ചിന്തകളെ നിയന്ത്രിച്ച് വിജയത്തിലെത്താം; നിങ്ങള്‍ക്കു സ്വയം വളര്‍ത്തിയെടുക്കാം ഈ കഴിവ്

'എന്ത് കാര്യവും തുടങ്ങുന്നതിന് മുമ്പ് നൂറായിരം ചിന്തകളാണ് മനസ്സില്‍, അത് കൊണ്ട് തന്നെ ബിസിനസില്‍ അടുത്ത തലത്തിലേക്കെത്താന്‍ കഴിയുന്നില്ല.' ഈ പരാതി പറയുന്ന നിരവധിപ്പേരെ ഞാന്‍ കണ്ടിട്ടുണ്ട്. ഒന്നുകില്‍ ഭാര്യ നെഗറ്റീവായിരിക്കും അല്ലെങ്കില്‍ ഭര്‍ത്താവ് നെഗറ്റീവായിരിക്കും. രണ്ടുപേരും എപ്പോഴും പരസ്പരം കുറ്റെപ്പടുത്തിക്കൊണ്ടിരിക്കും. ഒറ്റ രാത്രികൊണ്ട് നിങ്ങള്‍ക്ക് നിങ്ങളുടെ ചിന്താരീതി മാറ്റാന്‍ പറ്റില്ല എന്ന യാഥാര്‍ത്ഥ്യം നമുക്ക് അംഗീകരിക്കാം. ഏതെങ്കിലുമൊരു പ്രത്യേക സാഹചര്യത്തില്‍ നിങ്ങളുടെ മനസിലേക്ക് കടന്നുവരുന്ന ചിന്തയോ നിങ്ങള്‍ ചിന്തിക്കുന്ന രീതിയോ ഒരിക്കലും ആ പ്രത്യേക സാഹചര്യവുമായി ബന്ധപ്പെട്ടതായിരിക്കണം എന്നില്ല.

ജനനം മുതല്‍ നിങ്ങളുടെ തലച്ചോറില്‍ നമുക്കാര്‍ക്കും സങ്കല്‍പ്പിക്കാന്‍ കഴിയുന്നതിനുമപ്പുറമുള്ള വിവരങ്ങളാണ് ശേഖരിക്കുന്നത്. നിങ്ങള്‍ കണ്ടതും കേട്ടതും അറിഞ്ഞതും മണത്തതും അനുഭവിച്ചതുമായ എല്ലാം വളരെ കൃത്യമായി നിങ്ങളുടെ തലച്ചോറിലുണ്ടാകും. നിങ്ങള്‍ സ്വപ്നം കാണുന്ന കാര്യങ്ങളും ഇങ്ങനെ രേഖപ്പെടുത്തുന്നുണ്ട്. നിങ്ങള്‍ക്ക് ആവശ്യമുള്ളപ്പോഴെല്ലാം നിങ്ങള്‍ക്കിത് ഓര്‍ത്തെടുക്കാന്‍ കഴിയണമെന്നില്ല. എന്നാല്‍ തലച്ചോറിന് അതേക്കുറിച്ച് എപ്പോള്‍ വേണമെങ്കിലും ഓര്‍ത്തെടുക്കാന്‍ കഴിയും. നിങ്ങള്‍ക്ക് അത് ആവശ്യമില്ലാത്തപ്പോള്‍ പോലും. ഇത്തരം വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് തലച്ചോര്‍ കാര്യങ്ങളെ വിശകലനം ചെയ്യുന്നത്.

ഏതെങ്കിലും ഒരു പ്രത്യേക സാഹചര്യത്തില്‍ നിങ്ങള്‍ പെരുമാറുന്നത് ആ സാഹചര്യത്തില്‍ നിങ്ങളിലുണ്ടാകുന്ന ചിന്തകളുടെ അടിസ്ഥാനത്തിലാണ്. ചിന്തകള്‍ ഉണ്ടാകാന്‍ തലച്ചോര്‍ ശേഖരിച്ചുവെച്ചിരിക്കുന്ന വിവരങ്ങളെ ആശ്രയിക്കുന്നു. നിങ്ങളില്‍ എന്തെങ്കിലും തരത്തിലുള്ള തോന്നലുകള്‍ ഉണ്ടാകുമ്പോള്‍ ശേഖരിച്ചുവെച്ചിരിക്കുന്ന ഇതുമായി ബന്ധപ്പെട്ട വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ള ചിന്തകള്‍ ഉണ്ടാകുന്നു. ആ ചിന്തകളെ അടിസ്ഥാനമാക്കി നിങ്ങള്‍ പ്രതികരിക്കുന്നു. ഇതെല്ലാം വളരെ പെട്ടെന്ന് കഴിയുന്നു. തലച്ചോര്‍ എന്ന് വിളിക്കെടുന്ന നിങ്ങളിലെ കംപ്യൂട്ടര്‍ ആണ് ഇതെല്ലാം ചെയ്യുന്നത്. ഈ പ്രക്രിയ എല്ലാം നിങ്ങളുടെ ഉള്ളില്‍ ശേഖരിച്ചുവെച്ചിരിക്കുന്ന വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണെന്ന കാര്യം മറക്കരുത്.

