അസാധ്യമെന്നു കരുതുന്നതില്‍ ആണ് അവസരങ്ങളുള്ളത്; പ്രചോദനമായി യുവസംരംഭകര്‍

'അവസരങ്ങള്‍ എപ്പോഴും നമ്മളെ തേടിയെത്തും, അത് തിരിച്ചറിയുകയാണ് പ്രധാനം. അവസരങ്ങള്‍ ചിലപ്പോള്‍ നമ്മുടെ ബുദ്ധിമുട്ടുകളിലാകാം, അല്ലെങ്കില്‍ അസാധ്യമായി തോന്നുന്ന കാര്യങ്ങളിലാകാം അവസരമൊളിഞ്ഞിരിക്കുന്നത്. അത്തരത്തില്‍ ഉള്ളിലുള്ള സംരംഭകത്വത്തെ നമ്മള്‍ പുറത്തു കൊണ്ടുവരണം.'ടൈ കേരള വിമന്‍ ഇന്‍ ബിസിനസ് കോണ്‍ഫറന്‍സില്‍ യുവ സംരംഭകര്‍ സംരംഭകത്വത്തെ കുറിച്ചുള്ള ആശയങ്ങള്‍ പങ്കുവച്ചു.

അമേരിക്കയിലെ മള്‍ട്ടി നാഷണല്‍ കന്പനിയിലുള്ള ജോലി ഉപേക്ഷിച്ച് കേരളത്തിലെത്തുന്പോള്‍ 'ചീസ്' പോലെ നിത്യജീവിതത്തില്‍ ആവശ്യമായ ഭക്ഷ്യവസ്തുക്കളുടെ അഭാവത്തിലാണ് കസാരോ ക്രീമറി എന്ന സ്ഥാപനത്തിലേക്കെത്തിച്ചതെന്ന് അനുജോസഫ് വ്യക്തമാക്കി. സ്വന്തം നാട്ടിലെ വേസ്റ്റ് മാനേജ്മെന്‍റിനെക്കുറിച്ചു ചിന്തിച്ചപ്പോള്‍ ട്രാഷ്കാന്‍ എന്ന സംരംഭത്തിലേക്കുള്ള സംരംഭകത്വ ആശയം ലഭിച്ചതിനെക്കുറിച്ചായിരുന്നു കര്‍ണാടകയില്‍ നിന്നുള്ള ട്രാഷ് കാന്‍ എന്ന സംരംഭത്തിന്‍റെ സ്ഥാപക സിഇഓ ആയ നിവേദ പങ്കുവച്ചത്. ''Every impossibility is an opportunity'' എന്നാണ് യുവ സംരംഭകര്‍ ചര്‍ച്ചയില്‍ ഒരേ സ്വരത്തില്‍ പറഞ്ഞത്.

ഫുഡ് ആന്‍ഡ് ബിവറിജസ്, എഫ്എംസിജി, ഹോസ്പിറ്റാലിറ്റി രംഗത്തുള്ള കന്പനികള്‍ക്ക് കണ്‍സള്‍ട്ടന്‍സി സേവനങ്ങള്‍ നല്‍കുന്ന കന്പനിയായ ബ്ലൂ ബീന്‍സ് സ്ഥാപിച്ചപ്പോള്‍ താന്‍ നേരിട്ട വെല്ലുവിളികളും സംരംഭത്തെ ഉപഭോക്താക്കളിലേക്കെത്തിക്കാന്‍ അഭിമുഖീകരിച്ച സാഹചര്യങ്ങളും നിഖിത ബര്‍മന്‍ പങ്കുവച്ചു.

"The Young and the Restless" എന്ന വിഷയത്തില്‍ നടന്ന പാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു കസാരോ ക്രീമെറിയുടെ സഹസ്ഥാപക അനു ജോസഫ്, ദി ബ്ലൂ ബീന്‍സ് സ്ഥാപക പാര്‍ട്ണര്‍ നികിത ബര്‍മന്‍, ട്രാഷ്‌കോണ്‍ സ്ഥാപകയും ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസറുമായ നിവേദ ആര്‍ എം എന്നിവര്‍. യുവ സംരംഭകര്‍ക്ക് പകര്‍ത്താന്‍ നിറയെ അനുഭവ കഥകളാണ് മൂവരും ചര്‍ച്ചയില്‍ അവതരിപ്പിച്ചത്. ചെമ്മണ്ണൂര്‍ അക്കാദമി & സിസ്റ്റംസ് മാനേജിംഗ് ഡയറക്റ്റര്‍ അനീഷ ചെറിയാന്‍ പാനല്‍ ചര്‍ച്ചയില്‍ മോഡറേറ്ററായിരുന്നു.

യുവസംരംഭകര്‍ക്കും സംരംഭകത്വത്തില്‍ തുടക്കക്കാരായവര്‍ക്കും സംരംഭത്തെ യുവത്വവല്‍ക്കരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും പകര്‍ത്താനുണ്ട് യുവ ബിസിനസ് പ്രതിഭകളുടെ ഈ കാഴ്ചപ്പാടുകള്‍.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it