ശാഖകളുടെ മേല്‍നോട്ടം ശരിയല്ലേ? പരാജയം ഉറപ്പ്!

പലപ്പോഴും ഒരു സ്ഥാപനത്തിന്റെ ലാഭക്ഷമത കണക്കാക്കുന്നത് ഹെഡ് ഓഫീസും ശാഖകളും ഒന്നായി കണ്ടാണ്. എന്നാല്‍ അതൊരിക്കലും ശരിയായ പ്രക്ടീസല്ല. ഓരോ ബ്രാഞ്ചും ഓരോ പ്രോഫിറ്റ് സെന്ററായിരിക്കണം. അവരുടെ വരവും ചെലവും എല്ലാം പ്രത്യേകമായി തന്നെ കണക്കാക്കിയെങ്കില്‍ മാത്രമേ ഓരോ ബ്രാഞ്ചും എത്രത്തോളം നന്നായി പ്രവര്‍ത്തിക്കുന്നുവെന്നും എത്രത്തോളം ലാഭകരമാണെന്നും അറിയാനാകൂ. പലപ്പോഴും കണ്ടുവരുന്നത് ഹെഡ് ഓഫീസ് ഉണ്ടാക്കുന്ന വരുമാനം പോലും ശാഖകള്‍ തിന്നു തീര്‍ക്കുന്നതായാണ്. അതിന്റെ ഒരു പ്രധാന കാരണം ഗ്രാമപ്രദേശങ്ങളിലുള്ള ശാഖകള്‍ നിയന്ത്രിക്കാന്‍ പര്യാപ്തമായ, വിശ്വസ്തരായ ആളുകളെ ഇപ്പോള്‍ കിട്ടാനില്ല എന്നതാണ്.

വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരുന്ന ഒരു അഡ്വര്‍ടൈസിംഗ് ഏജന്‍സിയുടെ കാര്യം എനിക്ക് നേരിട്ടറിയാം. മികച്ച കോര്‍പ്പറേറ്റ് കസ്റ്റമേഴ്‌സുണ്ടായിരുന്ന അവര്‍ മറ്റു സംസ്ഥാനങ്ങളിലേക്കും സാന്നിധ്യം വര്‍ധിപ്പിച്ചു. നല്ല കഴിവുള്ളതെന്ന് തോന്നിച്ച ആളുകളെയാണ് ഓരോ ബ്രാഞ്ചിലെയും മേധാവിയായി നിയമിച്ചത്. ജീവനക്കാരെ കിട്ടാനുള്ള വിഷമമുള്ളതിനാല്‍ മാനേജര്‍ ഉള്‍പ്പെടെയുള്ള ഒരു ടീമിനെയാണ് നിയമിച്ചത്.

ആദ്യ കുറേക്കാലം മികച്ച പ്രകടനമായിരുന്നു. അതിനാല്‍ മള്‍ട്ടി നാഷണല്‍ കമ്പനികളേയും ഗവണ്‍മെന്റ് കോണ്‍ട്രാക്ടുകളും സ്വന്തമാക്കാമെന്ന ലക്ഷ്യത്തില്‍ കൂടുതല്‍ പണം ഇങ്ങോട്ടേക്ക് ഒഴുക്കുകയും ചെയ്തു. എന്നാല്‍ കുറച്ചു മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ തന്നെ കാര്യങ്ങളുടെ പോക്കില്‍ അപകടം മണത്തു. ഓരോ ബ്രാഞ്ചിന്റേയും പ്രവര്‍ത്തനം വിശകലനം ചെയ്തപ്പോഴാണ് മനസിലായത് ഇവിടേക്കെത്തുന്ന ഫണ്ടെല്ലാം മാനേജര്‍മാരുടെ വ്യക്തിഗത ബിസിനസ് പ്രൊമോട്ട് ചെയ്യാന്‍ വേണ്ടിയാണെന്ന് ചെലവഴിക്കുന്നതെന്ന്. തന്റെ കള്ളക്കളി പിടിക്കപ്പെട്ടതോടെ മാനേജര്‍ സ്ഥാപനം വിട്ടു. കമ്പനിയുടെ നല്ലൊരു ശതമാനം ബിസിനസും കൊണ്ടുപോയി. മാനേജര്‍ക്കൊപ്പം വന്ന ടീമും സ്ഥാപനത്തില്‍ നിന്നിറങ്ങി. പിന്നെ സ്ഥാപനത്തിന്റെ അവസ്ഥ പറയേണ്ടല്ലോ?

ഈ കേസ് സ്റ്റഡി പഠിപ്പിക്കുന്നത്

* ഓരോ ബ്രാഞ്ചിനും കൃത്യമായ ബജറ്റ് ഉണ്ടാകണം. വില്‍പ്പന, അറ്റാദായം, ദീര്‍ഘകാല- ഹ്രസ്വകാല ലക്ഷ്യങ്ങള്‍, ചെലവുകള്‍ എന്നിവയെല്ലാം നിശ്ചയിക്കണം.

* ടോപ് ലൈന്‍- ഇതെങ്ങനെ നേടാമെന്നതിനെ കുറിച്ച് സുതാര്യ മായ ഒരു ഐഡിയ ഉണ്ടാകണം. അര്‍ത്ഥവത്തായ ഡെയ്‌ലി, വീക്ക്‌ലി റിപ്പോര്‍ട്ടിംഗ് വേണം. ഹെഡ് ഓഫീസില്‍ നിന്ന് ഇടയ്ക്കിടെ അപ്രഖ്യാപിത സന്ദര്‍ശനം നടത്തണം.

* കൃത്യമായ ഇടവേളകളില്‍ ബിസിനസ് മീറ്റിംഗ് കൂടുകയും മിനിറ്റ്‌സ് സൂക്ഷിക്കയും അത് ശാസ്ത്രീയമായി തന്നെ ഫോളോ അപ് ചെയ്യുകയും വേണം.

* അക്കൗണ്ട്‌സിനും ഫിനാന്‍സിനും മതിയായ പ്രാധാന്യം നല്‍കണം. കാര്യങ്ങള്‍ നേരായ വഴിക്കല്ലെന്നു തോന്നിയാല്‍ അധികം വൈകാതെ തന്നെ മറ്റു നടപടികള്‍ കൈക്കൊള്ളുകയും വേണം.

Shaji Varghese
Shaji Varghese  

The author is a Chartered Accountant & Management Consultant;Phone: 9847044030

Related Articles

Next Story

Videos

Share it