ചിന്തകളെ എങ്ങനെ മാറ്റാം?

നിങ്ങള്‍ക്ക് സ്വയം നിങ്ങളുടെ ചിന്തകളെ മാറ്റാന്‍ കഴിയില്ല എന്ന് ഇതില്‍ നിന്നുതന്നെ വ്യക്തമാണ്. കാരണം വര്‍ഷങ്ങളായി ശേഖരിച്ചുവെച്ചിരിക്കുന്ന വിവരങ്ങളാണ് നിങ്ങളുടെ തലച്ചോറില്‍. ജീവിതത്തില്‍ മാതാപിതാക്കളും അധ്യാപകരും കൂട്ടുകാരുമൊക്കെ നിരുല്‍സാഹെപ്പടുത്തലാണ് നിങ്ങള്‍ക്ക് തന്നിട്ടുള്ളതെങ്കില്‍, ജീവിതത്തില്‍ കൂടുതലും നിരാശപ്പെടുത്തുന്ന കാര്യങ്ങളാണ് സംഭവിച്ചിട്ടുള്ളതെങ്കില്‍ നിങ്ങളുടെ ഉള്ളില്‍ നെഗറ്റീവായ കാര്യങ്ങളാകും കൂടുതല്‍. മൂന്ന് വയസ് ആകുന്നതുവരെ ഒരു കുട്ടി ചീ എന്ന വാക്ക് 1.5 ലക്ഷം തവണ കേള്‍ക്കുമ്പോള്‍ Yes എന്ന വാക്ക് കേള്‍ക്കുന്നത് കേവലം 50000 തവണ മാത്രമേയുള്ളൂ എന്ന് ഒരു പഠനം വെളിടെുത്തുന്നുണ്ട്. ജീവിതത്തോട് യാഥാസ്ഥിതിക മനോഭാവം പുലര്‍ത്തുന്ന ഇടത്തരം കുടുംബത്തിലാണ് നിങ്ങള്‍ ജനിച്ചതും വളര്‍ന്നതും എങ്കില്‍ താഴെപ്പറയുന്ന ഉപദേശങ്ങള്‍ നിങ്ങള്‍ നിരവധി തവണ കേട്ടിട്ടുണ്ടാകും.

ജീവിതത്തില്‍ റിസ്‌ക് ഒന്നും എടുക്കരുത്.

ആശകള്‍ നിരാശയിലേക്ക് നയിക്കും. വലിയ ആഗ്രഹങ്ങള്‍ പുലര്‍ത്തരുത്.

ബിസിനസ് റിസ്‌കാണ്. നല്ല ഒരു ജോലി കണ്ടെത്തുന്നതാണ് സുരക്ഷിതം.

ആരെയും അതിരുകടന്ന് വിശ്വസിക്കരുത്. എപ്പോഴാണ് ചതിക്കുന്നതെന്ന് അറിയില്ല.

ഇത്തരം കാര്യങ്ങളെല്ലാം നിങ്ങളുടെ തലച്ചോറില്‍ ശേഖരിക്കുകയും ആവര്‍ത്തിച്ചുറപ്പിക്കുകയും ചെയ്തിരിക്കും. ഓരോ സാഹചര്യം വരുമ്പോഴും ചിന്തകള്‍ ഇത്തരം വിവരങ്ങളെ അടിസ്ഥാനമാക്കിയാകും രൂപം കൊള്ളുക. നിങ്ങളുടെ ഭര്‍ത്താവ് മറ്റൊരു ബിസിനസിലേക്ക് വൈവിധ്യവല്‍ക്കരിക്കണം എന്ന തീരുമാനം എടുക്കുമ്പോള്‍ എന്തുതരം ചിന്തകളാകും നിങ്ങളുടെ

ഉള്ളിലുണ്ടാകുക?

