കുഗ്രാമത്തില്‍ നിന്നെത്തി കോടീശ്വരനായ ഡോ. എ. വേലുമണിയുടെ കഥ വായിക്കാം

ചുരുങ്ങിയ ചെലവില്‍ കുറ്റമറ്റ തൈറോയ്ഡ് പരിശോധന നടത്തുന്ന തൈറോകെയര്‍ ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ സ്ഥാപകനും ചെയര്‍മാനും മാനേജിംഗ് ഡയറക്റ്ററും സിഇഒയുമാണ് ഡോ. എ വേലുമണി. കോയമ്പത്തൂരില്‍ സ്വന്തമായി കൃഷിയിടമില്ലാത്ത ഒരു കര്‍ഷന്റെ മകനായി ഇല്ലായ്മയുടെ നടുവില്‍ ജനിച്ചു വളര്‍ന്ന ഡോ. എ. വേലുമണി 3,300 കോടി രൂപ മൂല്യമുള്ള കമ്പനിയാണ് കെട്ടിപ്പടുത്തിരിക്കുന്നത്.

പാവപ്പെട്ടവരായി ജനിച്ചവര്‍ ഭാഗ്യവാന്മാര്‍!

ഒരു കൈയില്‍ സ്ലേറ്റും മറുകൈയില്‍ പ്ലേറ്റുമായി സ്‌കൂളില്‍ പഠിക്കാന്‍ പോയ ഒരു ദരിദ്ര ബാലന്‍ സ്വന്തം ഇല്ലായ്മയെ 3,300 കോടി രൂപ മൂല്യമുള്ള സംരംഭത്തിന്റെ സൃഷ്ടിക്കായി വഴി മാറ്റി ഒഴുക്കിയതെങ്ങനെ? വൈദ്യൂതിയോ റോഡോ ഒന്നുമില്ലാത്ത ഗ്രാമത്തില്‍ ജനിക്കുകയെന്നത് ഭാഗ്യമാണ്. കുഗ്രാമം ഒരു സര്‍വകലാശാലയാണ്. അവിടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ തിയറിയില്ല. കംപ്ലീറ്റ് പ്രാക്റ്റിക്കല്‍ മാത്രം. പാവപ്പെട്ടവരായി ജനിച്ചവര്‍ ഭാഗ്യവാന്മാര്‍.

ഡോ. എ. വേലുമണി. ആരാ ഈ മഹാന്‍?

ഇന്ത്യയുടെ മുക്കിലും മൂലയിലും കാണുന്ന തൈറോകെയര്‍ എന്ന തൈറോയ്ഡ് ടെസ്റ്റിംഗ് ലാബിന്റെ സൃഷ്ടാവ്. ഡോ. എ. വേലുമണി. ഇദ്ദേഹം സംസാരിച്ചു തുടങ്ങിയാല്‍ പഞ്ച് ലൈനുകള്‍ ഒഴുകും. അക്കാര്യത്തില്‍ സ്‌റ്റൈല്‍ മന്നന്‍ രജനീകാന്ത് പോലും തോല്‍ക്കും ഈ കോയമ്പത്തൂരുകാരനു മുന്നില്‍. ഉച്ചക്കഞ്ഞിക്കായി സ്‌കൂളില്‍ പോയിരുന്ന ദരിദ്ര ബാലനായ വേലുമണി ദേശീയ, രാജ്യാന്തരതലത്തില്‍ ശ്രദ്ധേയമായ കമ്പനിയുടെ സാരഥിയായി മാറിയ കഥ സംരംഭകര്‍ക്കെന്നല്ല, സ്വന്തം പരിമിതികളെ കുറിച്ച് പരാതിപ്പെടുന്ന ഏവര്‍ക്കും ഉയര്‍ത്തെന്നേല്‍പ്പിനുള്ള പ്രചോദനമാണ്. ഒരു സുപ്രഭാതത്തില്‍ സുരക്ഷിതമായ ജോലി രാജിവെച്ച് രണ്ടു ലക്ഷം രൂപ മൂലധനമാക്കി സ്വന്തം സംരംഭം കെട്ടിപ്പടുക്കാന്‍ ഇറങ്ങി തിരിച്ച ഡോ. വേലുമണി ഇന്ന് 3,300 കോടി മൂല്യമുള്ള ലിസ്റ്റഡ് കമ്പനിയുടെ മേധാവിയാണ്. കോയമ്പത്തൂരിലെ കുഗ്രാമത്തില്‍ നിന്ന് നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചിലേക്കുള്ള ആ യാത്ര വേലുമണിയുടെ തന്നെ വാക്കുകളിലൂടെ.

