ഗോവിന്ദ് ധൊലാക്കിയ: ദി ഡയമണ്ട് കിംഗ് 

1970 മാര്‍ച്ച് 12. ഇത് വെറുതെ ഒരു തിയതി അല്ല. ഇന്ത്യയിലെ തന്നെ മികച്ച ഒരു സംരംഭകന്റെ ചുവടുവെയ്പ്പ് അടയാളപ്പെടുത്തിയ ദിനം കൂടിയാണ്. അന്നാണ് ഗോവിന്ദ് ധൊലാക്കിയ (തന്റെ കൈവശം ഉള്ള വെറും 1000 രൂപയും, രണ്ടു സുഹൃത്തുക്കളില്‍ നിന്ന് ശേഖരിച്ച 2000 രൂപ വീതം), 5000 രൂപ മുതല്‍മുടക്കി ഡയമണ്ട് കട്ടിംഗ് ആന്‍ഡ് പോളിഷിംഗ് രംഗത്തേക്ക് ഇറങ്ങുന്നത്.

അന്ന്, അദ്ദേഹം കരുതിയിട്ടുണ്ടാവില്ല, ആ ചെറിയ സ്ഥാപനം വളര്‍ന്നു പന്തലിച്ചു 1.5 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള കമ്പനി ആയി മാറുമെന്ന്. ഇന്ന് വജ്ര കയറ്റുമതിയുടെ ലോക വിപണിയില്‍ തന്നെ ഏതാണ്ട് 10 ശതമാനത്തോളം വിഹിതം കയ്യാളുന്ന ശ്രീ രാമകൃഷ്ണ എക്‌സ്‌പോര്‍ട്‌സ് (എസ്ആര്‍കെ), അമേരിക്ക, ഫാര്‍ ഈസ്റ്റ്, യൂറോപ്പ് എന്ന് വേണ്ട ലോകത്തിന്റെ എല്ലാ കോണിലും അവരുടെ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. എന്നാല്‍, ഈ കഠിനപ്രയത്‌നത്തിന് ചുക്കാന്‍ പിടിച്ച ധൊലാക്കിയയുടെ വിദ്യാഭ്യാസ യോഗ്യത ആകട്ടെ വെറും ഏഴാം ക്ലാസ്!

ബിസിനസ് ചെയ്യാന്‍ വിദ്യാഭാസം കൂടിയേ തീരൂ എന്നൊന്നും ഇല്ല, ധൊലാക്കിയ പറയുന്നു. 'കഠിനപ്രയത്‌നം ചെയ്യാനുള്ള മനസ്, അത് അനിവാര്യമാണ്. ഞാന്‍ പ്രാക്ടിക്കല്‍ ആണ്. എനിക്ക് പ്രാക്ടിക്കല്‍ ഇംഗ്ലീഷ് ആണ് വശം. ആ ഇംഗ്ലീഷ് വെച്ച് തന്നെ ആണ് ഇവിടം വരെ എത്തിയത്. ഇന്ന് എട്ടു രാജ്യത്തില്‍ ഞങ്ങള്‍ക്ക് ഓഫീസ് ഉണ്ട്, ലോകം മുഴുവന്‍ ഞങ്ങള്‍ക്കു മാര്‍ക്കറ്റും ഉണ്ട്.

SRK exports Govind Dholakia

ലോകമെമ്പാടും ആയിരക്കണക്കിന് (ബി2ബി) ക്ലയന്റ്‌സുള്ള എസ്ആര്‍കെയുടെ പ്രധാന സ്‌പെഷ്യാലിറ്റി ഡയമണ്ട് കട്ടിംഗും, പോളിഷിംഗും തന്നെ. ''പുറത്തു പോയി ബിസിനസ് ചെയ്യാന്‍ ഭാഷ പഠിക്കേണ്ടതുണ്ട്, ആളുകളെ മനസിലാക്കേണ്ടതുണ്ട്, വിപണന തന്ത്രങ്ങള്‍ അറിയണം -- എനിയ്ക്കു തോന്നുന്നത്, അല്‍പ്പം ഫോക്കസ്ഡ് ആയാല്‍, ഇതൊക്കെ ആരാലും സാധിക്കുന്നതാണ്. എന്റെ ഒരു ജീവിത മന്ത്രമുണ്ട്, അത് ജീവിതത്തിലും ബിസിനെസ്സിലും എല്ലാവര്‍ക്കും ഉപയോഗിക്കാവുന്നതാണ്: 'I am nothing, But I can do Anything.'

കൃഷി എന്ന വൈഭവം

ഏകദേശം പത്തു തലമുറയായി കൃഷി നടത്തി പോന്ന ഒരു കുടുംബത്തിലെ അംഗം കൂടിയാണ് ധൊലാക്കിയ. ഗുജറാത്തിലെ അംറേലിയിലുള്ള ദൂദാല ഗ്രാമത്തില്‍ ജനിച്ച അദ്ദേഹത്തിന്, യാദൃശ്ചികമായി സൂറത്തില്‍ ജോലി ചെയ്യാന്‍ ലഭിച്ച അവസരമാണ് ബിസിനസില്‍ എത്തിപ്പെടാന്‍ നിമിത്തമായത്. 'ഞാന്‍ ഒരു കൃഷിക്കാരന്റെ മകനാണ്, അതില്‍ ഞാന്‍ വളരെയധികം അഭിമാനിക്കുന്നു. വളരെ ചെറിയ പ്രായം തൊട്ടേ, കൃഷി ഇടങ്ങളില്‍ പണി എടുത്തു തുടങ്ങി. എന്റെ ജേഷ്ഠന്‍ ആണ്, ഞാന്‍ സൂറത്തില്‍ എത്തിപ്പെടാന്‍ നിമിത്തമായത്. ഒരു വര്‍ഷത്തെ ജോലിക്കു ശേഷം ജ്യേഷ്ഠന്‍ വീട്ടില്‍ അവധിക്കു വരുകയും, വളരെ യാദൃശ്ചികമായി എന്നോട് സൂറത്തില്‍ വരാന്‍ ആഗ്രഹമുണ്ടോ എന്ന് ചോദിക്കുകയും -- അങ്ങനെ ആണ് ഞാന്‍ എന്റെ ഗ്രാമം വിട്ടത്.''

