ജ്യോതി ലാബോറട്ടറീസിനെ നയിക്കാന്‍ ജ്യോതി; മാനേജിംഗ് ഡയറക്റ്ററായി ഏപ്രില്‍ ഒന്നിന് ചുമതലയേല്‍ക്കും

ജ്യോതി ലാബോറട്ടറീസിന്റെ സ്ഥാപക ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എം പി രാമചന്ദ്രന്റെ മകള്‍ പിതാവിനൊപ്പം വളരെ കാലമായി കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സാരഥ്യം വഹിക്കുന്നു

Jyothy Ramachandran New (1)

പുതിയ കാലത്തെ സംരംഭകത്വ മന്ത്രങ്ങളുള്‍ക്കൊണ്ട് ജ്യോതി ലബോറട്ടറീസിനെ നയിക്കാന്‍ അച്ഛന്‍ എം.പി രാമചന്ദ്രന്റെ പാത പിന്‍തുടര്‍ന്ന് ജ്യോതി രാമചന്ദ്രനും. ഉജാല നിര്‍മാതാക്കളായ ജ്യോതി ലബോറട്ടറീസിന്റെ ഇപ്പോഴത്തെ ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസറും ഡയറക്ടറുമായ ജ്യോതി രാമചന്ദ്രനാണ് മാനേജിംഗ് ഡയറക്റ്റര്‍ സ്ഥാനത്തേക്ക് ചുമതലയേല്‍ക്കുന്നത്. ജ്യോതി ലാബോറട്ടറീസിന്റെ സ്ഥാപക ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എം പി രാമചന്ദ്രന്റെ മകള്‍ പിതാവിനൊപ്പം വളരെ കാലമായി കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സാരഥ്യം വഹിക്കുന്നു. കമ്പനിയുടെ സെയ്ല്‍സ്, മാര്‍ക്കറ്റിംഗ്, ബ്രാന്‍ഡ് കമ്യൂണിക്കേഷന്‍ മേഖലയില്‍ ഒട്ടേറെ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ഇതിനോടകം ജ്യോതിക്ക് കഴിഞ്ഞിട്ടുണ്ട്.

മുംബൈ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് കോമേഴ്സില്‍ ബിരുദവും മുംബൈ വെല്ലിങ്കര്‍ മാനേജ്‌മെന്റ് ഇന്‍സ്റ്റിട്യൂട്ടില്‍ നിന്ന് എംബിഎയും ജ്യോതി നേടിയിട്ടുണ്ട്. ഹാര്‍വേഡ് യൂണിവേഴ്‌സിറ്റിയില്‍ ഓണര്‍/പ്രസിഡന്റ് മാനേജ്‌മെന്റ് പ്രോഗ്രാം പൂര്‍ത്തിയാക്കിയ അവര്‍ മുംബൈ എസ്.പി.ജെയിന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റില്‍ നിന്ന് ഫാമിലി മാനേജ്ഡ് ബിസിനസ് അഡ്മിനിസ്ട്രേഷനില്‍ ഡിപ്ലോമയും കരസ്ഥമാക്കിയിട്ടുണ്ട്.

ജ്യോതിയുടെ ഇളയ സഹോദരിയും കമ്പനി ജനറല്‍ മാനേജരുമായ (ഫിനാന്‍സ്) എം ആര്‍ ദീപ്തിയെ ഡയറക്ടര്‍ ബോര്‍ഡ് അംഗമാക്കാനും തീരുമാനിച്ചു. ഇതോടെ ഡയറക്ടര്‍ ബോര്‍ഡില്‍ 50 ശതമാനം സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കുന്ന ആദ്യ കമ്പനികളിലൊന്നായി മാറും ജ്യോതി ലബോറട്ടറീസ്. 1983 ല്‍ സ്ഥാപിതമായതും 2000 കോടി രൂപയിലേറെ വിറ്റുവരവുമുള്ള കമ്പനിയാണ് ജ്യോതി ലബോറട്ടറീസ് ലിമിറ്റഡ്.

മാര്‍ക്കറ്റിംഗ് മന്ത്രങ്ങളുടെ രാജകുമാരി

മാര്‍ക്കറ്റിംഗ് സ്‌പെഷ്യലൈസേഷനോടെ എംബിഎ ബിരുദമെടുത്ത ശേഷം 2008 ലാണ് ജ്യോതി കമ്പനിയില്‍ സജീവമാകുന്നത്. സ്വയം ഉപഭോക്താവായി മാറിക്കൊണ്ട് അവര്‍ ആഗ്രഹിക്കുന്നതെന്തോ അതു കണ്ടെത്തി നല്‍കുകയെന്ന പിതാവിന്റെ നിര്‍ദേശമാണ് ജ്യോതിയെ നയിക്കുന്നത്.

എക്‌സോ റൗണ്ട് ഡിഷ് വാഷ് ഇറക്കി അച്ഛന്റെ അഭിനന്ദനം ഏറ്റുവാങ്ങിയിട്ടുണ്ട് ജ്യോതി. എങ്കിലും ആ വിജയത്തെ ടീമിന്റെ വിജയമെന്നാണ് ജ്യോതി വിശേഷിപ്പിക്കുന്നത്. ഒരു ടീമിനെ നയിക്കുമ്പോഴും അച്ഛന്റെ വാക്കുകളാണ് അവര്‍ പിന്തുടരുന്നത്. ”വിജയിക്കാന്‍ എല്ലാം അറിയണമെന്നില്ല. എന്നാല്‍ നമ്മുടെ കൂടെയുള്ളവരുടെ അറിവും വൈദഗ്ധ്യവുമുപയോഗിച്ച് വിജയം നേടാം. പക്ഷെ അതിന് ഒന്നറിഞ്ഞിരിക്കണം. അവരെ നല്ല രീതിയില്‍ കൂടെക്കൊണ്ടുപോകാന്‍. എങ്കില്‍ മാത്രമേ അവരില്‍ നിന്ന് ഏറ്റവും നല്ല റിസള്‍ട്ട് കിട്ടൂ.” ഇതാണ് അച്ഛനില്‍ നിന്ന് ജ്യോതി പഠിച്ച പാഠങ്ങള്‍. ധനം മാസികയ്ക്ക് മുമ്പ് നല്‍കിയ അഭിമുഖത്തില്‍ ജ്യോതി ഇങ്ങനെ പറഞ്ഞിരുന്നു.

ഉജാലയെ വിജയ സംരംഭമാക്കി മാറ്റിയ 15 ഘടകങ്ങള്‍ ഇവയാണ്

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

LEAVE A REPLY

Please enter your comment!
Please enter your name here