സ്‌കൂള്‍ ഉച്ചക്കഞ്ഞിക്ക്

ഞാന്‍ ഭാഗ്യവാനാണ്. കോയമ്പത്തൂരിലെ ദരിദ്ര ഗ്രാമത്തില്‍ സ്വന്തമായി കൃഷിയിടമില്ലാത്ത കര്‍ഷന്റെ മകനായി ജനിച്ചു. മൂന്നു നേരം ഭക്ഷണം ആര്‍ഭാടമായിരുന്നു. ഉച്ചയ്ക്ക് കഞ്ഞികുടിക്കുകയെന്ന മുഖ്യ ലക്ഷ്യത്തോടെ ഒരു കൈയില്‍ സ്ളേറ്റും മറുകൈയില്‍ പ്ലേറ്റുമായി സ്‌കൂളില്‍ പോ

യി. അന്ന് വസ്ത്രമായുള്ളത് വള്ളിനിക്കര്‍. കാലില്‍ ചെരുപ്പില്ല. നാട്ടില്‍ വൈദ്യുതിയില്ല. വാക്കുകളുടെ അര്‍ത്ഥം നോക്കാന്‍ നിഘണ്ഡുവില്ല. സ്‌കൂളില്‍ ഗ്രൂപ്പ് ഫോട്ടോയുമില്ല. മുന്നിലുള്ള പ്രശ്നങ്ങള്‍ തീര്‍ക്കാന്‍ തിയറിയുമില്ല. കംപ്ലീറ്റ് പ്രാക്ടിക്കല്‍. കുഗ്രാമം അതുകൊണ്ടു തന്നെ നല്ലൊരു സര്‍വകലാശാലയാണ്. അക്കാലത്ത് ബിരുദധാരികള്‍ക്ക് വെളുത്ത് സുന്ദരിയായ പെണ്‍കുട്ടികളെ വധുവായി ലഭിച്ചിരുന്നു. എന്റെ ലക്ഷ്യം അങ്ങനെ ബിരുദം നേടുകയെന്നതായി. കോളെജില്‍ നിന്ന് പഠിച്ചിറങ്ങിയപ്പോള്‍ ജോലി തേടിയിറങ്ങി.

അപ്പോഴതാ മറ്റൊരു ആഗോള പ്രശ്നം. എല്ലാവരും പരിശോധിക്കുന്നത് ഇംഗ്ലീഷ് ഭാഷയിലെ അറിവ്. പിന്നെ ചോദിക്കുന്നത് എക്സ്പീരിയന്‍സ്. കോളെജില്‍ നിന്ന് പഠിച്ചിറങ്ങിയ എനിക്ക് ഇതും രണ്ടുമില്ലായിരുന്നു. ഒടുവില്‍ ഒരു മരുന്നു കമ്പനിയില്‍ കെമിസ്റ്റായി ജോലി കിട്ടി. മാസശമ്പളം 150 രൂപ. ശമ്പളം 1000 രൂപയാകുമ്പോള്‍ കല്യാണം കഴിക്കാന്‍ ഞാന്‍ മോഹിച്ചു. 150 രൂപയില്‍ നിന്ന് 175, 200, 225 രൂപ എന്നിങ്ങനെ വേതനം കൂടി. അതിനിടെ ആ കമ്പനി പൂട്ടി.

മുംബൈയിലേക്ക്

ജോലി പോയതോടെ നാടു വിടാന്‍ തീരുമാനിച്ചു. വീട്ടിലെ സ്ഥിതിയും ദയനീയമായിരുന്നു. അച്ഛനെയും അമ്മയെയും നോക്കണം. സഹോദരങ്ങളെ പഠിപ്പിക്കണം. കടം വാങ്ങിയ കാശുമായി മുംബൈയ്ക്കുള്ള തീവണ്ടി കയറി. മൂന്നു രാത്രി വി.ടി സ്റ്റേഷനില്‍ കഴിച്ചുകൂട്ടി. ഭാഭ അറ്റോമിക് റിസര്‍ച്ച് സെന്ററില്‍ 800 രൂപ മാസവേതനത്തില്‍ ജോലി കിട്ടിയതോടെ താമസം സ്റ്റേഷനില്‍ നിന്ന് മാറ്റാന്‍ സാധിച്ചു.