ആളുകള്‍ ജോലിയില്‍ കഷ്ടപ്പെടുന്ന ദയനീയ കാഴ്ചയാണ് ധൊലാക്കിയ സൂറത്തില്‍ കണ്ടത്. എന്നാല്‍ കൃഷി ഇടങ്ങളില്‍ കഷ്ടപെട്ടു ജോലി ചെയ്ത് ശീലിച്ച അദ്ദേഹത്തിന്, ഡയമണ്ട് യൂണിറ്റിലെ ജോലികള്‍ വളരെ നിസാരമായി തോന്നി. രാവിലെ ആറു മുതല്‍ വൈകിട്ട് എട്ടു മണി വരെയായിരുന്നു എന്റെ ജോലി സമയം, ധൊലാക്കിയ ഓര്‍ക്കുന്നു. ''ആറു മാസമായിരുന്നു ട്രെയ്‌നിംഗ്. വാസ്തവത്തില്‍ കഷ്ടപാടുണ്ടെങ്കിലും സന്തോഷമാണ് തോന്നിയത്.

കൃഷിയിടങ്ങളില്‍ ജോലി ചെയ്യുമ്പോള്‍ എന്റെ പ്രതിദിന കൂലി ഒരു രൂപ ആയിരുന്നത്, സൂറത്തില്‍ എത്തിയപ്പോള്‍ അഞ്ചു രൂപ ആയി വര്‍ധിച്ചു. എന്റെ ആദ്യത്തെ ശമ്പളം 103 രൂപ ആയിരുന്നത്, ആറു മാസം കൊണ്ട് 150 രൂപയായി ഉയര്‍ന്നു. ഓര്‍ക്കണം, അന്ന് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില ഏകദേശം 165 രൂപ മാത്രമായിരുന്നു. ഇതൊക്കെയാണ്, കഷ്ടപ്പാടിലും സന്തോഷിക്കാന്‍ ഇട നല്‍കിയിരുന്ന വലിയ ഘടകങ്ങള്‍.'

സംരംഭക ജാലകം

ആറു വര്‍ഷത്തിലധികം ധൊലാക്കിയ സൂറത്തിലുള്ള ഒരു ഡയമണ്ട് കമ്പനിയില്‍ ജോലി ചെയ്തു. ക്രമേണ ശമ്പളം ഏതാണ്ട് 500 രൂപയായി ഉയര്‍ന്നു. അങ്ങനെ ഇരിക്കേ ആണ് അദ്ദേഹം സംരംഭകത്വത്തെക്കുറിച്ച് ചിന്തിച്ചു തുടങ്ങിയത്. ''എന്നോടൊപ്പം ജോലി ചെയ്തിരുന്ന മറ്റു രണ്ടു സുഹൃത്തുക്കളുമായും ഞാന്‍ ആലോചിച്ചു, നമുക്ക് ഇത് സ്വന്തമായി ഒന്ന് ചെയ്തു നോക്കിയാലോ? അങ്ങനെ, എന്റെ കൈവശം ഉണ്ടായിരുന്ന 1000 രൂപയും, രണ്ടു സുഹൃത്തുക്കളുടെ പക്കല്‍ ഉണ്ടായിരുന്ന 2000 രൂപ വീതവും, മൊത്തം 5000 രൂപ മുതല്‍ മുടക്കി 12-03-1970 ല്‍ ഞങ്ങള്‍ ബിസിനസ് ആരംഭിച്ചു.''

ബിസിനസ് ഓര്‍ഡര്‍ പിടിക്കുക എന്നതായിരുന്നു ധൊലാക്കിയയുടെ മുന്‍പിലുള്ള ഏറ്റവും വലിയ വെല്ലുവിളി. ബിസിനസില്‍ ഉള്ള പരിചയം വെച്ച് ആളുകളെ കണ്ടും, പറഞ്ഞു മനസിലാക്കിയും അവര്‍ മുന്‍പോട്ടു പോയി. അങ്ങനെ സൂറത്തില്‍ നിന്ന് തന്നെ ചെറിയ, ചെറിയ ഓര്‍ഡറുകള്‍ കരസ്ഥമാക്കി കൃത്യതയോടെ, വിശ്വസ്തമായി ഡയമണ്ട് ഉല്‍പ്പന്നങ്ങള്‍ പോളിഷ് ചെയ്തു നല്‍കി.

SRK partners SRK partners

''എല്ലാ ബിസിനസിലും എന്നപോലെ ഡയമണ്ട് വിപണന രംഗത്തും, ഒരു ക്രെഡിബിലിറ്റി ഫാക്ടര്‍ ഉണ്ട്. ഇത് വളരെ സെന്‍സിറ്റീവായ ഒരു ബിസിനസ് ആണ്. വിശ്വാസ്യത വളരെ അത്യാവശ്യമായ ഒന്ന്. നമ്മള്‍ സത്യസന്ധരാണ് എന്ന് മറ്റുള്ളവര്‍ക്ക് ബോധ്യപ്പെടുന്നത് വരെ ഉള്ള കഷ്ടപാടേ ഉണ്ടായിട്ടുള്ളൂ. പിന്നീട് അങ്ങോട്ട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.''

