ലോക്ഡൗണ്‍ സമയത്ത് പാട്ടും ഫിറ്റ്‌നസും പാചകവും: ഇവര്‍ നിങ്ങളെ പഠിപ്പിക്കും

ഓണ്‍ലൈനില്‍ മ്യൂസിക് ടീച്ചര്‍!

ആഗ്രഹമുണ്ടായിട്ടും സംഗീതം പഠിക്കാന്‍ പറ്റാതെ പോയതോര്‍ത്ത് ഇനി വിഷമിക്കേണ്ട. ഈ ലോക്ഡൗണ്‍ കാലത്ത് അതിന് തുടക്കമിടാം. നിങ്ങളെ പാട്ടുപഠിപ്പിക്കാന്‍ സേറയും ഷെറിനുമുണ്ട്. പ്രായഭേദമന്യേ കുറഞ്ഞ ചെലവില്‍ ലളിതമായും എന്നാല്‍ ചിട്ടയോടെ വീടിന്റെ സ്വകാര്യതയിലിരുന്ന് സംഗീതം പഠിക്കാനുള്ള അവസരമാണ് ഇവര്‍ ഒരുക്കുന്നത്.

നല് വര്‍ഷമായി സംഗീതം പഠിപ്പിച്ചിരുന്ന സേറ ജോണ്‍ ഭര്‍ത്താവ് ഷെറിനുമായി ചേര്‍ന്ന് മൂന്ന് മാസം മുമ്പാണ് ഓണ്‍ലൈനിലൂടെ മ്യൂസിക് പഠിപ്പിക്കാന്‍ തുടങ്ങുന്നത്. ''സാഹചര്യം കിട്ടാത്തതുകൊണ്ടുമാത്രം സംഗീതം പഠിക്കാന്‍ കഴിയാതെ പോയ ഒരുപാടുപേരെ എനിക്കറിയാം. ജോലിയുടെയും പഠനത്തിന്റെയും മറ്റും തിരക്കുകള്‍ കൊണ്ട് പുറത്തുപോയി പഠിക്കുകയെന്നത് അവരെ സംബന്ധിച്ചടത്തോളം അസാധ്യമാണ്. ഈ സാഹചര്യത്തിലാണ് ഞാന്‍ ഓണ്‍ലൈന്‍ ക്ലാസ് തുടങ്ങുന്നത്. വളരെ കുറഞ്ഞ ചെലവില്‍ അവര്‍ക്ക് വീട്ടിലിരുന്നുകൊണ്ട് സംഗീതം പഠിക്കാമെന്നതുകൊണ്ട് നല്ല പ്രതികരണമാണ് ഞങ്ങള്‍ക്ക് ലഭിക്കുന്നത്.'' സേറ പറയുന്നു. 2500ഓളം വിദ്യാര്‍ത്ഥികളാണ് ലോകമെമ്പാടുമായി ഇവര്‍ക്കുള്ളത്.

musicpandit.com എന്ന ഇവരുടെ സൈറ്റില്‍ ഗിത്താര്‍, ഡ്രം, പിയാനോ, വെസ്‌റ്റേണ്‍ വോക്കല്‍, ഹിന്ദുസ്ഥാനി വോക്കല്‍ എന്നിങ്ങനെ അഞ്ചിനങ്ങളാണ് ഇപ്പോള്‍ ഉള്ളതെങ്കിലും ഇനങ്ങളുടെ എണ്ണം ഇനിയും കൂട്ടിക്കൊണ്ടിരിക്കും. തുടക്കക്കാര്‍ക്കുള്ള ലെവല്‍ കഴിഞ്ഞാല്‍ ഇന്റര്‍മീഡിയേറ്റ് ലെവലിലേക്ക് കടക്കാം. ബേസിക് കോഴ്‌സിന്റെ ഫീസ് തുടങ്ങുന്നത് മാസം വെറും 99 രൂപയിലാണ്. നല്‍കുന്ന സേവനങ്ങള്‍ അനുസരിച്ച് ഫീസില്‍ വ്യത്യാസമുണ്ടെങ്കിലും ഡിസ്‌കൗണ്ട് നിരക്കാണ് ഇപ്പോഴുള്ളതെന്ന് സേറ പറയുന്നു.

