ബിൽ ഗേറ്റ്സിനും ജെഫ് ബെസോസിനും പൊതുവായുള്ള സ്വഭാവമെന്താണ്?

ബിസിനസിലും ഔദ്യോഗിക ജീവിതത്തിലും വലിയ വിജയങ്ങൾ കൈവരിച്ചയാളുകളെ നിരീക്ഷിച്ചാൽ അവർക്കെല്ലാം ഒരു പ്രത്യേക ജീവിതക്രമം ഉള്ളതായിക്കാണാം. തങ്ങൾക്കിഷ്ടമുള്ള ചെറിയ ചെറിയ ജോലികൾക്കും വിനോദങ്ങൾക്കും സമയം മാറ്റിവെക്കുന്നത് അവരുടെ ശീലമാണ്.

ഇത്തരത്തിലുള്ള പ്രവൃത്തികളിൽ മുഴുകുന്നതിനെ പറ്റെറിംഗ് (Puttering) എന്നാണ് വിശേഷിപ്പിക്കാറ്. ഇത് ദൈനംദിന സമ്മർദ്ദങ്ങളിൽ നിന്ന് നമ്മെ മുക്തരാക്കുമെന്ന് പഠനങ്ങൾ പറയുന്നു.

ലോകത്തെ ഏറ്റവും വലിയ സമ്പന്നരായ ബിൽ ഗേറ്റ്സിനും ജെഫ് ബെസോസിനും പൊതുവായി ഒരു ശീലമുണ്ട്. എന്നും രാത്രി അടുക്കളയിൽ പാത്രം കഴുകുന്നത്.

ഒരിക്കൽ ഒരു അഭിമുഖത്തിൽ ആമസോൺ സ്ഥാപകനായ ജെഫ് ബെസോസ് പറഞ്ഞു: "ഇതുപോലെ ചെറിയ ജോലികളിൽ മുഴുകുന്ന സമയം എനിക്ക് വളരെ വിലപ്പെട്ടതാണ്. നേരത്തേ ഉറങ്ങും, രാവിലെ നേരത്തേ ഉണരും. പത്രം വായിക്കുന്നത് എനിക്കിഷ്ടമാണ്. രാവിലെ ഒരു കാപ്പി, കുട്ടികൾ സ്കൂളിൽ പോകുന്നതിന് മുൻപ് അവരുടെ കൂടെ പ്രഭാത ഭക്ഷണം. ഇതാണെന്റെ ശീലം. മാത്രമല്ല, എല്ലാ രാത്രിയിലും ഞാൻ പാത്രം കഴുകാറുണ്ട്."

എന്റെ ദിവസത്തിലെ ഏറ്റവും നല്ല സമയം പ്രഭാതമാണ്. കുടുംബത്തിന് വേണ്ടി അത് മാറ്റിവെക്കും, ബെസോസ് പറയുന്നു. ബെസോസിന്റെ ഒരു ദിവസം തുടങ്ങുന്നത് വളരെ പതുക്കെയാണ്. ഈയിടെ നടന്ന പല പഠനങ്ങളും ഇതൊരു നല്ല ശീലമാണെന്നാണ് അഭിപ്രായപ്പെടുന്നത്. കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാനും ആരോഗ്യകരമായ പ്രഭാത ഭക്ഷണം ഒരുക്കാനും ഇത് സഹായിക്കും. ഒരാളുടെ പ്രൊഡക്ടിവിറ്റി വർധിപ്പിക്കാനും ഈയൊരു ശീലം പിന്തുടരുന്നതാണ് നല്ലത്.

"വളരെ കുറച്ചുമാത്രം സമയമുള്ള ആളുകളാണ് നാമെല്ലാവരും. നിങ്ങളുടെ സമയവും ഊർജവും എവിടെ ചെലവഴിക്കുന്നു എന്നത് നിങ്ങൾ ജീവിതത്തിൽ എടുക്കുന്ന പ്രധാന തീരുമാനങ്ങളിൽ ഒന്നാണ്," ബെസോസ് അഭിമുഖത്തിൽ പറഞ്ഞു.

തലച്ചോറിന്റെ ഉപയോഗം കുറഞ്ഞിരിക്കുന്ന ജോലികൾ ചെയ്യന്നത് ക്രീയേറ്റീവിറ്റി ഉണർത്തുമെന്ന് ഗവേഷണങ്ങൾ ചൂണ്ടിക്കാട്ടുന്നു.
ബെസോസിന് മാത്രമല്ല, മൈക്രോസോഫ്റ്റ് സഹസ്ഥാപകനായ ബിൽ ഗേറ്റ്സിനും രാത്രി പാത്രം കഴുകുന്ന ശീലമുണ്ട്. "മറ്റുള്ളവർ സഹായിക്കാൻ എത്താറുണ്ടെങ്കിലും എനിക്ക് തന്നെ ആ ജോലി ചെയ്യണമെന്ന് നിർബന്ധമുണ്ട്," ഒരു റെഡിറ്റ് ഫോറത്തിൽ ഗേറ്റ്സ് പറഞ്ഞു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it