ധൊലാക്കിയയും രണ്ടു പങ്കാളികളും 25 വര്‍ഷത്തോളം ഒന്നിച്ചു തുടര്‍ന്നു. 1995ല്‍ അവര്‍ ഓരോരുത്തരും കുടുംബപേരില്‍ ഓരോരോ സ്ഥാപനങ്ങള്‍ ആരംഭിച്ചു. ഒരു പാര്‍ട്ണര്‍ ഇടയ്ക്കു കാന്‍സര്‍ മൂലം മരണമടഞ്ഞു. കമ്പനിയില്‍ ഉണ്ടായിരുന്ന അദ്ദേഹത്തിന്റെ ഷെയര്‍ വിഹിതം മക്കള്‍ക്കായി വീതിച്ചു നല്‍കി.

അനുഗ്രഹമാണ് വെല്ലുവിളികള്‍

പ്രശ്‌നങ്ങളും, വെല്ലുവിളികളും ഇല്ലാത്ത മേഖലകള്‍ കണ്ടെത്തുക ബുദ്ധിമുട്ടാണ്. വെല്ലുവിളികളെ അനുഗ്രഹമായി കാണേണ്ട ആവശ്യകത വിവരിക്കുന്നതിനോടൊപ്പം, ധൊലാക്കിയ കൂടെ കൂടെ അവര്‍ത്തിക്കുന്ന ഒരു വാചകമുണ്ട്: Problem Is Progress. പ്രശ്‌നങ്ങള്‍ ഇല്ലെങ്കില്‍, നിങ്ങള്‍ എങ്ങനെ വളരും?, ധൊലാക്കിയ ചോദിക്കുന്നു. 'പ്രശ്‌നങ്ങള്‍ ഉണ്ടാവുമ്പോള്‍, നിങ്ങള്‍ കൂടുതല്‍ ചിന്തിക്കും. എന്ത് വിഷയമെടുത്താലും, പ്രോബ്ലം ആണ് ചിന്തകളെ ഉണര്‍ത്തുന്നത്, നല്ല ചിന്തകള്‍ ഡിസ്‌കഷന്‍ ആയി മാറും, ഡിസ്‌കഷന്‍ ആണ് പിന്നീട് ആക്ഷന്‍ ആയി പരിണമിക്കുന്നത്. ഒരു പ്രോബ്ലം ഉണ്ടാവുമ്പോള്‍, അതിനെ മാറ്റി നിറുത്താതെ, അനുഗ്രഹമായി കണ്ടു ഉണര്‍ന്നു പ്രവര്‍ത്തിക്കുക'.

ഒരു ഉദാഹരണം പറയാം, ''ഞങ്ങള്‍ ഏറ്റവും കടുത്ത വെല്ലുവിളികളെ നേരിട്ടത് 2008ലെ മാന്ദ്യകാലത്താണ്. ഞങ്ങളുടെ ഉല്‍പ്പന്നങ്ങളുടെ വില ഏകദേശം 30 ശതമാനം കൂപ്പുകുത്തി. പല കമ്പനികളും ജീവനക്കാരെ ലെ-ഓഫ് ചെയ്തിരുന്നു. പക്ഷെ എസ്ആര്‍കെ ഒരാളെ പോലും മാന്ദ്യംമൂലം പുറത്താക്കിയിട്ടില്ല. പകരം നമ്മള്‍ എട്ടു മണിക്കൂര്‍ ജോലി സമയം എന്നത് നാല് മണിക്കൂറായി വെട്ടി ചുരുക്കി. പക്ഷെ പിന്നീടുള്ള നാല് മാസത്തിനുള്ളില്‍ റോ-മെറ്റീരിയല്‍സിന്റെ വില കുറഞ്ഞത് കമ്പനിക്കു വലിയ നേട്ടമായി. 50 ശതമാനത്തോളം വിലക്കുറവാണ് റോ മെറ്റീരിയല്‍സ് ഇനത്തില്‍ മാത്രം ഉണ്ടായത്. പലര്‍ക്കും അത് മുന്‍കൂട്ടി കാണാന്‍ കഴിഞ്ഞില്ല. മാന്ദ്യത്തിനു മുന്‍പ് 22-23 സ്ഥാനത്തുണ്ടായിരുന്ന എസ്ആര്‍കെ, മാന്ദ്യം കഴിഞ്ഞപ്പോള്‍ ഇന്ത്യയില്‍ മുന്‍പന്തിയിലുള്ള അഞ്ചു കമ്പനികളുടെ പട്ടികയില്‍ സ്ഥാനം പിടിച്ചു.''

മറ്റു സംരംഭകരോടും പറയാനുള്ളത്: ''Live In the Present. ഇന്ന് നിങ്ങളുടെ മുന്നിലുള്ള കര്‍മ്മം വൃത്തിയായി ചെയ്യുക, നാളെകളെ കുറിച്ച് ഓര്‍ത്തു വ്യാകുലനാവാതെ. ഭഗവത് ഗീതയില്‍ പറയും പോലെ, നീ നിന്റെ കര്‍മ്മം ഫലം ഇച്ഛിക്കാതെ ചെയ്തു കൊള്ളുക, എല്ലാം ശരിയായി തന്നെ വരും.''

