ഇങ്ങനെയാകണം സംരംഭകര്‍ ചിന്തിക്കേണ്ടത്

കെ പി ശങ്കരൻ

കേരളത്തിലെ പ്രശ്‌നങ്ങളും പ്രതിബന്ധങ്ങളും മാത്രം നാം ഇനിയും ചര്‍ച്ച ചെയ്തിരുന്നാല്‍ മുന്നോട്ട് പോകാനാകില്ല. നമുക്ക് ചുറ്റിലും നോക്കാം. എന്താണ് നടക്കുന്നതെന്ന് ശ്രദ്ധിക്കാം. എന്നിട്ട് മാറ്റം വേണ്ടിടത്ത് അത് സാധ്യമാക്കാം.

തിരുനെല്‍വേലിയിലുള്ള ഒരു യുവാവിനെ എടുക്കാം. അവന്‍ ജോലിയെ പറ്റി ചിന്തിക്കുമ്പോള്‍ ഒരിക്കലും ഗള്‍ഫ് ആകില്ല ആദ്യം മനസില്‍ വരുക. മറിച്ച് മലയാളികളുടെ കാര്യമോ?

എങ്ങനെയാണ് ജാംനഗറിലെ ജനങ്ങള്‍ തലമുറകളായി ജീവിക്കുന്നത്? അവര്‍ നിലനില്‍ക്കുന്നതും ഉപജീവനമാര്‍ഗം കണ്ടെത്തുന്നതുമെല്ലാം പിച്ചള എന്ന ലോഹത്തിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തിയാണ്. വൈദ്യുതി വിതരണത്തിനുള്ള സംവിധാനം കാണാത്ത മലയാളികള്‍ കാണില്ല.

പക്ഷേ അതിനുള്ള ഒട്ടനവധി ഉല്‍പ്പന്നങ്ങളില്‍ ഒരു സംരംഭക സാധ്യത കാണുന്നവര്‍ എത്രമാത്രമുണ്ട്? എന്നാല്‍ കൊല്‍ക്കത്തക്കാര്‍ ഈ മേഖലയിലേക്കുള്ള ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്നു. ലോകം മുഴുവന്‍ അവര്‍ കയറ്റുമതിയും ചെയ്യുന്നു. ചെറിയ കണക്റ്ററുകളും ക്ലാമ്പുകളും വരെ ലക്ഷക്കണക്കിനും ദശലക്ഷക്കണക്കിനും വിറ്റുപോകുന്നുണ്ട്.

ഇനി മറ്റൊരു കാര്യം കൂടി ചൂണ്ടിക്കാട്ടാം. ഇവിടെ ഒരു സംരംഭകന്‍ അങ്ങേയറ്റം താഴെ തട്ടില്‍ നിന്ന് സ്വന്തം ബിസിനസ് കെട്ടിപ്പടുത്ത് വളര്‍ത്തി വലുതാക്കി മറ്റൊരു തലത്തിലെത്തുമ്പോള്‍ ഉത്തരേന്ത്യയില്‍ നിന്നുള്ള ഗ്രൂപ്പ് അതിനെ ഏറ്റെടുത്തേക്കും. കാരണം മറ്റൊന്നുമല്ല, നമുക്ക് ബിസിനസിന്റെ ഫിനാന്‍സ് മികച്ച രീതിയില്‍ കൈകാര്യം ചെയ്യാനറിയില്ല.

ഗുഡ്‌നൈറ്റ് എന്തുകൊണ്ടാണ് അതിന്റെ സാരഥിക്ക് ഗോദ്‌റെജിന് വില്‍ക്കേണ്ടി വന്നത്? എങ്ങനെയാണ് ആ ഉല്‍പ്പന്നത്തെ മുന്നോട്ടുകൊണ്ടുപോകേണ്ടതെന്ന രൂപം ഉണ്ടായിക്കാണണമെന്നില്ല. അല്ലെങ്കില്‍ മറ്റേതെങ്കിലും കാര്യങ്ങള്‍ അദ്ദേഹത്തിന്റെ ശ്രദ്ധയെ വ്യതിചലിപ്പിച്ചിട്ടുണ്ടാകും. 60 വര്‍ഷങ്ങള്‍ക്കു ശേഷം ചന്ദ്രിക സോപ്പ് വിപ്രോയിലാണ് രക്ഷകനെ കണ്ടെത്തിയത്.

