ബിസിനസ് മേഖലയിലെ തകര്‍ച്ച: ഉണര്‍വ്വുണ്ടാക്കാന്‍ വ്യത്യസ്ത തന്ത്രങ്ങള്‍ അനിവാര്യം

പ്രളയക്കെടുതി കാരണം സംസ്ഥാനത്തെ ബിസിനസ് രംഗത്തുണ്ടായ തകര്‍ച്ചയില്‍ നിന്നും സമ്പദ്ഘടനയെ കൈപിടിച്ചുയര്‍ത്താന്‍ സര്‍ക്കാരിന്റെയും ധനകാര്യ സ്ഥാപനങ്ങളുടെയും കൂട്ടായ പരിശ്രമം അനിവാര്യമായിരിക്കുകയാണ്.

  • ലീഡ് ബാങ്കിന്റെ നേതൃത്വത്തില്‍ സൂക്ഷ്മ ചെറുകിട ഇടത്തരം ബിസിനസുകള്‍ക്കെല്ലാമായി ഒരു പ്രത്യേക വായ്പാ പദ്ധതി ആവിഷ്‌ക്കരിക്കണം. ഇത് നിശ്ചിത കാലാവധിയോടു കൂടിയ ഒരു ടേം ലോണായി അനുവദിക്കുന്നതിലൂടെ ആവശ്യമെങ്കില്‍ വായ്പ നേരത്തെ തിരിച്ചടക്കുന്നതിനോ അല്ലെങ്കില്‍ കാലാവധി മുഴുവന്‍ ഉപയോഗിക്കുന്നതിനോ സംരംഭകര്‍ക്ക് സാധിക്കും. ഒരു കോടി രൂപ വരെയുള്ള ഇത്തരം വായ്പകള്‍ക്ക് സി.ജി.ടി.എം.എസ്.ഇ കവറേജ് ലഭിക്കുമെന്നതിനാല്‍ ബാങ്കുകളുടെ റിസ്‌ക് കുറഞ്ഞിരിക്കും.
  • ക്രെഡിറ്റ് റേറ്റിംഗ് ചൂണ്ടിക്കാട്ടി ബാങ്കുകള്‍ വായ്പാ അപേക്ഷകള്‍ നിരസിക്കുമെന്നതിനാല്‍ ബാങ്കുകളെക്കൊണ്ട് സര്‍ക്കാര്‍ ഗാരന്റിയില്‍ സോഫ്റ്റ് ലോണ്‍ അനുവദിപ്പിക്കുക. വ്യാപാര മേഖലയിലെ വളരെ ചെറിയ കച്ചവടക്കാര്‍ക്ക് 2 ശതമാനം നിരക്കിലും മറ്റുള്ളവര്‍ക്ക് 4 ശതമാനം നിരക്കിലും ഇത്തരത്തിലുള്ള ദീര്‍ഘകാല വായ്പകള്‍ അനുവദിക്കണം. ഇതിലേക്കായി സംസ്ഥാന സര്‍ക്കാര്‍ അടിയന്തിരമായി എസ്.എല്‍.ബി.സി വിളിച്ചുചേര്‍ത്ത് ഇക്കാര്യം ചര്‍ച്ച ചെയ്യണം.
  • ചെറുകിട വ്യവസായങ്ങള്‍ക്കും ഇത്തരത്തിലുള്ള ഒരു പ്രത്യേക പദ്ധതി ആവിഷ്‌ക്കരിക്കണം. കാരണം സര്‍ക്കാരിന്റെ കൈയ്യില്‍ പണമില്ലാത്തതിനാല്‍ ധനകാര്യ സ്ഥാപനങ്ങളിലൂടെ മാത്രമേ സംരംഭകര്‍ക്ക് സാമ്പത്തിക പിന്തുണ ഉറപ്പാക്കാനാകൂ. അതോടൊപ്പം വ്യാപാരി വ്യവസായ സംഘടനകള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണം. ചെറുകിട വ്യാപാരികള്‍ക്ക് പരസ്പര ജാമ്യത്തില്‍ വായ്പ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ ആവിഷ്‌ക്കരിക്കുകയും ചെയ്യണം.
  • ജി.എസ്.ടിയില്‍ നികുതി ഇളവ് കൊടുക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ല. അതിനാല്‍ വ്യവസായ സംരംഭങ്ങള്‍ അടച്ച നികുതി തുക അല്ലെങ്കില്‍ അതിന്റെ ഒരു നിശ്ഛിത ശതമാനം തുക സബ്‌സിഡിയായോ മറ്റോ സംരംഭകര്‍ക്ക് തിരികെ നല്‍കുന്ന സംവിധാനം നടപ്പാക്കുക. ഇത്തരം നടപടികള്‍ ബിസിനസ് മേഖലയുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കും.
  • ഇപ്പോഴത്തെ നിയമം അനുസരിച്ച് ഈ മാസത്തെ ജി.എസ്.ടി അടുത്ത മാസം 20ന് മുന്‍പാണ് അടക്കേണ്ടത്. അല്ലെങ്കില്‍ സംരംഭകര്‍ അതിന് പലിശ നല്‍കേണ്ടിവരും. എന്നാല്‍ 10 കോടി വരെ വിറ്റുവരവുള്ളവര്‍ക്ക് പലിശയില്ലാതെ ഇത് അടക്കുന്നതിനുള്ള കാലാവധി ഒരു മാസത്തില്‍ നിന്ന് മൂന്ന് മാസം വരെയായി ദീര്‍ഘിപ്പിക്കുക. ഇതും സംരംഭകര്‍ക്ക് വളരെയേറെ സഹായകരമായിരിക്കും.

N.S Venugopal
N.S Venugopal  

Related Articles

Next Story

Videos

Share it