വിജയമന്ത്രം

ധൊലാക്കിയ ബിസിനസിലേക്ക് കാല്‍വെച്ചപ്പോള്‍ വെറും 2000 പേര്‍ മാത്രം ഉണ്ടായിരുന്ന ഡയമണ്ട് രംഗത്ത് ഇന്ന് ചെറുതും വലുതുമായി പത്തു ലക്ഷത്തില്‍ അധികം സംരംഭകര്‍ ഉണ്ട്. ഇന്ത്യയുടെ ഡയമണ്ട് എക്‌സ്‌പോര്‍ട്ട് വെറും ആറു കോടി ആയിരുന്നത്, ഇന്ന് ഒരു ലക്ഷത്തി അമ്പതു കോടിയില്‍ എത്തിനില്‍ക്കുന്നു. അന്നും ഇന്നും അദ്ദേഹത്തെ കാലിടറാതെ പിടിച്ചു നിര്‍ത്തുന്ന ചില ഘടകങ്ങള്‍ ഉണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് ധൊലോക്കിയയ്ക്കു ജീവിതത്തോടുള്ള പോസിറ്റിവ് കാഴ്ചപ്പാടാണ്: ഐ ആം നത്തിംഗ്, ബട്ട് ഐ ക്യാന്‍ ഡു എനിത്തിംഗ്.

''ഞാന്‍ സാധാരണക്കാരനില്‍, സാധാരണക്കാരനാണ്, പക്ഷെ എനിക്കു എന്തും ചെയ്യാന്‍ സാധിക്കും. ആ ഒരു മന്ത്രമാണ് എന്നെ വളര്‍ത്തി വലുതാക്കിയത്. പിന്നെ സത്യസന്ധത. പറ്റിയ്ക്കാനും, പറ്റിക്കപ്പെടാനും ഏറെ സാധ്യതയുള്ള ഈ ബിസിനസില്‍, പറ്റിക്കപ്പെടാന്‍ നിന്ന് കൊടുത്തിട്ടുമില്ല, ആരെയും പറ്റിച്ചിട്ടുമില്ല. അന്നും, ഇന്നും സത്യസന്ധത ആണ് പ്രധാന കൈമുതല്‍. പിന്നെ, നിങ്ങള്‍ നിങ്ങളുടെ മേഖലയില്‍ എത്ര സമര്‍ത്ഥന്‍ ആണ് എന്നതിനെ ആശ്രയിച്ചിരിക്കും നിങ്ങളെ ഒരാള്‍ വഞ്ചിക്കുന്നത്.

ഓട്ടോ ബയോഗ്രാഫിയും ഇംഗ്ലീഷും!

അമ്പതില്‍ അധികം ഓട്ടോ-ബയോഗ്രഫികള്‍ വായിച്ചിട്ടുണ്ട് ഗോവിന്ദ് ധൊലാക്കിയ.

അതില്‍ ഏറ്റവും ഇഷ്ടപെട്ടത്: മഹാത്മാഗാന്ധിയുടെ മൈ എക്‌സ്‌പെരിമെന്റസ് വിത്ത് ട്രൂത്.

പ്രാക്ടിക്കല്‍ ഇംഗ്ലീഷ്

എനിക്ക് വശമുള്ളതു പ്രാക്ടിക്കല്‍ ഇംഗ്ലീഷാണ്. 1997ല്‍ ആണ് ഞാന്‍ ആദ്യമായി ബിസിനസ് ആവശ്യത്തിനായി യൂറോപ്പില്‍ പോകുന്നത്. അന്നും ഇന്നും എന്റെ ഇംഗ്ലീഷില്‍ വലിയ മാറ്റമൊന്നും സംഭവിച്ചിട്ടില്ല. എനിക്ക് ഇംഗ്ലീഷ് ഭാഷ ഒരു പ്രശ്‌നമായി തോന്നിയിട്ടുള്ളത് രണ്ടു രാജ്യങ്ങളില്‍ മാത്രമാണ്. ഒന്ന് ബ്രിട്ടണില്‍ കാരണം ഇംഗ്ലീഷ് ആണ് അവരുടെ മാതൃഭാഷ. പിന്നെ ഒന്ന് ഇന്ത്യയില്‍, അതിനു കാരണം ലോകത്തില്‍ ഏറ്റവും അധികം ആളുകള്‍ ഇംഗ്ലീഷ് സംസാരിക്കുന്ന രാജ്യം ഇന്ത്യയാണ്. ഭാഷ ബിസിനസിന് ഒരു തടസമായി വന്നിട്ടില്ല. ഇംഗ്ലീഷ് പഠിക്കുക എന്നാല്‍ നിസാരമല്ലേ, ഒരു ദിവസം ഒരു വാക്കു വെച്ച് പഠിച്ചാല്‍ പോലും, ആറു മാസം കൊണ്ട് നമ്മള്‍ എക്‌സ്‌പെര്‍ട്ട് ആവില്ലേ?

വിട്ടുമാറാത്ത ശീലങ്ങള്‍

ധൊലാക്കിയ കുടുംബത്തില്‍ ഉള്ളവര്‍ പാലിച്ചു പോരുന്ന ചില നല്ല ശീലങ്ങള്‍ ഉണ്ട്. അവര്‍ ആരും തന്നെ മദ്യപിക്കില്ല, പുകവലിക്കില്ല, പാന്‍ ചവയ്ക്കില്ല, എന്തിനധികം വെറുതെ ഒരു നുണ പോലും പറയില്ല. റഷ്യയില്‍ വെച്ച് വെജിറ്റേറിയന്‍ ഭക്ഷണത്തിനായി ഒരു രാത്രിയില്‍ 20,000 രൂപ ചെലവാക്കിയ കഥയും ഉണ്ട്.

