ഇലോണ്‍ മസ്‌കിന്റെ അമ്മ പറയുന്നു, ''എന്റെ മക്കളെ വിജയികളാക്കി വളര്‍ത്തിയത് ഇങ്ങനെയാണ്...''

ലോകത്തിലെ ഏറ്റവും ഇന്നവേറ്റീവ് ലീഡറായ ഇലോണ്‍ മസ്‌കിന്റെ അമ്മ എങ്ങനെയായിരിക്കും അദ്ദേഹത്തെ വളര്‍ത്തിയത്? സ്‌പെയ്‌സ് എക്‌സിന്റെയും ടെസ്ലയുടെയും സ്ഥാപകനായ ഇലോണ്‍ മസ്‌കിന്റെ അമ്മ മൂന്ന് കുട്ടികളെ വളര്‍ത്തിയെടുക്കാന്‍ ചെറിയ ബുദ്ധിമുട്ടൊന്നുമല്ല സഹിച്ചത്. 31ാം വയസില്‍ മൂന്ന് മക്കളുമായി ഒറ്റയ്ക്കായ ഇലോണ്‍ മസ്‌കിന്റെ അമ്മ മായെ മസ്‌ക് എങ്ങനെയാണ് ഇത്രയും വിജയികളായ മക്കളെ വളര്‍ത്തിയെടുത്തത്? സിഎന്‍ബിസിയില്‍ മായെ മസ്‌ക് എഴുതിയ ലേഖനത്തിന്റെ പ്രസക്തഭാഗങ്ങള്‍.

'' എന്റെ മൂത്ത മകനായ ഇലോണ്‍ ഇലക്ട്രിക് കാറുകളുണ്ടാക്കി പരിസ്ഥിതിയെ സംരക്ഷിക്കുകയും റോക്കറ്റുകള്‍ വിക്ഷേപിക്കുകയും ചെയ്യുന്നു. എന്റെ രണ്ടാമത്തെ കുട്ടിയായ കിംബല്‍ ഫാം-റ്റു-ടേബിള്‍ റെസ്റ്റോറന്റ് നടത്തുകയും സ്‌കൂളുകളില്‍ പോയി പഴങ്ങളും പച്ചക്കറികളും എങ്ങനെയുണ്ടാക്കാമെന്ന് കുട്ടികളെ പരിശീലിപ്പിക്കുകയും ചെയ്യുന്നു. എന്റെ ഇളയ കുട്ടി ടോസ്‌ക അവളുടെ എന്റര്‍ടെയ്ന്‍മെന്റ് സ്ഥാപനം വഴി സിനിമകള്‍ നിര്‍മിക്കുകയും സംവിധാനം ചെയ്യുകയും ചെയ്യുന്നു.

ആളുകള്‍ എന്നോട് പലപ്പോഴും ചോദിക്കാറുള്ള ചോദ്യമാണ് എങ്ങനെയാണ് ഞാന്‍ ഇത്തരത്തില്‍ വിജയികളായ കുട്ടികളെ വളര്‍ത്തിയെടുത്തതെന്ന്. ഞാന്‍ അവരോട് പറയുന്ന മറുപടി ഇതാണ്: അവരെ ഞാന്‍ കഠിനാദ്ധ്വാനത്തിന്റെ മഹത്വത്തെക്കുറിച്ച് പഠിപ്പിച്ചു. തങ്ങളുടെ താല്‍പ്പര്യങ്ങള്‍ പിന്തുടരാന്‍ അവരെ അനുവദിച്ചു.''

നോക്കൂ ആ അമ്മ എങ്ങനെയാണ് തന്റെ മക്കളെ വളര്‍ത്തിയതെന്ന്.

