വലിയ കാര്യങ്ങളുടെതമ്പുരാന്‍

 • അടുത്തിടെ 62ാം പിറന്നാള്‍ ആഘോഷിച്ച ലോകം മുഴുവന്‍ ഉറ്റുനോക്കുന്ന ഇന്ത്യന്‍ ബിസിനസ് പ്രമുഖനായ മുകേഷ് അംബാനി ജനിച്ചത് ഇന്ത്യയിലല്ല; യെമനിലെ ഏയ്ഡനിലാണ്.
 • പെട്രോകെമിക്കല്‍, റിഫൈനിംഗ് എണ്ണ പ്രകൃതി വാതക മേഖലകളില്‍ പ്രവര്‍ത്തിച്ചിരുന്ന കുടുംബ ബിസിനസിനെ ടെലികോം, റീറ്റെയ്ല്‍ മേഖലകളിലേക്ക് വ്യാപിപ്പിച്ചത് മുകേഷ് അംബാനിയാണ്.
 • 2009 മുതല്‍ ഒരേ വേതനമാണ് മുകേഷ് എടുക്കുന്നത്. 15 കോടി രൂപ. കമ്പനി ഓരോ വര്‍ഷവും പുതിയ ഉയരങ്ങള്‍ കീഴടക്കുമ്പോഴും ശമ്പളം വര്‍ധിപ്പിക്കുന്നില്ല ഇദ്ദേഹം.
 • 54 ബില്യണ്‍ ഡോളര്‍ നെറ്റ് വര്‍ത്തുള്ള മുകേഷ് അംബാനി ഒരു എംബിഎ ബിരുദധാരിയല്ല. പിതാവിനെ സഹായിക്കാനായി സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയിലെ എംബിഎ പഠനം ഉപേക്ഷിച്ച് ഇന്ത്യയിലേക്ക് തിരിച്ചെത്തുകയായിരുന്നു.
 • ടൈം മാഗസിന്‍ അടുത്തിടെ പ്രസിദ്ധീകരിച്ച ലോകത്തെ സ്വാധീനിക്കുന്ന 100 പേരുടെ പട്ടികയില്‍ ഇടം നേടിയ മുകേഷ് അംബാനി ഹുറൂണ്‍ റിച്ച് ലിസ്റ്റ് 2019ലെ ടോപ് 10ല്‍ ഇടം നേടിയ ആദ്യ ഇന്ത്യക്കാരനും ഏക ഏഷ്യന്‍ വംശജനുമാണ്.
 • സ്‌കൂള്‍ പഠനകാലത്ത് ഹോക്കി പ്രേമിയായിരുന്നു മുകേഷ്. ഇന്ന് ഐപിഎല്ലിലെ മുംബൈ ഇന്ത്യന്‍സിന്റെ ഉടമകളാണ് മുകേഷും ഭാര്യ നിതയും.
 • റിലയന്‍സിന്റെ ജാംനഗര്‍ പെട്രോകെമിക്കല്‍ കോംപ്ലക്‌സിനെ മുകേഷും ഭാര്യ നിതയും അങ്ങേയറ്റം ശ്രദ്ധയോടെയാണ് പരിപാലിക്കുന്നത്. ഒരു ഇന്ത്യന്‍ കോര്‍പ്പറേറ്റ് സ്ഥാപിച്ചിരിക്കുന്ന ഏറ്റവും വലിയ വ്യാവസായിക പദ്ധതിയാണിത്. നിലവില്‍ പ്രതിദിനം 1.24 ദശലക്ഷം ബാരല്‍ എണ്ണ സംസ്‌കരിക്കാന്‍ ശേഷിയുള്ള ഈ പ്ലാന്റ് ലോകത്തിലെ തന്നെ ഇത്രയും കപ്പാസിറ്റിയുള്ള ഏക ലൊക്കേഷനാണ്.
 • അടുത്തടുത്ത രണ്ട് പാദത്തില്‍ 10,000 കോടിക്കു മുകളില്‍ അറ്റലാഭമുണ്ടാക്കുന്ന ആദ്യ കമ്പനിയായി മാറിയിരിക്കുകയാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ്. ഗ്രൂപ്പിന്റെ റിഫൈനിംഗ്, പെട്രോകെമിക്കല്‍ ഡിവിഷനില്‍ സൗദി ആരാംകോയും ടെലികോം ഡിവിഷനില്‍ സോഫ്റ്റ്ബാങ്കും നിക്ഷേപം നടത്താന്‍ തയ്യാറെടുക്കുകയാണ്.
 • ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള കമ്പനിയാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ്. അടുത്തിടെ ഒരു ദിവസം ഓഹരി വ്യാപാരത്തിനിടെ കമ്പനിയുടെ മാര്‍ക്കറ്റ് ക്യാപിറ്റലൈസേഷന്‍ 8.84 ലക്ഷം കോടി വരെയെത്തിയിരുന്നു. ഒന്‍പത് ലക്ഷം കോടി എന്ന മാര്‍ക്കറ്റ് ക്യാപിറ്റലൈസേഷന്‍ കൈയെത്തും ദൂരെ.
 • മുകേഷിന്റെ വസതി, ആന്റില, ലോകത്തിലെ ഏറ്റവും മൂല്യമുള്ള ഭവനസമുച്ചയ