അക്കാലത്ത് ഓഫീസ് ജോലി എട്ടുമണിക്കൂറായിരുന്നു. ദിവസത്തെ എട്ടുമണിക്കൂര്‍ കൂടി വിനിയോഗിക്കാന്‍ തീരുമാനിച്ചു. നാല് ഷെഡ്യൂളുകളിലായി ട്യൂഷനെടുത്തു. മാസം മറ്റൊരു 800 രൂപ കൂടി സമ്പാദിച്ചു. നിത്യ ചെലവിനുള്ള തുക മാത്രം മാറ്റി വെച്ച് ബാക്കി തുക അമ്മയ്ക്ക് വീട്ടിലേക്ക് അയച്ചു. കുടുംബം പോറ്റാന്‍.

വരുമാനം 1000 കവിഞ്ഞപ്പോള്‍ കല്യാണം കഴിക്കാമെന്നായി. അങ്ങനെയാണ് സുമതിയെ കാണാന്‍ പോയത്. ഒരു മണിക്കൂര്‍ നീണ്ടുനിന്ന കൂടിക്കാഴ്ച. 55 മിനിറ്റും ഞാന്‍ നിര്‍ത്താതെ സംസാരിച്ചു. അഞ്ചുമിനിട്ട് പൂര്‍ണ നിശബ്ദത. എന്റെ അത്രയും സംസാരം ഒരു വാക്ക് പോലും തിരിച്ചു സംസാരിക്കാതെ കേട്ടു നിന്ന നിമിഷം ഞാന്‍ സുമതിയെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചു.

ജീവിതം തട്ടുംതടവുമില്ലാതെ ഒഴുകി. രണ്ടു കുട്ടികള്‍ ജനിച്ചു. ഒരാണും ഒരു പെണ്ണും. ഇതിനിടെ ഞാന്‍ പിഎച്ച് ഡി എടുത്തു. എന്റെ പഠനവും ജോലിയും തടസ്സമില്ലാതെ പോയി. സുമതി എന്റെ മക്കളെയും എന്റെ സഹോദരങ്ങളെയും നന്നായി നോക്കി വളര്‍ത്തി. കുടുംബവും രക്ഷപ്പെട്ടു.

കംഫര്‍ട്ട് സോണ്‍ എന്നാല്‍ ഡെയ്ഞ്ചര്‍ സോണ്‍

എല്ലാം സ്വസ്ഥമായപ്പോള്‍ പിന്നെയും അസ്വസ്ഥനായി. വളര്‍ന്ന് വയസാകണോ അതോ വളര്‍ന്ന് വലുതാകണോ (ഏൃീം ീഹറ ീൃ ഴൃീം യശഴ) ഇതായിരുന്നു ചിന്ത. ഒരു ദിവസം രാവിലെ ഓഫീസിലെത്തി രാജി കത്ത് കൊടുത്തു. ഭാഭ അറ്റോമിക് റിസര്‍ച്ച് സെന്ററിലെ ജോലിക്കിടയിലും തുടര്‍ പഠനത്തിനുമിടയില്‍ ഞാന്‍ ഒരു കാര്യം ശ്രദ്ധിച്ചിരുന്നു. പലര്‍ക്കും തൈറോയ്ഡ് കാന്‍സറും രോഗങ്ങളുമുണ്ട്. തൈറോയ്ഡ് പരിശോധനയ്ക്ക് ചെലവേറെയാണ്. ഫലം കിട്ടാന്‍ ദിവസങ്ങള്‍ കാത്തിരിക്കണം. ഭാഭയില്‍ ജോലിക്ക് കയറുമ്പോള്‍ തൈറോയ്ഡ് ഗ്രന്ഥി എന്താണെന്ന് എനിക്കറിയില്ലായിരുന്നു. കാല്‍മുട്ടിലെവിടെയോയുള്ള സാധനമെന്നായിരുന്നു എന്റെ വിശ്വാസം. അതിന്റെ സ്ഥാനം തൊണ്ടയിലാണെന്നും ഏതാനും ഗ്രാമുകള്‍ മാത്രമാണ് ഭാരമെന്നും പുതിയ അറിവായിരുന്നു.