പ്രൈസ് ആന്‍ഡ് വാല്യൂ

''ബാലന്‍സ് ഷീറ്റ് ഒരു കമ്പനിയുടെ സ്വത്ത് രേഖപ്പെടുത്തുന്നു എന്നാല്‍ ശരിയായ സ്വത്ത് നമ്മുടെ ബന്ധങ്ങള്‍ തന്നെയാണ്. അത് നമ്മുടെ

സംസ്‌കാരത്തിലൂടെയും, പ്രവൃത്തിയിലൂടെയും മാത്രമേ തെളിയൂ,'' ധൊലാക്കിയ വിവരിക്കുന്നു. ''ഒരാള്‍ ധനികനാകുന്നത് പല കാരണങ്ങള്‍ കൊണ്ടാവാം അതില്‍ വിധിയും, ഭാഗ്യവും, കഠിനാധ്വാനവും ഒക്കെ പ്രസക്തവുമാകാം. വലിയ ധനവാന്‍ സന്തോഷവാനാകണമെന്നില്ല. എനിക്ക് തോന്നുന്നത് ശരിക്കുള്ള സമ്പാദ്യം എന്ന് പറയുന്നത് നമ്മുടെ കുടുംബവും കൂട്ടുകാരും കൊച്ചു കൊച്ചു സന്തോഷങ്ങളും പരസ്പര ബഹുമാനവും, പിന്നെ നമ്മുടെ ഉള്ളിലെ ചൈതന്യത്തെ വളര്‍ത്താന്‍ ഉതകുന്ന രീതിയിലുള്ള മൂല്യങ്ങള്‍ വെച്ച് പുലര്‍ത്തുക എന്നതൊക്കെ ആണ്. ജീവിതത്തിന്റെ വില നശ്വരങ്ങളായ ഉല്‍പ്പന്നങ്ങളെ ആശ്രയിച്ചല്ല, മറിച്ച് അനന്തമായി നിലനില്‍ക്കുന്ന ജീവിത മൂല്യങ്ങളെ ആശ്രയിച്ചിരിക്കും.''

'ഞങ്ങള്‍ എല്ലാവരും ഒന്നാണ്'

എസ്ആര്‍കെയുടെ സൂററ്റ് കാംപസില്‍ ആറായിരത്തിലധികം പേര്‍ വിവിധ ജോലികള്‍ ചെയ്യുന്നുണ്ട്. ഫാക്റ്ററി വര്‍ക്കേഴ്സാണ് ഡയമണ്ട് കട്ടിംഗും, പോളിഷിംഗ് ജോലികളും ചെയ്യുന്നത്. കംപ്യൂട്ടറൈസ്ഡ്, ലേസര്‍ കട്ടിംഗ് മെഷീനുകള്‍ ഒക്കെ ആണ് ഇതിനായി ഉപയോഗിക്കുന്നത്. സ്‌കില്‍ഡ് വര്‍ക്കേഴ്‌സിനെ റിക്രൂട്ടിംഗ് ചെയ്യുകയല്ല, മറിച്ചു ട്രെയ്‌നിംഗ് നല്‍കി സ്‌കില്‍ഡ് വര്‍ക്കര്‍ ആക്കി മാറ്റുന്നതാണ് എസ്ആര്‍കെയുടെ ശൈലി.

ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച വര്‍ക്കര്‍-ഫ്രണ്ട്‌ലി കമ്പനികളില്‍ ഒന്നാണ് ധൊലാക്കിയയുടെ എസ്ആര്‍കെ. സാലറിയോടൊപ്പം മികച്ച ഇന്‍സെന്റീവ്‌സ്, ബോണസ് എന്ന് വേണ്ട തങ്ങളുടെ തൊഴിലാളികള്‍ക്ക് വേണ്ടി എന്ത് ചെയ്യാനും ഒരുക്കമാണ് ധൊലാക്കിയ. കള്‍ച്ചറല്‍ പ്രോഗ്രാം, സ്‌പോര്‍ട്‌സ്, തൊഴിലാളികളുടെ മക്കള്‍ക്കായി പുരസ്‌കാരങ്ങള്‍, കുടുംബവുമൊന്നിച്ചു ടൂര്‍ പ്രോഗ്രാമുകള്‍ എന്നിങ്ങനെ എല്ലാം ഉണ്ടിവിടെ.

ശ്രീ രാമകൃഷ്ണ എക്‌സ്‌പോര്‍ട്‌സിന്റെ ദൈനം ദിന പ്രവര്‍ത്തനത്തില്‍ മാനേജ്മെന്റ്, എംപ്ലോയീസ് എന്ന തരം തിരിവുകള്‍ ഒന്നുമില്ല, ധൊലാക്കിയ പറയുന്നു. ''അതും കമ്പനിയുടെ വിജയത്തിന്റെ ഒരു കാരണമാണ്. എല്ലാവരും ഒരു കുടുംബം എന്ന

പോലെ പരസ്പര സഹകരണത്തോടെ ജോലിയില്‍ ഏര്‍പ്പെടുന്നു. കമ്പനിയിലുള്ള ആര്‍ക്കും എന്നെ എപ്പോള്‍ വേണമെങ്കിലും വന്നു കാണാം. അവരുടെ ഏതൊരു പ്രശ്‌നത്തിലും ഞാന്‍ ഒപ്പം ഉണ്ട്. ഞങ്ങള്‍ ഒന്നിച്ചിരുന്നാണ് ഭക്ഷണം പോലും കഴിക്കുന്നത്. എംപ്ലോയീസ്‌നെ ഉള്‍പ്പെടുത്താതെ ഒരു പരിപാടിയും കമ്പനിയില്‍ നടക്കാറില്ല.''