  മാണ്.. ഒരു ബില്യണ്‍ ഡോളറാണ് ഇതിന്റെ ഏകദേശ മൂല്യം. 600 ജീവനക്കാരാണ് ഈ ബംഗ്ലാവിലുള്ളത്. 27 നിലകളിലെ വിസ്മയ ഭവനം.

 • ഒരിക്കല്‍ ലോകത്തെ അതി സമ്പന്നനായിട്ടുണ്ട് മുകേഷ് അംബാനി. 2007 ഒക്ടോബറില്‍. ഗ്രൂപ്പ് കമ്പനികളായ റിലയന്‍സ് ഇന്‍ഡസ്ട്രീസ്, റിലയന്‍സ് പെട്രോളിയം, റിലയന്‍സ് ഇന്‍ഡസ്ട്രിയല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ തുടങ്ങിയ കമ്പനികളുടെ ഓഹരി വിലകള്‍ കുതിച്ചുയര്‍ന്നതിനെ തുടര്‍ന്ന് നെറ്റ് വര്‍ത്ത് 63.2 ബില്യണ്‍ ഡോളറായതോടെയായിരുന്നു ഇത്.
 • വാഹനങ്ങളോട് അതിയായ താല്‍പ്പര്യമാണ് മുകേഷിന്. 168ലേറെ കാറുകള്‍ സ്വന്തമായുണ്ട്. മെ ബാക്ക്, മെഴ്‌സിഡസ്, ആസ്റ്റണ്‍ മാര്‍ട്ടിന്‍, റോള്‍സ് റോയ്‌സ്, ബെന്റ്‌ലി, ബി എം ഡബ്ഌുവിന്റെ സമ്പൂര്‍ണ ബുള്ളറ്റ് പ്രൂഫ് കാര്‍ തുടങ്ങി അത്യാധുനിക, അത്യാഡംബര കാറുകളുടെ നീണ്ട നിര തന്നെ സ്വന്തം.
 • ഒരു തരത്തിലുള്ള ലഹരി വസ്തുക്കളും തൊട്ടുനോക്കാത്ത പൂര്‍ണ സസ്യാഹാരിയാണ് മുകേഷ് അംബാനി. മതാനുഷ്ഠാനങ്ങളില്‍ അടിയുറച്ച് വിശ്വസിക്കുന്ന മുകേഷ്, പ്രാര്‍ത്ഥന നടത്താതെ വീട്ടില്‍ നിന്ന് ഇറങ്ങില്ല.
 • ഇന്ത്യയില്‍ Z കാറ്റഗറി സുരക്ഷയുള്ള ഏക ബിസിനസുകാരനാണ് മുകേഷ്. ഭാര്യ നിതയ്ക്ക് Y കാറ്റഗറി സുരക്ഷയും.
 • ഉച്ചയോടെ ഓഫീസിലെത്തുന്നതാണ് മുകേഷിന്റെ രീതി. അര്‍ദ്ധരാത്രി വരെ ഓഫീസില്‍ തുടരും. സിനിമയും പഴയ ഹിന്ദി ഗാനങ്ങളുമാണ് ഏറെ ഇഷ്ടം.
 • മുകേഷ് അംബാനി സ്വന്തം ജന്മദിനം ആഘോഷിക്കാറില്ല. ഭാര്യയുടെ ജന്മദിനം പക്ഷേ വലിയൊരാഘോഷമാക്കും.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it