എന്തായാലും തൈറോയ്ഡ് ടെസ്റ്റിംഗ് രംഗത്ത് സാധ്യതയുണ്ടെന്ന് ഉറപ്പായി. ജോലി രാജിവെച്ച രാത്രിയില്‍ ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്നു. വിവരം തിരക്കിയ ഭാര്യയോട് ഞാന്‍ അക്കാര്യം പറഞ്ഞു. അതുവരെ കട്ടിലില്‍ സമാന്തരമായി കിടന്ന ഭാര്യ ചാടിയെഴുന്നേറ്റ് കുത്തിയിരുന്നു. അവള്‍ എല്ലാം കേട്ടു. ഒടുവില്‍ പറഞ്ഞു. എങ്കില്‍ നാളെ മുതല്‍ ഞാനും ജോലിക്കു പോകുന്നില്ല. അതോടെ കട്ടിലില്‍ കുത്തിയിരുന്ന എന്റെ പൊസിഷന്‍ സമാന്തരമായി! ഭാര്യയുടെ സ്ഥിരമായ ബാങ്ക് ജോലിയുടെ ഉറപ്പിലാണ് ഞാന്‍ എടുത്തു ചാടാമെന്ന് വെച്ചത്. അവളും ജോലി കളഞ്ഞാല്‍ സ്ഥിതി എന്താകും. എന്തായാലും അവളുടെ തീരുമാനം ഉറച്ചതായിരുന്നു; എന്റേയും.

രണ്ടു ലക്ഷം രൂപയില്‍ നിന്ന് തുടക്കം

ജോലി ചെയ്യുമ്പോള്‍ നീക്കിവെച്ചിരുന്ന തുക എടുത്ത് തൈറോയ്ഡ് ലാബിട്ടു. രോഗികളില്‍ നിന്ന് പരമാവധി കുറഞ്ഞ നിരക്കേ ഈടാക്കാന്‍ പാടുള്ളൂവെന്ന് ആദ്യമേ ഉറപ്പിച്ചു. അതിനായി ലാബ് ടെസ്റ്റിംഗിനുള്ള റിയേജന്റ് മുതല്‍ എല്ലാം കുറഞ്ഞ ചെലവില്‍ കിട്ടണമായിരുന്നു. വന്‍തോതില്‍ പരിശോധനകള്‍ നടത്തിയാല്‍ മാത്രമേ വന്‍ തോതില്‍ റിയേജന്റുകള്‍ വാങ്ങാന്‍ പറ്റൂ. അതായത് ബിസിനസ് വലുതാക്കണം. ഒറ്റ വഴിയേ മുന്നിലൂണ്ടായുള്ളൂ. ലാബിന് ഫ്രാഞ്ചൈസി കൊടുത്തു. മുംബൈയില്‍ കേന്ദ്രീകൃത ടെസ്റ്റിംഗ് ലാബ് സജ്ജീകരിച്ചു. എയര്‍ കാര്‍ഗോ വഴി രാജ്യത്തിന്റെ വിവിധ ഫ്രാഞ്ചൈസികളിലെ സാമ്പിളുകള്‍ മുംബൈയിലെത്തിച്ചു. പരിശോധന ഫലം കുറ്റമറ്റതാക്കാന്‍ മികവുറ്റ ഐ.റ്റി സാങ്കേതിക വിദ്യ ഉള്‍ച്ചേര്‍ത്തു. 1998ല്‍ തൈറോകെയറിന് വെബ് സെര്‍വറുണ്ടായിരുന്നു!

എല്ലാവരും ഉറങ്ങുമ്പോള്‍ തൈറോകെയറിന്റെ ലാബ് പ്രവര്‍ത്തനസജ്ജമായി. പകല്‍ സമാഹരിച്ച സാമ്പിളുകള്‍ രാത്രി ടെസ്റ്റ് ചെയ്ത് ഫലം കൊടുത്തു. ലാബില്‍ തന്നെ എന്റെ കുടുംബവും താമസിച്ചു. വര്‍ഷങ്ങളോളം.

കല്ലിനെ കാണുന്നവര്‍ ദൈവത്തെ കാണുന്നില്ല

'കല്ലിനെ കാണുന്നവര്‍ ദൈവത്തെ കാണുന്നില്ല, ദൈവത്തെ കാണുന്നവര്‍ കല്ലിനെയും.' സിനിമയില്‍ കമല്‍ഹാസന്‍ പറഞ്ഞ വാക്കുകളാണ് ബിസിനസിലെ മത്സരത്തെ കുറിച്ച് പറയാനുള്ളത്. എതിരാളികളെ നോക്കുന്നവര്‍ സ്വന്തം ബിസിനസിലെ വളര്‍ച്ചാ സാധ്യതകളെ കാണുന്നില്ല. സ്വന്തം സാധ്യതകള്‍ കാണുന്നവര്‍ എതിരാളികളെയും കാണുന്നില്ല. അതുകൊണ്ട് എനിക്ക് ബിസിനസില്‍ എതിരാളികളില്ല.

