ബിസിനസ് തുടങ്ങാന്‍ 5 ദിവസം മതിയാകും

നടപടിക്രമങ്ങള്‍ ലളിതവും സുഗമമവുമാക്കി കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയം

Office Business

രാജ്യത്ത് പുതിയ ബിസിനസ് ആരംഭിക്കാന്‍ തയ്യാറാകുന്നവര്‍ക്ക് അതിനാവശ്യമായ കമ്പനി രൂപീകരണം ഉള്‍പ്പെടെയുള്ള മുഴുവന്‍ പ്രക്രിയകളും അഞ്ച് ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ സാഹചര്യമൊരുക്കി കേന്ദ്ര സര്‍ക്കാര്‍. ഇതുവരെ വേണ്ടിയിരുന്ന 18 ദിവസങ്ങളാണ് നടപടിക്രമങ്ങള്‍ ലഘൂകരിക്കുന്നതിലൂടെ അഞ്ചിലേക്ക് ചുരുങ്ങുന്നതെന്ന് ഉന്നതോദ്യോഗസ്ഥര്‍ പറയുന്നു.

ലോക ബാങ്കിന്റെ ഏറ്റവും പുതിയ ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് (ഇഒഡിബി) റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയില്‍ ഒരു ബിസിനസ് ആരംഭിക്കാന്‍ ആവശ്യമായ ദിവസങ്ങളുടെ എണ്ണം 18 ഉം അതിന്റെ ഭാഗമായുള്ള പ്രക്രിയകളുടെ എണ്ണം 10 ഉം ആണ്. ഇതിലാണ് മാറ്റം വരുത്താനൊരുങ്ങുന്നത്. എളുപ്പം ബിസിനസ് ആരംഭിക്കാനാരംഭിക്കുന്ന കാര്യത്തില്‍, ലോക ബാങ്ക്  പട്ടികയനുസരിച്ച് 190 സമ്പദ് വ്യവസ്ഥകളില്‍ 136 ാം സ്ഥാനത്താണ് ഇന്ത്യ. ഇത് ഗണ്യമായി മെച്ചപ്പെടുത്താനാണ് സര്‍ക്കാരിന്റെ ഉദ്ദേശ്യം.

പേര് റിസര്‍വേഷന്‍, കമ്പനിയുടെ സംയോജനം, ജിഎസ്ടി തുടങ്ങി വിവിധ നികുതികള്‍ക്കായുള്ള രജിസ്ട്രേഷന്‍ എന്നിവയുള്‍പ്പെടെ പത്ത് പ്രധാന സേവനങ്ങള്‍ രണ്ട് ഫോമുകള്‍ മുഖേന ഓണ്‍ലൈനിലൂടെ ലഭ്യമാക്കാനാണ് തീരുമാനം. നിലവില്‍ ഒന്നിലധികം വ്യക്തിഗത ഫോമുകളാണ് ഇതിന് നല്‍കേണ്ടിയിരുന്നത്.

ആറ് ഫോമുകള്‍ക്ക് പകരമായി സ്പൈസ് പ്ലസ്, എജൈല്‍ പ്രോ തുടങ്ങി രണ്ട് ഫോമുകള്‍ ഒരു മാസത്തിനുള്ളില്‍ കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയം പുറത്തിറക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഈ രണ്ട് ഫോമുകള്‍ വഴി ജിഎസ്ടിഐഎന്‍, പാന്‍, ടാന്‍, ഇഎസ്ഐസി, ഇപിഎഫ്ഒ, ഡിഐഎന്‍, ബാങ്ക് എക്കൗണ്ട് പ്രൊഫഷണല്‍ ടാക്സ് എന്നീ സേവനങ്ങള്‍ ലഭിക്കും. വെബ്സൈറ്റ് അധിഷ്ഠിത ഫോമുകള്‍ ഏറെ ലളിതമാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. സ്പൈസ് പ്ലസ് ഫോം വഴി (ഇന്‍കോര്‍പ്പറേഷന്‍ ഫോം) മറ്റ് സര്‍വീസുകള്‍ക്ക് പുറമേ പേരിനും സംയോജനത്തിനും അപേക്ഷിക്കാന്‍ സാധിക്കും. സംയോജന സമയത്ത് ബിസിനസുകള്‍ എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനിലും (ഇഎസ്ഐസി) എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനിലും (ഇപിഎഫ്ഒ) രജിസ്റ്റര്‍ ചെയ്യണം.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

LEAVE A REPLY

Please enter your comment!
Please enter your name here