തനിച്ചിരുന്ന് പഠിക്കാന്‍ കഴിയുന്ന ആര്‍ക്കും ഇതില്‍ ചേരാമെങ്കിലും കുറഞ്ഞ പ്രായപരിധി വെച്ചിരിക്കുന്നത് 14 വയസാണ്. എന്നാല്‍ ചെറിയ കുട്ടികളുടെ മാതാപിതാക്കള്‍ കൂടെയിരുന്നാല്‍ പഠനം നടത്താനാകും. പരമാവധി പ്രായത്തിന് പരിധിയില്ല.

യഥാര്‍ത്ഥത്തില്‍ ലൈവ് മ്യൂസിക് സെഷനുകളല്ല ഇതില്‍ നടത്തുന്നത്. അദ്ധ്യാപകര്‍ തയാറാക്കിയ റെക്കോര്‍ഡഡ് പാഠങ്ങളാണ് ഇതിലുള്ളത്. പക്ഷെ ചില അധ്യായങ്ങള്‍ കഴിയുമ്പോള്‍ പഠിതാവ് വീഡിയോ എടുത്ത് അയച്ചുകൊടുക്കണം. അത് സൂക്ഷ്മമായി പരിശോധിച്ച് അദ്ധ്യാപകര്‍ ഇതിലെ തിരുത്തേണ്ട ഭാഗങ്ങള്‍ വിശദമായി പറഞ്ഞുകൊടുക്കും.

ലോക്ഡൗണില്‍ ഉണ്ടാക്കാന്‍ പറ്റിയ വിഭവങ്ങളുമായി കിച്ച

നിഹാല്‍ രാജ്

ലോക്ഡൗണ്‍ സമയത്ത് വിശപ്പ് കൂടുന്നത് ഒരു രോഗമാണോ എന്നാണ് പലരും ചോദിക്കുന്നത്. എന്നാല്‍ വലിയ പാചകപരീക്ഷണത്തിന് പറ്റിയതൊന്നും ഇപ്പോള്‍ ലഭ്യവുമല്ല. അപ്പോഴാണ് ബാക്കിവന്ന ഇഢലി കൊണ്ടുള്ള മസാല ഇഢലിയും അവലും മുട്ടയും ഉപയോഗിച്ചുള്ള സ്‌നാക്കും ആയി കിച്ച വരുന്നത്. ഫുഡ് വ്‌ളോഗറായ കിച്ച എന്ന നിഹാല്‍ രാജിന് ഒമ്പത് വയസേയുള്ളുവെങ്കിലും ഈ കൊച്ചുമിടുക്കന്‍ വലിയ പാചകവിദഗ്ധരെപ്പോലും വെല്ലും.

ആറു വയസുള്ളപ്പോള്‍ എലന്‍ ഡിജനറസ് ഷോയില്‍ പങ്കെടുത്ത്, പരിപാടിയുടെ അവതാരകനായ എലന് പുട്ടും ഉണ്ടാക്കിക്കൊടുത്തതോടെ കിച്ചയുടെ പ്രശസ്തി ആഗോളതലത്തിലെത്തി. കിച്ചയുടെ ഏറ്റവും കൂടുതല്‍പ്പേര്‍ കണ്ട വീഡിയോയും ഈ പുട്ട് എപ്പിസോഡ് തന്നെ. കൂടാതെ നിരവധി രാജ്യാന്തരഷോകളില്‍ പങ്കെടുത്തിട്ടുണ്ട്.

