നിങ്ങളില്‍ ഒരു സംരംഭകന്‍ ഉണ്ടോ? ടെസ്റ്റ് ചെയ്യാം!

ഒരു സംരംഭകനാകാന്‍ ഒരുപാട് ഗുണഗണങ്ങള്‍ ആവശ്യമാണ്. ഇതു മനസ്സിലാക്കാനായി പലതരത്തിലുള്ള മോഡലുകള്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്. പക്ഷേ ഇത്തരം മോഡലുകളില്‍ നിന്ന് വിഭിന്നമായി വളരെ പ്രായോഗികമായി ഉള്ള ഒരു കാര്യമാണ് ഇവിടെ പറയാന്‍ പോകുന്നത്. ഒരു സംരംഭകന് വേണ്ട 5 ഗുണഗണങ്ങളെക്കുറിച്ചാണ് അത്. ഓരോന്നിലും നിങ്ങള്‍ക്ക് 20 ല്‍ എത്ര മാര്‍ക്കുണ്ടെന്ന് സ്വയം ഒന്ന് അളന്നു നോക്കൂ. അങ്ങനെ മൊത്തം 100 മാര്‍ക്കില്‍ എത്ര ലഭിക്കുമെന്നറിയാമല്ലോ.

റിസ്‌ക് എടുക്കാനുള്ള കഴിവ്

സംരംഭകത്വത്തിന്റെ ആദ്യ പടി തന്നെ റിസ്‌ക് എടുക്കാനുള്ള തയ്യാറെടുപ്പാണ്. എത്ര തന്നെ പ്ലാന്‍ ചെയ്താലും തകര്‍ന്നു പോകാവുന്ന ഒന്നാണ് ബിസിനസ് എന്ന് മനസിലാക്കി, പുത്തന്‍ ആശയങ്ങള്‍ പരീക്ഷിക്കുന്നതിലൂടെയാണ് സംരംഭകത്വം വളരുന്നത്. മനസില്‍ ആശയങ്ങള്‍ ഉണ്ടാക്കുന്നതിലുപരി അതിനായി ഇന്‍വെസ്റ്റ് ചെയ്തു തുടങ്ങുമ്പോഴാണ് ഒരു സംരംഭകന്‍ റിസ്‌ക് എടുത്ത് തുടങ്ങുന്നത്. ചില ശക്തമായ തീരുമാനങ്ങള്‍ ഈ ഘട്ടത്തില്‍ എടുക്കേണ്ടി വന്നേക്കാം. നിങ്ങളുടെ ബിസിനസ് ആശയം പ്രായോഗികമാക്കാന്‍ നിങ്ങളെടുത്ത റിസ്‌കിന്റെ അടിസ്ഥാനത്തില്‍ 20 ല്‍ എത്ര മാര്‍ക്ക് നല്‍കും?

ക്രിയാത്മകത

ബിസിനസുകളില്‍ innovation ഉണ്ടാകുന്നത്, അത് നയിക്കുന്ന ആളിന്റെ ചിന്തകളെ അടിസ്ഥാനപ്പെടുത്തിയാണ്. വ്യത്യസ്തങ്ങളായ ഉല്‍പ്പന്നങ്ങള്‍, ബിസിനസ് മോഡലുകള്‍, ഡെലിവറി രീതികള്‍ എന്നിവ വികസിപ്പിച്ചെടുക്കാനുള്ള കഴിവാണ് പല പുതിയ സ്റ്റാര്‍ട്ടപ്പുകളേയും ബില്യണ്‍ ഡോളര്‍ കമ്പനികളാക്കി മാറ്റിയിട്ടുള്ളത്. നിങ്ങള്‍ ഇത്തരത്തില്‍ വ്യത്യസ്തതകള്‍ ഉണ്ടാക്കിയെടുത്തിട്ടുണ്ടോ? എങ്കില്‍ അവ മറ്റുള്ളവരില്‍ നിന്ന് തീര്‍ത്തും വിഭിന്നമാണോ? അത് നിങ്ങളുടെ ബിസിനസിനെ സഹായിക്കുന്നുണ്ടോ?

