ശരിവെക്കുന്നവരല്ല, നിങ്ങളെ ചോദ്യം ചെയ്യുന്നവര്‍ ബിസിനസിനെ സഹായിക്കുന്നതിങ്ങനെ

ബിസിനസില്‍ വെല്ലുവിളികള്‍ ഏറി വരുന്ന ഈ ഘട്ടത്തില്‍ സംരംഭകര്‍ മുന്‍പ് എന്നത്തേക്കാളും ശ്രദ്ധയോടെ ചുവടുവെപ്പുകള്‍ നടത്തേണ്ടതുണ്ട്. ഇതുവരെ ശീലിക്കാത്ത കാര്യങ്ങള്‍ നിഷ്ഠയോടെ ചെയ്യേണ്ടതുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

1. പതിവായി കൃത്യമായ വിവരങ്ങള്‍ ശേഖരിക്കുക

പല ബിസിനസുകാരും തങ്ങള്‍ ഗുരുതരമായ പ്രശ്‌നത്തില്‍ അകപ്പെട്ടിരിക്കുന്നുവെന്ന് തിരിച്ചറിയുന്നത് വളരെ വൈകിയാണ്. കാരണം അവര്‍ എല്ലാ മാസവും കൃത്യമായി ബിസിനസിലെ പണത്തിന്റെ പോക്കുവരവുകള്‍ മനസിലാക്കുന്നില്ല. വര്‍ഷങ്ങളായി ബിസിനസ് നടത്തുന്ന പലര്‍ക്കും ചില സീസണില്‍ ബിസിനസ് കുറവായിരിക്കും. ആ മാസത്തെ വില്‍പ്പന നഷ്ടം എത്രയായിരിക്കുമെന്ന് നമ്മള്‍ ചോദിച്ചാല്‍ അവര്‍ മിക്കവാറും പറയുക ഒരു ഊഹക്കണക്കായിരിക്കാം. കേരളത്തിലെ മിക്ക സംരംഭകരുടെയും പ്രശ്‌നമാണിത്. ഓരോ മാസത്തെയും നഷ്ടമെത്ര, ലാഭമെത്ര, വര്‍ഷങ്ങളായുള്ള അതിന്റെ പാറ്റേണ്‍ എന്താണ് എന്നതിനെ കുറിച്ചൊന്നും വ്യക്തത പലര്‍ക്കുമില്ല.

യഥാസമയം നാം തിരിച്ചറിഞ്ഞില്ലെങ്കില്‍ കാന്‍സര്‍ എങ്ങനെയാണ് മനു
ഷ്യന്റെ ജീവന് ഭീഷണിയാകുന്നത് അതുപോലെയാണ് ഇത്തരം അവ്യക്ത
തകള്‍ ബിസിനസിനും ദോഷമുണ്ടാക്കുന്നത്. സംരംഭത്തിന്റെ സാമ്പത്തികാരോഗ്യത്തെ കുറിച്ചുള്ള കൃത്യമായ സൂചനകള്‍ നേരത്തെ ലഭിച്ചാല്‍ വേണ്ട കരുതല്‍ നടപടികള്‍ മുന്‍കൂട്ടി സ്വീകരിക്കാം. അതുകൊണ്ട് എല്ലാ മാസവും കൃത്യമായ വിവരങ്ങള്‍ ശേഖരിക്കുക.

2. ബാങ്ക് ഓവര്‍ഡ്രാഫ്റ്റ് നിങ്ങളുടെ സ്വന്തം പണമല്ല!

ആദ്യത്തെ പോയ്ന്റിനോട് ചേര്‍ത്ത് വായിക്കേണ്ട കാര്യമാണിത്. എന്തുകൊണ്ടാണ് ഓരോ മാസത്തെയും നഷ്ടം നാം അറിയാത്തത്? മിക്കവാറും അതിന് കാരണം ബാങ്ക് ഓവര്‍ഡ്രാഫ്റ്റാകും. പണത്തിന് ഞെരുക്കം വരുമ്പോള്‍ ഓവര്‍ഡ്രാഫ്റ്റില്‍ നിന്നുള്ള പണമെടുക്കും. ഈ ചിന്തയാണ് ഏറ്റവും വലിയ പ്രശ്‌നം. മാസംതോറും നഷ്ടമുണ്ടാക്കികൊണ്ടിരിക്കുന്ന പല സംരംഭങ്ങളും മുന്നോട്ടുപോകുന്നത് ബാങ്ക് ഓവര്‍ഡ്രാഫ്റ്റിലാണ്. ഈ പണം ബാങ്കിന് കൊടുക്കണം. ബാധ്യതയാണത്. നിങ്ങളുടെ പൈസയല്ല അത്. മറിച്ച് ബാങ്കിന്റേതാണ്.