കിച്ചട്യൂബ് എച്ച്ഡി എന്ന യൂട്യൂബ് ചാനലിലും ലിറ്റില്‍ ഷെഫ് കിച്ച എന്ന ഫേസ്ബുക്ക് പേജിലും കിച്ച ഇടുന്ന കുക്കിംഗ് വീഡിയോകള്‍ക്ക് ആരാധകരേറെയാണ്. ആഴ്ചയില്‍ രണ്ട് വീഡിയോകള്‍ വീതമാണ് ഇടുന്നത്. വെക്കേഷന്‍ തുടങ്ങിയതുകൊണ്ട് സമയം കിട്ടുന്നതിനാല്‍ വിവിധ ബ്രാന്‍ഡുകള്‍ക്ക് വേണ്ടി ഫുഡ് ടേസ്റ്റിംഗ് വീഡിയോകളും ടോയ് അണ്‍ബോക്‌സിംഗും ഒക്കെ ചെയ്യുന്നുണ്ട്. ഇതൊരു മികച്ച വരുമാനമാര്‍ഗം കൂടിയാണ് കിച്ചയ്ക്ക്. വീഡിയോ കണ്ടിട്ട് പാചകം പഠിപ്പിക്കുമോ എന്ന് ചോദിക്കുന്നവര്‍ ഏറെയാണ്. എന്നാല്‍ പഠിപ്പിക്കാന്‍ കിച്ചയ്ക്ക് സമയമില്ല.

ക്വാറന്റൈന്‍ സ്‌പൈഷന്‍ മസാല ഇഢലിക്ക് നല്ല പ്രതികരണം ലഭിച്ചെന്ന് കിച്ച പറയുന്നു. കിച്ച ട്യൂബിലെ ഏറ്റവും പുതിയ വിഭവം വറുത്തരച്ച നാടന്‍ മുട്ടക്കറിയാണ്. ചിക്കനും ബീഫുമൊക്കെ കിട്ടാന്‍ ബുദ്ധിമുട്ടുള്ള സമയത്ത് സ്വാദിഷ്ടമായ മുട്ടക്കറി കഴിക്കാമല്ലോ. ആരെയും ആകര്‍ഷിക്കുന്ന അവതരണശൈലിയും ലളിതവും എന്നാല്‍ പുതുമയുള്ളതുമായ ഭക്ഷ്യവിഭവങ്ങളുമായി കിച്ച ഉള്ളപ്പോള്‍ എന്തുകൊണ്ട് പാചകപരീക്ഷണങ്ങള്‍ക്ക് മടിക്കണം?

ലോക്ഡൗണില്‍ വ്യായാമം മുടക്കുന്നതെന്തിന്?

രാജീവ് മേനോന്‍ അമ്പാട്ട്

ഈ ലോക്ഡൗണ്‍ കാലത്ത് ഒരു ലൈഫ്‌സ്റ്റൈല്‍ കോച്ചിന്റെ സേവനം നിങ്ങളുടെ സ്വന്തം വീടിന്റെ സൗകര്യത്തില്‍ ലഭിച്ചാല്‍ എങ്ങനെയുണ്ടാകും? പുറത്തുപോയി വ്യായാമം ചെയ്യാന്‍ ബുദ്ധിമുട്ടുള്ളവരെ പരിഗണിച്ച് മൂന്ന് വര്‍ഷം മുമ്പാണ് രാജീവ് അമ്പാട്ട് മേനോന്‍ തന്റെ ഓണ്‍ലൈന്‍ സ്ഥാപനമായ നുവോവിവോ വെല്‍നസ് ആരംഭിക്കുന്നത്. ഫിനാന്‍സ് മേഖലയില്‍ ജോലി ചെയ്തിരുന്ന രാജീവ് ഫിറ്റ്‌നസിനോടുള്ള താല്‍പ്പര്യം കൊണ്ട് സ്‌പോര്‍ട്‌സ് നൂട്രീഷന്‍ കോഴ്‌സ് ചെയ്ത് ഈ മേഖലയിലേക്ക് കടന്നുവരുകയാണുണ്ടായത്.