കുട്ടികള്‍ ജോലി ചെയ്ത് വളരട്ടെ

ഞാന്‍ 31ാം വയസില്‍ മൂന്ന് മക്കളുമായി ഞാന്‍ ഒറ്റയ്ക്കായി. മക്കളെ ഇട്ടിട്ട് മുഴുവന്‍ സമയം ജോലി ചെയ്തതില്‍ എനിക്ക് കുറ്റബോധം തോന്നുന്നില്ല. കാരണം എനിക്ക് മറ്റൊരു വഴി ഉണ്ടായിരുന്നില്ല. കുട്ടികളെ സംരക്ഷിക്കുക മാത്രമായിരുന്നു എന്റെ മുന്‍ഗണന. അവര്‍ക്ക് ഭക്ഷണം നല്‍കാനും വസ്ത്രം വാങ്ങാനും അവര്‍ക്ക് കിടക്കാന്‍ ഒരു വീടുണ്ടാക്കാനും ഞാന്‍ ഏറെ കഷ്ടപ്പെട്ടു.

എട്ടാം വയസില്‍ പിതാവിനെ സഹായിച്ച് തുടങ്ങിയതാണ് ഞാന്‍. എന്റെ ഇരട്ട സഹോദരിക്കും എനിക്കും ഒരു മണിക്കൂറിന് 5 സെന്റ് പ്രതിഫലം തരുമായിരുന്നു. ഞങ്ങള്‍ക്ക് 12 വയസായപ്പോള്‍ പിതാവിന്റെ ക്ലിനിക്കില്‍ റിസപ്ഷനിസ്റ്റായി ജോലി ചെയ്തു. ഞങ്ങളുടെ മാതാപിതാക്കള്‍ ഞങ്ങളെ മുതിര്‍ന്നവരായി തന്നെയായിരുന്നു കരുതിയിരുന്നത്.

എന്റെ കുട്ടികളെ വളര്‍ത്തുന്നതില്‍ എന്റെ മാതാപിതാക്കളുടെ ശൈലി എന്നെ സ്വാധീനിച്ചിരുന്നു. ചെറിയ പ്രായത്തിലെ എന്റെ കുട്ടികള്‍ നുട്രീഷന്‍ ബിസിനസില്‍ എന്നെ സഹായിച്ചിരുന്നു. ടോസ്‌ക വേര്‍ഡ് പ്രോസസറില്‍ ഡോക്ടര്‍മാര്‍ക്കുള്ള ലെറ്ററുകള്‍ ടൈപ്പ് ചെയ്യും. ഇലോണും കിംബലും എല്ലാ സഹായത്തിനുണ്ടായിരുന്നു. ഞാന്‍ മോഡലിംഗ് ആന്‍ഡ് ഇമേജ് സ്‌കൂള്‍ തുടങ്ങിയപ്പോള്‍ ടോസ്‌കയ്ക്ക് എട്ട് വയസായിരുന്നു. ആ പ്രായത്തില്‍ അവള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസെടുക്കുമായിരുന്നു.

കുട്ടികള്‍ക്ക് എന്താണ് വേണ്ടതെന്ന് അവര്‍ തീരുമാനിക്കട്ടെ

എന്റെ മാതാപിതാക്കള്‍ ഞങ്ങളെ പഠിപ്പിച്ചത്, സ്വതന്ത്രമായി ജീവിക്കാനാണ്. അനുകമ്പ, അനുഭാവം, വിശ്വസ്ത, മര്യാദ തുടങ്ങിയ മൂല്യങ്ങളും അവര്‍ പഠിപ്പിച്ചു. അതുതന്നെ ഞാന്‍ എന്റെ മക്കള്‍ക്കും പകര്‍ന്നുകൊടുത്തു. കഠിനാധ്വാനം ചെയ്യേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും നല്ല കാര്യങ്ങള്‍ ചെയ്യേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അവരെ പഠിപ്പിച്ചു. ഞാന്‍ അവരെ കുട്ടികളായി കാണുകയോ വഴക്ക് പറയുകയോ ചെയ്തിട്ടില്ല. അവരോട് പഠിക്കാന്‍ പറഞ്ഞിട്ടില്ല. അവരുടെ ഹോംവര്‍ക് പരിശോധിച്ചിട്ടില്ല. അത് അവരുടെ തന്നെ ഉത്തരവാദിത്തമാണ്.