''ചില തൊഴിലിനു വിദ്യാഭ്യാസ യോഗ്യത ഒരു മാനദണ്ഡം തന്നെയാണ്, എന്നാലും തെരഞ്ഞെടുക്കുന്ന ആളിന്റെ കഴിവും, പോസിറ്റീവ് നേച്ചറും ഒക്കെ ഞങ്ങള്‍ കണക്കിലെടുക്കാറുണ്ട്. പിന്നെ കമ്പനിയില്‍ നെഗറ്റിവിറ്റി ഒരു കാരണവശാലും അനുവദിക്കില്ല. എന്ത് പ്രശ്‌നത്തിനും പരിഹാരവുമായി ഞങ്ങള്‍ എല്ലാവരും എപ്പോഴും കൂടെ തന്നെ ഉണ്ട്, അപ്പോള്‍ ആര്‍ക്കും ടെന്‍ഷന്റെ ആവശ്യമേ വരുന്നില്ല.''

''രണ്ടു കാര്യത്തിനാണ് ഞാന്‍ എപ്പോഴും ഊന്നല്‍ കൊടുക്കാറ്: ക്വാളിറ്റി, ക്വാണ്ടിറ്റി. അതില്‍, ക്വാളിറ്റി നിലനിര്‍ത്തി. പ്രൊഡക്ഷന്‍ കോസ്റ്റ് നിയന്ത്രിച്ച് ആവശ്യത്തിനുള്ള ക്വാണ്ടിറ്റിയില്‍ പ്രോഡക്ടസ് ഉല്‍പ്പാദിപ്പിക്കണം. അപ്പോള്‍ എല്ലാവരും ഒറ്റ മനസില്‍ പ്രവര്‍ത്തിച്ചെങ്കില്‍ മാത്രമേ ഭംഗിയായി കാര്യങ്ങള്‍ നടക്കൂ.''

സൂറത്തിലെ ഏറ്റവും വലിയ ധനിക

ധൊലാക്കിയയുടെ ഭാര്യ ചമ്പാബെന്‍ ഗോവിന്ദ് ധൊലാക്കിയ ആണ് സൂറത്തിലെ ഏറ്റവും സമ്പന്നയായ സ്ത്രീ. 'അവള്‍ക്കും എന്നെ പോലെ വിദ്യാഭാസമില്ല. നമ്മുടെ ബിസിനസ് എന്തെന്ന്, അറിയുക കൂടി ഇല്ല, പക്ഷെ എന്റെ ഓരോ തീരുമാനത്തിലും ഒപ്പം നിന്ന് ശക്തി പകര്‍ന്നിട്ടുണ്ട്. ഞങ്ങള്‍ ജീവിതത്തില്‍ ഒരിക്കലും വഴക്കു കൂടിയിട്ടില്ല.

Govind Dholakia wife

ഇപ്പോള്‍ മക്കള്‍ ആയി കൊച്ചു മക്കള്‍ ആയി, എന്നാലും ഞങ്ങള്‍ ജീവിതം ആരംഭിച്ചപ്പോള്‍ ഉണ്ടായിരുന്ന ടീം സ്പിരിറ്റ് കാത്തു സൂക്ഷിക്കുന്നുണ്ട്.' ചമ്പാബെന്‍ എസ്ആര്‍കെയില്‍ ഒരു സൈലന്റ് പാര്‍ട്ണര്‍ കൂടി ആണ്.

ധൊലാക്കിയയ്ക്കു മൂന്ന് മക്കള്‍. മീനാക്ഷി, ശ്വേത, ഒരാള്‍ ശ്രേയന്‍സ്. 'പെണ്‍കുട്ടികള്‍ കല്യാണം കഴിച്ചു പോയി. ശ്രേയന്‍സ് ഭംഗിയായി ബിസിനസ് കാര്യങ്ങള്‍ നോക്കുന്നു.

ആത്മീയതയും, ഈശ്വര വിശ്വാസവും

പ്രശസ്ത ഗുജറാത്തി ഭാഗവത പാരായണ പണ്ഡിതനായ ശ്രീ ഡോങ്‌റേജി മഹാരാജ് ആണ് ധൊലാക്കിയയുടെ ആത്മീയചാര്യനും, ഗുരുവും എല്ലാം. ഇഷ്ട ഈശ്വരന്മാര്‍ കൃഷ്ണനും, രാമനും -- അതുകൊണ്ടു കൂടിയാണ് രാമകൃഷ്ണ എന്ന പേര് കമ്പനിക്കു വിഭാവനം ചെയ്തത്.

കൂടാതെ ധനം ആകര്‍ഷിക്കാന്‍ ശ്രീ ആകുന്ന ലക്ഷ്മിയെ കൂടി ചേര്‍ത്ത് ശ്രീ രാമകൃഷ്ണ എക്‌സ്‌പോര്‍ട്‌സ് എന്ന പേര് നല്‍കി. ധൊലാക്കിയയുടെ സങ്കല്‍പ്പത്തില്‍, ഈശ്വരന്‍ ഒരു പ്രപഞ്ച ശക്തിയാണ്, ആ ശക്തിയെ പല പേരിട്ടു വിവിധ വിശ്വാസികള്‍ പ്രാര്‍ത്ഥിക്കുന്നു. 'ആ ചൈതന്യം എല്ലാം ഒന്ന് തന്നെ.'

