഗരങ്ങളിലും മറ്റും നിലവിലുള്ള രീതിയാണ് ജോലിസ്ഥലം പങ്കിടുക എന്നത്. വളരെ ലളിതമായി പറഞ്ഞാൽ, പല സ്ഥാപങ്ങൾ ഒരു മേൽക്കൂരയ്ക്ക് കീഴിൽ പ്രവർത്തിക്കുന്ന ഒരു സ്ഥലം. ഇവിടെ നമുക്ക് ആവശ്യത്തിന് സ്ഥലം വാടകക്കെടുക്കാം. ഒരു സീറ്റ് മുതൽ ഒരു ടീമിന് വേണ്ട ക്യാബിനുകൾ വരെ ലഭിക്കും.

കേരളത്തിൽ

സെന്റർ-എ, സ്പേസ്ബാർ, നെക്സ്റ്റ് 57, ഷെയർ ആൻഡ് ഗ്രോ തുടങ്ങി ധാരാളം കമ്പനികൾ കേരളത്തിൽ ഈ രംഗത്ത് പ്രവർത്തിക്കുന്നു. സ്ഥല പരിമിതിയുടെ പ്രശ്നങ്ങൾ വേണ്ടുവോളമുള്ള നമ്മുടെ നാട്ടിൽ ചെറിയ സംരംഭകർക്ക് ഒരു വലിയ അവസരമാണ് കോ-വർക്കിംഗ് ഇടങ്ങൾ നൽകുന്നത്.

എന്താണ് മെച്ചം

ഒരു സംരംഭകനെ സംബന്ധിച്ചിടത്തോളം സംരംഭം തുടങ്ങിക്കിട്ടുക എന്നതാണ് ഏറ്റവും പ്രധാനം. പ്രത്യേകിച്ച് ഒരു നിക്ഷേപവും ഇല്ലാതെതന്നെ ഒരു ഓഫീസ് തയ്യാറാക്കാൻ കോ-വർക്കിംഗ് സ്പേസുകൾ സഹായിക്കും.

സ്ഥാപനത്തിന് വേണ്ട ഫർണിച്ചർ, വൈദ്യതി, ഇന്റർനെറ്റ് സേവനം, കൂടാതെ കെട്ടിടത്തിന്റെ മെയ്‌ന്റനൻസ് തുടങ്ങി എല്ലാ ചെലവും കോ-വർക്കിംഗ് സ്പേസ് നടത്തുന്ന ഈ കമ്പനികൾ നോക്കിക്കൊള്ളും. നിങ്ങൾ വാടക മാത്രം നൽകിയാൽ മതി.

വാടക എങ്ങനെ?

പ്രതിമാസം 3000-3500 രൂപയാണ് ഏറ്റവും കുറഞ്ഞ വാടക. സീറ്റിന്റെ എണ്ണം അനുസരിച്ചാണ് വാടക നിശ്ചയിക്കുക. ഒരു സീറ്റ് മുതൽ കൂടുതൽ പേർക്കിരിന്ന് ജോലി ചെയ്യാവുന്ന ടീം കാബിൻ വരെ ലഭിക്കും. വളരെ കുറഞ്ഞ തുകയാണ് സെക്യൂരിറ്റി ഡെപ്പോസിറ്റ് ആയി പലരും സ്വീകരിക്കുക. ചിലപ്പോൾ ഒരു മാസത്തെ വാടക, ചിലപ്പോൾ ഡെപ്പോസിറ്റ് വേണ്ടേ വേണ്ട. കോ-വർക്കിംഗ് സ്പേസ് ഒരുക്കുന്ന കമ്പനികളുടെ നയവും നൽകുന്ന സൗകര്യങ്ങളും അനുസരിച്ച് ഇതിന് ചെറിയ മാറ്റങ്ങൾ ഉണ്ടാകാം. സ്വന്തമായി ഒരു ബിൽഡിങ് വാടകക്കെടുത്താൽ ഭീമമായ അഡ്വാൻസ് നൽകേണ്ട സ്ഥാനത്താണിതെന്നോർക്കണം.