ഈ വെല്‍നസ് പ്രോഗ്രാമില്‍ ചേരുന്നവരോട് പ്രായം, ജീവിതരീതി, ഭക്ഷണക്രമം, മെഡിക്കല്‍ കണ്ടീഷന്‍, കഴിക്കുന്ന മരുന്നുകള്‍ തുടങ്ങിയവയെല്ലാം വിശദമായി ചോദിച്ചറിഞ്ഞ് ഒരു പ്രൊഫൈല്‍ തയാറാക്കുന്നു. കൂടാതെ വയറിന് ചുറ്റുമുള്ള അളവ്, ശരീരഭാരം, പ്രായം കൂടുതലുള്ളവര്‍ക്ക് ബ്ലഡ് റിപ്പോര്‍ട്ട് തുടങ്ങിയ കാര്യങ്ങള്‍ നല്‍കണം. അതനുസരിച്ച് ഓരോരുത്തര്‍ക്കും ആവശ്യമായ വ്യായാമരീതിയും ഭക്ഷണക്രമവും നിര്‍ദ്ദേശിക്കുന്നു. പല ജീവിതശൈലി രോഗങ്ങളും വ്യായാമത്തിലൂടെ മാറ്റാനുതകുന്ന പരിശീലനമാണ് നല്‍കുന്നത്. ഓണ്‍ലൈന്‍ ആയതുകൊണ്ടുതന്നെ ലോകത്ത് വിവിധ ഭാഗങ്ങളിലുള്ളവര്‍ രാജീവിന്റെ സേവനം ഉപയോഗപ്പെടുത്തുന്നു.

ലോക്ഡൗണ്‍ തുടങ്ങിയതിന് ശേഷം രാജീവ് ഒരു വാട്ട്‌സാപ്പ് ഗ്രൂപ്പ് ആരംഭിച്ച് അതില്‍ 21 ദിവസത്തെ ഒരു പ്രത്യേക പ്രോഗ്രാം ആരംഭിച്ചു. മാനസികം, ആദ്ധ്യാത്മികം, ഭൗതീകം എന്നിങ്ങനെ മൂന്നായി തിരിച്ച് അതിന് അടിസ്ഥാനമാക്കി എല്ലാ ദിവസവും അതില്‍ ഓരോ ടാസ്‌ക് കൊടുക്കും. ഉദാഹരണത്തിന് ആദ്യത്തെ ദിവസത്തെ ടാസ്‌ക് കൊടുത്തത് ജീവിതത്തില്‍ നിങ്ങള്‍ക്ക് കടപ്പാടുള്ള 40 പേരുടെ പേര് എഴുതാനായിരുന്നു. നമ്മെ സഹായിച്ചിട്ടുള്ള എന്നാല്‍ നാം മറന്നുപോയ പലരെയും ഓര്‍ത്തെടുക്കാനുള്ള അവസരമായി അതെന്ന് രാജീവ് പറയുന്നു.

ലൈവ് ആയുള്ള ഫിറ്റ്‌നസ് സെഷനുകളല്ല, പകരം റെക്കോര്‍ഡ് ചെയ്ത വീഡിയോകളും ഫിറ്റനസ് പാഠങ്ങളുമാണ് നല്‍കുന്നത്. എന്നാല്‍ കൃത്യമായ ഫോളോ അപ്പുണ്ടാകും. എത്രത്തോളം ഭാരം കുറഞ്ഞു, വയറിന് ചുറ്റുമുള്ള അളവ് കുറഞ്ഞുവെന്ന് കൃത്യമായ ഇടവേളകളില്‍ വിശകലനം നടത്തും. കൊടുക്കുന്ന വ്യായാമമുറകളും ഭക്ഷണരീതിയും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തും. അതുകൊണ്ടുതന്നെ ഉഴപ്പ് നടക്കില്ലെന്ന് രാജീവ് ചിരിച്ചുകൊണ്ട് പറയുന്നു.

മൈക്രോവേവ് പാചകം പഠിക്കണോ?