സന്തതിയും, സമ്പത്തും രണ്ടു വഴിയ്ക്കുള്ള ഈശ്വരന്റെ അനുഗ്രഹങ്ങളാണ്. ഇവ രണ്ടും തലമുറകളോളം നിലനില്‍ക്കാന്‍ ഈശ്വരാനുഗ്രഹം വേണം. കഷ്ടപ്പെട്ടുണ്ടാക്കുന്ന സമ്പത്തെ സന്തതിക്ക് വാഴൂ, അപ്പോള്‍ നമ്മള്‍ കഷ്ടപ്പെട്ട് തന്നെ വേണം ഓരോ രൂപയും സമ്പാദിക്കുവാന്‍.'

ജീവിതാനുഭവം നല്‍കുന്ന പാഠം

ആറു തലമുറയിലെ ആറു കുടുംബങ്ങള്‍ അടങ്ങിയ മൊത്തം 950ല്‍ പരം ബന്ധുക്കള്‍ ചേര്‍ന്നതാണ് ധൊലാക്കിയ കുടുംബം. പുതിയ തലമുറയെ വാര്‍ത്തെടുക്കുന്നതിനും ചില പ്രത്യേക ചിട്ട വട്ടങ്ങള്‍ ഉണ്ട് ധൊലാക്കിയ ഫാമിലിയില്‍. രണ്ടു വര്‍ഷത്തില്‍ ഒരിക്കല്‍, 18 വയസായ യുവാക്കളെ രാജ്യത്തിന്റെ ഏതെങ്കിലും കോണിലേക്കു ചില നിബന്ധനകളോടെ ഒരു മാസത്തേക്ക് അയക്കും. ആകെ ആറായിരം രൂപ മാത്രം വഴിച്ചെലവിനായി കൊടുക്കും. അവര്‍ നിശ്ചയിക്കപ്പെട്ട ഏതെങ്കിലും ഒരു പുതിയ സ്ഥലത്തു ചെന്ന് ഒരു ജോലി കണ്ടു പിടിക്കണം. എന്തെങ്കിലും ജോലി. പക്ഷെ അവര്‍ക്കു അവരുടെ ഐഡന്റിറ്റി വെളിപ്പെടുത്താന്‍ ആവില്ല, മറ്റു ബന്ധുക്കളില്‍ നിന്ന് സഹായം അഭ്യര്‍ത്ഥിക്കാനും പറ്റില്ല.

''അവര്‍ക്കു ആ ദിവസങ്ങളില്‍ ജീവിതത്തെ കുറിച്ചുള്ള പ്രായോഗിക അറിവാണ് ലഭിക്കുക. അത് ഒരു യൂണിവേഴ്‌സിറ്റിയിലും കിട്ടില്ല. എത്ര ദുഷ്‌കരമാണ് ഒരു തൊഴില്‍ ലഭിക്കുവാന്‍, അല്ലെങ്കില്‍ എത്ര കഷ്ടപ്പെട്ട് വേണം ഓരോ രൂപയും സമ്പാദിക്കുവാന്‍, എത്ര കരുതലോടെ വേണം സമ്പാദിച്ച രൂപ ചെലവഴിക്കുവാന്‍ -- ഏറ്റവും പ്രധാനമായി എന്തുകൊണ്ട് രൂപയെക്കാള്‍ പ്രാധാന്യം മനുഷ്യന്‍ അര്‍ഹിക്കുന്നു. അങ്ങനെ പല പാഠങ്ങള്‍ അവര്‍ക്കു നേരിട്ട് മനസിലാക്കാന്‍ സാധിക്കുന്നു.''

''കുട്ടികളില്‍ മറ്റുള്ളവരോട് ബഹുമാനം വളര്‍ത്തിയെടുക്കാന്‍ ഇത് ഉപകരിച്ചിട്ടുണ്ട്. ഞങ്ങളുടെ കുട്ടികള്‍ ഒരു വെയ്റ്ററോടോ, അല്ലെങ്കില്‍ ഹൗസ് കീപ്പിംഗ് സ്റ്റാഫിനോടോ ഒന്നും കയര്‍ത്തു സംസാരിക്കില്ല കാരണം അവര്‍ക്ക് മേല്‍പ്പറഞ്ഞവരുടെ ബുദ്ധിമുട്ടുകള്‍ അറിയാം. അവരുടെ ലൈഫിന്റെ ഏതെങ്കിലും ഒരു വേളയില്‍ വെയ്റ്റര്‍ അല്ലെങ്കില്‍ ഹൗസ് കീപ്പിംഗ് സ്റ്റാഫ് ആയി ജോലി ചെയ്തിട്ടുണ്ടാവും.'

ധൊലാക്കിയയുടെ മകന്‍ ശ്രേയന്‍സ് ധോലാക്കിയ ഉള്‍പ്പടെ പുതിയ തലമുറയില്‍ പെട്ട എല്ലാവരും തന്നെ ലൈഫിലെ ഈ പ്രാക്ടിക്കല്‍ ട്രെയ്‌നിംഗ് പാസായവരുമാണ്.