ജീവിതത്തില്‍ റിസ്‌ക് ഒന്നും എടുക്കരുത്.

ആശകള്‍ നിരാശയിലേക്ക് നയിക്കും. വലിയ ആഗ്രഹങ്ങള്‍ പുലര്‍ത്തരുത്.

ബിസിനസ് റിസ്‌കാണ്. നല്ല ഒരു ജോലി കണ്ടെത്തുന്നതാണ് സുരക്ഷിതം.

ഇങ്ങനെ ആയിരിക്കില്ലേ നിങ്ങള്‍ ചിന്തിക്കുക?

പുതിയ ബിസിനസിലെ സാധ്യതകളെക്കുറിച്ച് വാതോരാതെ വിവരിക്കുന്ന ഭര്‍ത്താവിനോട് നിങ്ങള്‍ ഇങ്ങനെ വരെ പറഞ്ഞേക്കാം: എന്തിനാണ് ഇത്രയും റിസ്‌കുള്ള ബിസിനസുമായി പോകുന്നത്. എല്ലാം കളഞ്ഞിട്ട് നല്ല ഒരു ജോലി കണ്ടെത്താന്‍ നോക്കൂ!

ചിന്തകളാണ് വാക്കുകളാകുന്നത്. വാക്കുകളാണ് പ്രവൃത്തികള്‍ ആകുന്നത്. ആവര്‍ത്തിക്കുന്ന ഏതു വാക്കും പ്രവൃത്തിയും ശീലമായി മാറും. ശീലം കുറേക്കാലം ആവര്‍ത്തിച്ചാല്‍ അത് നിങ്ങളുടെ സ്വഭാവമായി മാറും. നിങ്ങളുടെ വിധി എന്തെന്നത് നിങ്ങളുടെ സ്വഭാവമാണ് നിശ്ചയിക്കുന്നത്.

നിങ്ങളുടെ വിധി നിശ്ചയിക്കുന്നത് നിങ്ങളുടെ ചിന്തകളോ നിങ്ങള്‍ ചിന്തിക്കുന്ന രീതിയോ ആണ്. എന്നാല്‍ ഇത്തരം ചിന്തകളെ നിങ്ങള്‍ക്ക് നേരിട്ട് നിയന്ത്രിക്കാന്‍ കഴിയില്ല. കാരണം അവ നിങ്ങളറിയാതെ നിങ്ങളുടെ ഉള്ളില്‍ ശേഖരിച്ചുവെച്ചിരിക്കുന്ന വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.

എന്നാല്‍ നിങ്ങള്‍ക്ക് നിങ്ങളുടെ വാക്കിനെയും പ്രവൃത്തിയെയും നിയന്ത്രിക്കാന്‍ കഴിയും. ഏതു സാഹചര്യത്തിലും തലച്ചോര്‍ നിങ്ങളുടെ ഉള്ളില്‍ ചിന്തകള്‍ നിറയ്ക്കും. അത് ആ സാഹചര്യത്തിന് ചേരുന്നതോ ചേരാത്തതോ ആയിരിക്കും. ഇത്തരം ചിന്തകളെ വാക്കുകളും പ്രവൃത്തികളുമായി മാറ്റുന്ന പ്രക്രിയയെ നിയന്ത്രിക്കാന്‍ നിങ്ങള്‍ക്ക് കഴിയുന്നു എങ്കില്‍ നിങ്ങളുടെ ചിന്തകളെ നിയന്ത്രിക്കുന്ന കാര്യത്തില്‍ നിങ്ങള്‍ ആദ്യ ചുവടുവെച്ചു എന്ന് പറയാം. ഇത് നിങ്ങളുടെ ചിന്തകളെ കാര്യമായി സ്വാധീനിച്ചു എന്ന് വരില്ല. നിങ്ങളുടെ ചിന്താപ്രക്രിയയില്‍ അത് കാര്യമായ മാറ്റം വരുത്തിയെന്നും വരില്ല. എങ്കിലും ഇത് ഈ ദിശയിലുള്ള ആദ്യ ചുവടുവെപ്പ് നടത്താന്‍ നിങ്ങളെ സഹായിക്കും.

( ബിസിനസ് മോട്ടിവേഷണല്‍ ട്രെയിനറും ലേഖകനുമായ സജീവ് നായര്‍ 2009 ല്‍ ധനം മാഗസിന് വേണ്ടി എഴുതിയ ലേഖനത്തില്‍ നിന്ന്)

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it