"ഒരു ഓഫീസ് നടത്തിക്കൊണ്ടു പോകാനുള്ള തലവേദന നിസാരമല്ല. സ്വന്തമായി ഓഫീസ് തുടങ്ങാനുള്ള നടപടിക്രമങ്ങൾ ഒരു വശത്ത്. കെട്ടിടത്തിന്റെ വാടക, മെയ്‌ന്റനൻസ്, അഡ്വാൻസ് എന്നിങ്ങളെ നൂറോളം ചെലവുകൾ മറുവശത്ത്. കോ-വർക്കിംഗ് സ്പേസ് ആണെങ്കിൽ ഇതൊന്നും നമ്മൾ അറിയേണ്ട. എല്ലാം അവർ നോക്കിക്കൊള്ളും," ഡിജിറ്റൽ ഡിപ്പാർട്ട്മെന്റ് എന്ന കമ്പനിയുടെ സ്ഥാപകൻ ടോണി മാത്യു പറയുന്നു. കോഴിക്കോട്ടെ 'സ്പേസ്ബാർ' എന്ന കോ-വർക്കിംഗ് സ്പേസിലാണ് ടോണിയുടെ കമ്പനിയും.

തുടക്കത്തിൽ രണ്ട് സീറ്റ് ആണ് ടോണി സ്പേസ്ബാറിൽ നിന്ന് വാടകക്കെടുത്തത്. ജീവനക്കാരുടെ എണ്ണം കൂടിയതോടെ സ്പേസ് ബാറിൽ തന്നെയുള്ള 16 പേർക്കിരിക്കാവുന്ന ടീം കാബിനിലേക്ക് 'ഡിജിറ്റൽ ഡിപ്പാർട്ട്മെന്റ്' മാറി.

ചെറുകിട സ്റ്റാർട്ടപ്പുകൾക്ക് എന്തുകൊണ്ടും കോസ്റ്റ്-ഇഫക്ടിവ് ആണ് കോ-വർക്കിംഗ് സ്പേസുകൾ എന്ന് സ്പേസ്ബാർ സഹസ്ഥാപകൻ ലജീഷ് സാക്ഷ്യപ്പെടുത്തുന്നു. പ്ലഗ്- ഇൻ സൗകര്യങ്ങളാണ് ഇവിടെ ഓഫർ ചെയ്യുന്നത്. ഓഫീസ് ഇന്റീരിയറിനോ ഫർണിച്ചറിനോ പണം ചെലവ് ചെയ്യേണ്ട. സംരംഭകർക്ക് പുറമെ ഫ്രീലാൻസ് ചെയ്യുന്നവരും ഈ സൗകര്യം ഉപയോഗപ്പെടുത്താറുണ്ട്, ലജീഷ് പറയുന്നു.

സൗകര്യങ്ങൾ

സാധാരണ ഓഫീസ് എന്നതിലുപരി എല്ലാ ആധുനിക സജ്ജീകരങ്ങളുമുള്ള ഒരു കോർപ്പറേറ്റ് തൊഴിലിടമാണ് ഈ കമ്പനികൾ ഓഫർ ചെയ്യുന്നത്. ഓഫീസ് രണ്ടാമത്തെ വീടാണെന്ന സങ്കൽപം അന്വർത്ഥമാക്കുകയാണ് ഇവിടെ.

Co-working space

കോൺഫറൻസ് ഹാളുകൾ, കിച്ചൻ, കഫറ്റേരിയ, റിക്രിയേഷനു ള്ള സ്ഥലം,

ജിം, ലൈബ്രറി, റെസ്ററ് റൂം തുടങ്ങിയവ ഇവിടെ ഒരുക്കും. ഇതെല്ലാം അധിക ചാർജ് കൂടാതെതന്നെ ഉപയോഗിക്കാം. ആവശ്യമുണ്ടെങ്കിൽ പ്രൈവറ്റ് ഓഫീസ് സ്ഥാപിക്കാനുള്ള സൗകര്യവും ചില സേവന ദാതാക്കൾ നൽകുന്നുണ്ട്.

വെർച്വൽ ഓഫീസ്

ഫിസിക്കൽ വർക്ക് സ്പേസ് കൂടാതെ വെർച്വൽ ഓഫീസ് സൗകര്യവും ഇവർ നൽകുന്നുണ്ട്. വെർച്വൽ ഓഫീസിനായി രജിസ്റ്റർ ചെയ്യുന്നവർക്ക് വളരെ ചെറിയ തുകയെ നൽകേണ്ടി വരുന്നുള്ളൂ.