3. കോസ്റ്റില്‍ ശ്രദ്ധയൂന്നുക

പ്രതിസന്ധി വരുമ്പോള്‍ എല്ലാവരും ചെലവ് ചുരുക്കല്‍ നടപടികള്‍ സ്വീകരിക്കാറുണ്ട്. പക്ഷേ ചെറിയ കാര്യങ്ങള്‍ ചെയ്തതുകൊണ്ട് മാത്രം ബിസിനസിലെ കോസ്റ്റ് കുറയ്ക്കാന്‍ പറ്റില്ല. പകരം ബിസിനസിനെ നഷ്ടത്തിലാക്കുന്ന കാതലായ കാര്യങ്ങള്‍ കണ്ടുപിടിക്കുക.

അസംസ്‌കൃത വസ്തുക്കള്‍ നിലവിലുള്ളതിനേക്കാള്‍ കുറഞ്ഞ നിരക്കില്‍ കിട്ടുമോയെന്ന് പരിശോധിക്കുക. ചിലപ്പോള്‍ ഫാക്ടറിയില്‍ സ്‌ക്രാപ്പ് കൂടുതലുണ്ടാകേണ്ടത് ചിലരുടെ ഗൂഢലക്ഷ്യമാകാം. കാരണം അതിന്റെ വില്‍പ്പനയിലൂടെ ചിലര്‍ക്ക് കമ്മീഷന്‍ കിട്ടുന്നുണ്ടാകാം.

മറ്റു ചില കമ്പനികളില്‍ ഫിനിഷ്ഡ് ഉല്‍പ്പന്നം വില്‍ക്കുന്നതിനേക്കാള്‍ മാര്‍ജിന്‍ അതിന്റെ ഇന്റര്‍മീഡിയറി വില്‍ക്കുമ്പോള്‍ ലഭിക്കുന്നുണ്ടാകാം. അങ്ങനെയെങ്കില്‍ എന്തിന് ഫിനിഷ്ഡ് ഉല്‍പ്പന്നം തന്നെ നിര്‍മിക്കണം?

മള്‍ട്ടി പ്രോഡക്റ്റ് കമ്പനികളിലാണെങ്കില്‍ ചിലത് ലാഭമുണ്ടാക്കുന്നവയാകും. ചിലത് നഷ്ടമാകാം. നഷ്ടമുണ്ടാക്കുന്നവയെ ഇപ്പോള്‍ ഒഴിവാക്കണം. പകരം കൂടുതല്‍ നേട്ടമുണ്ടാക്കുന്നവയില്‍ ഊന്നല്‍ നല്‍കണം.

അസംസ്‌കൃത വസ്തുക്കള്‍ കൂടുതല്‍ വാങ്ങുമ്പോള്‍ ലഭിക്കുന്ന മെച്ചം നോക്കുന്ന സംരംഭകരുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ആ മെച്ചം മാത്രമല്ല നോക്കേണ്ടത്. കൂടുതല്‍ അസംസ്‌കൃത വസ്തുക്കള്‍ വാങ്ങിയാല്‍ അത് സംഭരിക്കാന്‍ സ്ഥലം വേണം. ലാഭം കിട്ടാന്‍ വേണ്ടി, റെഡി കാഷ് കൊടുത്ത് അവ വാങ്ങേണ്ടി വരും. നിര്‍മാണം പൂര്‍ത്തിയാക്കി ഉല്‍പ്പന്നം വിറ്റാല്‍ മാത്രമേ ഈ പണം തിരികെ സംരംഭകരുടെ കൈയില്‍ വരൂ. അതുകൊണ്ട് നിര്‍മാണത്തിന് അനുസരിച്ച് അസംസ്‌കൃത വസ്തുക്കള്‍ വാങ്ങിയാല്‍ മതി. ആവശ്യത്തിനുള്ളത് വാങ്ങി നിര്‍മിച്ച് വില്‍ക്കുക. സംഭരിച്ച് വെച്ചാല്‍ പിന്നീട് എന്ത് സംഭവിക്കുമെന്ന് പ്രവചിക്കാന്‍ പറ്റുന്ന സാഹചര്യമല്ല ഇപ്പോഴത്തേത്.