തെസ്‌നിം അസീസ്

മൈക്രോവേവ് ഒവ്ന്‍ എന്നാല്‍ പലര്‍ക്കും ഭക്ഷണം ചൂടാക്കാന്‍ മാത്രമുള്ള ഒരുപകരണമാണ്. വല്ലപ്പോഴും കേക്ക് മറ്റോ ഉണ്ടാക്കിയാലായി. ഒവ്ന്‍ വാങ്ങി വെച്ചിട്ട് അതിന്റെ കാര്‍ട്ടണ്‍ പോലും പൊട്ടിക്കാത്ത വീടുകളുമുണ്ട്. പാചകവിദഗ്ധയായ തെസ്‌നിം അസീസ് ഒരിക്കല്‍ മൈക്രോവേവിന്റെ ഉപയോഗത്തെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ ഒരു വീഡിയോ ഇട്ടു. അപ്പോഴാണ് സംശയങ്ങളുടെ ഒഴുക്ക് തുടങ്ങിയത്. ചിലര്‍ തങ്ങളുടെ ഒവ്‌ന്റെ ഫോട്ടോയെടുത്ത് ഇതില്‍ എങ്ങനെ കുക്ക് ചെയ്യുമെന്ന് ചോദിച്ചു. അങ്ങനെയാണ് മൈക്രോവേവ് കുക്കിംഗിനെക്കുറിച്ച് ഓണ്‍ലൈന്‍ ക്ലാസ് തുടങ്ങാന്‍ തെസ്‌നിം തീരുമാനിക്കുന്നത്.

''എന്തോ ഒരു പേടി പോലെയാണ് ആളുകള്‍ക്ക് മൈക്രോവേവിനോട്. എന്നാല്‍ ഉപയോഗിച്ചുതുടങ്ങിയാലോ അത് മാറ്റിവെക്കാന്‍ തോന്നില്ല. മണിക്കൂറുകള്‍ നീളുന്ന പാചകം മൈക്രോവേവ് വഴി എത്ര എളുപ്പമാക്കാമെന്നോ.'' ചാനലുകളിലെ കുക്കറി ഷോ അവതാരക കൂടിയായ തെസ്‌നിം പറയുന്നു.

രസകരമാണ് തെസ്‌നിമിന്റെ ഓണ്‍ലൈന്‍ ക്ലാസ്. വാട്ട്‌സാപ്പ് വഴിയാണ് ക്ലാസെടുക്കുന്നത്. ഒരു സമയത്ത് ക്ലാസ് ഒരാള്‍ക്കുമാത്രം. ചിലപ്പോള്‍ ഒരു കുടുംബം മുഴുവനുമുണ്ടാകും. ക്ലാസിന് മുമ്പ് പഠിതാവിന്റെ വീട്ടിലെ മൈക്രോവേവ് ഒവ്ന്‍, ഭക്ഷ്യോല്‍പ്പന്നങ്ങള്‍ ഉണ്ടാക്കുന്നതിനായി നേരത്തെ പറഞ്ഞിരിക്കുന്ന ചേരുവകകള്‍ എന്നിവ റെഡിയാക്കി വെച്ചിരിക്കണം. അവരുടെ ഒവ്‌നില്‍ അവരേക്കൊണ്ടുതന്നെ ഭക്ഷ്യവിഭവങ്ങള്‍ ഉണ്ടാക്കിക്കുകയാണ് ചെയ്യുന്നതെന്ന് തസ്‌നിം പറയുന്നു. ക്ലാസ് കഴിയുമ്പോള്‍ പലര്‍ക്കും അല്‍ഭുതം വിട്ടുമാറിയിട്ടുണ്ടാകില്ല, തങ്ങളുടെ ഒവ്‌നില്‍ ഇത്രത്തോളം കാര്യങ്ങളൊക്കെ ചെയ്യാന്‍ കഴിയുമോയെന്ന്.

അപ്പോള്‍ ലോക്ഡൗണ്‍ സമയത്ത് വീട്ടില്‍ വെറുതെയിരിക്കുന്ന മൈക്രോവേവ് ഒവ്‌ന് ഒരു പണികൊടുത്താലോ?

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Binnu Rose Xavier
Binnu Rose Xavier  

Senior Correspondent

Related Articles

Next Story

Videos

Share it