വളര്‍ന്നപ്പോള്‍ അവര്‍ സ്വന്തം തീരുമാനങ്ങളിലൂടെ തങ്ങളുടെ ഭാവിയുടെ ഉത്തരവാദിത്തം സ്വയം ഏറ്റെടുത്തു. സ്വയം കോഴ്‌സുകള്‍ തെരഞ്ഞെടുത്തു.

ഉത്തരവാദിത്തത്തിന്റെ യാഥാര്‍ത്ഥ്യത്തില്‍ നിന്ന് കുട്ടികളെ ഒരിക്കലും സംരക്ഷിക്കേണ്ട ആവശ്യമില്ല. എന്റെ കുട്ടികള്‍ക്ക് ഒരു ഗുണമുണ്ടായത് എന്താണെന്നുവെച്ചാല്‍ അവര്‍ എന്നെ കണ്ടാണ് വളര്‍ന്നത്. തലക്കുമീതെ ഒരു കൂരയുണ്ടാക്കാനും വയറുനിറച്ച് കഴിക്കാനും സെക്കന്‍ഡ്ഹാന്‍ഡ് വസ്ത്രം വാങ്ങാനും ഞാന്‍ എത്രമാത്രം കഷ്ടപ്പെട്ടുവെന്ന്.

കോളെജിലെത്തിയപ്പോഴും അവര്‍ ഏറെ കഷ്ടപ്പെട്ടു. ആറ് പേരടങ്ങിയ മുറിയില്‍ തറയില്‍ കിടന്നുറങ്ങി വളരെ ദരിദ്രമായ അവസ്ഥയിലാണ് അവര്‍ പഠിച്ചത്. പക്ഷെ അവര്‍ ആ സാഹചര്യങ്ങളില്‍ തൃപ്തരായിരുന്നു. ആഡംബരങ്ങളില്‍ ജീവിച്ച് വളര്‍ന്നിട്ടില്ലെങ്കില്‍ നിങ്ങളുടെ കുട്ടികള്‍ എവിടെയും അതിജീവിക്കും. നിങ്ങളായി അവരെ മോശമാക്കരുത്. അവരൊരു സുരക്ഷിതമായ സ്ഥിതിയിലായെന്ന് നിങ്ങള്‍ക്ക് ഉറപ്പുണ്ടെങ്കില്‍ അവരെ അവരുടെ കാര്യം നോക്കാന്‍ അനുവദിക്കുക.

പല മാതാപിതാക്കളും കുട്ടികളെക്കുറിച്ച് ഏറെ ആശങ്കാകുലരാണ്. പക്ഷെ അവരുടെ കാര്യങ്ങള്‍ അവര്‍ തന്നെ തീരുമാനിക്കട്ടെ. യൂണിവേഴ്‌സിറ്റിയിലോ ജോലിക്കോ വേണ്ട അപേക്ഷകള്‍ അവര്‍ തന്നെ പൂരിപ്പിക്കട്ടെ. അവരുടെ ഭാവിയുടെ ഉത്തരവാദിത്തം അവര്‍ ഏറ്റെടുക്കട്ടെ. ഇനി അവര്‍ക്ക് ബിസിനസ് തുടങ്ങണം എന്നാണ് ആഗ്രഹമെങ്കില്‍, അവരുടെ ആശയം നല്ലതായി നിങ്ങള്‍ക്ക് തോന്നുന്നുവെങ്കില്‍ അവര്‍ക്ക് പിന്തുണ കൊടുക്കുക. പക്ഷെ അവര്‍ക്ക് മൂല്യങ്ങളും മര്യാദകളും പഠിപ്പിച്ചുകൊടുക്കാന്‍ മറക്കരുത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it