ലീഡര്‍ഷിപ്പ് ക്വാളിറ്റി

നേതൃത്വ പാടവമുള്ള ഒരു സംരംഭകന് ഒരു നല്ല ടീം കെട്ടിപ്പടുക്കാന്‍ കഴിയും. മാത്രമല്ല, വ്യക്തമായ വിഷന്‍, മിഷന്‍ എന്നിവ സെറ്റ് ചെയ്ത് അവരെ ശരിയായ ദിശയില്‍ നയിക്കാനും സാധിക്കും. ഇത്തരം സംരംഭകര്‍ തങ്ങളുടെ കമ്പനിക്ക് അകത്ത് തന്നെ അനേകം ലീഡര്‍മാരെ സൃഷ്ടിച്ചു കൊണ്ടേയിരിക്കും. അവര്‍ ബിസിനസിനെ അടുത്ത ലെവലിലേക്ക് കൊണ്ടു പോകും. നിങ്ങളുടെ കൂടെ നിങ്ങളുടെ വിഷന്‍ മനസിലാക്കുന്ന എന്തിനും ഒപ്പം നില്‍ക്കുന്ന ഒരു ടീമുണ്ടോ? ശരിക്ക് ചിന്തിച്ച് മാര്‍ക്കിട്ടോളൂ...

റിലേഷന്‍ മേക്കിംഗ് സ്‌കില്‍

നല്ല ബന്ധങ്ങളാണ് നല്ല ബിസിനസുകള്‍ സൃഷ്ടിക്കുന്നത്. പുതിയ ഡീലുകള്‍, പാര്‍ട്ണര്‍ഷിപ്പുകള്‍, ജോയിന്റ് വെഞ്ച്വറുകള്‍ എല്ലാം തന്നെ ഇത്തരം ബന്ധങ്ങളുടെ ഉപോല്‍പ്പന്നങ്ങളാണ്. സോഷ്യല്‍, ലീഗല്‍, പൊളിറ്റിക്കല്‍ ബന്ധങ്ങളും ബിസിനസ് സ്ഥിരതയ്ക്ക് അവിഭാജ്യ ഘടകങ്ങളാണ്. നിങ്ങള്‍ ഇത്തരം ബന്ധങ്ങള്‍ വികസിപ്പിക്കുന്ന ആളാണോ? മാര്‍ക്കിട്ടോളൂ!

ഫിനാന്‍ഷ്യല്‍ മാനേജ്‌മെന്റ്

ബിസിനസിന്റെ പ്രധാന ഭാഗമാണ് ഇന്‍വെസ്റ്റ്‌മെന്റ്. പക്ഷെ എത്ര ഫണ്ട് കിട്ടിയാലും അത് ശരിയായ രീതിയില്‍ വിനിയോഗിക്കാന്‍ അറിയില്ലെങ്കില്‍ ആപത്തില്‍ പെട്ടേക്കാം. ശരിയായ പ്ലാനിംഗ്, ബജറ്റിംഗ്, തുടര്‍ച്ചയായ മോണിറ്ററിംഗ് എന്നിവ ആവശ്യമാണ്. എല്ലാ സംരംഭകരും ബാലന്‍സ് ഷീറ്റ് വായിച്ച് മനസിലാക്കാന്‍ പഠിച്ചിരിക്കണം. ഈ വിഭാഗത്തില്‍ നിങ്ങള്‍ നിങ്ങള്‍ക്കെത്ര കൊടുക്കും? ഇത് നിങ്ങളുടെ സംരംഭകത്വത്തിന്റെ അവസാന അളവുകോലൊന്നുമല്ല. പക്ഷെ, 50 ല്‍ താഴെയാണ് നിങ്ങളുടെ ടോട്ടല്‍ മാര്‍ക്കെങ്കില്‍ ശരിക്കും ഒന്ന് ശ്രദ്ധിക്കുക. പിന്നില്‍ നില്‍ക്കുന്ന സ്‌കില്ലുകള്‍ ആര്‍ജിക്കാന്‍ ശ്രമിക്കുക. അനലൈസ് ചെയ്യുമ്പോള്‍ ഒരല്‍പ്പം ക്രിട്ടിക്കല്‍ ആയി സമീപിച്ചാല്‍, ഇല്ലാത്ത കഴിവുകളെ വികസിപ്പിച്ചെടുക്കാനുള്ള ഒരവസരമാക്കി ഇതിനെ മാറ്റാം.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

AR Ranjith
AR Ranjith  

ലേഖകന്‍ ബ്രമ്മ ലേണിംഗ് സൊല്യൂഷന്‍സിന്റെ സി.ഇ.ഒ യും, 400ലധികം കമ്പനികളെ വിജയപാതയില്‍ എത്തിക്കാന്‍ സഹായിച്ച മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റുമാണ്.

Related Articles

Next Story

Videos

Share it