1996ല്‍ എന്റെ ലാബിന്റെ വിസ്തൃതി 2000 ചതുരശ്രയടിയായിരുന്നു. 2016ല്‍ അത് നാല് ലക്ഷമായി. ജീവനക്കാരെ തെരഞ്ഞടുത്തപ്പോള്‍ ഞാന്‍ ഒരു കാര്യം ആദ്യമേ തീരുമാനിച്ചു. പുതുതായി പഠിച്ചിറങ്ങുന്നവര്‍ക്ക്, ജോലിയില്‍ മുന്‍പരിചയമില്ലാത്തവര്‍ ജോലി നല്‍കി. എക്സിപീരിയന്‍സ് ഇല്ലാത്തതിനാല്‍ ജോലി കിട്ടാന്‍ അലഞ്ഞവനാണ് ഞാന്‍. ഇന്ന് എന്റെ ജീവനക്കാരുടെ ശരാശരി പ്രായം 24 വയസാണ്. അതിന് പ്രാധാന്യം ഏറെയുണ്ട്. ബിഎസ്എന്‍എല്‍ v/s എയര്‍ടെല്‍, എയര്‍ ഇന്ത്യ v/s ഇന്‍ഡിഗോ പോലെ. 1000 ത്തിലേറെ നഗരങ്ങളില്‍ 1200 ഫ്രാഞ്ചൈസികളില്‍ നിന്നുള്ള സാമ്പിളുകള്‍ 98 ശതമാനത്തോളം വരുന്ന മുന്‍പരിചയമില്ലാത്ത ജീവനക്കാര്‍ ചുറുചുറുക്കോടെ കൃത്യമായി ജോലി ചെയ്ത് പരിശോധിച്ച് നല്‍കുന്നു.

'വാല്യുമണി'

2009ല്‍ എന്റെ ഓഫീസില്‍ കടന്നുവന്നവര്‍ സംരംഭത്തിനിട്ട മൂല്യം 200 കോടി. ഞാനത് ഇരട്ടിയായി പറഞ്ഞു. അവര്‍ ഇറങ്ങി പോയി. 2009ല്‍ മൂല്യം 600 കോടിയായി. 2012ല്‍ 1200 കോടി. 2015 ഡിസംബറില്‍ 1800 കോടി 2016 മാര്‍ച്ചില്‍ 2400 കോടി. 2016 മെയില്‍ 3300 കോടി… വാല്യു ഇങ്ങനെ ഉയര്‍ന്നതില്‍ രഹസ്യമില്ല.

'എന്‍ വഴി തനി വഴി.' തികച്ചും വ്യത്യസ്തമായ രീതിയിലായിരുന്നു എന്റെ യാത്ര. ഞാന്‍ സംരംഭത്തില്‍ നിന്ന് വളരെ കുറച്ച് മാത്രമേ സ്വന്തം ആവശ്യത്തിനായെടുത്തുള്ളൂ. കൂടുതല്‍ ഉപഭോക്താക്കള്‍ക്ക് തിരിച്ചു നല്‍കി. ആരെയും അനുകരിച്ചില്ല. വേണമെങ്കില്‍ നഷ്ടങ്ങള്‍ സഹിക്കാനും തയാറായിരുന്നു. കാരണം ഞാന്‍ തുടങ്ങിയത് പൂജ്യത്തില്‍ നിന്നാണ്. ഒന്നുമില്ലായ്മയില്‍ നിന്ന് തുടങ്ങിയവന്‍ നഷ്ടങ്ങളെ ഭയക്കുന്നതെന്തിന്? ഒരിക്കലും എളുപ്പമുള്ള വഴിയേയല്ല സഞ്ചരിച്ചത്. എളുപ്പവഴികള്‍ എല്ലായ്പ്പോഴും ശരിയായ വഴിയാകണമെന്നില്ല.

എന്റെ കുട്ടിക്കാലത്ത് മാതാപിതാക്കള്‍ താലോലിച്ച് വഷളാക്കിയില്ല. അമിത ഭക്ഷണം നല്‍കിയില്ല. മതിയായ ഭക്ഷണം ലഭിച്ചിരുന്നുമില്ല. കൂടെ നിന്ന് അവരുടെ ആശയങ്ങള്‍ കുത്തിക്കേറ്റിയില്ല. സ്വന്തമായി കാര്യങ്ങള്‍ ചെയ്യാന്‍ അനുമതി നല്‍കി.