ധ്രുവ് ധൊലാക്കിയ

ധൊലാക്കിയയുടെ സഹോദര പുത്രനാണ് ധ്രുവ് ധൊലാകിയ. ധ്രുവ് തിരുവനന്തപുരത്തു എത്തി എം ജി റോഡിലുള്ള സ്ട്രീറ്റ് കഫേയില്‍ മുന്‍പ് ജോലി ചെയ്തതിന്റെ അനുഭവം വിവരിക്കുന്നു. 'ആദ്യമൊന്നും വേക്കന്‍സി ഇല്ല എന്ന കാരണത്താല്‍ ജോലി ലഭിച്ചില്ല. പിന്നെ അവിടുത്തെ തന്നെ ഒരാളുമായി ചങ്ങാത്തത്തില്‍ ആകുകയും, അങ്ങനെ അയാള്‍ മുഖാന്തരമാണ് സര്‍വീസ് ബോയ് ആയി അവസരം ലഭിച്ചത്. ഓണക്കാലമായിരുന്നു അവിടെ ഒരാഴ്ചയോളം ജോലി ചെയ്തു.'

എന്താണ് പ്രധാനമായും പഠിച്ചത്, ''ലോകത്തില്‍ ഒരുപാട് ആളുകള്‍ ഉണ്ട്, അവരവരുടെ ശരിക്കുള്ള കഥ എന്തെന്ന് അവര്‍ക്കു മാത്രമേ അറിയൂ. ഒരു വെയ്റ്റര്‍ക്ക് ഒരു ദിവസം ചെയ്യേണ്ട കാര്യങ്ങള്‍ അല്ലെങ്കില്‍ അയാള്‍ കടന്നുപോകേണ്ടണ്ട വഴികള്‍ അപ്പോളാണ് എനിക്ക് മനസിലായത്. എന്റെ വീട്ടില്‍ എന്താണ് അവസ്ഥ എന്ന് എനിക്ക് അറിയാം, എന്നാല്‍ അതേ അവസ്ഥയില്‍ അല്ല കൂടെ ഉള്ളവര്‍. ചിലര്‍ അനാഥന്‍, മറ്റു ചിലര്‍ ദാരിദ്ര്യം കൊണ്ട് വീട് വിടേണ്ടി വന്നവര്‍.''

എന്റെ ജീവിതത്തില്‍ ഞാന്‍ മുമ്പ് റിജെക്ഷന്‍ നേരിട്ടിട്ടില്ല, ധ്രുവ് തുടര്‍ന്നു. ''നമ്മള്‍ ചോദിക്കാതെ തന്നെ എല്ലാം കിട്ടുന്ന സാഹചര്യത്തില്‍ നിന്ന് വേറൊരു പരിചിതമല്ലാത്ത സാഹചര്യത്തില്‍. അന്ന് കുറെ ഇന്റര്‍വ്യൂ ഫേസ് ചെയ്തത് ഓര്‍ക്കുന്നു. ചിലര്‍ വേക്കന്‍സി ഇല്ലെന്നു പറയും, മറ്റു ചിലര്‍ സമയം ഇല്ലെന്നു പറഞ്ഞു ഓടിച്ചു വിടും. എനിക്ക് ഓര്‍മയുണ്ട് ഒരാള്‍ നോ പറഞ്ഞെങ്കിലും, ഒരു ഗ്ലാസ് നാരങ്ങാ വെള്ളം തന്നത്. ആ അവസ്ഥയില്‍ അതിന്റെ വില പറഞ്ഞാല്‍ തീരില്ല. ആ ഒരു ഗ്ലാസ് നാരങ്ങാ വെള്ളം ഒരുപാട് ആശ്വാസദായകമായി.

മാതാപിതാക്കള്‍ക്കായി

കുട്ടികളെ രൂപയുടെ മൂല്യമറിയിച്ചു വേണം വളര്‍ത്തുവാന്‍, ധൊലാക്കിയ പറയുന്നു. ''അതിനു ആദ്യം മാതാപിതാക്കള്‍ സ്വയം രൂപയുടെ മൂല്യം തിരിച്ചറിയണം. നമ്മള്‍ നമ്മുടെ ജീവിത മൂല്യങ്ങള്‍ മുറുക്കെ പിടിക്കണം. നമ്മുക്ക് ജീവിതത്തില്‍ ഒരു മൂല്യവുമില്ലാതെ കുട്ടികള്‍ ഹരിശ്ചന്ദ്രന്‍മാരാകണം എന്നാഗ്രഹിച്ചിട്ടു ഒരു കാര്യവുമില്ല. അത് നടക്കില്ല. നമ്മുടെ കുട്ടികള്‍ കഴിവുള്ളവരാണെങ്കില്‍, അവര്‍ക്കായി ഒന്നും സമ്പാദിച്ചു വെയ്ക്കണ്ടതായി വരില്ല. അവര്‍ തന്നെ സമ്പാദിച്ചു കൊള്ളും.

ഇനി കുട്ടികള്‍ ഒന്നിനും കൊള്ളാത്തവര്‍ ആണെങ്കിലോ, അപ്പോഴും അവര്‍ നമ്മള്‍ സമ്പാദിച്ചു വെച്ചത് മുഴുവന്‍ നശിപ്പിക്കും. അതാണ് ഞാന്‍ പറയുന്നത് കുട്ടികള്‍ക്കു സമ്പാദ്യമല്ല വേണ്ടത് മറിച്ചു അവരെ ഭാവിയെ നേരിടാന്‍ സജ്ജരായി വളര്‍ത്തുക. നിങ്ങളെ പോലെ നിങ്ങളുടെ കുഞ്ഞും ആകണം എന്ന് ഓരോ മാതാ പിതാക്കളും സ്വപ്‌നം കാണണം. അപ്പോള്‍ ആ മാതാവും പിതാവും ഏറ്റവും മൂല്യസമ്പന്നരായി തീരും.''

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it