കോ-വർക്കിംഗ് സ്പേസ് രംഗത്തെ വെല്ലുവിളികൾ

കേരളത്തെ സംബന്ധിച്ചിടത്തോളം ഇതൊരു പുതിയ ആശയമായതുകൊണ്ട് അധികമാർക്കും ഇതേപ്പറ്റി വലിയ ധാരണയില്ല എന്നതുതന്നെയാണ് ഈ കമ്പനികൾ നേരിടുന്ന വലിയ വെല്ലുവിളി.

"ആദ്യത്തെ ഒരു വർഷം ക്ലയന്റിനെ ലഭിക്കുക എന്നത് വലിയ ബുദ്ധിമുട്ടായിരുന്നു. പിന്നെ ഞങ്ങളുടെ ഫോക്കസ് കോർപ്പറേറ്റ്, എസ്എംഎ രംഗത്തേയ്ക്ക് മാറ്റി. അപ്പോൾ പുറമെ നിന്നുള്ള കമ്പനികൾ എത്താൻ തുടങ്ങി," കേരളത്തിൽ ആദ്യമായി കോ-വർക്കിംഗ് എന്ന ആശയം കൊണ്ടുവന്ന കമ്പനികളിലൊന്നായ സെന്റർ-എയുടെ സ്ഥാപകൻ ജോ ആലപ്പാട്ട് പറയുന്നു.

കേരളത്തിൽ കോ-വർക്കിംഗ് ഇടങ്ങളെപ്പറ്റി ആളുകൾക്ക് വേണ്ടത്ര അവബോധം ഇല്ല. അതുകൊണ്ട് ആളുകളെ ആകർഷിക്കുക എന്നത് വലിയ വെല്ലുവിളിയാണ്, ഈ രംഗത്ത് കേരളത്തിലേക്ക് പുതുതായി കടന്നുവന്ന കമ്പനികളിലൊന്നായ നെക്സ്റ്റ് 57ന്റെ മാർക്കറ്റിംഗ് മേധാവി കജോൾ പറയുന്നു. അഹമ്മദാബാദ്, ചണ്ഡീഗഡ്, മൊഹാലി എന്നിവിടങ്ങളിൽ നെക്സ്റ്റ് 57 ന് സാന്നിധ്യമുണ്ട്.

മറ്റൊരു പ്രധാന വെല്ലുവിളി സർക്കാർ ചട്ടങ്ങളുമായി ബന്ധപ്പെട്ടതാണ്. "ഒരു കമ്പനിക്ക് കോർപറേഷൻ ലൈസൻസ് അനുവദിക്കുന്നത് ഡോർ നമ്പർ അനുസരിച്ചാണ്. കോ-വർക്കിംഗ് ഏരിയയിൽ ഒരു ഫ്ലോറിൽ പല കമ്പനികൾ ഉണ്ടാകും. പക്ഷെ ഡോർ നമ്പർ ഒരെണ്ണമേ ഉള്ളൂ. ഇത് പലപ്പോഴും അവിടെ പ്രവർത്തിക്കുന്ന കമ്പനികൾക്ക് പ്രശ്നം സൃഷ്ടിക്കാറുണ്ട്," ജോ വിശദീകരിക്കുന്നു. അല്പം ബുദ്ധിമുട്ടിയാണെങ്കിലും സെന് റർ-എ ഈ പ്രശ്‌നം മറികടന്നിട്ടുണ്ടെന്ന് ജോ കൂട്ടിച്ചേർത്തു.

ഇത്തരം സ്ഥാപങ്ങൾക്ക് ഇളവുകൾ നൽകാൻ കോർപറേഷൻ തയ്യാറാകണമെന്നാണ് പൊതുവെയുള്ള ആവശ്യം. കേരളത്തിൽ ബിസിനസ് അനുകൂല അന്തരീക്ഷം സൃഷ്ടിക്കാൻ കോ-വർക്കിംഗ് സ്പേസുകൾക്ക് ഭാവിയിൽ വലിയ പങ്ക് വഹിക്കാനാകും എന്നതിൽ യാതൊരു സംശയവുമില്ല.

Sreerenjini
Sreerenjini  

Related Articles

Next Story

Videos

Share it