നിര്‍ണായക തീരുമാനങ്ങളൊന്നും മറ്റുള്ളവരോട് ആലോചിച്ചല്ല എടുത്തത്. വീട് വിട്ട് ബോംബെയില്‍ പോയതും കല്യാണം കഴിക്കാന്‍ പെണ്ണിനെ തീരൂമാനിച്ചതും ജോലി രാജിവെച്ചതും ഒക്കെ സ്വയം തീരുമാനിച്ചതാണ്. സംരംഭത്തിന്റെ വാല്യു കൂട്ടിയത് ഈ തനിവഴിയാണ്.

അഞ്ചുവര്‍ഷത്തിനിടെ നാല് മടങ്ങാണ് സംരംഭത്തിന്റെ വാല്യു കൂടിയത്. കടമില്ലാത്ത, സ്ഥിരമായി വളര്‍ച്ച നേടുന്ന കമ്പനിയെന്ന ലേബലുമായാണ് എന്‍എസ്ഇയില്‍ ലിസ്റ്റിംഗിനൊരുങ്ങിയത്. ഇഷ്യു 75 മടങ്ങോളം ഓവര്‍ സബ്സ്‌ക്രൈബ്ഡായി.

മക്ഡൊണാള്‍ഡും വാള്‍മാര്‍ട്ടും

തൈറോകെയര്‍ മക്ഡൊണാള്‍ഡും വാള്‍മാര്‍ട്ടും ചേര്‍ന്നതാണ്. മെനുവിന്റെ കാര്യത്തില്‍ അങ്ങേയറ്റം ശ്രദ്ധ ചെലുത്തുന്ന മക്ഡൊണാള്‍ഡിന്റെ ശൈലിയും വോള്യത്തിന്റെ കാര്യത്തില്‍ ഏതറ്റം വരെ പോകുന്ന വാള്‍മാര്‍ട്ടിന്റെ നയവും ഒന്നിക്കുന്നു. സംരംഭത്തെ വളര്‍ത്താന്‍ ഫണ്ടില്ലെന്ന് പറഞ്ഞിരുന്നിട്ട് കാര്യമില്ല. കരയുന്ന കുഞ്ഞിനേ പാലുള്ളൂ. അത്യാവശ്യത്തോടെ ഓടിയാല്‍ എന്തും കിട്ടും.

ജീവനക്കാരെ പ്രചോദിപ്പിക്കാന്‍ എപ്പോഴും നല്ലൊരു കഥ വേണം. ആ കഥ കേട്ട് അവര്‍ പ്രചോദിതരാകും.

എനിക്ക് പക്ഷേ നികത്താനാകാത്ത ഒരു നഷ്ടമുണ്ട്. എന്റെ സഹധര്‍മിണി എന്നെ വിട്ടുപിരിഞ്ഞു പോയി. കമ്പനിയുടെ ലിസ്റ്റിംഗിന് നൂറോളം ദിവസങ്ങള്‍ മാത്രം ശേഷിക്കേ. എന്റെ സമ്പാദ്യം മുഴുവന്‍ കൊടുത്താല്‍ സുമതിയുടെ ജീവന്‍ തിരിച്ചുകിട്ടുമെങ്കില്‍ അതിനും തയാറായിരുന്നു.

ഈ ദുഃഖത്തിലും ഞാന്‍ മുന്നോട്ടാണ്. എല്ലാവരും ലക്ഷ്യങ്ങള്‍ ചോദിക്കും. എനിക്കതില്‍ വിശ്വാസമില്ല. ഈ നിമിഷത്തെ അവസരം പരമാവധി വിനിയോഗിക്കും. നാളെ മുന്നില്‍ വരുന്നതും അതുപോലെ. വളരുക അതു മാത്രമാണ് മുന്നില്‍.

പ്രതികൂലമായ ജീവിതസാഹചര്യങ്ങളെ എതിരിട്ട് വേറിട്ട ആശയങ്ങളിലൂടെ രാജ്യാന്തരതലത്തില്‍ പേരുകേട്ട പ്രസ്ഥാനങ്ങള്‍ കെട്ടിപ്പടുത്ത മൂന്നുപേര്‍, കുഗ്രാമത്തില്‍ നിന്നെത്തിയ ആ കോടീശ്വരന്മാരുടെ കഥ. ബൈജു രവീന്ദ്രന്‍, മുസ്തഫ പി.സി. എന്നിവരുടെ കഥകള്‍ വരും ദിവസങ്ങളില്‍ വായിക്കാം.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it