ധനം ബാങ്കിംഗ്, ഫിനാന്‍ഷ്യല്‍ സര്‍വീസസ് ആന്‍ഡ് ഇന്‍ഷുറന്‍സ് സംഗമവും അവാര്‍ഡ് നിശയും നാളെ

ബാങ്കിംഗ്, ഫിനാന്‍സ് മേഖലയിലെ ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സംഗമമായ ധനം ബാങ്കിംഗ്, ഫിനാന്‍ഷ്യല്‍ സര്‍വീസസ് ആന്‍ഡ് ഇന്‍ഷുറന്‍സ് സമിറ്റും അവാര്‍ഡ് നിശയും നാളെ കൊച്ചിയില്‍ നടക്കും. കേരളത്തിലെ മുന്‍നിര ബിസിനസ് മാഗസിനായ ധനം സംഘടിപ്പിക്കുന്ന ഈ സംഗമത്തില്‍ രാജ്യത്തെ ബാങ്കിംഗ്, സാമ്പത്തിക, നിക്ഷേപ രംഗത്തെ വിദഗ്ധര്‍ പങ്കെടുക്കും. രാവിലെ 9.30 മുതല്‍ രാത്രി ഒന്‍പത് മണി വരെ ഹോട്ടല്‍ ലെ മെറിഡിയനില്‍ അരങ്ങേറുന്ന സംഗമം അവാര്‍ഡ് ദാനം, നെറ്റ്വര്‍ക്കിംഗ് ഡിന്നര്‍ എന്നിവയോടെ സമാപിക്കും.

ബാങ്കിംഗ്, ഫിനാന്‍സ്, നിക്ഷേപ രംഗത്തെ പുതിയ പ്രവണതകള്‍, വെല്ലുവിളികള്‍, വിവിധ മേഖലകളിലെ നിക്ഷേപ സാധ്യതകള്‍, സമീപകാലത്തെ നയ മാറ്റങ്ങള്‍ വിവിധ മേഖലകളില്‍ ചെലുത്തുന്ന സ്വാധീനം, ഡിജിറ്റല്‍ ഡിസ്റപ്ഷനുകളും അവ സൃഷ്ടിക്കുന്ന അവസരങ്ങളും തുടങ്ങി വിവിധ വിഷയങ്ങള്‍ സംഗമത്തില്‍ ചര്‍ച്ച ചെയ്യും.

ഫിനാന്‍സ് വുമണ്‍ ഓഫ് ദി ഇയര്‍, ബാങ്ക് ഓഫ് ദി ഇയര്‍ എന്നിങ്ങനെ 10 അവാര്‍ഡുകള്‍ സമാപന ചടങ്ങില്‍ സമ്മാനിക്കും. ഫെഡറല്‍ ബാങ്ക് എക്സിക്യൂട്ടിവ് ഡയറക്റ്റര്‍ ശാലിനി വാര്യര്‍ക്കാണ് ധനം ഫിനാന്‍സ് വുമണ്‍ ഓഫ് ദി ഇയര്‍ 2019 പുരസ്‌കാരം. ഫെഡറല്‍ ബാങ്കിന് ബാങ്ക് ഓഫ് ദി ഇയര്‍ പുരസ്‌കാരം സമ്മാനിക്കും. ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്കാണ് കേരള ബാങ്ക് ഓഫ് ദി ഇയര്‍.

മറ്റ് അവാര്‍ഡുകള്‍: ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി ഓഫ് ഇന്ത്യ (ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി ഓഫ് ദി ഇയര്‍), ന്യു ഇന്ത്യ അഷ്വറന്‍സ് കമ്പനി (ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനി ഓഫ് ദി ഇയര്‍), സൗത്ത് ഇന്ത്യന്‍ ബാങ്ക് (എക്സലന്‍സ് ഇന്‍ സോഷ്യല്‍ കമിറ്റ്മെന്റ്), കെഎസ്എഫ്ഇ ( എന്‍ബിഎഫ്സി ഓഫ് ദി ഇയര്‍), മണപ്പുറം ഫിനാന്‍സ് ( വെല്‍ത്ത് ക്രിയേറ്റര്‍ ഓഫ് ദി ഇയര്‍) മുത്തൂറ്റ് ഫിനാന്‍സ് (കേരളാസ് മോസ്റ്റ് വാല്യൂഡ് കമ്പനി), മുത്തൂറ്റ് മൈക്രോഫിന്‍ ( മൈക്രോ ഫിനാന്‍സ് കമ്പനി ഓഫ് ദി ഇയര്‍)

''ബാങ്കിംഗ്, ഫിനാന്‍സ്, നിക്ഷേപ മേഖലയിലെ ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ സംഗമമാണിത്. തുടര്‍ച്ചയായി മൂന്നാം വര്‍ഷമാണ് ധനം ഇത്തരമൊരു മെഗാ ഇവന്റ് കേരളത്തില്‍ സംഘടിപ്പിക്കുന്നത്. രാജ്യത്തിലെ ബാങ്കിംഗ്, ഫിനാന്‍സ്, നിക്ഷേപ മേഖലകളുടെ ദിശ അറിയാനും ഈ രംഗങ്ങളിലെ പുതിയ പ്രവണതകളും വെല്ലുവിളികളും സാധ്യതകളും മനസിലാക്കാനും സംഗമം ഉപകരിക്കും. വിവിധ മേഖലകളെ പ്രതിനിധീകരിച്ച് രാജ്യത്തെമ്പാടും നിന്നുള്ള 15 ലേറെ വിദഗ്ധരാണ് സംഗമത്തില്‍ പ്രഭാഷകരായി എത്തുന്നത്,'' ധനം പബ്ലിക്കേഷന്‍സ് ചീഫ് എഡിറ്ററും മാനേജിംഗ് ഡയറക്റ്ററുമായ കുര്യന്‍ ഏബ്രഹാം പറഞ്ഞു.