4. പണത്തിനാകണം മുന്‍തൂക്കം, മാര്‍ജിനല്ല പ്രധാനം

ഈ ഘട്ടത്തില്‍ പണമാണ് രാജാവ്. ഇപ്പോള്‍ മാര്‍ജിന്‍ നോക്കിയിരുന്നിട്ട് കാര്യമില്ല. ധനം പ്രസിദ്ധീകരിച്ച എം.പി നാരായണപിള്ളയുടെ പുസ്തകത്തില്‍ അതിസമ്പന്നനായ അരിസ്റ്റോട്ടില്‍ ഒനാസിസിന്റെ കഥ പറയുന്നുണ്ട്. ഒനാസിസ് എങ്ങനെയാണ് ലോകത്തിലെ ഏറ്റവും വലിയ ഷിപ്പിംഗ് ഭീമനായത്? വലിയൊരു സാമ്പത്തിക മാന്ദ്യത്തില്‍ നിന്നാണ്. സാമ്പത്തിക മാന്ദ്യകാലത്ത് ഒനാസിസ് ലോകത്തിലെ പ്രമുഖ ഷിപ്പിംഗ് കമ്പനികളുടെ കപ്പലുകളെല്ലാം ചെറിയ വിലയ്ക്ക് വാങ്ങി കൂട്ടി. മാന്ദ്യം മാറിയപ്പോള്‍ ഷിപ്പിംഗ് രംഗത്തെ ആഗോള വമ്പനായി ഒനാസിസ് മാറി. ഇതൊരു പാഠമാണ്. മാന്ദ്യകാലത്ത് പണം സംരക്ഷിക്കുക. ചില നല്ല ബിസിനസുകള്‍ വാങ്ങാന്‍ അത് ഉപകരിച്ചേക്കാം. ജീവനക്കാര്‍ക്കും സപ്ലയര്‍മാര്‍ക്കും കൃത്യമായി പണം നല്‍കാന്‍ സാധിക്കും. ഇതിലൂടെ പല മെച്ചങ്ങളുമുണ്ട്. സാമ്പത്തിക സ്ഥിതി മോശമായിട്ടും നാം ജീവനക്കാര്‍ക്ക് കൃത്യമായി പണം നല്‍കുമ്പോള്‍ അവരില്‍ നിന്ന് കൂടുതല്‍ ആത്മാര്‍ത്ഥതയോടെയുള്ള കഠിനാധ്വാനം നമുക്ക് ആവശ്യപ്പെടാം. സപ്ലയര്‍മാരില്‍ നിന്ന് മികച്ച ഡീല്‍ ആവശ്യപ്പെടാം. കൂടുതല്‍ ശക്തിയോടെ മുന്നോട്ടുപോകാം.

5. ബാങ്ക് വായ്പകള്‍ പുനഃക്രമീകരിക്കുക

നോട്ട് പിന്‍വലിക്കല്‍, ജിഎസ്ടി, പ്രളയം എന്നിവ മൂലമെല്ലാം പല സംരംഭകര്‍ക്കും പ്രവര്‍ത്തന മൂലധനം പോലുമില്ലാത്ത അവസ്ഥയിലാണ്. ഈ ഘട്ടത്തില്‍ ബാങ്കു
കള്‍ വായ്പാ പുനഃക്രമീകരണത്തിന് പദ്ധതി കൊണ്ടുവന്നിട്ടുണ്ട്. ഇത് യുക്തമായി വിനിയോഗിക്കാന്‍ സംരംഭകര്‍ തയ്യാറാകണം. നമ്മുടെ സാമ്പത്തിക സ്ഥിതി ബാങ്കുകളില്‍ നിന്നും ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും മൂടിവെയ്‌ക്കേണ്ട കാര്യമില്ല. പ്രശ്‌നത്തില്‍ നിന്ന് കരകയറാന്‍ വിദഗ്ധരായ കണ്‍സള്‍ട്ടന്റുമാരുടെ സഹായത്തോടെ പദ്ധതി തയാറാക്കുക. ആവശ്യമെങ്കില്‍ വായ്പകള്‍ പുനഃക്രമീകരിക്കുക.