നമുക്ക് വേണം തൊഴിലുകള്‍

തലശ്ശേരിയിലെ എന്‍ ടി ടി എഫില്‍ നിന്ന് പഠിച്ചിറങ്ങിയവരെ നമുക്ക് മലേഷ്യയിലും ഓസ്‌ട്രേലിയയിലും ടൂള്‍ റൂം മാനേജര്‍മാരായും പ്രൊഡക്ഷന്‍ ചീഫുകളുമായും കാണാന്‍ സാധിക്കും. അത്തരക്കാര്‍ക്ക് അവസരമുള്ള യൂണിറ്റുകള്‍ നമുക്ക് ഇവിടെയും സൃഷ്ടിക്കാം. റെയ്ല്‍വേ, പ്രതിരോധം, ഓട്ടോമൊബീല്‍ രംഗം എന്നിവിടങ്ങളിലെ അവസരങ്ങള്‍ നാം ഇനിയും പൂര്‍ണമായും ഉപയോഗപ്പെടുത്തിയിട്ടില്ല. റെയ്ല്‍വേയും പ്രതിരോധവും ഒരു കടലാണ്. അത് ഇതുവരെയും നമ്മള്‍ വേണ്ടവിധത്തില്‍ മുതലെടുത്തിട്ടില്ല. ഇതിന് വൈദഗ്ധ്യവും ഗുണമേന്മയും മാത്രം പോര. ബന്ധങ്ങളും വേണം.

പട്ടാളക്കാരുടെ യൂണിഫോം ശ്രദ്ധിച്ചിട്ടുണ്ടോ? അവയിലെന്തെല്ലാമുണ്ട്. വിസില്‍, ബെല്‍റ്റ്, ബക്കിള്‍, ഷൂ ലേസ്, സോക്ക്‌സ്, തൊപ്പി, തൊപ്പിതന്നെ പലവിധം, ഷൂ തന്നെ പലതരത്തിലുള്ളത്. ഇവയെല്ലാം പൂര്‍ണമായും ഔട്ട്‌സോഴ്‌സ് ചെയ്യുന്നതാണ്. ഇവയെല്ലാം ഉണ്ടാക്കുന്നത് പഞ്ചാബി കുടുംബങ്ങളിലാണ്. എന്തേ ഒരു മലയാളി വീട്ടമ്മയ്ക്ക് ഇതൊന്നും ഉണ്ടാക്കാന്‍ സാധിക്കില്ലേ? പറ്റും. നമുക്ക് വേണ്ടത് എന്തെല്ലാം ബിസിനസ് സാധ്യതകളുണ്ടെന്നതിനെ കുറിച്ചുള്ള അറിവാണ്. അവ മുതലെടുക്കാനുള്ള സ്മാര്‍ട്ട്‌നെസാണ്. മേല്‍പ്പറഞ്ഞതെല്ലാം ഉദാഹരണങ്ങള്‍ മാത്രമാണ്. അവയെല്ലാം അതേപടി കോപ്പി ചെയ്യാന്‍ പറഞ്ഞതല്ല.

പക്ഷേ ഇങ്ങനെയാകണം സംരംഭകര്‍ ചിന്തിക്കേണ്ടത്. ഇങ്ങനെയാകണം സംരംഭകര്‍ മുന്നോട്ടുപോകേണ്ടത്. സര്‍ക്കാര്‍ ചെയ്തു തരേണ്ട കാര്യങ്ങളുണ്ട്. എന്നാല്‍ അതുകൊണ്ടു മാത്രം സംരംഭകര്‍ രക്ഷപ്പെടണമെന്നില്ല. ആത്മ പരിശോധന നടത്തുക. പറ്റാവുന്നത്ര ബന്ധങ്ങള്‍ വളര്‍ത്തുക. ചുറ്റിലുമുള്ള അവസരങ്ങള്‍ കണ്ടെത്തുക. കൃത്യമായ ആസൂത്രണത്തോടെ സാമ്പത്തിക അച്ചടക്കത്തോടെ മുന്നോട്ടുപോകുക.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it