വിദഗ്ധരുടെ സംഗമം

27ന് രാവിലെ നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ സമിറ്റ് പ്രോഗ്രാം കമ്മിറ്റി അധ്യക്ഷനും അവാര്‍ഡ് ജൂറി ചെയര്‍മാനും ഫെഡറല്‍ ബാങ്ക് മുന്‍ ചെയര്‍മാനുമായ കെ പി പദ്മകുമാര്‍ കോണ്‍ഫറന്‍സ് വിഷയാവതരണം നിര്‍വഹിക്കും. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് എക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ മുന്‍ പ്രസിഡന്റും ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ചെയര്‍മാനുമായ ആര്‍. ഭുപതി ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായിരിക്കും. സിന്‍ഡിക്കേറ്റ് ബാങ്ക് മാനേജിംഗ് ഡയറക്റ്ററും ചീഫ് എക്സിക്യൂട്ടിവ് ഓഫീസറുമായ മൃത്യുഞ്ജയ് മഹാപാത്ര മുഖ്യ പ്രഭാഷണം നിര്‍വഹിക്കും.


പിന്നീട് നടക്കുന്ന വിവിധ സെഷനുകളില്‍ എല്‍ഐസി മാനേജിംഗ് ഡയറക്റ്റര്‍ ടി.സി സുശീല്‍കുമാര്‍, മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ് മാനേജിംഗ് ഡയറക്റ്ററും ചീഫ് എക്സിക്യൂട്ടിവ് ഓഫീസറുമായ വി.പി നന്ദകുമാര്‍, മുത്തൂറ്റ് ഫിനാന്‍സ് മാനേജിംഗ് ഡയറക്റ്റര്‍ ജോര്‍ജ് അലക്സാണ്ടര്‍ മുത്തൂറ്റ്, ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് ചെയര്‍മാന്‍ പി.ആര്‍ രവി മോഹന്‍, നബാര്‍ഡ് ചീഫ് ജനറല്‍ മാനേജര്‍ ആര്‍. ശ്രീനിവാസന്‍, സണ്‍ടെക് ഗ്രൂപ്പ് പ്രസിഡന്റും ചീഫ് എക്സിക്യൂട്ടിവ് ഓഫീസറുമായ കെ. നന്ദകുമാര്‍, എസ്ബിഐ ചീഫ് ജനറല്‍ മാനേജര്‍ എം എല്‍ ദാസ്, ഫെഡറല്‍ ബാങ്ക് മുന്‍ ചെയര്‍മാന്‍ കെ.പി പദ്മകുമാര്‍, റിസ്‌ക് മാനേജ്മെന്റ് കണ്‍സള്‍ട്ടന്റ് ശ്രീധര്‍ കല്യാണസുന്ദരം തുടങ്ങിയവര്‍ സംസാരിക്കും.

വൈകീട്ട് നടക്കുന്ന അവാര്‍ഡ് നിശയുടെ മുഖ്യ ആകര്‍ഷണം ഫെഡറല്‍ ബാങ്ക്് മാനേജിംഗ് ഡയറക്റ്ററും ചീഫ് എക്സിക്യൂട്ടിവ് ഓഫീസറുമായ ശ്യാം ശ്രീനിവാസനുമായി കൊല്‍ക്കത്തയിലെ Adamas സര്‍വകലാശാല പ്രോ വൈസ് ചാന്‍സലര്‍ ഉജ്ജ്വല്‍ കെ ചൗധരി നടത്തുന്ന ഫയര്‍ സൈഡ് ചാറ്റായിരിക്കും.

ഓഹരി വിപണിയിലെ നിക്ഷേപം: ഇപ്പോള്‍ അനുയോജ്യമായ സമയമോ? എന്ന വിഷയത്തില്‍ നടക്കുന്ന പാനല്‍ ചര്‍ച്ച സിഎസ്ബി ബാങ്ക് മുന്‍ ചെയര്‍മാന്‍ ടി എസ് അനന്തരാമന്‍ നയിക്കും. ക്ലബ് മില്യണയര്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്റ്ററുമായ പരേഷ് ജി സംഗാനി, ഡിബിഎഫ്എസ് സെക്യൂരിറ്റീസ് ലിമിറ്റഡ് മാനേജിംഗ് ഡയറക്റ്റര്‍ പ്രിന്‍സ് ജോര്‍ജ്, അഫ്ളുവന്‍സ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്റ്റര്‍ ഷൈനി സെബാസ്റ്റ്യന്‍ എന്നിവര്‍ ചര്‍ച്ചയില്‍ സംബന്ധിക്കും

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it