6. നിങ്ങളെ ചോദ്യം ചെയ്യുന്ന വ്യക്തികളുമായി സമ്പര്‍ക്കം പുലര്‍ത്തുക

സംരംഭകന്‍ വിജയിയാകുമ്പോള്‍ സംഭവിക്കുന്ന ഒരു പ്രശ്‌നമുണ്ട്. അയാള്‍ സംരംഭത്തിന്റെ തലപ്പത്ത് ഏകനായി മാറും. നേട്ടങ്ങളുണ്ടാക്കിക്കൊണ്ടിരുന്ന ഒരു സംരംഭകന്‍ എന്നും ആരുമായിട്ടാണ് സംഭാഷണം നടത്തുക? അവരുടെ ജീവനക്കാരുമായി അല്ലെങ്കില്‍ ബിസിനസ് പങ്കാളികളുമായി ഒക്കെയാകാം. ഇവരെല്ലാം ഈ സംരംഭകന്‍ പറയുന്നതെന്തും ശരിവെയ്ക്കുന്ന, എന്തിനും
ഏതിനും യെസ് പറയുന്നവരാകാം.

എന്നാല്‍ ഈ ഘട്ടത്തില്‍ സംരംഭത്തിന്റെ മുകളില്‍ നിന്നു നോക്കുന്ന, 'ബേര്‍ഡ്‌സ് ഐ വ്യൂ' തരുന്ന ഒരാളുമായി നിരന്തര സംഭാഷണത്തിലേര്‍പ്പെടുക. വീക്ഷണത്തില്‍ തന്നെ രണ്ട് കാഴ്ചപ്പാടുകളുണ്ട്. ഒന്ന് പുറമെ നിന്ന് വിശാലമായ അര്‍ത്ഥത്തില്‍ നിന്നു നോക്കുന്ന Bird’s eye view. മറ്റൊന്ന് സംരംഭത്തിന്റെ ഉള്ളിന്റെ ഉള്ളില്‍ നിന്നുകൊണ്ട് നോക്കുന്ന Worm’s eye view. ഈ കാഴ്ച ഹ്രസ്വമാണ്.

സംരംഭകര്‍ പ്രശ്‌നങ്ങള്‍ പുറത്തുനിന്നുള്ള മറ്റൊരാളോട് പങ്കുവെയ്ക്കുമ്പോള്‍ തന്നെ ചിലപ്പോള്‍ സ്വയം പരിഹാരവും കണ്ടെത്തപ്പെടും. അല്ലെങ്കില്‍ കേള്‍ക്കുന്ന ആള്‍ വിദഗ്ധനല്ലെങ്കില്‍ പോലും മറ്റൊരു വീക്ഷണം അയാള്‍ പറഞ്ഞെന്നിരിക്കും. ഇതെല്ലാം ഈ ഘട്ടത്തില്‍ സംരംഭകര്‍ക്ക് മറ്റൊരു വഴി കണ്ടെത്താന്‍ സഹായിക്കും.

ഇത്തരം വഴികളിലൂടെ സംരംഭകര്‍ക്ക് മുന്നോട്ടു പോകാന്‍ സാധിക്കുക തന്നെ ചെയ്യും.

( കെ.എ ഫെലിക്‌സ് - ലേഖകന്‍ ഗ്രോത്ത് കണ്‍സള്‍ട്ടന്റും പ്രാക്ടീസിംഗ് കോസ്റ്റ്
എക്കൗണ്ടന്റുമാണ്. ഫോണ്‍: 93499 55461)

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it